Slider

നാല് മണിക്ക് വിരിയുന്ന പൂക്കൾ... നിങ്ങൾക്കായ് അവതരിപ്പിക്കുന്നത്

0
Image may contain: 1 person, selfie, beard, closeup and indoor

കൊച്ചുവെളുപ്പാൻ കാലത്തേ... കുളിച്ചെഴുന്നേറ്റ് ജോലി തുടങ്ങിയ ദിനകരൻ, തുറന്നിട്ട ജാലകവാതിലിലൂടെ ... കിരണം കൊണ്ട് മൂട്ടിൽ കുത്തി ഇളക്കിയപ്പോളാണ് അന്നും പതിവ് പോലെ ഞാൻ ഉറക്കം വിട്ടെഴുന്നേറ്റത്...!. എന്നിട്ട് കിരണം വന്ന വഴി അയൽ വീടിന്റെ പിൻ ഭാഗത്തേക്ക് നോക്കി മനസ്സിലിങ്ങനെ പാടി :
"നിന്നെ ഒന്നു കണ്ടാലോ... ദിനം ധന്യമാകും ... ദിനം ധന്യ മാകും"
അപ്പോഴാണ് "തനത് ഫിൽട്ടർ കാപ്പിയുടെ രുചി "ഒട്ടും ഇല്ലാത്ത തനി കട്ടൻ കാപ്പിയുമായി ഭാര്യ മുറിയിലേക്ക് കടന്ന് വന്നത്. അവളുടെ ആ വരവ് കണ്ടതും... എന്റെ കള്ളത്തരത്തെ ''പൊടി പോലുമില്ല കണ്ടു പിടിക്കാൻ " എന്ന മട്ടിൽ മറച്ച് വെച്ച് ഞാൻ ... "അടുത്ത് വാ ...അടുത്ത് വാ.... " എന്നാരംഭിക്കുന്ന ഗാനം പാടി ആ ദിനം ധന്യമാക്കാൻ ഒരു പാഴ് ശ്രമം നടത്തി.പക്ഷെ അത്ര അടുത്തേക്ക് വരാതെ അവൾ ആ ഗ്ലാസ്സ് മുകളിലേക്കുയർത്തി "ടപ്പേ" എന്ന് മേശപ്പുറത്ത് വച്ചു... എന്നിട്ട് "ഉയരം കൂടും തോറും ചായയുടെ കടുപ്പം കൂടും എന്ന് പറഞ്ഞ പോലെ " നല്ല കടുപ്പത്തിൽ എന്നെയൊരു നോട്ടവും നോക്കി!.
"സാധാരണ ഡിറ്റർജൻറ് ഉപയോഗിച്ച് തലേന്നത്തെ മെഴുക്ക് പുരണ്ട പാത്രങ്ങൾ ഉരച്ച് ഉരച്ച് " അവളുടെ മുഖമപ്പോൾ കഴുകാത്ത കഞ്ഞിക്കലം പോലെ ഇരിക്കുന്നതായാണ് എനിക്ക് തോന്നിയത് !. അപ്പോഴാണ് മൂത്ത മകൻ തലേ ദിവസം പോക്കറ്റിൽ നിന്നും അലമാരയുടെ അടിയിലേക്ക് വീണ് പോയ പത്ത് രൂപ നോട്ടുയുമായി "ഇതാ അച്ഛന്റെ കാണാതെ പോയ പത്ത് രൂപാ " എന്ന് പറഞ്ഞ് കൊണ്ട് അടുത്തേക്ക് വന്നത്.. അവനിട്ടിരുന്ന ഉടുപ്പിലെ അഴുക്ക് കണ്ട ഞാൻ അവനോട് പറഞ്ഞു പോടാ... നീ വേഗം പോയി... "പോർ റബ് പോർ"... ഇത് കേട്ടതും കറ നല്ലതാണ് എന്ന ഡയലോഗും പറഞ്ഞ് അവൻ മുറ്റത്തേക്ക് ഓടി... ഇതിനിടയിൽ എപ്പോഴോ കടന്ന് വന്ന ഇളയവൻ തലേന്ന് വാങ്ങിക്കൊണ്ട് വരാൻ ആവശ്യപ്പെട്ട ... "ഫൺ ഒളിപ്പിച്ചു വച്ച മിഠായിക്ക് " പകരം, "ലേണിംഗ് ആപ്പ് ഉള്ള " എന്റെ മൊബൈൽ ഫോൺ അവന് കൊടുത്ത് ആ ആവശ്യത്തിൽ നിന്നും ഞാൻ തടിതപ്പി.
അപ്പോഴാണ് അടുത്ത മുറിയിൽ നിന്നും തുടർച്ചയായി കോളിംഗ് ബെൽ മുഴങ്ങുന്ന ശബ്ദം കേട്ടത്... രാവിലെ തന്നെയുള്ള ഈ ബെൽ ശബ്ദം കേട്ട് ഒരു നിമിഷം ചിന്തയിലാണ്ട ഞാൻ ഭാര്യയെ നോക്കി പറഞ്ഞു ... " പോയി നോക്കടീ ചിലപ്പോൾ കക്കൂസ് കഴുകാനായിട്ട് അബ്ബാസ് വന്നതായിരിക്കും!.”
എന്റെ വാക്കുകൾ ശ്രവിച്ച് അബ്ബാസിനെ കാണാൻ പൂമുഖ വാതിലിനരികിലേക്ക് പോയ ഭാര്യ ..."ദേ ഇങ്ങോട്ടൊന്ന് വേഗം വന്നേ ഇതാരാ വന്നേക്കുന്നതെന്ന് നോക്കിക്കെ എന്ന് ഉച്ചത്തിൽ വിളിച്ച് പറഞ്ഞു." അബ്ബാസ് തന്നെയാവും എന്ന് മനസ്സിലുറപ്പിച്ച് കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റ ഞാൻ "ഇവനല്ലേ മുണ്ട് " എന്നും പറഞ്ഞ് കട്ടിലിനടിയിൽ വീണുപോയ ഉടുമുണ്ടും തപ്പിയെടുത്ത് പൂമുഖത്തേക്ക് ചെന്നു... അപ്പോൾ അവിടെ അതാ "എന്താ ഗോപാലാ ... നീ ഇത്തവണ കൃഷി ചെയ്യുന്നില്ലേ " എന്ന് ചോദിക്കുന്ന മുഖഭാവവുമായി ഭാര്യയുടെ കൂടെ ജോലി ചെയ്യുന്ന സൂസമ്മ ടീച്ചറും, ഭർത്താവ് സണ്ണിച്ചായനും, മക്കളും നിൽക്കുന്നു!.
കേട്ടറിവ് വെച്ച് നോക്കുമ്പോൾ പിശുക്കന്മാരുടെ ...ഡൊണാൾഡ് ട്രംപായ റൗക്കോളിനേക്കാൾ വലിയ പിശുക്കനാണ് ഈ സണ്ണിച്ചായൻ... !തനി അർക്കീസ് രാജ...പണ്ട് വാർത്ത കേൾക്കാൻ മാത്രം റേഡിയോ ഓൺ ചെയ്തിരുന്ന ഇദ്ദേഹം ബാറ്ററി ലാഭിക്കാനായി പ്രധാന വാർത്തകൾ ഒരിക്കൽ കൂടി എന്ന് പറയുന്ന സമയം നോക്കി അതോണാക്കി ചരിത്രം സൃഷ്ടിച്ച വീരനാണത്രേ...! മുല്ല പൂമ്പൊടി ഏറ്റ് കിടക്കുന്ന കല്ലായ ടീച്ചറും ഇപ്പോൾ എതാണ്ട് ആ പരുവത്തിലേക്ക് എത്തിയിട്ടുണ്ട്... വിത്ത് ഗുണം പത്ത് ഗുണം എന്ന് പറയുമ്പോലെ മക്കളും ആ വഴി തന്നെ... ഒരിക്കൽ കളിക്കിടയിൽ വീണ് കാലൊടിഞ്ഞ മൂത്തവനെ ആശുപത്രിയിൽ കൊണ്ടുപോകാനായ് കാറെടുത്തപ്പം... ഒടിഞ്ഞില്ലാരുന്നേൽ ബസ്സിന് പോയാമതിയാർന്നു എന്ന് പറഞ്ഞവനാണ് ഇളയവൻ!.
രാവിലെ തന്നെ ഇവർ എന്ത് കോളുമായാണ് വന്നത് എന്നറിയാതെ അന്തം വിട്ട് നിന്ന എന്നെ നോക്കി.. " ഉപ്പ് കലർന്ന പേസ്റ്റ് "കൊണ്ട് തേച്ച് തിളക്കിയ തന്റെ പല്ല് മുഴുക്കെ കാട്ടി അച്ചായൻ മൊഴിഞ്ഞു:
" വരുന്ന ഞായറാഴ്ച ഹൗസ് വാമിങ്ങാ.. എല്ലാവരും നേരത്തെ അങ്ങെത്തണം.. പിന്നെ ഒരു കാര്യം മറക്കരുത്... വൈകിട്ട് നാലിന് മുന്നെ തന്നെ എത്തിയേക്കണം ... ബാക്കി എല്ലാവരേയും ഞങ്ങള് വിളിച്ചിട്ടുണ്ട് അവരും നാലിന് മുന്നെ വരും.. എന്നാൽ ഞങ്ങൾ ഇറങ്ങുവാ കുറെ ഏറെ പേരെ ഇനിയും വിളിക്കാനുണ്ട് ...വൈകിട്ട് നാലിന് മുന്നെ എത്തുന്ന കാര്യം നിങ്ങൾ മറക്കണ്ട... എന്ന് ഒരുവട്ടം കൂടി ഞങ്ങളോട് പറഞ്ഞ ശേഷം... ''സന്ധിവേദന പമ്പ കടക്കാനുള്ള തൈലം തടവി ഇരിക്കുന്ന " അമ്മയുടെ അരികിലും ചെന്ന് ഈ നാല് മണിക്ക് മുന്നെ വരുന്ന കാര്യം ഓർമ്മിപ്പിച്ചിട്ടാണ് അച്ചായനും പരിവാരവങ്ങളും വീട്ടിൽ നിന്നും ഇറങ്ങിയത്..!
***************************
അങ്ങനെ പിന്നത്തെ ഞായറാഴ്ച ഉച്ചയോടടുപ്പിച്ച് പുത്രകളത്രാദികൾ സഹിതം ഞങ്ങൾ ആ ഹൗസ് വാമിംഗ് ചടങ്ങിന് യാത്രയായി.. കുടുംബ സമേതം വിളിച്ചത് കൊണ്ട് പട്ടണത്തിലെ മുന്തിയ ഷോപ്പിംഗ് മാളിൽ കയറി ..ഒരു വിലകൂടിയ സമ്മാനവും ഒക്കെ വാങ്ങിയായിരുന്നു ആ യാത്ര...! "എന്നോടിഷ്ട മുണ്ടായിരുന്നെങ്കിൽ നിങ്ങൾ അത് വാങ്ങിച്ചേനെ എന്ന് പറഞ്ഞ് " ഭാര്യ വാങ്ങിയ ആ സമ്മാനത്തിന്റെ ബില്ലടച്ചപ്പോൾ ഹൗസ് വാമിംഗ് ചടങ്ങിന് "വലിയ വില കൊടുക്കേണ്ടി വരും " എന്ന് ആരോ ചെവിയുടെ അരികിൽ വന്ന് പറയും പോലെ എനിക്ക് തോന്നി... എങ്കിലും ആ വിലയുടെ കാൽ ഭാഗമെങ്കിലും തിന്ന് മുതലാക്കാം... എന്ന ശുഭചിന്തയോടെ ഞങ്ങൾ അവിടേക്ക് ചെന്നു.
ഞങ്ങൾ ചെല്ലുമ്പോൾ കുറെ പേരൊക്കെ അവിടെ നില്പുണ്ട് എല്ലാവരും എതാണ്ട് ഇഞ്ചി കടിച്ച ഭാവത്തിലാണ് നിൽക്കുന്നത്... ! ഞങ്ങളെ കണ്ടതും ഓടി വന്ന് സ്വീകരിച്ച അച്ചായൻ സമ്മാനം വാങ്ങി അകത്ത് വെച്ച ശേഷം ... "പുറം ചുവരുകൾക്ക് അപെക്സ് അൾട്ടിമാ പൂശിയ" വീടിന്റെ അകവശവും, പുറവശവും "ടൊയിലറ്റിലെ കീടാണുക്കൾ ഒളിച്ചിരിക്കാൻ സാധ്യതയുള്ള സ്ഥലവും വരെ ഞങ്ങളെ കാണിച്ച് തന്നു " ... എന്നിട്ട് പറഞ്ഞു " പുതിയ വീടല്ലെ നോൺ കൂട്ടിയുള്ള സദ്യ അച്ഛൻ വന്ന് വെഞ്ചരിച്ചിട്ട് ആകാമെന്ന് കരുതി... കാലത്ത് പത്ത് മണിക്ക് വരാമെന്ന് ഏറ്റതാ... ഇതുവരെയും കണ്ടില്ല! " തത്കാലം നിങ്ങള് ഈ ചായയും ബിസ്കറ്റും കഴിക്ക്. "
അതുവരെ പിടിച്ച് നിർത്തിയ ഞങ്ങളുടെ കുടുംബ വിശപ്പ് പഞ്ചാരി കൊട്ടി ഇലഞ്ഞിത്തറയിലേക്ക് കടന്നപ്പോഴാണ് അച്ചായന്റെ ഈ ഒടുക്കെത്ത വെളിപ്പെടുത്തൽ...! അപ്പോഴാണ് അവിടെ കൂടി നിന്നവരുടെ മുഖത്തെ ഇഞ്ചികടിച്ച ഭാവത്തിന്റെ പൊരുൾ എനിക്ക് പിടികിട്ടിയത്.
ആ സമയത്ത് അവിടേക്ക് ഒരു ഹോണ്ടാ ആക്ടീവാ സ്കൂട്ടർ വന്നു നിന്നു...അതിലിരുന്ന ആൾ വണ്ടിയിൽ നിന്നും ഇറങ്ങാതെ തന്നെ സണ്ണിച്ചായനോട് ചോദിച്ചു " അച്ചായാ ...പള്ളീന്നാ... അച്ഛൻ പറഞ്ഞിട്ട് വരുവാ... ഈ വെഞ്ചരിപ്പ് സമയം നാല് മണി എന്ന് ഒള്ളത് കൊറച്ച് നേരത്തെ ആക്കാൻ മേലെ എന്ന് അച്ചൻ ചോദിക്കണു... അച്ചന് എങ്ങോട്ടോ പോകാനുള്ളതാ. "
ക്ഷണിക്കാൻ വന്നപ്പോൾ ...നാല് മണിക്ക് മുന്നെ തന്നെ വരണം എന്ന് പറഞ്ഞത് ഞങ്ങളെ തേക്കാനുള്ള അച്ചായന്റ ടെക്നിക്കാലിറ്റിയായിരുന്നെന്ന് മനസ്സിലാക്കിയ ഞങ്ങൾ, "വാട്ട് ആൻ ഐഡിയ സർ ജി " എന്ന് മട്ടിൽ ആ മുഖത്തേക്ക് ദയനീയമായി ഒന്ന് നോക്കി ... "അതു വരെ വാൾ കെയർ പുട്ടി അടിച്ചത് പോലെ " തിളങ്ങി നിന്നിരുന്ന അച്ചായന്റെ മോന്തായമപ്പോൾ വിളറി വെളുത്ത് "സാദാ വൈറ്റ് സിമന്റ് പൂശിയ പുറം ചുവരുപോലെ... പൊളിഞ്ഞടർന്നായിരുന്നു ഇരുന്നത് “
ഉള്ളിൽ പതഞ്ഞ് പൊങ്ങിയ ദേഷ്യം കടിച്ചമർത്തിയ ഞങ്ങൾ ആ നാലുമണി പൂവിനോട് യാത്രയും പറഞ്ഞ് അവിടെ നിന്നും തിരികെ പോരുമ്പോൾ മനസ്സിൽ നിറയെ ഈ വാചകമായിരുന്നു.... "പായലേ വിട പൂപ്പലേ വിട എന്നെന്നേക്കും വിട. "
അരുൺ -  
Image may contain: 1 person, sitting and indoor
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo