Slider

അംബാ മിൽസ് - Part 3

0
പെട്ടെന്ന് തന്നെ ആ വാതിൽ അടഞ്ഞു.വേദന കൊണ്ടുള്ള ഒരു ഞരക്കം കേട്ടു!  ഭയം കൊണ്ട് അവൾക്ക് ഒന്നനങ്ങാൻ പോലും പറ്റിയില്ല!
വീണ്ടും ആ ഞരക്കം കേട്ടു! കൈയിലിരുന്ന  ടോർച്ച് മുറുകെ പിടിച്ച് അവൾ അങ്ങോട്ടേക്ക് ലൈറ്റ്  അടിച്ചു.ആ കാഴ്ച്ച കണ്ടതും അവൾ ഞെട്ടിവിറച്ചു!
തലയിൽ ചാക്ക് കൊണ്ട് മുഖം മറച്ച് കൈകാലുകൾ കെട്ടിയ നിലയിൽ  ഒരു രൂപം തറയിൽ കിടക്കുന്നു! പാന്റും ഷർട്ടും ആണ് വേഷം.പക്ഷെ അത് മുഴുവനും അഴുക്കും പൊടിയുമാണ്.അവൾക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു.അവൾ പേടിച്ച് വിറച്ച് ടോർച്ചും കൈയിൽ പിടിച്ച് അവിടെ തന്നെ ഇരുന്നു.അയാളുടെ കൈയിലെ കെട്ടഴിച്ച് വിടണമെന്ന്  മനസ്സ് പറയുന്നുണ്ടെങ്കിലും ഭയം കൊണ്ട് അവൾ ആ തീരുമാനം വേണ്ടെന്ന് വെച്ചു.ആരാ എന്താ എന്നറിയാതെ കെട്ടഴിച്ച് വിട്ടാൽ  ചിലപ്പോ അയാൾ തന്നെ ഉപദ്രവിച്ചാലോ എന്നവൾ ഭയപ്പെട്ടു . വേദന കൊണ്ടാണെന്ന് തോന്നുന്നു അയാൾ ഇടയ്ക്കിടെ ഞരങ്ങുന്നുണ്ടായിരുന്നു.ഇടയ്ക്ക് വെള്ളം വെള്ളം എന്ന് പറഞ്ഞെങ്കിലും അവൾ അയാളെ തന്നെ നോക്കി ഇരുന്നതല്ലാതെ അനങ്ങിയില്ല.എങ്ങനെയെങ്കിലും നേരം ഒന്ന് വെളുത്തിരുന്നെങ്കിൽ എന്നവൾ പ്രാർത്ഥിച്ചു.ഇതിനിടയിൽ എന്തോ വെള്ളത്തിലേക്ക് വീഴുന്ന ശബ്ദം കേട്ട് അവൾ വീണ്ടും ഞെട്ടി! ഗ്ലാസ് ടാങ്കിൽ കിടക്കുന്ന ജീവി നീരാടാൻ ഇറങ്ങിയതാണെന്ന് അവൾക്ക് മനസ്സിലായി.അവൾക്ക് ഭ്രാന്ത് പിടിക്കുന്നത്പോലെ തോന്നി.വിശപ്പും ദാഹവും മുറിയിലെ ഇരുട്ടും ഗ്ലാസ് ടാങ്കിലെ സത്വവും മുൻപിൽ ബന്ധനസ്ഥനായിക്കിടക്കുന്ന തന്റെ ശത്രുവോ മിത്രമോ എന്നറിയാത്ത ഒരു മനുഷ്യനും എല്ലാം അവളുടെ  സമനില തെറ്റിച്ചുകൊണ്ടെ ഇരുന്നു.അവൾക്ക് എങ്ങോട്ടെങ്കിലും ഇറങ്ങി ഓടണമെന്ന് തോന്നി..ഭയം കാരണം കരച്ചിൽ അവളുടെ തൊണ്ടയിൽ തന്നെ കുടുങ്ങി.അവൾ ടോർച്ച് പെട്ടെന്ന് ഓഫ് ആക്കി കണ്ണുകളടച്ചിരുന്നു.മനസ്സിൽ അമ്മയുടെ മുഖം തെളിഞ്ഞു..പണ്ട് മുറിയിലെ ലൈറ്റ് ഓഫ് ആക്കി അമ്മയെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങുമ്പോൾ അമ്മ പറഞ്ഞുതന്നിരുന്ന കഥകൾ ഓർത്തെടുത്തു.അത് കഴിഞ്ഞ് ഹോസ്പിറ്റലിൽ അമ്മയെ അഡ്മിറ്റ് ചെയ്തപ്പോൾ  വീട്ടിലെ ആ മുറിയിൽ ഒറ്റയ്ക്ക് കിടക്കാൻ തനിക്ക് പേടിയായിരുന്നു.പേടിതോന്നുമ്പോൾ  അമ്മ പഠിപ്പിച്ച് തന്ന 'അർജുനൻ  ഫൽഗുനൻ  പാർത്ഥൻ  വിജയനും' എന്ന മന്ത്രം മനസ്സിൽ ഉരുവിട്ട് കൊണ്ട് കിടന്നിരുന്നു.ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയ അമ്മ പിന്നീട് തിരികെ വന്നില്ല! അമ്മ പോയിക്കഴിഞ്ഞും താൻ ആ മന്ത്രം ഉരുവിട്ടുകൊണ്ടായിരുന്നു കിടന്നുറങ്ങിയിരുന്നത്.ടോർച്ച് കൈയിൽ പിടിച്ച് അവൾ ആ മന്ത്രം മനസ്സിൽ ഉരുവിട്ടു.ഇടയ്ക്ക് ടോർച്ച് ഓൺ ചെയ്ത് മുൻപിൽ കിടക്കുന്ന മനുഷ്യൻ കൈകാലുകളിലെ കെട്ടഴിച്ച് തന്റെ അടുത്തേക്ക് വരുന്നില്ല എന്ന് ഉറപ്പുവരുത്തിക്കൊണ്ടിരുന്നു.അതേപോലെ ഗ്ലാസ് ടാങ്കിലെ ജീവിയേയും അവൾ ഇടയ്ക്കിടെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.
നേരം വെളുത്തപ്പോൾ  മുറിയിലേക്ക് സൂര്യപ്രകാശം ചെറുതായി വന്നുതുടങ്ങി.അവൾ മുൻപിൽ കിടക്കുന്ന മനുഷ്യനെ കുറച്ചുകൂടി വ്യെക്തമായി കണ്ടു.അയാളുടെ അവസ്ഥകണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു! അയാളുടെ വലത്തേ കൈയിൽ ഒരു വലിയ കെട്ട്  ഉണ്ടായിരുന്നു.അത്  മുക്കാലും ചോരയിൽ കുതിർന്നിരുന്നു !
അയാൾ ഇട്ടിരുന്ന വെളുത്ത ഷർട്ടിലും അങ്ങിങ്ങായി ചോരക്കറ ഉണ്ടായിരുന്നു.രാത്രി മുഴുവനും വെള്ളം ചോദിച്ച് അയാളുടെ ഞരക്കം കേൾക്കുന്നുണ്ടായിരുന്നുവെങ്കിലും പേടി കാരണം അവൾ അത് കേട്ടതായി ഭാവിച്ചില്ല..അവൾ അയാളുടെ അടുത്തേക്ക് നീങ്ങിയിരുന്നു.പതുക്കെ അയാളുടെ തലയിലുള്ള ചാക്ക് ഊരിയെടുക്കാൻ ശ്രമിച്ചു .പെട്ടെന്ന് അയാൾ എന്തോ പറഞ്ഞുകൊണ്ട് പിറകോട്ട് ഉരുണ്ടു.അവൾ പേടിച്ച് കൈകൾ പിൻവലിച്ചു!
തന്നെ ആക്രമിക്കാൻ വന്നവരായിരിക്കാം  എന്ന് ഭയന്നാവാം അയാൾ പേടിച്ചത് എന്നവൾക്ക് തോന്നി.അവൾക്ക് ശരിക്കും കഷ്ടം  തോന്നി.
"ഞാൻ..ഞാൻ ഉപദ്രവിക്കാൻ വന്നതല്ല..നിങ്ങളുടെ തലയിലെ ചാക്ക് ഊരി എടുത്തോട്ടെ?"അവൾ പതിയെ ചോദിച്ചു.
അയാൾ കിടന്നുകൊണ്ട് മുഖം ഉയർത്തി. എന്നിട്ട്  മെല്ലെ തലയാട്ടി..*******
"പിള്ളേര് എത്തിയോടി? ഗിരി വിളിച്ചായിരുന്നു അവര് എത്തിയോന്ന് ചോദിച്ച്.."ജോസഫ് ലിസമ്മയെ  ഫോൺ വിളിച്ച് ചോദിച്ചു.
"എത്തി.രണ്ടും നല്ല ഒറക്കമാ..എഴുന്നേറ്റിട്ട് ഗിരി സാറിനെ വിളിച്ചോളാമെന്ന് പറഞ്ഞു."ലിസമ്മ പറഞ്ഞു.
"ആഹ് ഞാൻ അവനെ വിളിച്ച് പറഞ്ഞോളാം.പിന്നെ കൊച്ചുങ്ങൾക്ക് വേണ്ടതൊക്കെ ഉണ്ടാക്കി കൊടുക്കണം കേട്ടോ..എത്ര നാള് കൂടിയാ അവര്  വീട്ടിലെ ഭക്ഷണം കഴിക്കുന്നത്.."ജോസഫ് പറഞ്ഞു.
"അത് പിന്നെ എന്നോട് പ്രത്യേകം പറയണോ  ജോച്ചായാ..പോത്തും മീനും പോർക്കും എല്ലാമുണ്ട്."ലിസമ്മ പറഞ്ഞു.
"അവന്റെ വിവരം വല്ലതുമുണ്ടോ ജോച്ചായാ?പിള്ളേര് പറഞ്ഞു അവന്റെ ഫോൺ സ്വിച്ച് ഓഫ് ആണെന്ന്.."ലിസമ്മ വിഷമത്തോടെ ചോദിച്ചു.
"നീ വിഷമിക്കാതിരിക്കെന്റെ കൊച്ചെ.അവന് പണ്ടുതൊട്ടേ പതിവുള്ളതല്ലേ ആരോടും പറയാതെ ഉള്ള ഈ യാത്ര.കണ്ട  കാട്ടിലും  മേട്ടിലും ഒക്കെ പോയി ആനേടേം പക്ഷീടേം പുലീടേം ഒക്കെ പടം എടുത്തേച്ച് ചെറുക്കൻ ഇങ്ങ് വന്നോളും.നീ സമാധാനമായിരിക്ക്.."ജോസഫ് അവരെ ആശ്വസിപ്പിച്ചു.
"അതെ..പക്ഷെ എന്തോ ഇപ്പ്രാവശ്യം എനിക്ക് വല്ലാത്ത ഒരു ഭീതി..ആരോ എന്റെ മനസ്സിലിരുന്ന് പറയുന്നു..എന്തോ ആപത്ത് വരാൻ പോണെന്ന് .."ലിസമ്മ സങ്കടത്തോടെ പറഞ്ഞു.
"എന്റെ പൊന്നു കൊച്ചെ..നിന്നെ മിന്ന് ചാർത്തിയ അന്ന്  എന്റെ മനസ്സീന്നും ആരാണ്ടോ  ഇത് തന്നെ പറഞ്ഞായിരുന്നു..ഡാ ജോസഫേ  നിനക്ക് നല്ല മുട്ടൻ പണി വരുന്നുണ്ടേ സൂക്ഷിച്ചോളണെ എന്ന്! എന്നിട്ടും ഞാൻ കുലുങ്ങിയോ?" ജോസഫ് കളിയായി പറഞ്ഞതുകേട്ട് ലിസമ്മ മുഖം വീർപ്പിച്ചു. കുറച്ച് നേരം കൂടി സംസാരിച്ചിട്ട് അവർ ഫോൺ വെച്ചു.
നാലുമണിക്ക് ലിസമ്മ കാപ്പിയുമായി അലക്സിന്റെ മുറിയിലേക്ക് പോയി.റോബിനും ശിവയും അലക്സിന്റെ മുറിയിലാണ് കിടക്കുന്നത്.ലിസമ്മ അവരെ വിളിച്ചെഴുന്നെൽപ്പിച്ചു.
"കാപ്പി കുടിക്ക് മക്കളെ.."ലിസമ്മ അവർക്ക് രണ്ടുപേർക്കും കാപ്പി കൊടുത്തു.അവർ കട്ടിലിലും ലിസമ്മ അവിടെ ചെയറിലുമായി  ഇരുന്നു.
"അലക്സിന്റെ വിവരം വല്ലതുമുണ്ടോ മമ്മി?" ശിവ   ചോദിച്ചു.
ലിസമ്മയുടെ മുഖം വാടി .
"ഇല്ല ശിവാ..അത് തന്നെയാ ഞാനും ആലോചിക്കുന്നത്..അവൻ ഇടയ്ക്കിങ്ങനെ പോവാറുള്ളതല്ലെ ..പോയാൽ പിന്നെ തിരിച്ച്  വരുന്നതുവരെ എന്നെയും ജോച്ചായനെയും വിളിക്കത്തില്ലെന്ന് അറിയാമല്ലോ..പക്ഷെ അവൻ എവിടെ പോയാലും  നിങ്ങളെ വിളിക്കാറുള്ളതല്ലേ ..ഇതിപ്പോ നിങ്ങളെയും വിളിച്ചില്ലെന്ന് പറയുമ്പോ..എന്റെ ചെറുക്കനെന്തോ ആപത്ത് പറ്റിയെന്ന് തോന്നുന്നു മക്കളെ.."ലിസമ്മയുടെ കണ്ണുകൾ നിറഞ്ഞു.അവരുടെ സ്വരം ഇടറി.
"അയ്യോ മമ്മി..പറയാൻ വിട്ടു..ഇന്ന് രാവിലെ അവൻ എന്നെ വിളിച്ചായിരുന്നു." റോബിൻ പറഞ്ഞതുകേട്ട് ശിവ അവനെ അന്തം വിട്ട് നോക്കി.
"ആണോ മോനെ.അവൻ എവിടെയാ?എന്നതാ പറഞ്ഞെ?"ലിസമ്മ ആവേശത്തോടെ ചോദിച്ചു.
"അവന്റെ സ്ഥിരം പരുപാടി തന്നെ.ഫോട്ടോഗ്രാഫി.എവിടെയാണെന്നൊന്നും പറഞ്ഞില്ല.ഒന്നാമത് അവൻ നിന്ന സ്ഥലത്ത് ഒട്ടും  റേഞ്ച് ഇല്ലായിരുന്നു മമ്മി.അത്കൊണ്ട് ഒന്നും ശരിക്ക് കേൾക്കാൻ പറ്റിയില്ല.ഞാൻ നിന്നോടും  പറയാൻ മറന്നുപോയി ശിവാ .." റോബിൻ ശിവയോട് പറഞ്ഞു. ശിവ അവനെ തന്നെ സൂക്ഷിച്ച് നോക്കി.ലിസമ്മയുടെ മുഖത്ത് ആശ്വാസം നിറഞ്ഞു.
"എന്റെ മാതാവേ! വിളിച്ചല്ലോ..ഇനി വിളിക്കുമ്പോ എനിക്ക് ഒന്ന് സംസാരിക്കാൻ തരണേ മോനെ..വേറൊന്നും വേണ്ട..അവന്റെ ശബ്ദം ഒന്ന് കേട്ടാ  മതി.."ലിസമ്മയുടെ കണ്ണുകൾ നിറഞ്ഞു.
"അവന്റെ സ്വഭാവമല്ലേ..ഇനി എപ്പഴാ വിളി വരികയെന്ന് പറയാൻ പറ്റില്ല.ഇനി വിളിക്കുമ്പോ ഞാൻ പറയാം  അവനോട് മമ്മിയെ വിളിക്കാൻ.മമ്മി സമാധാനമായിട്ട് ചെല്ല്..." റോബിൻ പറഞ്ഞതുകേട്ട് ലിസമ്മ ആശ്വാസത്തോടെ മുറിയിൽ നിന്നിറങ്ങി.
ശിവ റോബിനെ  തന്നെ സൂക്ഷിച്ച് നോക്കി ഇരിക്കുകയായിരുന്നു.
"സമ്മതിച്ചു.കള്ളം തന്നെയാ പറഞ്ഞത്.." റോബിൻ ശിവയുടെ മുഖത്ത് നോക്കാതെ പറഞ്ഞു.
" എന്തിന്? മമ്മിക്ക് ഉള്ള അതെ ആവലാതി  നമ്മക്കുമില്ലേ ? എവിടെപ്പോയാലും പപ്പേം  മമ്മിയെം വിളിച്ചില്ലെങ്കിലും അവൻ നമ്മളെ വിളിക്കാതിരിക്കുമോ? അതും ഇത്രേം ദിവസം?എന്റെ മനസ്സ് പറയുന്നു അവൻ എന്തോ കുടുക്കിൽ ചെന്ന് പെട്ടിട്ടുണ്ടെന്ന്.. "ശിവ സംശയത്തോടെ പറഞ്ഞു.റോബിൻ  പെട്ടെന്ന് മുറിയുടെ വാതിലിന് നേർക്ക് നോക്കി.
"ഒന്ന് പതുക്കെ പറയ്..മമ്മി കേൾക്കണ്ട..ഒന്നാമത് ഹാർട്ടിന് സുഖമില്ലാത്ത ആളാ..മമ്മിയുടെ വിഷമം കണ്ടിട്ട് പപ്പ തന്നെയാ എന്നോട് പറഞ്ഞത് അവൻ വിളിച്ചെന്ന് മമ്മിയോട് കള്ളം പറയണമെന്ന്.."റോബിൻ പറഞ്ഞത് കേട്ട് ശിവ വിശ്വാസം വരാതെ അവനെ നോക്കി.
"അലക്സിന്റെ കാര്യത്തിൽ പപ്പ എന്താ പറയുന്നത്?" ശിവ ചോദിച്ചു.
"അവന്  ഇങ്ങനെ ഇടയ്ക്കിടെ ഒറ്റയ്ക്ക് ഒരു യാത്ര പതിവുള്ളതാണല്ലോ.അതുകൊണ്ട് പപ്പയ്ക്ക് ടെൻഷൻ ഒന്നുമില്ല.പക്ഷെ നമ്മളെയും അവൻ വിളിച്ചിട്ടില്ല എന്നറിഞ്ഞപ്പോൾ മമ്മിയ്ക്ക് ഭയങ്കര പേടി.ഇനി അത് തന്നെ ഓർത്തിരുന്ന്   അസുഖം ഒന്നും വരുത്തിവെയ്ക്കണ്ടെന്ന് വിചാരിച്ചാ ഇങ്ങനെ ഒരു കള്ളം പറയാൻ പപ്പ എന്നോട് പറഞ്ഞത്.."റോബിൻ പറഞ്ഞു.
"നിനക്കെന്താ തോന്നുന്നത്?"ശിവ റോബിനോട് ചോദിച്ചു.
"നമ്മൾ എന്തായാലും ഇവിടെ  എത്തിയല്ലോ.നമ്മക്ക് കുറച്ച് ദിവസം നോക്കാം.എന്നിട്ടും അവന്റെ കാൾ ഒന്നും ഇല്ലെങ്കിൽ അന്വേഷിക്കാം.തൽക്കാലം മമ്മിക്ക് സംശയത്തിനിട കൊടുക്കണ്ട. മമ്മിയുടെ മുൻപിൽ ഹാപ്പി ആയിട്ട് ഇരിക്കുക.."റോബിൻ പറഞ്ഞതുകേട്ട് ശിവ തലയാട്ടി..

********
ബന്ധനസ്ഥനായി കിടക്കുന്ന ആ മനുഷ്യന്റെ  തലയിലെ ചാക്കുകെട്ട് അവൾ ഊരി  മാറ്റാൻ  തുടങ്ങിയതും ആരോ വാതിൽ    തുറന്നു.അവൾ പെട്ടെന്ന് അങ്ങോട്ടേക്ക് നോക്കി.അത് എബിയായിരുന്നു.
"ആഹ് പുതിയ അതിഥിയെ പരിചയപ്പെട്ടില്ലേ ഇതുവരെ?" എബി  അവളെ നോക്കി ചോദിച്ചു.
"ഇത്..ഇതാരാ?എന്തിനാ ഇയാളെ ഇങ്ങനെ കെട്ടിയിട്ടിരിക്കുന്നത് ?"അവൾ അയാളോട് ചോദിച്ചു.
"ഓവർസ്മാർട്ട് ആവാൻ നോക്കിയതാ.അതിന് ചെറിയ സമ്മാനം കൊടുത്തതാ.."എബി  തറയിൽ കിടക്കുന്ന ആ മനുഷ്യനെ പുച്ഛത്തോടെ നോക്കി.
"എന്തായാലും തനിച്ചിരിക്കുവല്ലേ..ഒരു കൂട്ടാവട്ടെ എന്ന് കരുതിയാ  ഇവനെ ഇങ്ങോട്ട് കൊണ്ടുവന്നത്.."എബി  അവളോട് പറഞ്ഞു.എന്നിട്ട് ബ്രെഡും വെള്ളവും  അകത്തേക്കെറിഞ്ഞ് കൊടുത്തിട്ട് വീണ്ടും ആ വാതിൽ   അടച്ചു.
"ഞാൻ ഇത് ഊരി മാറ്റാൻ പോകുവാണ്.."അവൾ താഴെ കിടന്ന ആ മനുഷ്യനോട് പറഞ്ഞു.എന്നിട്ട് പതിയെ അയാളുടെ തലയിൽ നിന്നും ആ ചാക്കുകെട്ട് ഊരിമാറ്റി.അയാളുടെ മുഖം കണ്ടതും അവൾ സ്തബ്ധയായിനിന്നുപോയി!
"അലക്സ്!" അവളുടെ ചുണ്ടുകൾ മന്ത്രിച്ചു..
തന്റെ മുൻപിൽ നിൽക്കുന്ന ആളെ കണ്ട് അലക്‌സും ഞെട്ടി!
"ദേവി..."അലക്സ് ഉറക്കെ വിളിച്ചു..
അവൾ പെട്ടെന്ന് തന്നെ അവിടെ കിടന്ന ബോട്ടിലിൽ നിന്നും കുറച്ച് വെള്ളമെടുത്ത് അവന്റെ വായിലേക്ക് ഒഴിച്ച് കൊടുത്തു.അലക്സ് അത് ആർത്തിയോടെ കുടിച്ചു.
"ആരാ എന്താ എന്നറിയാത്തത്  കൊണ്ടാ ഞാൻ രാത്രിയിൽ അടുത്തേക്ക് വരാതിരുന്നത്..വെള്ളം ചോദിച്ചപ്പോൾ പേടിച്ചിട്ടാ തരാതിരുന്നത്.."ദേവി ക്ഷമാപണത്തോടെ അലക്സിനെ നോക്കി.
"എന്നെ അവിടെ ഒന്ന് ചാരി ഇരുത്തുമോ?" അലക്സ് ചോദിച്ചു.
ദേവി അവനെ ഒരുവിധം ഭിത്തിയിൽ  ചാരി ഇരുത്തി.
"എന്റെ കെട്ടൊന്ന് അഴിച്ചുതരാമോ ദേവി?"അലക്സ് ചോദിച്ചു.ദേവി അവന്റെ കൈകാലുകളിലെ കെട്ടഴിക്കാൻ ഒരു വിഫല ശ്രമം നടത്തി.
"എനിക്ക് പറ്റുന്നില്ല അലക്സ്..ഇത് മുറിക്കുകയല്ലാതെ  വേറെ നിവർത്തിയില്ല.ഷാർപ് ആയിട്ടുള്ള സാധനങ്ങൾ ഒന്നും ഈ മുറിയിൽ ഇല്ല.."ദേവി വിഷമത്തോടെ പറഞ്ഞു.
"അലക്സ് എങ്ങനെ ഇവിടെ എത്തി?ആരാ അലക്സിനെ ഉപദ്രവിച്ചത്?"ദേവി  ചോദിച്ചു."എന്താ ഇവിടെ  നടക്കുന്നത്?എനിക്ക്..എനിക്കൊന്നും മനസ്സിലാവുന്നില്ല അലക്സ്..എന്താ അവർക്ക് വേണ്ടത്?"ദേവി ഒറ്റശ്വാസത്തിൽ ചോദിച്ചു.
"അവർക്ക് വേണ്ടതെന്താണെന്ന് എനിക്കറിയാം..."അലക്സ് പറഞ്ഞു.
"ആദ്യം ഞാൻ വിചാരിച്ചത് അവർക്ക് ആള് മാറിയതാവും എന്നാണ്..പക്ഷെ ഇപ്പൊ അലക്സിനെ ഇവിടെ കണ്ടപ്പോൾ അവർക്ക് ആള് തെറ്റിയതല്ല എന്നെനിക്ക് മനസ്സിലായി..പറയ്..എന്താ അവർക്ക് വേണ്ടത്?"ദേവി ചോദിച്ചു.
"രാഖി!"
അലക്സ് പറഞ്ഞ പേര് കേട്ട് അവൾ ഞെട്ടി!
തുടരും.......
Click here to read all published parts -
https://www.nallezhuth.com/search/label/AmbaMills

By: Anjana Ravi USA
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo