നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എട്ടാമത്തെ മൊഴി


ഒന്ന് 
" ഇവര്‍ ചെയ്യുന്നത് ഇന്നതെന്നു അറിയാത്തതുകൊണ്ട് ഇവരോട് ക്ഷമിക്കണമേ"
കോടതി മുറിയിൽ വെച്ച് വിധി കേട്ടപ്പോൾ അയാൾ ആകെ പറഞ്ഞ ഒരേ ഒരു വാചകം .
പുതിയൊരു കവർ സ്റ്റോറി ചെയ്യാനായി ഒരാളെ നിർദേശിക്കാൻ എം.ഡി എബ്രഹാം മാത്യു പറഞ്ഞപ്പോൾ അയാളുടെ പേര് പറയാൻ തോന്നിയ നിമിഷത്തെ ഹാസിബ ശപിച്ചു . അവസാനം അത് തന്റെ തലയിൽ തന്നെ വന്നു വീഴുമെന്നു അവൾ ഒട്ടും വിചാരിച്ചിട്ടുണ്ടായിരുന്നില്ല . അല്ലെങ്കിൽ ഒരിയ്ക്കലും അവൾ അയാളുടെ പേര് പറയില്ലായിരുന്നു .
സെബാസ്റ്റ്യൻ അതാണ് അയാളുടെ ശരിയായ പേര് . സെബാൻ എന്ന് വിളിക്കും . ഏഴു വയസ്സുള്ള സ്വന്തം കുഞ്ഞിനെ മൃഗീയമായി കൊലപ്പെടുത്തിയ മൃഗ തുല്യനായ മനുഷ്യൻ . അയാളെ പറ്റിയൊരു ഇൻവെസ്റ്റിഗേറ്റീവ് സ്റ്റോറി . അതാണ് എം.ഡി യുടെ നിർദേശം . കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന അയാളെ കാണാനുള്ള അനുവാദമൊക്കെ എം.ഡി വാങ്ങിച്ചു തരും . പക്ഷെ അയാളെ പറ്റി ഓർക്കുമ്പോൾ തന്നെ ഞെരമ്പോക്കെ തിളച്ചു പൊങ്ങുകയാണ് . ഒരു കാലത്തു താനടക്കമുള്ള മീഡിയ പ്രവർത്തകർ എല്ലാം ഒരു ആഘോഷമാക്കിയ സ്റ്റോറി . പബ്ലിക്കും സോഷ്യൽ മീഡിയയിലും വൈറൽ ആയൊരു ക്രൈം സ്റ്റോറി . അന്ന് അയാളെ പറ്റിയുള്ള എല്ലാ ഡീറ്റൈൽസും എല്ലാവരും അറിഞ്ഞതാണ് . എന്നാൽ പോലീസിൽ കീഴടങ്ങിയ അന്ന് മുതലുള്ള മൗനം. അത് കണ്ടപ്പോൾ ഈ കഥയ്‌ക്കെല്ലാം മറ്റൊരു വശം കൂടി ഉണ്ടെന്നു എന്തോ വെറുതെ തോന്നിയിരുന്നു . പക്ഷെ അന്ന് പബ്ലിക്കിന് വേണ്ടത് അയാളുടെ ചോരയായിരുന്നു . അത് ചെയ്‌താൽ മതി എന്ന് തന്നെയാണ് എം.ഡി യും പറഞ്ഞത് . അദ്ദേഹം തന്നെ അതെല്ലാം ഇന്ന് തിരുത്തി പറയുന്നു .മൂന്നു പേരുടെ പേരാണ് നിർദേശിക്കപ്പെട്ടത് . മൂന്നു പേരും സ്റ്റോറി ചെയ്യുന്നു . അതിൽ ഏറ്റവും ഇന്റെരെസ്റ്റിംഗ് ആയ സ്റ്റോറി ആകും പ്രസിദ്ധീകരിക്കുക .
ആദ്യത്തെ രണ്ടു ദിവസങ്ങളിൽ ഹാസിബ അയാളുടെ ഭാര്യയെ പറ്റി അന്വേഷിക്കുകയാണ് ചെയ്തത് . അവർ ഒരു പാവം സ്ത്രീ ആയിരുന്നു . അവൾ ആകെ ചെയ്ത തെറ്റ് ഇയാളെ പ്രണയിച്ചു എന്നതും വീട്ടുകാരെ ഉപേക്ഷിച്ചു ഇയാളുടെ കൂടെ ഇറങ്ങി പോന്നു എന്നതുമാണ്.കൊട്ടാരം പോലൊരു വീട്ടിൽ നിന്നും ഇടത്തരം വീട്ടിലേക്ക് . ഇസബെൽ എന്നായിരുന്നു ആ സ്ത്രീയുടെ പേര് . കോളേജ് സമയത്തെ പ്രണയം . അന്നത്തെ സജീവ രാഷ്ട്രീയ പ്രവർത്തകനും കവിയും ഗായകനുമൊക്കെയായ സെബാൻറെ കൂടെ അഞ്ചു വർഷങ്ങൾക്കു ശേഷം അവൾ ജീവിക്കാനായി ഇറങ്ങി തിരിച്ചു . ഇരുപത്തി രണ്ടാമത്തെ വയസ്സിൽ വിവാഹം .എട്ട് വർഷങ്ങൾക്കു ശേഷം വീണ്ടും സ്വന്തം വീട്ടിലേക്കൊരു ഒറ്റയ്ക്കൊരു തിരിച്ചു പോക്ക് . ഈ സ്ത്രീ വീണ്ടും വിവാഹം കഴിച്ചു എന്നും കേൾക്കുന്നു . നാട്ടിൽ ഇല്ലാ എന്നുമാണ് അറിയാൻ സാധിച്ചത് .
ആദ്യം മുതലേ ഈ കഥയിൽ എവിടെയൊക്കെയോ ചില കല്ലുകടികൾ ഹാസിബയ്ക്കു തോന്നിയിരുന്നു . ഇത്രയും നാളത്തെ നിരന്തര പീഡനം . എന്നിട്ടും 'അമ്മ ഇതൊന്നും അറിയുകയോ പുറത്തു പറയുകയോ ചെയ്തിട്ടില്ല . കുഞ്ഞിന്റെ ഏഴു വർഷങ്ങളിൽ ആദ്യത്തെ അഞ്ചു വർഷങ്ങൾ അയാൾ നാട്ടിൽ ഇല്ലായിരുന്നു . വർഷത്തിൽ ആകെ രണ്ടു മാസത്തെ ലീവിൽ നാട്ടിൽ വന്നു പോകുന്നു . പിന്നീടുള്ള രണ്ടു വർഷങ്ങൾ കുടുംബത്തിന്റെ കൂടെ ചിലവഴിക്കാൻ ആഗ്രഹിച്ച അയാൾ ദുബായിലെ ജോലി രാജി വെച്ച് നാട്ടിൽ സെറ്റിൽ ചെയ്യുന്നു .തുടർന്നുള്ള ദിവസങ്ങളിൽ പലപ്പോഴും രഹസ്യമായി അയാൾ കുഞ്ഞിനെ പീഡിപ്പിച്ചിരുന്നു എന്നാണു അമ്മയുടെ മൊഴി .
അയാളൊരു മാനസിക രോഗിയായിരുന്നു എന്നും അവൾ പറയുന്നുണ്ട് . ലൈംഗിക ബന്ധത്തിന് ഇടയിൽ ഉണർന്നു കരയുന്ന കുഞ്ഞിനെ അയാൾ ചീത്ത പറയുകയും അടിയ്ക്കുകയും ചെയ്തിരുന്നു . അമ്മയുടെ കൂടെ കിടന്നുറങ്ങണം എന്ന് വാശി പിടിച്ച കുഞ്ഞിനെ ഒരു ദിവസം മുഴുവൻ ബാത്‌റൂമിൽ പൂട്ടിയിട്ട കഥയും. അങ്ങനെ ക്രൂരതയുടെ , പീഡനത്തിന്റെ നീണ്ട രണ്ടു വർഷങ്ങൾ . അവസാനം ഒരു ചവിട്ടിൽ കുഞ്ഞു ഭിത്തിയിൽ പോയി ശക്തമായി ഇടിക്കുന്നു . സ്കൾ പൊട്ടി . തലച്ചോറിൽ രക്തസ്രാവം ഉണ്ടാകുന്നു . വളരെ വൈകി ഹോസ്പിറ്റലിൽ എത്തിച്ച മാതാപിതാക്കളിൽ സംശയം തോന്നിയ ഹോസ്പിറ്റൽ അധികൃതർ പോലീസിനെ വിളിക്കുന്നു .കുട്ടിയുടെ ശരീരം മുഴുവൻ മുറിവുകൾ . ഗുഹ്യ ഭാഗത്തെ മുറിവിൽ ആർത്തവ രക്തവും രേതസ്സും കലർന്നിരിക്കുന്നു .ശരീരത്തിന്റെ പല ഭാഗങ്ങളും പൊള്ളി അടർന്നിരുന്നു . അങ്ങനെയാണ് ആ പീഡനത്തിന്റെ കഥ പുറത്തറിയുന്നത് . അന്വേഷണത്തിന് എത്തിയ പോലീസുകാരോട് ഇസബെൽ എല്ലാം തുറന്നു പറയുന്നു . ചോദ്യം ചെയ്യലിനിടയിൽ മുങ്ങിയ സെബാൻ പിറ്റേ ദിവസം പോലീസിൽ കീഴടങ്ങുന്നു . രണ്ടു വർഷത്തിന് ശേഷം വിധി .പതിനാലു വർഷത്തെ ജയിൽ വാസം .മാനസിക രോഗ ചികിത്സക്ക് ശുപാർശയും . രണ്ടു വർഷത്തെ ചികിത്സക്ക് ശേഷം വീണ്ടും ജയിലിലേക്ക് .
ഇതെല്ലാം ശരിയാണെങ്കിൽ എന്തിനാണ് അയാൾ അന്ന് അങ്ങനെ പറഞ്ഞത് .
ഹസിബ മുന്നിലിരുന്ന കടലാസ്സിൽ ചോദ്യ ചിഹ്നങ്ങൾ ഇടാൻ തുടങ്ങി .അവളുടെ മുന്നിൽ ഒരു നാണയം പല ആകൃതിയിൽ കറങ്ങാൻ തുടങ്ങി . നിശ്ചലമായപ്പോളെല്ലാം നാണയത്തിനു ഒരേ മുഖം . മറുവശം വീഴാൻ അവൾ വീണ്ടും വീണ്ടും ശ്രമം തുടർന്നു എന്നാൽ പരാജയമായിരുന്നു ഫലം .
"നീ എന്നോടു കുടെ പറുദീസയില്‍ ഇരിക്കുമെന്ന് സത്യമായി നിന്നോടു പറയുന്നു"
ആദ്യത്തെ ഒന്ന് രണ്ട് കൂടി കാഴ്ചയിൽ അയാൾ ഒട്ടും സംസാരിച്ചില്ല . കൈയ്യിൽ കറുത്ത ബൈൻഡ് ഇട്ട ബൈബിളുമായി വളരെ പതുക്കെ മാത്രം നടക്കുന്ന അയാളുടെ മാനസികാവസ്ഥ മനസ്സിലാക്കുന്നതിൽ ഹാസിബ പൂർണമായും പരാജയപ്പെട്ടു . ആദ്യ രണ്ട് കൂടികാഴ്ചയിലൂടെ ഒരു റാപ്പോർട് ബിൽഡ് ചെയ്യാനുള്ള അവളുടെ ശ്രമങ്ങൾ പൂർണമായും പരാജയപ്പെട്ടു .അയാളെ കാണുമ്പോൾ ഏതോ മോർച്ചറിയിൽ നിന്നും എഴുന്നേറ്റു വന്നൊരു മൃത ശരീരം പോലെയാണ് ഹാസിബയ്ക്കു തോന്നിയത് . കുഞ്ഞിനെ പറ്റി ചോദിക്കുമ്പോൾ അയാൾ ബൈബിൾ മുന്നിലെ മേശയിൽ വെച്ച് കറുത്ത വലിയ മണികളുള്ള കൊന്തയും മുഖത്തോടു ചേർത്ത് ഉറക്കെ കരഞ്ഞു . മൂന്നാമത്തെ കൂടികാഴ്ചയിലാണ് ഹാസിബക്ക് പ്രയോജനമുള്ള എന്തെങ്കിലും ഒന്ന് സംഭവിച്ചത് . അന്നത്തെ സെഷൻ അവസാനിപ്പിക്കുന്നതിന് മുൻപുള്ള അവസാനത്തെ ചോദ്യം ..
ശരിക്കും നിങ്ങൾ ഇസബെല്ലിനെ സ്നേഹിച്ചിരുന്നോ ... ?
മരിച്ചവരുടേതു പോലെ പ്രകാശമില്ലാത്ത അനക്കമറ്റ കണ്ണുകൾ പിടയ്ക്കുന്നതു ഹാസിബ കണ്ടു . നീണ്ട നഖങ്ങൾക്കിടയിൽ കൊന്ത ഞെരിഞ്ഞമരുന്നു .നീണ്ട താടിയും മീശയും വികൃതമാക്കിയ അയാളുടെ മുഖം കൂടുതൽ വികൃതമാകുന്നത് അവൾ ശ്രദ്ധിച്ചു . വളരെ പതുക്കെയാണ് അയാളുടെ വായിൽ നിന്നും ആ വാക്കുകൾ പുറത്തേയ്ക്കു വന്നത് ..
" ഷി ഈസ് നോട് ജസ്റ് ജെസ്‌ബെൽ .. ഷി ഈസ് ... ഹെരോദ്യ ടൂ ..."
ആദ്യം അയാൾ പറഞ്ഞത് എന്തെന്ന് ഹാസിബക്ക് മനസിലായതേ ഇല്ലാ ..
" മാത്യു .. ചാപ്റ്റർ 14 . "
വീണ്ടും അയാളുടെ ശബ്ദം . ഗുഹയുടെ അന്തർഭാഗത്തു നിന്നുമെങ്ങോ കേൾക്കുന്ന ഒരു മുരൾച്ച പോലെയാണ് അവൾക്കു തോന്നിയത് .ഓരോ വാക്കുകളും ചതഞ്ഞരഞ്ഞാണ് പുറത്തേയ്ക്കു വരുന്നത് .
" ശരിക്കും നിങ്ങൾ തന്നെയാണോ സലോമിയെ കൊന്നത് .." വളരെ പെട്ടെന്നായിരുന്നു ഹാസിബയുടെ ചോദ്യം . പഴയ മനഃശാസ്ത്ര പഠനത്തിന്റെ ഓർമ്മ .
അയാൾ ഒന്നും പറയാതെ മെല്ലെ എഴുന്നേറ്റു . ബൈബിൾ കൈയ്യിലെടുത്തു പിൻ തിരിഞ്ഞു നടക്കുമ്പോൾ ഇത്രയും കൂടി അയാൾ പറഞ്ഞു .
" നീ എന്നോടു കുടെ പറുദീസയില്‍ ഇരിക്കുമെന്ന് സത്യമായി നിന്നോടു പറയുന്നു .. "
ഒന്നും മനസ്സിലാകാതെ ഇതികർത്തവ്യ മൂഢയായി നിൽക്കുന്ന ഹാസിബയ്ക്കു മുന്നിലൂടെ അയാൾ നടന്നു മറഞ്ഞു
" സ്ത്രീയേ ഇതാ നിന്റെ മകൻ ...ഇതാ നിന്റെ 'അമ്മ ... "
മുന്നിലെ തുറന്നു വെച്ച ബൈബിളിൽ അയാൾ പറഞ്ഞ ഭാഗങ്ങൾ വായിക്കുകയായിരുന്നു ഹാസിബ .ഹെരോദ്യ . സഹോദരനായ ഫീലിപ്പോസിന്റെ ഭാര്യ ആയിരിക്കെ ഹെരോദാവിനെ സ്വന്തമാക്കിയവൾ . സലോമി . ഹെരോദ്യയുടെ മകൾ . ഇസബെല്ലാ ബൈബിളിലെ സാത്താൻ ആരാധനക്കാരി . ഈ പേരിന്റെ പിന്നാലെ എല്ലാം ഓരോ കഥയുണ്ടെന്നു ആ കൂടി കാഴ്ചയ്ക്കു ശേഷമാണു ഹാസിബയ്ക്കു മനസിലായത് .ഇരുൾ വീണ വഴികളിൽ വെളിച്ചം വീണു തുടങ്ങുന്നു . എല്ലാവരും ദയ തോന്നി ഉപേക്ഷിച്ചു വിട്ട കഥാപത്രം ഇസബെൽ . നാണയം വീണ്ടും ഉരുളൻ തുടങ്ങി . ഇനി വീണ്ടും സെബാനെ കാണുന്നെണ്ടെങ്കിൽ അത് ഇസബെല്ലിനെ കണ്ടതിനു ശേഷം മാത്രമെന്ന് അന്നേ അവൾ തീരുമാനിച്ചിരുന്നു .
ഏറെ നാളത്തെ അന്വേഷണത്തിന് ശേഷമാണു ഇസബെല്ലിനെ പറ്റി എന്തെങ്കിലുമൊക്കെ വിവരങ്ങൾ ഹാസിബയ്ക്കു ലഭിയ്ക്കുന്നത് . ഇസബെല്ലിന്റെ കുടുംബം ഇപ്പോൾ കേരളത്തിലില്ല . അവർ പാരീസിലോ മറ്റോ ആണെന്നുള്ള ഉറപ്പില്ലാത്ത ചില അഭ്യൂഹങ്ങൾ മാത്രം . ഇസബെല്ലിന്റെ പപ്പക്ക് ഹോട്ടൽ ബിസിനസ് ആണ് . പാരീസിൽ തന്നെ രണ്ട് ഹോട്ടലുകൾ . ഇസബെല്ലിന്റെ പപ്പ വർഗീസ് കുര്യന്റെ കുടുംബ വീട്ടിൽ നിന്നും കിട്ടിയ വിവരങ്ങൾ . അവിടെന്നു ഇസബെല്ലിന്റെ ഒന്ന് രണ്ട് ഫോട്ടോയുമായാണ് ഹാസിബ മടങ്ങിയത് .
എന്തൊരു സൗന്ദര്യമാണ് ഈ പെണ്ണിന് . വെറുതെ ഇസബെല്ലിന്റെ ഫോട്ടോ നോക്കി കിടക്കുമ്പോൾ ഹാസിബക്കു അസൂയയാണ് തോന്നിയത് .വെണ്ണയുടെ നിറമാണ് . വരച്ചു വെച്ച ഗ്രീക്ക് ദേവതമാർ പോലെയുണ്ട് മുഖം . കണ്ണുകൾക്ക് വല്ലാത്ത കാന്തശക്തിയുണ്ട് . ചുണ്ടുകൾ പഴുത്തു തുടുത്ത കാശ്മീരി ആപ്പിളുകൾ പോലെ . എന്തൊരു ചുവപ്പാണ് . ഏതോ ഒരു ഗാർഡനിൽ ഇരിയ്ക്കുന്ന ഫോട്ടോയാണ് അടുത്തത് . ദേഹത്ത് മുറുകി കിടക്കുന്ന വസ്ത്രത്തിൽ അളവുകൾ എല്ലാം കിറു കൃത്യം .. കാൽവെണ്ണയോട് പറ്റെ കിടക്കുന്ന പ്ലാറ്റിനം പാദസരങ്ങൾ .. പാദങ്ങളുടെ അടിയിൽ എന്തോ കറുത്ത നിറം . ഹാസിബ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി . കുരിശു പോലെ എന്തോ ..അല്ലാ കുരിശു തന്നെയാണ് . അവൾ ഉറപ്പിച്ചു . എന്നാൽ കാലിന്റെ അടിയിൽ സാധാരണ ക്രിസ്ത്യാനികൾ കുരിശു പച്ച കുത്താറില്ലല്ലോ ..
സമയം പോലും നോക്കാതെ അവൾ വർക്കിയെ വിളിച്ചു . . ഹാസിബയുടെ സഹ പ്രവർത്തകനും ക്യാമറാമാനുമാണ് അലൻ വർക്കി ..
" ഡാ ..വർക്കി .. നിങ്ങൾ ക്രിസ്ത്യാനികൾ കാലിന്റെ അടിയിൽ കുരിശു പച്ചകുത്തുമോ .. "
" ഇല്ലല്ലോ ഹാസി .. മ്മ്ഹഹ് ...പക്ഷെ ഈ ചില സാത്താൻ ആരാധനക്കാർ കുത്തുമെന്നു കേട്ടിട്ടുണ്ട് ...എന്നതാടി ... "
ഒന്നുമില്ല മോനെ ..നീ വെച്ചോ ..
ഹാസിബ ഫോൺ വെച്ചു . ലാപ്ടോപ്പ് തുറന്നു .ഗൂഗിളിൽ ബ്ലാക്ക് മാസ്സ് എന്നടിച്ചു . ഏകദേശം ഒരു മണിക്കൂറിനു ശേഷം വർഷങ്ങൾക്കു മുൻപ് സെബാനെ പറ്റിയുള്ള വിവരങ്ങൾ ശേഖരിച്ചു വെച്ച ഫയൽ അവളെടുത്തു .
" അച്ചന്മാരുടെ കുടുംബത്തിൽ നിന്നും ഒരു പിശാച് "
പരമ്പരാഗതമായി റോമൻ കത്തോലിക്കാ സഭക്ക് അച്ചന്മാരെ നൽകി പോന്ന കുടുംബമാണ് സെബാസ്റ്യാന്റേതു . സെബാനും അച്ചൻ പട്ടത്തിനു പഠിക്കാൻ പോയിയെങ്കിലും . ഇടയ്ക്കു സെമിനാരിയിൽ നിന്നും ചാടി പോരുകയാണ് ഉണ്ടായത് .
ഹാസിബ ഫയൽ അടച്ചു . സെബാൻ അച്ചന്മാരുടെ കുടുംബത്തിൽ നിന്നും . ഇസബെല്ലാ .. സാത്താൻ ആരാധന സ്വീകരിച്ചവളും ..
ഹാസിബ കണ്ണടച്ചു . മനസ്സിൽ ചില കണക്കുകൂട്ടലുകൾ നടത്തി . നാണയത്തിന്റെ മറുവശം മുന്നിൽ തെളിയുന്നതായി അവൾക്കു തോന്നി .
"എന്റെ ദൈവമേ, എന്റെ ദൈവമേ നീ എന്നെ കൈവിട്ടതെന്തു?"
അന്ന് കൂടുതൽ ആത്മ വിശ്വാസത്തോടെയാണ് ഹാസിബ സെബാന് മുന്നിൽ ഇരുന്നത് . തളർന്നു അവശനായ അയാളുടെ മുഖത്തേയ്ക്കു അവൾ നോക്കി . ഒരിയ്ക്കൽ പോലും അവളുടെ കണ്ണുകളിലേക്കു അയാൾ നോക്കിയിട്ടില്ല . മേശയിൽ വെച്ചിരിക്കുന്ന ബൈബിളിൽ മാത്രം കണ്ണുകൾ ആഴ്ത്തി എന്നത്തേയും പോലെ അയാളിരുന്നു .
" ഞാൻ ഒരു കഥ പറയട്ടെ സെബാൻ .." ഹാസിബ സംസാരിച്ചു തുടങ്ങി .
അയാളിൽ കേട്ടതായ ഭാവമില്ല .
"
നിങ്ങൾക്ക് ഇത് കേൾക്കാൻ താല്പര്യം ഉണ്ടാകും സെബാൻ . കാരണം ഞാൻ പറയുന്ന കഥയിലെ നായകൻ സാത്താനാണ് .ഏകദേശം അഞ്ചു വർഷങ്ങൾ സെമിനാരിയിൽ അച്ചൻ പട്ടത്തിനു പഠിക്കാൻ പോയ നിങ്ങൾക്ക് ഇതിൽ താല്പര്യമില്ലാതെ ഇരിയ്ക്കില്ലല്ലോ "
അയാളിൽ നേരിയ ചലനങ്ങൾ അവൾക്കു കാണാൻ കഴിഞ്ഞു .
" ഈ കഥയിലെ നായകനും നിങ്ങളെ പോലെ തന്നെ അച്ചൻ പട്ടത്തിനു പഠിക്കാൻ പോയി ഇടയ്ക്കു വെച്ചു .കമ്മ്യൂണിസം തലയ്ക്കു പിടിച്ചു സെമിനാരി മതിൽ ചാടിയ ആളാണ് . പിന്നീട് കലാലയത്തിനു പ്രിയപ്പെട്ട സഖാവ് . കുറച്ചു കൂടി കഴിഞ്ഞപ്പോൾ കോളേജിലെ രക്തയോട്ടമുള്ള ഏതൊരാണും കൊതിയ്ക്കുന്ന ഇസബെല്ലാ എന്ന ഫ്രഞ്ച് സുന്ദരിയുടെ കാമുകൻ .അവളുടെ 'അമ്മ ഫ്രാൻസുകാരി ജെസ്‌ബെൽ അപ്പൻ ഇടുക്കിക്കാരൻ വർഗീസ് കുര്യൻ . കഥയിലെ ട്വിസ്റ്റ് വരാൻ പോകുന്നതേ ഉള്ളൂ കേട്ടോ സെബാൻ .."
സെബാൻറെ വിരലുകൾ കറുത്ത ബൈന്റിട്ട പുസ്തകത്തിന് മുകളിലൂടെ പരന്നു നടന്നു . അയാളുടെ കൈകൾ വിറയ്ക്കാൻ തുടങ്ങി .താൻ സഞ്ചരിക്കുന്നത് ശരിയായ ദിശയിലാണെന്നു ഹാസിബയ്ക്കു ഉറപ്പായി .പൂർണമായും കെട്ടിയടച്ചോരു വലിയൊരു ഗുഹയ്ക്കുള്ളിലായിരുന്നു താൻ ഇപ്പോൾ വീണത് പ്രകാശത്തിന്റെ ഒരു ചെറിയ സുഷിരമായാണ് . ഈ ചെറിയ സുഷിരത്തിലൂടെ വലിയ കാഴ്ചകളിലേക്കും സത്യങ്ങളിലേയ്ക്ക് താൻ എത്തപ്പെടുമെന്നു ഹാസിബ തീർച്ചപ്പെടുത്തി .
" ഈ ജെസ്‌ബെൽ എന്ന് പറയുന്ന ഫ്രാൻസുകാരി . അവിടത്തെ ആ നാട്ടിലെ ഒരു സാത്താൻ ആരാധനക്കാരിയായിരുന്നു . ഫ്രാൻസിലെ ഒരു കറുത്ത ആരാധനയിൽ വെച്ചു ജെസ്‌ബെല്ലും വർഗീസ് കുര്യനും കണ്ടു മുട്ടുന്നു . ഇന്നും മൂന്നാറിലെ കറുത്ത ചില രാത്രികൾ ഇത്തരം ആരാധനയ്ക്കു സാക്ഷ്യം വഹിക്കാറുണ്ട് . അതിനു നേതൃത്വം നൽകുന്നത് വർഗീസ് കുര്യനും ."
ഹാസിബ പറഞ്ഞു നിർത്തി . അവൾ കിതയ്ക്കുന്നുണ്ടായിരുന്നു .
" അവർക്കു വേണ്ടത് ഒരു വിശുദ്ധ രക്തം . സെബാസ്റ്യൻ എന്ന പേരിന്റെ അർഥം a വിശുദ്ധൻ . കുടുംബ പശ്ചാത്തലം നോക്കിയാൽ വിശുദ്ധ തോമാശ്ലീഹാ നേരിട്ട് ജ്ഞാനസ്നാനം ചെയ്ത കുടുംബം . അഞ്ചു വർഷക്കാലം സെമിനാരിയിൽ പഠിച്ച വ്യക്തി . തലയിൽ ക്രൂശിതന്റെ കൈ ഇപ്പോഴും ഉള്ളവൻ .അവന്റെ രക്തത്തിൽ ഒരു കുഞ്ഞ് . അതായിരുന്നു . അവരുടെ ആവശ്യം . സെബാന് കുഞ്ഞുങ്ങൾ ഉണ്ടാകില്ല എന്ന ആശുപത്രി നിഗമനത്തിൽ ആകെ പൊളിഞ്ഞൊരു പ്ലാൻ . സെബാൻ ഗൾഫിൽ പോയ കാലം . സെബാൻറെ ഇളയ അനിയനുമായി ഇസബെല്ലക്ക് അവിഹിത ബന്ധം . കുഞ്ഞു ജനിച്ചു . ആരുടേത് ..സെബാൻറെയോ ..അതോ .. ഇളയ അനിയൻ ഫാദർ സോളമന്റെതോ ....
"ഹ്ഹആആആ......."
ഇരുകൈകളിലും ചെവി അമർത്തി പിടിച്ചു സെബാൻ മുഖം ഉയർത്തി . ഹാസിബയുടെ കണ്ണുകൾ അയാളുടെ കണ്ണുകളിലേക്കു തുളഞ്ഞു കയറി .
" സലോമിയുടെ ഏഴാം ജന്മദിനം . ബൈബിളിൽ എന്ന പോലെ തന്നെ കറുത്ത ആരാധനയിലും ഏറ്റവും പ്രധാനപ്പെട്ട നമ്പർ . കറുത്ത ആരാധയ്ക്കിടെയിൽ കുഞ്ഞു മരിയ്ക്കുന്നു . അവസാനം . ഈ ലോകത്തുള്ള സർവ ജനങ്ങളുടെയും പാപങ്ങൾ ഏറ്റെടുത്തു ക്രൂശു മരണം സ്വീകരിച്ച യേശു ക്രിസ്തുവിനെ പോലെ ഈ പാപമെല്ലാം സ്വയം ഏറ്റെടുത്തു . ഒരാൾ മരിയ്ക്കാൻ ഒരുങ്ങുന്നു . ..സത്യമല്ലേ സെബാൻ ..നിങ്ങൾ എല്ലാം സ്വയം ഏറ്റെടുക്കുകയായിരുന്നില്ലേ "
പിടഞ്ഞെണീറ്റു ബൈബിളുമായി പുറത്തേയ്ക്കു ഓടുമ്പോൾ അയാൾ ഇത്ര മാത്രം പറഞ്ഞു .
"ഏലീ ഏലീ ലമ്മാ ശബക്താനി ?"
മൗനത്തിനു പിന്നിലെ കനത്ത നിശ്ശബ്ദതയ്ക്കും അപ്പുറമാണ് സത്യമെന്നു ഹാസിബയ്ക്കു തോന്നി . താൻ അതിന്റെ തൊട്ടു അടുത്തെത്തി നില്ക്കുന്നുവെന്നും
" എനിക്ക് ദാഹിക്കുന്നു "
ഏകദേശം അഞ്ച് വർഷങ്ങൾക്കു മുൻപ് നടന്ന ഒരു കൊലപാതകം . വീണ്ടും അത് അതേ രീതിയിൽ തന്നെ കുത്തിപ്പൊക്കി എടുക്കുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യം ആയിരുന്നില്ല . എന്നാൽ സെബാസ്റ്റ്യൻ നിരപരാധിയാണെങ്കിൽ അതീ നാട് മുഴുവൻ അറിയണമെന്ന് ഹാസിബ ഉറപ്പിച്ചു . കഴിയുമെങ്കിൽ താൻ അയാളെ പുറത്തു കൊണ്ട് വരിക തന്നെ ചെയ്യും . വീണ്ടും ഒരുപാട് ഹോം വർക്കുകൾക്കു ശേഷമാണു ഈ സ്റ്റോറി എഡിറ്റോറിയൽ ബോർഡിന് മുന്നിൽ കൊണ്ട് വന്നത് . ഇസബെല്ലയുടെയും സെബാൻറെയും കുടുംബ പശ്ചാത്തലത്തിൽ നിന്നും തുടങ്ങുന്ന സ്റ്റോറി ഒരു ഇംഗ്ളീഷ് സിനിമ പോലെ എല്ലാവരും കേട്ടിരുന്നു . എതിരില്ലാതെ സെബാൻറെ സ്റ്റോറി പ്രസിദ്ധീകരിക്കാൻ എം.ഡി .നിർദേശിച്ചു . ഹാസിബ എന്ന ഇൻവെസ്റ്റിഗേറ്റീവ് ക്രൈം റിപ്പോർട്ടറുടെ തലയിൽ മറ്റൊരു പൊൻതൂവൽ കൂടി .
ആദ്യമൊക്കെ അധികം ആളുകൾ ശ്രദ്ധിക്കാതെ പോയ സ്റ്റോറി ..കറുത്ത ആരാധനയുടെ ഭാഗം വന്നപ്പോൾ മുതൽ ജനശ്രദ്ധ ആകർഷിച്ചു തുടങ്ങി . വളരെ പെട്ടെന്ന് തന്നെ ജനങ്ങളിലേക്ക് അഭിനവ ക്രിസ്തു എന്ന പേരിൽ സെബാൻറെ സ്റ്റോറി എത്തപ്പെടുകയും ചെയ്തു . ഹാസിബ പ്രതീക്ഷിച്ചതു പോലെ തന്നെ , ആഭ്യന്തര മന്ത്രിയും ഉന്നത പോലീസ് ഉദ്യോഗസ്ഥരും കേസ് ഡീറ്റെയിൽസ് ആവശ്യപ്പെട്ടു ഹാസിബയെ ബന്ധപ്പെട്ടു . സെബാസ്റ്റിൻറെ മാതാപിതാക്കൾ കേസിൽ പുനരന്വേഷണം വേണമെന്ന ഹർജി ഹൈക്കോർട്ടിൽ സമർപ്പിച്ചു .
ഒരിക്കൽ കൂടി ഹാസിബ സെബാനെ കാണാൻ ജയിലിൽ പോയി . എന്നത്തേക്കാൾ അല്പം പ്രസരിപ്പ് ആ മുഖത്ത് കാണാൻ അവൾക്കു കഴിഞ്ഞു .
" പറയൂ ..സെബാൻ .. എന്താണ് നിങ്ങൾക്ക് ഇനി പറയാനുള്ളത് . നിങ്ങളുടെ വീട്ടിൽ നിന്നുമടക്കം കിട്ടിയ വിവരങ്ങൾ . പാരീസ് കേന്ദ്രമായി പ്രവർത്തിക്കുന്ന കറുത്ത ആരാധനയുടെ ബന്ധപ്പെട്ട ചില പ്രധാന രേഖകൾ . രഹസ്യമായ പകർത്തപ്പെട്ട ഫോട്ടോയിൽ കണ്ട അവ്യക്ത മുഖങ്ങളിൽ വർഗീസ് കുര്യനും ഇസബെല്ലയും ഉണ്ടായിരുന്നു . .. അങ്ങനെയാണ് സത്യത്തിലേക്ക് ഞാൻ എത്തുന്നത് . ഇതുവരെയും നിങ്ങൾ ഒന്നും പറഞ്ഞില്ല ...... "
സെബാൻ ആദ്യമായി ഹാസിബയുടെ മുഖത്ത് നോക്കി ഒന്ന് ചിരിച്ചു . കണ്ണുകളിൽ ഒരല്പം പ്രകാശം ഉണ്ടായതു പോലെ .
" എനിക്ക് ദാഹിക്കുന്നു ....."
അയാൾ ഹാസിബയുടെ നേരെ നോക്കി . കൈയ്യിലിരുന്ന വെള്ളക്കുപ്പി അടപ്പൂരി അവൾ അയാൾക്ക്‌ കൊടുത്തു . പാതിയോളം കുടിച്ചു ബാക്കി നൽകി അയാൾ ഒരു ദീർഘ ശ്വാസമെടുത്തു . താടിയിൽ പറ്റിയിരിക്കുന്ന വെള്ളം നാവിനാൽ തുടച്ചു .
" നിങ്ങൾ കണ്ടെത്തിയതെല്ലാം സത്യങ്ങളാണ് ഹാസിബ . അപൂർണമായ സത്യങ്ങൾ ....പൂർണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും ... "
അയാൾ കുനിഞ്ഞു ബൈബിൾ കൈയ്യിലെടുത്തു ..
" സെബാൻ ..ഇനിയെങ്കിലും നിങ്ങൾ മനസ്സ് തുറന്നു സംസാരിക്കൂ .. ചിലപ്പോൾ നിങ്ങളെ സ്വതന്ത്രനാക്കാൻ എനിക്ക് കഴിഞ്ഞേക്കും .. എന്താണ് ആ അപൂർണത എനിക്ക് പറഞ്ഞു തരൂ ..."
അയാൾ ഒന്ന് കൂടി ചിരിച്ചു ...
" അന്വേഷപ്പിൻ ...എന്നാൽ നിങ്ങൾക്ക് ലഭിക്കും ..." അയാൾ നടന്നു തുടങ്ങി ...
"നിവൃത്തിയായി "
സലോമി വധക്കേസിൽ പുനരന്വേഷണത്തിനു അനുമതി നൽകി ഹൈക്കോടതി ഉത്തരവിറക്കി. പുനരന്വേഷണത്തിനു ആവശ്യമായ എല്ലാ തെളിവുകളും നൽകാൻ ഹാസിബ തയ്യാറാവുകയും ചെയ്തു . എല്ലാ തെളിവുകളും ഇസബെല്ലയ്ക്കും വർഗീസ് കുര്യനും എതിരായിരുന്നു . അകാലത്തിൽ ആത്മഹത്യ ചെയ്ത ഫാദർ സോളമന്റെ മരണത്തിനു പിന്നിലും ഇസബെല്ലയുമായുള്ള ബന്ധത്തിന്റെ കുറ്റബോധം തന്നെ ആയിരുന്നു എന്നും പോലീസ് കണ്ടെത്തി .
സത്യം അധിക കാലം ഒളിച്ചു വെയ്ക്കാൻ ആർക്കും സാധിക്കില്ല എന്ന പരമമായ സത്യം . എല്ലാക്കാലത്തേയും പോലെ വീണ്ടും തെളിയിക്കപ്പെട്ടു . ഇരുൾ മാറ്റി പ്രകാശം പുറത്തു വന്നതിൽ ഹാസിബയും സന്തോഷിച്ചു .അന്വോഷണ സംഘം ഇസബെല്ലയുടെ കുടുംബത്തെ പറ്റിയുള്ള അന്വേഷണത്തിന് തന്നെയാണ് മുൻ‌തൂക്കം കൊടുത്തത് . മധ്യ കാലഘട്ടത്തിൽ ഫ്രാൻസിൽ ആരംഭം കുറിച്ച കറുത്ത ആരാധയുടെ ഭാഗമായിരുന്നു വർഗീസ് കുര്യന്റെ പൂർവികർ . ജെസ്‌ബെല്ല ആകട്ടെ ആയിരത്തി അഞ്ഞൂറ് കാലഘട്ടത്തിൽ ഫ്രാൻസിലെ രാജ്ഞി Catherine de' Medici ആദ്യമായി നടത്തപ്പെട്ട കറുത്ത ആരാധനയിൽ പങ്കെടുത്ത കുടുംബക്കാരിയും
ഹീനമായ രീതിയിൽ രീതിയിൽ നടത്തപ്പെട്ട ഒരു കറുത്ത ആരാധനയുടെ ഇര ആയിരുന്നു സലോമി .നഗ്നമായ ശരീരത്തിൽ കറുത്തതോ കട്ടപിടിച്ച രക്തത്തിന്റെ നിറത്തിലോ ഉള്ള കൈയ്യിലാത്ത പുരോഹിതവസ്ത്രം ധരിച്ച ആളായിരിക്കും കറുത്ത കുർബ്ബാന അർപ്പിക്കുക. കേരളത്തിൽ നടത്തപ്പെടുന്ന ആരാധനയിൽ മിക്കപ്പോഴും വർഗീസ് കുര്യനാനാണ് പുരോഹിതനായി ഉണ്ടാവുക ബലിപീഠത്തിൽ പൂർണ്ണ നഗ്നയായ സ്ത്രീയോ, പന്നിയോ, ആടോ, കരടിയോ ഉണ്ടായിരിക്കും. അശുദ്ധമായ ആർത്തവ രക്തവും ബീജവും കലർത്തിയ ഓസ്തി കത്തിക്കുയോ എറിഞ്ഞുകളയുകയോ ചെയ്യും . ആശീർവദിച്ച വീഞ്ഞ് തറയിൽ ഒഴിച്ച് കളയുകയും ചെയ്യും . ചിലപ്പോൾ തലയോട്ടിയിൽ നിറച്ച മൂത്രമോ ആർത്തവരക്തമോ ആവും ഉപയോഗിക്കുക. മനുഷ്യ കൊഴുപ്പിൽ ഉണ്ടാക്കിയെടുത്ത കറുത്ത മെഴുകുതിരി, കുറുക്കന്റെ തൊലിയിലോ മനുഷ്യന്റെ തൊലിയിലോ പൊതിഞ്ഞ ബൈബിൾ എന്നിവയും കറുത്ത കുർബ്ബാനയിൽ ഉപയോഗിക്കപ്പെടുന്നു. ഉൻ‌മാദത്തോടെയുള്ള ലൈംഗിക വേഴ്ചയോടൊപ്പം തന്നെ, സാത്താന് നൽകുന്ന ബലിയായി നവജാത ശിശുക്കളെ ജീവനോടെ കുരിശിൽ തറക്കുകയും വിശുദ്ധ എണ്ണയിൽ മാമ്മോദീസാ (ജ്ഞാനസ്നാനം) മുക്കുകയും ചെയ്യാറുണ്ട്. മാത്രവുമല്ല, നഗ്നരായ നവജാത ശിശുക്കളെ ബലിപീഠത്തിൽ വയ്ക്കാറുമുണ്ട്.
വർഗീസ് കുര്യന്റെ വീട് റെയ്‌ഡ്‌ ചെയ്യുകയും വീടിനു രഹസ്യ അറയിൽ കറുത്ത ആരാധന നടത്തപ്പെട്ടതായി പോലീസ് സ്ഥിരീകരിക്കുകയും ചെയ്തു .
പുനരന്വോഷണത്തിൽ വിധിയാകും മുൻപേ ഹാസിബയെ ഞെട്ടിച്ച മറ്റൊരു സംഭവം കൂടി ഉണ്ടായി . നന്നേ പുലർച്ചെ ഓൺലൈൻ ന്യൂസിൽ കണ്ണും നട്ടിരിക്കുമ്പോളാണ് ഹാസിബ ആ ന്യൂസ് കാണുന്നത് . പാരീസിൽ ഒരു മലയാളി കുടുംബം സഞ്ചരിച്ചിരുന്ന കാർ ആക്സിഡന്റിൽപ്പെട്ടിരിക്കുന്നു . തകർന്നു കത്തി കരിഞ്ഞു പോയ കാറിൽ നിന്നും ആകെ ലഭിച്ചത് തിരിച്ചറിയാൻ സാധിക്കാത്ത മൂന്ന് ശവ ശരീരങ്ങളാണ് . രണ്ടു സ്ത്രീകളും ഒരു പുരുഷനും . കാർ വർഗീസ് കുര്യൻ എന്ന മലയാളിയുടെ പേരിലുള്ളതാണ് . പോലീസിന്റെ അന്വേഷണത്തിൽ വർഗീസ് കുര്യന്റെ വീട് നാല് ദിവസമായി പൂട്ടി കിടക്കുകയാണ് . ആ വീട്ടിൽ വർഗീസ് കുര്യനും ഭാര്യ ജെസ്‌ബെല്ലയും ഇസബെല്ലും ആയിരുന്നു താമസിച്ചിരുന്നത് .
ഹാസിബ ഉടൻ തന്നെ തന്റെ ഓഫിസുമായി ബന്ധപ്പെട്ടു . ഈ അപകടത്തിന്റെ കൂടുതൽ ഡീറ്റെയിൽസ് എത്രയും പെട്ടെന്ന് വേണമെന്ന് ആവശ്യപ്പെട്ടു . എന്നാൽ കിട്ടിയ വിവരങ്ങൾ അത്രയും നിരാശപ്പെടുത്തുന്നതായിരുന്നു . പോലീസിന്റെ നിഗമനം അത് വർഗീസ് കുര്യനും കുടുംബവും തന്നെയാണ് എന്നാണ് . എവിടെയോ വായിച്ചു കേട്ട ഒരു ബൈബിൾ വചനം ഹാസിബയുടെ മനസ്സിൽ തെളിഞ്ഞു വന്നു .
" പാപത്തിന്റെ ശമ്പളം മരണമത്രേ ...."
. ഈ വിവരം എങ്ങനെ സെബാനെ അറിയിക്കും എന്ന് തല പുകച്ചിരുന്ന ഹാസിബയ്ക്കു മുന്നിൽ നിർവികാരനായി കുറച്ചു നേരം തല കുമ്പിട്ടു സെബാൻ ഇരുന്നു . പിന്നീട് മുകളിലേക്ക് നോക്കി ഇരു കൈകളും വിരിച്ചു പിടിച്ചു . ഇപ്രകാരം പറഞ്ഞു .
" നിവൃത്തിയായി "
ഹാസിബ അയാളുടെ കണ്ണുകളിലേക്കു നോക്കി . ഇയാൾ എല്ലാം അറിഞ്ഞിരുന്നോ .. പിടയ്ക്കുന്ന കണ്ണുകളിൽ കൃഷ്ണമണി ഒളിപ്പിച്ചു മുകളിലേക്ക് നോക്കി അയാൾ ഇത്രയും കൂടി പറഞ്ഞു .
" പാപത്തിന്റെ ശമ്പളം മരണമത്രേ ..."
നിർവികാരമായ മുഖത്തോടെ അയാൾ എഴുന്നേറ്റു പുറത്തേയ്ക്കു നടക്കുമ്പോൾ അത്ഭുതത്തോടെ അയാളെ നോക്കി ഇരിയ്ക്കുകയായിരുന്നു ഹാസിബ .
" പിതാവേ എന്റെ ആത്മാവിനെ തൃക്കൈയില്‍ ഏല്പിക്കുന്നു"
കോടതി മുറിയിൽ നിന്നും കുറ്റ വിമുക്തനാക്കപ്പെട്ടു പുറത്തേക്കിറങ്ങിയ സെബാൻ ആദ്യം പറഞ്ഞ വാക്കുകൾ . കാത്തു നിന്ന വീട്ടുകാരുടെ അടുത്തേക്കല്ല അയാൾ നടന്നു ചെന്നത് . ഹാസിബയുടെ അടുത്തേക്കാണ് ..
" എന്നെ ...ഞാൻ പഠിച്ച സെമിനാരിയിൽ കൊണ്ട് വിടണം "
തെളിഞ്ഞു നിന്ന വെയിൽ നിമിഷങ്ങൾ കൊണ്ടാണ് മങ്ങിയത് . ആകാശത്തു കറുത്ത മഴ മേഘങ്ങൾ വളരെ വേഗം ഉരുണ്ടു കൂടി . യാത്രയിൽ സെബാൻ തീർത്തും മൗനം പാലിച്ചു . കണ്ണടച്ച് ബാക് സീറ്റിൽ ചാരി കിടന്നു കൊണ്ട് കൈയ്യിൽ ചേർത്ത് പിടിച്ചിരുന്ന ബൈബിളിൽ ഇടയ്ക്കിടെ അയാളുടെ വിരലുകൾ ചിത്രങ്ങൾ വരച്ചു . അപ്പോൾ തനിക്കു മുന്നിൽ കറങ്ങി കൊണ്ടിരുന്ന നാണയത്തിന്റെ രണ്ടു വശങ്ങളിലും നോക്കി ഹാസിബ പുഞ്ചിരിച്ചു .
സെബാനെ സെമിനാരിയിൽ വിട്ടു ഫ്ലാറ്റിൽ എത്തിയ നിമിഷം മുതൽ ഹാസിബ അസ്വസ്ഥയാണ് . അഭിനന്ദന പ്രവാഹമാണ് ഹാസിബയെ തേടി എത്തുന്നത് . ഒരു ഇൻവെസ്റ്റിഗേറ്റീവ് പത്രപ്രവർത്തകക്ക് ഇതിൽ കൂടുതൽ വേറെ എന്താണ് വേണ്ടത് . പക്ഷെ ഫോൺ സ്വിച്ച് ഓഫ് ചെയ്തു മുറിയിൽ തലങ്ങും വിലങ്ങും നടക്കുമ്പോൾ ഹാസിബ ആദ്യം മുതൽ എല്ലാം ഒന്ന് കൂടി വിശകലനം ചെയ്തു ...
" പൂർണമായതു വരുമ്പോഴോ ..അംശയമാണ് മാറി പോകും ..."
സെബാൻറെ വാക്കുകൾ ചെവിയിൽ മുഴുങ്ങുന്നു . അതിന്റെ അർഥം തന്റെ അന്വോഷണം അപൂർണമായിരുന്നു എന്നല്ലേ ..എവിടെയാണ് ഇനി ബാക്കി നിൽക്കുന്നത് .ഒരു വട്ടം കൂടി സെബാനെ കാണണം . അയാളിൽ നിന്നും അതും കൂടി അറിഞ്ഞാൽ മാത്രമേ തനിക്കീ ഫയൽ ക്ലോസ് ചെയ്യാൻ പറ്റൂ . സെമിനാരിയിൽ ചേർന്ന് പഠനം തുടരാൻ പോകുന്നു എന്നാണു അയാൾ പറഞ്ഞത് . പിറ്റേന്ന് അയാളെ കാണാൻ തീരുമാനമെടുത്തതിന് ശേഷമാണ് അവൾ ഉറങ്ങാൻ കിടന്നത്.
പിറ്റേന്നു സെമിനാരിയിലേക്കു മല കയറുമ്പോൾ മഴ പൊടിച്ചു തുടങ്ങിയിരുന്നു .ആഞ്ഞു വീഴുന്ന കാറ്റിൽ മരങ്ങൾ മുടിയഴിച്ചിട്ടെന്ന പോലെ തലയാട്ടുന്നുണ്ടായിരുന്നു . ചില മരങ്ങൾ വളഞ്ഞു മണ്ണിൽ തൊട്ടു .
സെമിനാരി പ്രിൻസിപ്പൽ അച്ചന്റെ മുന്നിൽ നിൽക്കുമ്പോൾ എന്തോ ഹാസിബയുടെ നെഞ്ചു വല്ലാതെ ഇടിക്കുന്നുണ്ടായിരുന്നു .
" നിങ്ങളാ പത്രപ്രവർത്തകയല്ലേ ...സെബാൻറെ കേസ് വീണ്ടും അന്വേഷിക്കാൻ കാരണമായ ....
അതെ എന്നർത്ഥത്തിൽ ഹാസിബ തലയാട്ടി ...
"ഇവിടെ എന്താ ..."
എനിക്ക് സെബാനെ ....അല്ല സെബാസ്റ്റ്യൻ അച്ചനെ ഒന്ന് കാണണമായിരുന്നു . ..
ഏതു സെബാസ്റ്റ്യൻ ....?
ഇന്നലെ വന്നില്ലേ ...സെബാൻ ... ഇവിടെ ഞാനാണ് കൊണ്ട് വിട്ടത് ..
അച്ചൻ കസേരയിലേക്ക് ഒന്നുകൂടി അമർന്നിരുന്നു .
" സെബാൻ ഇങ്ങോട്ടു വന്നിട്ടില്ലല്ലോ കുട്ടീ ... "
ഹാസിബയ്ക്കു അത് വിശ്വസിക്കാൻ പ്രയാസം തോന്നി . ശരീരം മുഴുവൻ വല്ലാത്തൊരു വിറയൽ ..അയാൾ പിന്നെ എവിടെ പോകാനാണ് . വീണ്ടും തനിയ്ക്ക് ചുറ്റിനും ഇരുൾ നിറയുന്നത് പോലെ ഹാസിബയ്ക്കു തോന്നി . പ്രകാശമെന്നത് വെറുമൊരു മായക്കാഴ്ച മാത്രമായിരുന്നോ . വലിയ ഇരുട്ടിലേക്ക് വീണ്ടും എത്തപ്പെട്ടത് പോലെ ഹാസിബ പുളഞ്ഞു . പുറത്തേക്കു ഇറങ്ങും മുൻപു അച്ചൻ ഹാസിബയെ വിളിച്ചു .
" ഇത്രയും ആയ സ്ഥിതിക്ക് ..ഒരു കാര്യം കൂടി അച്ചൻ പറയാം . മോളിതു ആരോടും പറയരുത് . അല്ലാ ..ഇനി പറഞ്ഞിട്ടും കാര്യമില്ല .."
എന്താ അച്ചാ ......
അച്ചൻ മുന്നോട്ടു ആഞ്ഞിരുന്നു .വളരെ നേരിയ ശബ്ദത്തിലാണത് പറഞ്ഞത് ..
" സെബാനെ ഇവിടുന്നു പുറത്താക്കിയതിന് കാരണം ... അവന്റെ രാഷ്ട്രീയം അല്ലായിരുന്നു ....."
പിന്നെ .........." ഹാസിബയുടെ കണ്ണുകൾ വിടർന്നു ...
" അവനിവിടെ പിള്ളാരെ കൊണ്ട് , ചില കറുത്ത ആരാധനയൊക്കെ ചെയ്യാൻ ശ്രമം നടത്തി ....."
ഹാസിബയ്ക്കു ലോകം കീഴ്മേൽ മറിയുന്നത് പോലെ തോന്നി .തനിക്കു ചുറ്റുമുള്ളതെല്ലാം കറങ്ങുന്നതു പോലെ ..അവൾ കസേരയിൽ കൈ കൊണ്ട് അമർത്തി പിടിച്ചു ..
'ഹി ഈസ് ഇൻ ഡെവിൾ വർഷിപ് ....."
മുറ്റത്തേയ്ക്ക് ഇറങ്ങുമ്പോൾ ഹാസിബയുടെ കാലുകൾ ഉറയ്ക്കുന്നുണ്ടായിരുന്നില്ല . ഇടി വെട്ടി പെയ്യുന്ന മഴ അവൾ അറിഞ്ഞതേ ഇല്ലാ ... അവളുടെ ചെവിയിൽ ഒരേ ഒരു വാക്യം മാത്രം ...
" അവൻ കറുത്ത ആരാധന നടത്തിയിരുന്നു . .."
" പൂർണമായതു വരുമ്പോൾ; അംശമായതു നീങ്ങിപ്പോകും ..." അന്ന് സെബാൻ പറഞ്ഞ വാക്കുകളുടെ അർഥം അപ്പോൾ മാത്രമാണ് ഹാസിബയ്ക്കു മനസ്സിലായത് .യെസ് . ഇറ്റ് ഈസ് എ വെൽ ഓർഗനൈസ്ഡ് പ്ലാൻ ... ഹി ഈസ് എ ഡെവിൾ . ഹാസിബ പല്ലു കടിച്ചു.
കാറിൽ ഇരിക്കുമ്പോൾ അവളുടെ ചിന്ത മുഴുവൻ താൻ എങ്ങനെ ഇത്ര സമർത്ഥമായി കബളിപ്പിക്കപ്പെട്ടു എന്നുള്ളതായിരുന്നു .അവളുടെ വിരലുകൾ മുടിയിഴ പറിച്ചെടുത്തു കൊണ്ടിരുന്നു ...
ഫാദർ : സെബാസ്റ്റ്യൻ കൂനാൻകോട്ടിൽ
അവൾ പല്ലു ഞെരിച്ചു . പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ വണ്ടി ഒതുക്കി മൊബൈലിൽ തൻ്റെ ഹ്യൂമൻ റിസോർസ് പോർട്ടലിൽ അവൾ എം.ഡി യുടെ പ്രൊഫൈൽ ഓപ്പൺ ചെയ്തു ...
Mr . എബ്രഹാം മാത്യു . കൂനാൻകോട്ടിൽ ....
ഷിറ്റ് ... തലയ്ക്കു നടുവേ ശക്തിയായി എന്തോ വന്നിടിച്ചതു പോലെ ഹാസിബ തല കുടഞ്ഞു . സ്റ്റിയറിങ്ങിൽ ശക്തിയായി ഇടിക്കുമ്പോൾ മുന്നിൽ അയാൾ വന്നു നില്ക്കും പോലെ ഹാസിബക്ക് തോന്നി ...കഥ ഒരു മൂവീ സ്‌ക്രീനിലെന്ന പോലെ അവൾക്കു മുന്നിൽ തെളിഞ്ഞു വന്നു . അവൾ കാർ മുന്നോട്ടെടുത്തു . ചീറി പാഞ്ഞ കാർ വലിയൊരു കുഴിയിൽ വീഴാതെ വെട്ടിച്ചു മുന്നോട്ടെടുക്കുമ്പോൾ കാറിനു നേരെ ഒരു ടിപ്പർ ലോറി പാഞ്ഞു വരുന്നുണ്ടായിരുന്നു .
അതേ സമയം പാരീസിൽ ആളുകൾ അധികം എത്തി ചേരാത്ത ഒരു കുന്നിൻ മുകളിലെ തകർന്നു കിടക്കുന്ന പള്ളിയിൽ അപ്പോൾ ഒരു കറുത്ത കുർബാന ആരംഭിച്ചു . കറുത്ത കുപ്പായമിട്ട് പുരോഹിത വേഷത്തിൽ വർഗീസ് കുര്യൻ , അയാളുടെ ഇടതും വലത്തുമായി ഇസബെൽ ജെസ്‌ബെല്ലയും ..ഇനിയും എത്തി ചേരാത്ത അവരുടെ നേതാവിനായി ബലി മൃഗത്തിന് മേൽ മൂർച്ചയേറിയ ഒരു വാൾ ആഞ്ഞു പതിച്ചു . മരണത്തെ കുറിയ്ക്കുന്ന ഒരു സംഗീതം ആ കുന്നിൻ ചെരുവിനെ മൂടി . ..
( അവസാനിച്ചു )
എബിൻ മാത്യു കൂത്താട്ടുകുളം .
Date of publication:19/4/2019
Name of the author:Abin Mathew
#Copyright notice :The copyright of the above literary work is owned by the author,and rights reserved under Indian Copyright Act 1957 .Any reproduction of this work in any form without permission will face legal consequences under copyright infringement.
Courtesy : Jain Abin & Alex John

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot