നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സുധാകരൻ

Woman Holding Book
ചൊവ്വാദോഷം പിടിപെട്ട തങ്കമണിയുടെയും ചിരവപോലെ പല്ലുള്ള സുധാകരന്റെയും കല്യാണം ഇച്ചിരി താമസം നേരിട്ടതായിരുന്നു...
അതുകൊണ്ട് ആദ്യ രാത്രി തന്നെ അവർ ഒരു ഉറച്ച തീരുമാനത്തിലെത്തിയിരുന്നു ....
എത്രയും പെട്ടെന്ന് ഒരു കുഞ്ഞുണ്ടാവുക......
കല്യാണം കഴിഞ്ഞുള്ള ആദ്യമാസങ്ങളിൽ സുധാകരന്റെ അമ്മയുടെ സ്ഥിരം ചോദ്യം തങ്കമണിയോട് ഈ മാസം 'കുളിച്ചോ' എന്നായിരുന്നു...
ആദ്യമാസങ്ങളിൽ തങ്കമണി അതുകേട്ടു നാണം കൊണ്ടു പുഞ്ചിരിച്ചു ഇല്ലെന്നു തലയാട്ടി...
അവളുടെ നാണം കണ്ടു സുധാകരന്റെ അമ്മയ്ക്കും ചെറുതായി നാണം വന്നു...
ചിരവപല്ലുള്ള സുധാകരനും അതുകണ്ടു മനോഹരമായി ഊറിച്ചിരിച്ചു...
മാസങ്ങൾ കഴിഞ്ഞു പോകുന്തോറും തങ്കമണിയുടെ നാണം കുറഞ്ഞുവരികയും സുധാകരന്റെ അമ്മയുടെ ചോദ്യം ഒരു നോട്ടത്തിൽ ഒതുങ്ങുകയും ചെയ്തു....
സുധാകരന്റെ ഊറിച്ചിരി നേർത്തു വല്ലപ്പോഴും ഒരു ചിരിയിൽ ഒതുങ്ങി....
മാസങ്ങൾ വര്ഷങ്ങളിലേക്കു നീണ്ടപ്പോൾ ചോദ്യം സ്വന്തക്കാരുടെ വകയായി.. ആ ചോദ്യത്തെ തങ്കമണിയും സുധാകരനും മൗനം കൊണ്ടു നേരിട്ടു...
നാട്ടുകാരിലേക്കും ആ ചോദ്യം പടർന്നതോടെ സുധാകരന്റെ അമ്മയുടെ നിര്ദ്ദേശപ്രകാരമാണ് അവർ ഡോക്ടറെ കാണാൻ തീരുമാനിച്ചത്....
പ്രത്യേകിച്ചു പ്രശ്നം ഒന്നും കണ്ടുപിക്കാനാവാതെ ഡോക്ടറും കുഴങ്ങി.... എന്നാലും കുറച്ചു മരുന്നുകൾ കൊടുത്തു അവരെ ഡോക്ടർ ആശ്വസിപ്പിച്ചു...
ആർക്കാണ് കുഞ്ഞുങ്ങൾ ഉണ്ടാവാൻ പ്രശ്നം എന്ന വിഷയത്തിൽ ആ സമയം ഏറ്റവും കൂടുതൽ ഗവേഷണം നടത്തിയത് നാട്ടുകാരായായിരുന്നു... ഒളിഞ്ഞും തെളിഞ്ഞും അവർ അതിനു പല ഉത്തരങ്ങൾ പറഞ്ഞു... ചിലർ തങ്കമണിയെ നോക്കി നെടുവീർപ്പിടുകയും ചെയ്തു...
കവലയിലെ ചില ആണുങ്ങൾ തങ്കമണിയെ ആശ്വസിപ്പിക്കാനും ശ്രമിച്ചു... അതു ചിലരിൽ അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്തു...
വർഷങ്ങൾ വീണ്ടും പോയി...
റോഡിലെ പട്ടി തോരാതെ പ്രസവിക്കുന്നത് കണ്ടു തങ്കമണി അസൂയപെട്ടു...
പിന്നെയും വർഷങ്ങൾ പോയി...
ഒരു വെളുപ്പാൻകാലത്തു ഓർക്കാപുറത്തു തങ്കമണി ഓക്കാനിച്ചു...
തലേ ദിവസത്തെ ആക്രാന്തം പിടിച്ചുള്ള ചക്കപ്പുഴുക്ക് തീറ്റയായിരിക്കും അതിനു കാരണം എന്ന് വിചാരിച്ചു സുധാകരൻ നോക്കാൻ പോയില്ല... അതുമാത്രമല്ല ഈയിടെ തങ്കമണിയെ കാണുമ്പോഴും സുധാകരന് ചെറിയ ഒരു നിരാശയാണ് ....
എന്തായാലും ഓക്കാനത്തിനു ഇടവേളയില്ലാതെ വന്നപ്പോൾ സുധാകരന്റെ അമ്മ ഒരു പാഴ്ചോദ്യം പോലെ ചോദിച്ചു .. "നീ ഈ മാസം കുളിച്ചോടി "...
ആ ചോദ്യം ഒരു അത്ഭുതം നിറഞ്ഞ മുഖത്തോടെയാണ് തങ്കമണി കേട്ടത്...
അപ്പഴാണ് അവളും ഓർത്തത്‌... ഈ മാസം എന്നല്ല കഴിഞ്ഞമാസവും കുളിച്ചിട്ടില്ല...
സന്തോഷം കൊണ്ടു തങ്കമണിക്ക് തുള്ളിചാടണമെന്നു തോന്നി...
അവൾ സുധാകരന്റെ അമ്മയെ സന്തോഷം കൊണ്ടു പിടിച്ചു വട്ടം കറക്കി....
സുധാകരന്റെ വായ്‌ ആ സന്തോഷം താങ്ങാനാവാതെ തുറന്നു തന്നെയിരുന്നു....
മാസങ്ങൾ കഴിഞ്ഞു...
പ്ലാവിലെ ചക്ക മുഴുവൻ സുധാകരന്റെ അമ്മ പുഴുക്കുണ്ടാക്കി.. അതൊക്കെ ആക്രാന്തം പിടിച്ചു തങ്കമണി തിന്നു... അവളുടെ വയർ അങ്ങനെ നാലാള് കാണുന്ന വിധമായി...
നാട്ടുകാർ ആ വയറിൽ തുറിച്ചുനോക്കി... പിന്നെ സുധാകരനെയും...
ആ നോട്ടം സുധാകരൻ കണ്ടില്ല...
അയാളുടെ നോട്ടം മുഴുവൻ തങ്കമണിയുടെ വയറിലായിരുന്നു...
അങ്ങനെ വീണ്ടും ഒരു പുലർകാലത്തു തങ്കമണിക്കു വേദന തുടങ്ങി... അലക്കിസൂക്ഷിച്ച വെള്ള തുണികളും പായും തലയിണയും തങ്കമണിയും ആയി സുധാകരന്റെ അമ്മയും സുധാകരനും സർക്കാരാശുപത്രിയിലേക്കു പാഞ്ഞു...
ഉച്ചകഴിഞ്ഞു തങ്കമണി ഒരു ആൺകുഞ്ഞിനെ പെറ്റു... ചുരുണ്ട മുടിയും വെളുത്ത നിറവും ഉള്ള സുന്ദരൻ കുഞ്ഞു....
രാത്രി മുഴുവൻ കരയുകയും പകൽ ഉറങ്ങുകയും ചെയ്ത അവൻ സുധാകരന്റെ അമ്മയുടെയും തങ്കമണിയുടെയും ഉറക്കം കളഞ്ഞു...
ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയ തള്ളയേയും കുഞ്ഞിനേയും കാണാൻ നാട്ടുകാർ ഒറ്റയ്ക്കും കൂട്ടമായും വന്നു...
അവരെല്ലാം കുഞ്ഞിനേയും സുധാകരനെയും മാറി മാറി നോക്കി..
"എവിടെയൊക്കെയോ ഒരു ചേർച്ചക്കുറവ് " അവർ അടക്കം പറഞ്ഞു...
സുധാകരൻ അതു കേട്ടില്ല....
അയാളുടെ കണ്ണുകൾ കുഞ്ഞിന്റെ മുഖത്തായിരുന്നു...
"കണ്ടില്ലേ ആ കൊച്ചിന്റെ ചെവി... വലിയ പാള പോലെ... കറവക്കാരൻ അലിയാരുടെ ചെവിപോലെ " നാട്ടുകാർ മുറുമുറുത്തു...
"ആരുപറഞ്ഞു ആ കണ്ണുകണ്ടില്ലേ പാറ പണിക്കാരൻ ശശിയുടെ പോലെ " അതുപറഞ്ഞതു തൊട്ടു അടുത്തു താമസിക്കുന്ന ലളിതയാണ്..
പിന്നെയും സാമ്യമുള്ള മുഖങ്ങൾ വന്നു... വീട്ടിലെ ചാണകം വരാൻ വന്ന ബംഗാളിയുടെ ഛായയാണ് കൊച്ചിന്റെ മൂക്കിന് എന്നുവരെ കണ്ടുപടിച്ചു....
ഇത്തവണ സുധാകരന്റെ അമ്മ അതു കേട്ടു... അവർ കുഞ്ഞിനെ സൂക്ഷിച്ചു നോക്കി... ... ഒന്നും മിണ്ടിയില്ല...
അന്നു രാത്രി കുഞ്ഞു കരഞ്ഞപ്പോൾ അവർ ഉറക്കം നടിച്ചു കിടന്നു....
പിറ്റേന്ന് ഒന്നും മിണ്ടാതെ അവർ മൂത്ത മകന്റെ വീട്ടിലേക്കു താമസം മാറി...
അതിന്റെ കാരണം അറിയാതെ സുധാകരൻ കുഴങ്ങി... എങ്കിലും കുഞ്ഞിന്റെ ചിരിയിൽ അതു വലിയ ഒരു പ്രശ്നം ആയി അയാൾക്ക്‌ തോന്നിയില്ല...
അങ്ങനെ കുഞ്ഞു മുട്ടിലിഴയാൻ തുടങ്ങി..........
മാസങ്ങൾ പോയി...
കൊച്ച് പിച്ച നടക്കാൻ തുടങ്ങി... ചിരിക്കും, മണ്ണുവാരിത്തിന്നും, കാണുന്ന തെല്ലാം വായിലിടും... മുറ്റത്തു ഇഴഞ്ഞു നടന്ന തീവണ്ടി പോലെയുള്ള അട്ടയെ വരെ പിടിച്ചു വായിലിട്ടു...
പക്ഷെ വർത്താനം മാത്രം പറഞ്ഞില്ല.. ..
തങ്കമണി അവനെ അമ്മയെന്ന് വിളിപ്പിക്കാൻ പതിനെട്ടടവും പയറ്റി... നടന്നില്ല...
ചെറുതായി പല്ലുകൾ മുളച്ചുതുടങ്ങിയ അവൻ തരം കിട്ടുമ്പോൾ ഒക്കെ തങ്കമണിയെ പിടിച്ചു കടിക്കാനും തുടങ്ങി...
സുധാകരൻ ഈയിടെയായി കുഞ്ഞിനെ പലപ്പോഴും സൂക്ഷിച്ചു നോക്കാറുണ്ട്...
ആരുടെയൊക്കെയോ സാമ്യംപറച്ചിൽ അയാളുടെ ചെവിയിലും എത്തിയിരുന്നു...
പല രാത്രിയിലും അയാൾ പല തവണ എഴുന്നേറ്റു കുഞ്ഞിന്റെ മുഖത്ത് സൂക്ഷിച്ചു നോക്കി വിയർത്തു...
ഒരു പകൽ മീൻ ചന്തയിലെ രുക്മിണിയുടെ വീട്ടിൽ വെള്ളം കുടിയ്ക്കാൻ കേറിയപ്പോ അവൾ രഹസ്യ മായി അയാളോട് പറഞ്ഞു കുഞ്ഞിന് റബറു വെട്ടാൻ വരുന്ന കുഞ്ഞപ്പന്റെ അതേ മുഖമാണെന്നു...
അവളെ തള്ളി മാറ്റി തങ്കമണിയേയും കൊച്ചിനെയും കൊന്നു ജയിലിൽ പോകാനുറച്ചു സുധാകരൻ ഒരു ഉച്ചക്ക് വീട്ടിലേക്കു പാഞ്ഞു വന്നു...
മുറ്റത്തു കല്ല് വായിലിട്ടു നിൽക്കുന്ന കൊച്ച് അയാളെ കണ്ടു ഓടിവന്നു...അതും 'അച്ഛാ'യെന്നു ആദ്യമായി വിളിച്ചു കൊണ്ടു....പിന്നെ ഒന്നു പൊട്ടിച്ചിരിച്ചു.......
അന്തം വിട്ടു നിന്ന സുധാകരൻ അപ്പോഴാണ് ശ്രദ്ധിച്ചത് ആ കൊച്ചിന്റെ പല്ല്... അതു ഒരു കുഞ്ഞു ചിരവായുടേതുപോലെ.....

By: Chithra

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot