നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അത്രമേൽ സ്നേഹിക്കയാൽ

Image may contain: Lincy Varkey, smiling, closeup

രചന : ലിൻസി വർക്കി
പുതുമഴ പെയ്തുകുതിർന്ന ഇടവഴിയിലൂടെ, ഈറൻ മാറാത്ത ഇലച്ചാർത്തുകൾക്കിടയിലൂടെ കാപ്പിപ്പൂക്കളുടെ വശ്യസുഗന്ധം ആവോളമാസ്വദിച്ച് ഒരു സ്വപ്നത്തിലെന്നവണ്ണം അവൾ നടന്നു. നീണ്ടുവിടർന്ന കണ്ണിൽ വിരിഞ്ഞ നക്ഷത്രങ്ങളും ചെഞ്ചുണ്ടിലൂറിയ മൃദുമന്ദഹാസവും അവളെ ഒരു അപ്സരസ്സിനെപ്പോലെ സുന്ദരിയാക്കി. ആ ജ്വലിക്കുന്ന സൗന്ദര്യം കണ്ട് തേൻകുടിക്കുന്ന വണ്ടുകളും പൂമ്പൊടിയെടുക്കുന്ന തേനീച്ചകളും അത്ഭുതത്തോടെ നോക്കിനിന്നു.
അമ്പലത്തിൽ നിന്നും ഉയർന്നുകേൾക്കുന്ന ചെണ്ടമേളത്തെക്കാൾ ദ്രുതഗതിയിൽ അവളുടെ ഹൃദയം മിടിച്ചുകൊണ്ടിരുന്നു. ശ്വാസഗതി ക്രമാതീതമായി ഉയരുകയും കണ്ണുകൾ പിടയ്ക്കുകയും ചെയ്തു. അവൾ മറ്റേതോ ലോകത്തിലായിരുന്നു. അപ്സരസ്സുകളും ഗന്ധർവന്മാരും മാത്രമുള്ള ഒരു ലോകത്ത്. അവിടെ അവളുടെ ഗന്ധർവ്വൻ അവൾക്കായി പാടുകയും അവൾ നൃത്തമാടുകയും ചെയ്തു.
അവളുടെ ഹൃദയം കുറച്ചുനാളുകൾക്കു മുൻപ് കണ്ട ഒരു ഗന്ധർവ്വനിലുറച്ചുപോയിരുന്നു. അവനെക്കുറിച്ചോർത്ത് ഊണും ഉറക്കവും നഷ്ടപ്പെട്ടിരുന്നു. അവളുടെ സന്തോഷത്തിന്റെയും ദുഖത്തിന്റെയും കാരണം അയാളായിരുന്നു.
*********
ആറുമാസങ്ങൾക്കു മുൻപുള്ള ഒരു പ്രഭാതത്തിലാണ് അവൾ അയാളെ ആദ്യമായി കണ്ടത്. രണ്ടുദിവസത്തെ അവധികഴിഞ്ഞ് ജോലിസ്ഥലത്തേക്കുള്ള യാത്രയിലാണ്‌ അയാൾ അവളുടെ കാറിനു കൈ കാണിച്ചത്. ഇരുട്ട് മാറിയിരുന്നില്ല. പ്രഭാത നക്ഷത്രം അപ്പോഴും തെളിഞ്ഞു നിന്നിരുന്നു. കുടവയറും കൊളസ്‌ട്രോളും കുറയ്ക്കാനായി കൈകൾ ആഞ്ഞുവീശി നടക്കുന്ന സ്ത്രീപുരുഷന്മാരെ വഴിയിൽ കണ്ടുതുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു.
വെള്ളയാംകുടി ടൗണിനോടടുക്കുന്നതിനു തൊട്ടുമുമ്പ് കെ എസ് ആർ ടി സി ബസ്സ്റ്റാന്റിനോടടുത്തുള്ള വളവിലാണ് അയാൾ നിന്നിരുന്നത്. ജാക്കറ്റിന്റെ ഹുഡ് തലവഴി വലിച്ചിട്ട് തോളിൽ വലിയൊരു ഗിറ്റാറുമായി ലിഫ്റ്റ് ചോദിച്ച അയാളെ അവഗണിച്ചു അവൾ കുറച്ചുദൂരം മുന്നോട്ടു പോയെങ്കിലും ആളെ മനസ്സിലായപ്പോൾ പെട്ടെന്നു ബ്രേക്ക് ചവിട്ടി.
നിലത്തു വച്ചിരുന്ന വലിയ ബാഗുമെടുത്ത് ഓടിവന്നു ഡോർ തുറക്കാൻ തുടങ്ങിയ അയാൾ ഡ്രൈവിംഗ് സീറ്റിൽ അവളെ കണ്ട് പെട്ടെന്നു പുറകോട്ടുമാറി, കൈ പൊക്കി സോറി പറഞ്ഞു കൊണ്ട് തിരിച്ചു നടക്കാൻ തുടങ്ങി. ഗ്ലാസ് താഴ്ത്തി ഒരു ചെറു ചിരിയോടെ അവൾ വിളിച്ചു ചോദിച്ചു.
"എന്താ പോരുന്നില്ലേ?"
"സോറി, ആണുങ്ങളാരിക്കുമെന്നാ വിചാരിച്ചെ " അയാൾ ചമ്മൽ മറച്ച് ചിരിക്കാൻ ശ്രമിച്ചു കൊണ്ടു പറഞ്ഞു.
"അതെന്നാ പെണ്ണുങ്ങളെ പേടിയാണോ" അവൾ കളിയാക്കി
"ഏയ് അതൊന്നുമല്ല, വണ്ടി നിർത്തിയപ്പോൾ ഡ്രൈവർ സ്ത്രീയായിരിക്കുമെന്നു പ്രതീക്ഷിച്ചില്ല"
"സ്ത്രീകൾ ദയയില്ലാത്തവരാണെന്നാണോ?" അവൾ വിട്ടുകൊടുക്കാൻ കൂട്ടാക്കിയില്ല
"അതൊന്നുമല്ലിഷ്ടാ...താനൊരു ധൈര്യശാലി തന്നെ എന്നു പറയുകയായിരുന്നു. ഈ കൊച്ചുവെളുപ്പാൻ കാലത്ത് തനിയെ എങ്ങോട്ടാ? "
"എറണാകുളം"
"ഞാനും എറണാകുളത്തിനാണ്, വൈറ്റില"
"എന്നാ പോരെ, കൂട്ടായല്ലോ" അവൾ ഡോർ ലോക്ക് തുറന്നു.
അയാൾ ഗിത്താറും ബാഗും പുറകിലെ സീറ്റിൽ വച്ച് മുൻപിൽ കയറി ഇരുന്നുകൊണ്ട് പറഞ്ഞു.
"ഞാൻ ജീവൻ....ടാറ്റയുടെ ഓഫീസിൽ ജോലി ചെയ്യുന്നു."
"ഞാൻ ശ്യാമ...ഇൻഫോപാർക്കിൽ ജോലി ചെയ്യുന്നു. തണ്ടർ ബോയ്സിലെ സിങ്ങർ ജീവൻ മാത്യുവിനെ എനിക്കറിയാം...പാട്ടു കേട്ടിട്ടുണ്ട്. അവൾ ചിരിച്ചു.
"ആഹാ ...ചുമ്മാതല്ല കാർ നിർത്തിയത് ? ആരാധിക ആണല്ലേ ?" അയാളും ചിരിച്ചു.
മനോഹരമായ ആ ചിരിയും രൂപവും നീനുവിന്റെ വിവാഹറിസപ്ഷന് ജീവനെ ആദ്യം സ്റ്റേജിൽ കണ്ടപ്പോൾ മുതൽ അവളുടെ ഉള്ളിൽ പതിഞ്ഞതാണ്. പക്ഷെ അടുത്തു കാണുന്നതിന്നാണ്. അവൾ ഇടം കണ്ണിട്ടു നോക്കി. നെറ്റിമൂടിയ ഹുഡിനു താഴെ കൂട്ടിമുട്ടുന്ന കട്ടിപ്പുരികങ്ങൾ. ആയിരം വാട്ട് തെളിച്ചമുള്ള തിളങ്ങുന്ന കണ്ണുകൾ. വെട്ടിയൊരുക്കിയ ഫ്രഞ്ച് താടിയും മീശയും. വലതുകാതിൽ ചെറിയ വെള്ളിവളയം. വെളുപ്പിനോടു ചേർന്ന ഇരുനിറം. ആറടിയിലധികം ഉയരം. മുപ്പത്തിന്റെ ആദ്യപകുതിയിലായിരിക്കും പ്രായം എന്ന് അവൾ അനുമാനിച്ചു.
"ഇവിടെയാണോ വീട് ? "അവൾ ഡ്രൈവിങ്ങിൽ ശ്രദ്ധ പതിപ്പിച്ചു കൊണ്ട് തല അല്പം ചെരിച്ച് ചോദിച്ചു.
"അല്ല...എന്റെ വീടു കോട്ടയത്താണ് . ഇവിടെ അപ്പച്ചിയുടെ വീടാണ്. ഇന്നലെ കട്ടപ്പന ടൌൺ ഹാളിൽ ഒരു പ്രോഗ്രാം ഉണ്ടായിരുന്നു. അത് കഴിഞ്ഞ് ഇവിടെ തങ്ങി" അയാൾ പറഞ്ഞു.
''ഫാമിലി?" അവൾ സംസാരം തുടരാനാഗ്രഹിച്ച് വീണ്ടും ചോദിച്ചു.
" ഒറ്റ " എന്നു മാത്രം പറഞ്ഞ് തുടരാൻ ഇഷ്ടമില്ലാത്തതുപോലെ അയാൾ സ്റ്റീരിയോയിൽനിന്നൊഴുകിയ ഹിന്ദി ഗാനത്തിനു താളം പിടിച്ച് പുറത്തേക്കു നോക്കിയിരുന്നു.
യാത്രയിലുടനീളം അവളാണ് കൂടുതൽ സംസാരിച്ചത്. പരിചയമില്ലാത്ത ഒരു സ്ത്രീയുടെ കൂടെ തനിച്ചു യാത്ര ചെയ്യുന്നതിന്റെ ജാള്യം അയാളുടെ സംസാരത്തിൽ പ്രകടമായിരുന്നു.
ഇരുമ്പനത്തെത്തിയപ്പോൾ ജീവൻ ഇറങ്ങി. ഇടയ്ക്കു കാണാം എന്നുപറഞ്ഞ് അവൾക്കു നേരെ കൈ നീട്ടി. അപ്പോഴേക്കും ഗ്രീൻലൈറ് തെളിഞ്ഞതിനാൽ നീട്ടിയ കൈ പിൻവലിച്ച് അവൾ കാർ മുൻപോട്ടെക്കെടുത്തു. ഇടയ്ക്കെപ്പോഴോ റിയർ വ്യൂ മിററിലൂടെ നോക്കിയപ്പോൾ അയാൾ റോഡ് കുറുകെ കടക്കാൻ ശ്രമിക്കുകയായിരുന്നു. ഹുഡ് മാറ്റിയപ്പോൾ തെളിഞ്ഞ മുടിവടിച്ചുകളഞ്ഞ തിളങ്ങുന്ന തലയിൽ പ്രഭാതസൂര്യന്റെ ഇളം രശ്മികൾ തട്ടി പ്രതിഫലിക്കുന്നുണ്ടായിരുന്നു.
അന്നും പിറ്റേന്നും അവൾക്ക് സാധാരണ ദിവസങ്ങൾ തന്നെയായിരുന്നു. മൂന്നാംനാൾ ലുലുമാളിൽവച്ച് ജീവനെ വീണ്ടും കണ്ടുമുട്ടുന്നതുവരെ. ആർ സി സിയിലെ കുട്ടികൾക്കു വേണ്ടിയുള്ള ധനശേഖരണാർഥം സംഘടിപ്പിച്ച ചാരിറ്റിമ്യൂസിക് പ്രോഗ്രാമിൽ അയാൾ സ്വയം മറന്നു പാടുകയായിരുന്നു. ഇടയ്ക്കെപ്പോഴോ അവളെ കാണുകയും മനോഹരമായ ഒരു പുഞ്ചിരി സമ്മാനിക്കുകയും ചെയ്തു. ആ പുഞ്ചിരി അവളുടെ ആത്മാവിൽ മുട്ടിവിളിച്ച് മുന്ജന്മങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോയി. അത് അവളുടെ ഉറക്കം കെടുത്തി. അവളറിയാതെതന്നെ അവളെ ഒരു പ്രണയിനിയാക്കിമാറ്റി.
********
കണ്ണെത്താദൂരത്തോളം കാപ്പിപ്പൂക്കൾ നക്ഷത്രങ്ങൾ പോലെ വിടർന്നു നിൽക്കുന്ന ആ തോട്ടത്തിനരികിലൂടെ ജീവന്റെ വിളിയും പ്രതീക്ഷിച്ച് അവൾ നടക്കാൻ തുടങ്ങിയിട്ടു കുറെ നേരമായി. കുട്ടികൾ അന്വേഷിച്ചു തുടങ്ങിയിട്ടുണ്ടാവും എന്ന് ആധിയോടെയും അനൂപ് വിളിക്കാറായി എന്ന് തെല്ലൊരു നൈരാശ്യത്തോടെയും അവൾ ഓർത്തു.
വിദേശത്ത് ഒരു ഇൻഡോ അമേരിക്കൻ കമ്പനിയുടെ മാനേജരാണ് അനൂപ്. അവളുടെ ജോലിയുടെ സൗകര്യാർത്ഥം കുട്ടികൾ അച്ഛന്റെയും അമ്മയുടെയും കൂടെ നിന്നാണ് പഠിക്കുന്നത്. അവൾ ആഴ്ചാവസാനം നാട്ടിൽ വരും. രണ്ടു ദിവസം ഷോപ്പിങ്ങ് ,കുട്ടികളുടെ ഹോംവർക് , അലക്ക്, തേപ്പ്, പൊടിതൂക്കൽ ഒക്കെയായി നിന്നുതിരിയാൻ സമയമില്ലാത്ത രീതിയിലുള്ള തിരക്കുകൾ കഴിഞ്ഞ് തിങ്കളാഴ്ച രാവിലെ തിരിച്ചു പോകും. ഇതായിരുന്നു മുൻപുവരെയുള്ള അവളുടെ പതിവ്.
പക്ഷേ ജീവനെ കണ്ടതോടെ എല്ലാം മാറിമറിഞ്ഞു. ഒന്നിലും ശ്രദ്ധയില്ലാതായി. അരുതെന്നു മനസ്സാക്ഷി വിലക്കിയിട്ടും അവളുടെ ജീവിതം ഓരോ ദിവസവും ജീവനിലേക്കു മാത്രമായി ചുരുങ്ങിക്കൊണ്ടിരുന്നു.
അയാളോടിഷ്ടം തോന്നിയ നിമിഷത്തെ പലതവണ അവൾ ശപിച്ചു കഴിഞ്ഞതാണ്. സമയചക്രം തിരിച്ച് ഒരിക്കൽ കൂടി ആ പ്രഭാതത്തിലെത്താനും വഴിയിൽ നിൽക്കുന്ന അയാളെ കണ്ട് കാർ നിർത്താതെ പോകാനും കഴിഞ്ഞിരുന്നെങ്കിൽ എന്ന് അവൾ ആത്മാർത്ഥമായി ആഗ്രഹിക്കാറുണ്ട്. പക്ഷെ എത്രമാത്രം മറക്കാനാഗ്രഹിക്കുന്നുവോ അതിന്റെ നൂറിരട്ടി തീഷ്ണതയോടെ അയാളുടെ ഓർമ്മകൾ അവളിൽ വേരുകളാഴ്ത്തിക്കൊണ്ടിരുന്നു.
മൊബൈൽ ബെൽ അവളെ ചിന്തകളിൽ നിന്നും ഉണർത്തി. വിളിക്കാൻ താമസിച്ചതിന്റെ പരിഭവം പറഞ്ഞുതീരുന്നതിന്റെ മുൻപുതന്നെ കോൾ വൈറ്റിംഗിന്റെ ബീപ്, ബീപ് കേട്ട് ജീവന്റെ കോൾ കട്ട് ചെയ്ത് പരിഭ്രാന്തിയോടെ അനൂപിന്റെ കോൾ എടുത്തു.
"ആരായിരുന്നു ഫോണിൽ?" അനൂപ് ചോദിച്ചു.
"മെറീന, നാളത്തെ പ്രോജക്ടിന്റെ കാര്യം പറയാൻ വിളിച്ചതാ" അവൾ കള്ളം പറഞ്ഞു.
"വീഡിയോ ഓൺ ചെയ്യ്‌, കുട്ടികളേം അച്ഛനേം അമ്മേം ഒക്കെ കാണട്ടെ" അയാൾ തിരക്കു കൂട്ടി.
"അപ്പോൾ എന്നെ കാണണ്ടേ? "അവൾ പരിഭവിച്ചു
"നിന്നെ എന്നു വേണേലും കാണാല്ലോ...അവരെ കാണാൻ ഇന്നല്ലേ പറ്റൂ. ഇനി വരുമ്പോൾ അച്ഛനും വാട്ട്സ് ആപ്പ് എടുത്ത് വീഡിയോ കോൾ വിളിക്കാനൊക്കെ പഠിപ്പിക്കണം. അതെങ്ങനെ നിനക്കതിനൊന്നും നേരമില്ലല്ലോ"
അയാളുടെ സ്വരം മാറി എന്നു മനസ്സിലായ അവൾ വീഡിയോ ഓൺ ചെയ്തു. കട്ടികസവുള്ള മുണ്ടും നേര്യതുമുടുത്ത്, ഈറൻ മുടി കോതി കുളിപ്പിന്നൽ കെട്ടി, കണ്ണിൽ മഷിയെഴുതി, ചുവന്ന പൊട്ടും ചന്ദനക്കുറിയും ചാർത്തി, പാലാക്കാമാലയും കമ്മലുമിട്ട് കാപ്പിപ്പൂക്കളുടെ ഇടയിൽ നിൽക്കുന്ന അവളുടെ മനോഹരരൂപം സ്‌ക്രീനിൽ കണ്ട് അവൾക്കുതന്നെ അത്ഭുതം തോന്നി.
'ഇതാര് കാവിലെ ഭഗവതിയോ' എന്ന് അനൂപ് ചോദിച്ചിരുന്നെങ്കിൽ എന്ന് അവളാഗ്രഹിച്ചു. പക്ഷെ 'ഉത്സവത്തിനു പോകാൻ അവരൊക്കെ അവിടെ റെഡിയായി നിൽക്കുമ്പോൾ നീയെന്തിനാ പറമ്പിൽ കൂടി നടക്കുന്നത്' എന്ന് ശാസിക്കുകയാണ് അയാൾ ചെയ്തത്.
അനൂപ് അങ്ങനെയാണെന്നവൾക്കറിയാം. ഉള്ളിൽ ഒരുപാടു സ്നേഹമുണ്ടെങ്കിലും തരിമ്പും പുറത്തു കാണിക്കില്ല. പലരും ഭാര്യമാരെ പുകഴ്ത്തിപ്പറയുന്നതു കേട്ട് അവൾ അസൂയപ്പെട്ടിട്ടുണ്ട്. അനൂപിനോടു പലതവണ പരാതിപ്പെട്ടിട്ടുമുണ്ട്. പക്ഷേ ഭാര്യമാരെ പുകഴ്ത്തിപ്പറയുന്നത് പെൺകോന്തൻമാരാണെന്നാണ് അനൂപിന്റെ ഭാഷ്യം. ഒരിക്കലെങ്കിലും ഈ നാവിൽ നിന്ന് ഒരു നല്ല വാക്കു കേട്ടിട്ടു മരിച്ചാൽ മതി എന്ന് മിക്കവാറും അവൾ കളിയായി പറയാറുണ്ട്.
എല്ലാവരെയും കണ്ടു സംസാരിച്ച് അനൂപ് ഫോൺ വച്ച ശേഷം അവൾ വീണ്ടും ആ കാപ്പിത്തോട്ടത്തിനരികിലേക്കു പോയി. പടിഞ്ഞാറ് സൂര്യൻ പകുതിയോളം മറഞ്ഞു കഴിഞ്ഞിരുന്നു. ചെഞ്ചായം വാരിയണിഞ്ഞ മേഘങ്ങൾ ചക്രവാളത്തിനു ചാരുതകൂട്ടി ഭൂമിയിലേക്കു പ്രതിഫലിച്ചു. ആ അരുണിമ പകർന്ന കവിളുകളോടെ നാണിച്ചു നിൽക്കുന്ന കാപ്പിപ്പൂക്കളുടെ പശ്ചാത്തല ഭംഗിയിൽ ഒരു സെൽഫി എടുത്ത് അവൾ പ്രൊഫൈൽ പിക്ചർ അപ്ഡേറ്റ് ചെയ്തു.
ഒരു മണിക്കൂറിനുള്ളിൽ 'ഇതാര് കാവിലെ ഭഗവതിയോ' എന്ന അടിക്കുറിപ്പോടെ ജീവന്റെ മെസ്സേജ് വന്നു. ആ സന്തോഷത്തിൽ അവൾ മറ്റെല്ലാം മറന്നു. പതിയെപ്പതിയെ അവൾ അവന്റെ ദേവിയായി സ്വയം അവരോധിച്ചു.
*********
'അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗ്ഗം വിളിച്ചാലും' അനൂപിന്റെ നെഞ്ചോടൊട്ടിക്കിടന്ന് അവൾ ആ വരികളോർത്തു തേങ്ങി തേങ്ങിക്കരഞ്ഞു. അയാളുടെ നീട്ടിവച്ച ഇടം കൈ അവളുടെ കണ്ണുനീർ വീണു നനഞ്ഞു കുതിർന്നു. അതൊന്നുമറിയാതെ ഭാര്യയിൽ സന്തുഷ്ടനായി സമാധാനത്തോടെ ഉറങ്ങുകയായിരുന്നു അയാൾ.
പിന്നീടുള്ള ദിവസങ്ങളിൽ അവൾ ഉരുകുകയായിരുന്നു. അനൂപിനെയാണോ ജീവനെയാണോ താൻ കൂടുതൽ സ്നേഹിക്കുന്നതെന്നറിയാതെ അവൾ ഉഴറി. അതറിയാനായി പലതവണ ഇലയും നാണയവും ടോസ്സിട്ടു. ജീവന്റെ പേരു വീണപ്പോൾ അനൂപിന്റെ പേരിനായി വീണ്ടും വീണ്ടും ശ്രമിച്ചു. അനൂപിന്റെ പേരു വീണപ്പോൾ എന്തെന്നില്ലാതെ ആശ്വസിച്ചു.
അനൂപിനോടവൾക്ക് സ്നേഹവും ബഹുമാനവും ഇഷ്ടവും പ്രണയവും വാത്സല്യവുമെല്ലാം ഉണ്ടായിരുന്നു. ജീവനോടുള്ളത് വെറും പ്രണയം മാത്രം. പക്ഷെ ആ പ്രണയത്തിന്റെ തട്ട് അനൂപിനോടുള്ളതിന്റെയെല്ലാം ആകെത്തുകയുടെ ഒരുപാടു മുകളിലായിരുന്നു. അതവളെ നിരന്തരം വിഷമിപ്പിച്ചു...കുറ്റപ്പെടുത്തി.
ജീവനെ മറക്കാൻ അവൾ ശ്രമിച്ചു. പക്ഷെ മറക്കാൻ സാധിക്കാത്ത വിധം അവളുടെ ആത്മാവിൽ അയാൾ ലയിച്ചു ചേർന്നിരുന്നു. കാണുമ്പോഴൊക്കെ ഒരു മുന്ജന്മ ബന്ധത്തിന്റെ തരംഗങ്ങൾ അയാളിൽ നിന്നും അവളിലേക്കു പ്രവഹിച്ചു. ആ തരംഗങ്ങളുടെ ഫ്രീക്വൻസി ഏതു ജനക്കൂട്ടത്തിനിടയ്ക്കും അവൾക്കുമാത്രം ക്യാപ്ചർ ചെയ്യാവുന്നതായിരുന്നു. കഴിഞ്ഞ ജന്മങ്ങളിൽ അയാൾ അവളുടേതായിരുന്നു...
'പിന്നെയെന്തിനു ദൈവം അനൂപിനെ ഇതിനിടയ്ക്കിട്ടു? ആദ്യം തന്നെ ദൈവമെന്തുകൊണ്ടു ജീവനെ കാണിച്ചു തന്നില്ല? ദൈവം വെറും ക്രൂരനാണോ? ദൈവത്തിനു വികാരങ്ങളുണ്ടോ? മനുഷ്യകുലത്തിന്റെ ശാപമാണോ വികാരങ്ങൾ?' അവൾ ദൈവത്തെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. അവളുടെ ഉൾക്കണ്ണുകൾ തോർന്നതേ ഇല്ല. അനൂപ് ഇതൊന്നും അറിഞ്ഞതുമില്ല. അവൾ ഒരു നല്ല ഭാര്യയാകാൻ പരിശ്രമിച്ചു കൊണ്ടേയിരുന്നു. അനൂപ് തിരിച്ചുപോകുവോളം...
തനിക്കു ജീവനോടുള്ള ഭ്രമത്തെപ്പറ്റി, നിർവചിക്കാനാവാത്ത പ്രണയത്തെപ്പറ്റി അവൾ മെറീനയോടു സംസാരിക്കാൻ ശ്രമിച്ചു. പക്ഷേ പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ നിനക്ക് നിംഫോമാനിയ ആണെന്നാണു തോന്നുന്നത് എന്നുപറഞ്ഞ് മെറീന അവളെ കളിയാക്കി. അതു വെറും കാമമല്ലെന്നും അസ്ഥിയെപ്പോലും കാർന്നുതിന്നുന്ന പ്രണയമാണെന്നും പറഞ്ഞുമനസ്സിലാക്കാനാവാതെ അവൾ വിഷമിച്ചു. എല്ലാം മറക്കണമെന്നും അനൂപിതറിഞ്ഞാൽ അവളെ ഉപേക്ഷിച്ച് കുട്ടികളെ സ്വന്തമാക്കുമെന്നും നാട്ടുകാരറിഞ്ഞാൽ നാണക്കേടുമൂലം ആത്മഹത്യയെ വഴിയുള്ളൂ എന്നും മെറീന അവളെ ഉപദേശിച്ചു. അവൾക്ക് ഭ്രാന്തു പിടിക്കുന്നതു പോലെ തോന്നി.
അനൂപ് പോയിക്കഴിഞ്ഞ് ഒരു വെള്ളിയാഴ്ച വൈകിട്ട് നാട്ടിലേക്കുള്ള യാത്രയിൽ അവൾ ജീവനെയും കൂട്ടി. നാടുകാണിമല അടുത്തപ്പോൾ മലയുടെ മുകളിലൂടെ കുറച്ചുസമയം നടന്നാലോ എന്ന അവളുടെ ആഗ്രഹംകേട്ട് ജീവൻ സന്തോഷിച്ചു. അവിടുത്തെ തണുത്ത കാറ്റും പ്രകൃതിരമണീയമായ പുൽമേടുകളും രഹസ്യങ്ങളുറങ്ങുന്ന താഴ്വരകളുമൊക്കെ അവളുടെ വിഷാദഭാവം മാറ്റി പ്രണയംനിറച്ച് തനിക്കു തിരിച്ചുതരുമെന്നു അയാൾ ആശ്വസിച്ചു.
ആ മലഞ്ചെരുവിലൂടെ അവർ കൈകൾ കോർത്തുനടന്നു. തണുത്ത കാറ്റ് വീശിയടിച്ചപ്പോൾ ചുരിദാറിന്റെ ഷാൾ കൊണ്ട് അവൾ അയാളെക്കൂടി പുതപ്പിച്ചു. ആ നടപ്പിൽ അയാൾ തന്റേതുമാത്രമെന്ന ബോധ്യം അവൾക്കുണ്ടായി. അയാളെ നഷ്ടപ്പെടാതിരിക്കാൻ എന്തും ചെയ്യാൻ അവൾ തയ്യാറായി. അത്രമാത്രം അവൾ അയാളെ സ്നേഹിച്ചിരുന്നു.
ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ അവൾ അയാളെ മുട്ടിയുരുമ്മി. ജന്മാന്തരങ്ങൾക്കപ്പുറത്തുനിന്നും ഓർമ്മകൾ വിരുന്നുവന്ന് ആത്മാവിൽ നിറഞ്ഞ് ശരീരങ്ങളെ ഉണർത്തി. യുഗായുഗങ്ങളോളം കാത്തിരുന്നവരെപ്പോലെ അവർ പുണർന്നു. വള്ളികൾപോലെ പരസ്പരം പടർന്ന് ഒരായിരം വസന്തങ്ങൾ വിരിയിച്ചു. ഒടുവിൽ കൊടുങ്കാറ്റായി വീശി തളർന്നു വീണു. എന്നിട്ടും മതിവരാതെ അയാളെ പൂർണ്ണമായും സ്വന്തമാക്കാനായി വിയർപ്പുപൊടിഞ്ഞ ആ കഴുത്തിൽ അവൾ പല്ലുകളാഴ്ത്തി.
എപ്പോഴോ അവളുടെ കൈതട്ടി അടുത്തുള്ള കുറ്റിച്ചെടിയിലെ ചിലന്തിവലയിൽ നിന്നും പ്രണയിനിയാൽ പ്രാണൻ വലിച്ചെടുക്കപ്പെട്ട ഒരു ആൺചിലന്തി നിലത്തുവീണു പിടഞ്ഞു. നിസ്സംഗമായ മുഖത്തോടെ അവൾ അതിനെ കാലുകൊണ്ടു തട്ടി താഴേക്കെറിഞ്ഞു.
കയ്യിൽപറ്റിയ വലയും ചുണ്ടിലെ ചോരയും ഇലകൾ കൊണ്ടു തുടച്ച് അവൾ മലയിറങ്ങി നടന്നു. വംശം നിലനിർത്താൻ കുതിച്ചുപായുന്ന ജീവന്റെ ജീവകണങ്ങളെയും പേറി. അനൂപിന്റേതു മാത്രമായി....
( അവസാനിച്ചു )
ലിൻസി വർക്കി
ശീർഷകം കടപ്പാട് : എബിൻ മാത്യു കൂത്താട്ടുകുളം

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot