നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പയശി തംപ്രാൻ(നർമ്മ രയന)

Image may contain: 1 person
റാംജി..
പകലത്തെ ലൂട്ടിയെല്ലാംകഴിഞ്ഞ അർക്കൻ ,പാശ്ചാത്ത്യരെ ഉണർത്താനായി പോകാൻ കുപ്പായം ഇസ്തിരിയിട്ടുകൊണ്ടിരിക്കുന്ന നേരം.
അന്ന് പകൽ മുഴുവൻ താൻ ചെയ്തുകൂട്ടിയ നിസ്വാർത്ഥ സേവനങ്ങളുടേയും,തീവ്രതകുറഞ്ഞ കുരുത്തക്കേടുകളേയും കുറിച്ച്‌ ഓർത്തുകൊണ്ട്‌ ഷിജാർ അങ്ങനെ സിറ്റൗട്ടിൽ ഇരിക്കുമ്പോളായിരുന്നു ഗേറ്റിനുമുൻപിൽ ഒരു ബുള്ളറ്റിന്റെ കാതടപ്പിക്കുന്നശബ്ദം കേൾക്കുന്നത്‌.
രാജേഷിന്റെ വണ്ടിയാണല്ലോ ,
ഇവനെന്താ ഈ നേരത്ത്‌..??
ചിന്തകൾ അവസാനിക്കുന്നതിനുമുൻപേ വണ്ടി ഗേറ്റ്‌ കടന്നിരുന്നു,
ശ്രദ്ധിച്ചപ്പോൾ മനോജ്‌ പിന്നിൽ ഇരിക്കുന്നുണ്ട്‌.
ഇത്ര വൈകിയിട്ടും രണ്ടാൾക്കും എന്ത്‌ അത്യാവശ്യമായിരിക്കും എന്ന് ആലോചനകളെ ചാനലിലേക്ക്‌ കൊണ്ടുവന്നപ്പോഴേക്കും വണ്ടി പോർച്ചിലെത്തി..
ഉദ്യോഗത്തോടെ ഷിജാർ തിരക്കി..
എന്താണ്ടാ രണ്ടാളും മൂന്തിക്ക്‌.? എടങ്ങേറെന്തേലുമുണ്ടാ..?
അല്ല ഈ നേരമായകൊണ്ട്‌ ശോദിച്ചന്നേയൊള്ള്‌..
ഇങ്ങള് ബരീ.. ബന്ന് കുത്തിയിരിക്കിൻ...
ഷിജാർ അവരെ ക്ഷണിച്ച്‌ സ്വീകരണ മുറിയിലേക്ക്‌ കൊണ്ടുപോയി.
അതിഥികൾ രണ്ടാളും ഒന്നും മിണ്ടാതെ സോഫായിൽ വന്നിരുന്നു..
രണ്ടുപേരുടേയും നിശബ്ദത ഷിജാറിന്റെ ടെമ്പർ തെറ്റിച്ചു .
"ഇങ്ങള് മനുസേനേ മക്കാറാക്കാതെ കാര്യംപറയിൻ."
ടീപ്പോയിൽ കിടന്ന പത്രം എടുത്തുകൊണ്ട്‌ മനോജ്‌ പറഞ്ഞു, നീ പേടിക്കുന്നപോലൊന്നുമില്ല,..
നീയൊന്ന് വേഗം റെഡിയായേ നമുക്ക്‌ സനൂപിന്റെ വീടുവരെ ഒന്നു പോകണം കാര്യമുണ്ട്‌..
അത്‌ കേട്ടതും,
എടുത്തവായിലെ അവൻപറഞ്ഞു
ഓന്റെ പൊരേലാണേൽ ഞമ്മളില്ല....
ശേഷം മനോജിനോടായി പറഞ്ഞു,
മനോശേ..അനക്ക്‌ ഞമ്മടെ ബണ്ടി ബേണേ എടത്താളാ..
രാജേഷും,മനോജും പരസ്പരം നോക്കി.
വരുന്ന മട്ട്‌ കാണുന്നില്ല.
അവൻ അവിടെതന്നെയിരിക്കുകയാണ്.
അപ്പോൾ അവർ നിർബന്ധം പിടിച്ചുപറഞ്ഞു..
അതൊന്നും പറഞ്ഞാൽ പറ്റുകേല നീയും ഞങ്ങടെ കൂടെ വന്നേ പറ്റു.. ..
അപ്പോഴാണ് ഷിജാർ പറഞ്ഞത്‌,
"ഓനിപ്പം പയങ്കര ബുസിയായിപോയി.....
ഞമ്മളെ കണ്ടാകൂടി ഹമുക്കൊന്നും മുണ്ടൂല..
അയിനേകൊണ്ടാണ് ഞമ്മള് പറഞ്ഞത്‌..
ഇങ്ങള് തന്നെ പോയാമതീന്ന്...
ഷിജാർ ഈ നാട്ടിൽ വന്നകാലംമുതലുള്ള ഉള്ള ചങ്ങാതിമാരായിരുന്നു രാജേഷും,മനോജും,സനൂപും..
ഒടുവിൽ അവരുടെ നിർബന്ധത്തിനുവഴങ്ങി.ഷിജാർ റെഡിയായി..
മൂവരും കൂടി ഒരു ബുളളറ്റിൽ തന്നെ ഇറങ്ങി..
സനൂപിന്റെ വീട്ടിലെത്തിയപ്പോഴാണ് ഓർത്തത്‌,
ഉമ്മയോട്‌ പറയാണ്ടാണെല്ലോ ഞമ്മളെറങ്ങിയത്‌ ,
ഉടൻതന്നെ മൊബെയിലെടുത്ത്‌ വീട്ടിലേക്ക്‌ വിളിച്ചു.
ഷിജാറിന്റെ സ്ഥിരം ശൈലികളിൽ ഒന്നായ സ്പീക്കർ ഫോൺ ഓണാക്കിതന്നെയാണ് വിളിക്കുന്നത്‌. ചുറ്റും നിൽക്കുന്നവർ കേട്ടാലും അവനൊന്നുമില്ല.
മറുസൈഡിൽ ഫോണെടുത്തു..
ഉമ്മിച്ചാ ഞമ്മള് ശനൂപിന്റെ പൊരേലാ.. ഓൻ സബരിമലക്ക്‌ പോവാണ് ..
ഓനെയാത്രയാക്കാൻ വന്നതാ..
ഉമ്മിച്ചാ ശോറുണ്ട്‌ കിടന്നോളീ..ബരാൻ ബൈകും.
അത്രയും നേരം ഇങ്ങോട്ടൊന്നും മിണ്ടാതിരുന്ന ഉമ്മ കലിപ്പോടെ പറഞ്ഞു..
ന്നാ ജ്ജ്‌ സബരിമലേ ശെന്നിട്ട്‌ ബിളിച്ചാ മതിയാരുന്നെല്ലാ..
അനക്ക്‌ ഇച്ചിരിയേലും വെളിവുണ്ടോടാ സിജാറേ..
ആ ബണ്ടിയേലും പോർച്ചി കേറ്റിവെച്ചിട്ട്‌ അനക്ക്‌ മലക്ക്‌പോയാപോരാരുന്നോ..
ഓന്റെ കുടീ ശെന്നിട്ട്‌ ഞമ്മളെ ബിളിച്ചേക്ക്ന്ന്..
കലിപ്പിൽ തന്നെ ഉമ്മാ ഫോൺ കട്ട്‌ ചെയ്തു.
മറുപടി പ്രസംഗത്തിന് അവസരം നൽകാതെ ഫോൺ കട്ട്‌ ചെയ്തതിനാൽ
ചുറ്റിനും കൂടിയ അയ്യപ്പഭക്തരെകണ്ട്‌
ഷിജാറിന്റെ മുഖം വിളറി ചോളപൊരിപോലെ പൊലിച്ചുനിന്നു..
അല്ല ഞമ്മടെഫാഗത്തും കൊയപ്പണ്ട്‌.
ഓര് ബിശാരിച്ചേക്കുന്നത്‌
ഓന്റൊപ്പരം ഞമ്മളും മലക്ക്‌ പോയീന്നാണ്. അവൻമനസിൽ പറഞ്ഞുകൊണ്ട്‌ ഒരുകഷ്ണം തേങ്ങാപ്പൂൾ തൊള്ളേലാക്കി.
സനൂപിനെ യാത്രയാക്കീട്ട്‌ വീട്ടിലേക്ക്‌ ചെന്നപ്പോൾ, അവിടെ വെട്ടോം,വെളിച്ചോം ഒന്നും കാണുന്നില്ല.
കോളിംഗ്‌ ബെല്ലിൽ വിരലമർത്തി..
നിമിഷങ്ങൾക്കുള്ളിൽ
പുറത്തേയും,അകത്തേയും ലൈറ്റ്‌ തെളിഞ്ഞു..
ലെൻസിൽകുടെ ഷിജാറിനെ കണ്ടതും,ഉമ്മിച്ചാ കതക്‌ തുറന്നു..
ഇയ്യ്‌ എന്താണ്ടാ മലക്ക്‌ പോയില്ലേ..
ഓന്റൊപ്പരം പോബാന്ന് ഇയ്യ്‌ പറഞ്ഞതല്ലെ
ന്നിട്ട്‌ ന്തീ മടങ്ങി വന്ന്..
ദേഷ്യം അഭിയയിച്ചുകൊണ്ട്‌ ഷിജാർ പറഞ്ഞു..
ഇങ്ങള് തിന്നാനെടുക്കീ..
ബെസക്കണ്...
ഉടൻ അവർ മറുപടിയും പറഞ്ഞു,
ശോറിൽ ബെള്ളവൊഴിച്ച്‌,വല്ലോം ബേണങ്കീ ഫ്രിഡ്ജീന്നെന്തേലുമെടുത്ത്‌ ശൂടാക്കി കയിക്ക്‌..
ക്ക്‌ ആവതില്ല..
അവരുടെ ഭാവംകണ്ട്‌ ഷിജാർ പറഞ്ഞു
ഞമ്മള് മലക്ക്‌ പോണന്നല്ല ഉമ്മീ പറഞ്ഞത്‌.
ഓൻ പോണേന് ഞമ്മള് യാത്രയാക്കാൻ പോയതാർന്നു..
വിശ്വസിക്കാത്തമട്ടിൽ അവർ
എന്തൊക്കെയോ പിറു പിറുത്തുകൊണ്ട്‌ അടുക്കളയിലേക്ക്‌ പോയി..
ദിവസങ്ങളും ആഴ്ചകളും കടന്നുപോയി.
ഇതുപോലെതന്നെ മറ്റോരു വൈകുന്നേരം.
രാജേഷും മനോജും ഗേറ്റ്‌ കടന്നുവന്നു.
രണ്ടാളേയും നോക്കി ഷിജാർ ചോദിച്ചു..
എന്താണിപ്പ..
അവർപറഞ്ഞു,
നീ റെഡിയാക്‌ നമുക്കൊരു സിനിമക്ക്‌ പോകാം..
പഴശിരാജാ ആണെന്ന് പറഞ്ഞപ്പോൾ,
നിർബന്ധിക്കേണ്ടിവന്നതേയില്ല.
ഇത്രയും നേരം രാജേഷിന്റെ ബുള്ളറ്റിന്റെ പിറകെ ഇരുന്നതല്ലേ ഒരു ചെയിഞ്ചിന്
ഷിജാറിന്റെ യമഹയിൽ ആകാമെന്നുകരുതി മനോജ്‌ അതിലേക്ക്‌ ചാടികയറി..
സിനിമ പകുതികഴിഞ്ഞു.. ഇന്റർവെൽ ആയപ്പോൾ എല്ലാവരും പുറത്തിറങ്ങി.
ഷിജാറിന്റെമുഖത്താണേ, കറയില്ലാതെ സീരിയസ്‌ ഭാവം വാരിവിതറിയിരിക്കുന്നു.
സ്നാക്സ്‌ ഷോപ്പിൽ ചെന്ന ഷിജാർ കൽപിക്കുന്നപോലെ മൂന്ന് പഫ്സും,സ്‌പ്രൈറ്റും ഓഡർ ചെയ്തു.
എന്തോന്നെഡേയെന്ന് കൂട്ടുകാർ ചോദിച്ചപ്പോൾ
അവൻ പറഞ്ഞു..
തലമണ്ട ശെത്തിക്കളയും ബെള്ള പഹയന്മാരെ, മുണ്ടാണ്ട്‌ മുണുങ്ങിക്കോ,
രായ കൽപനയാ.. പഴസിയുടെ ജുദ്ധം ഇങ്ങളും കമ്പനീം കാണാൻകെടക്കുന്നേയൊള്ള്‌...
വേഗത്തിൽ തിയേറ്ററിൽകയറി കൊച്ചുപഴശി സിംഹാസനത്തിൽ ഉപവിഷ്ഠനായി..
ഇടക്കിടക്ക്‌ "ആരാണ്ടാ അബടെ" എന്ന് ചോദിക്കുന്നുമുണ്ട്‌..
സംശയത്തോടെ ഷിജാറിനെ നോക്കിയ മനോജിനോട്‌ രാജേഷ്‌ പറഞ്ഞു..
"ആരവിടെയാണ്"..
സിനിമാ തീർന്നിട്ടും നമ്മുടെ കൊച്ചുപഴശി, ഭാവം മാറാതെ സിംഹാസനത്തിൽ തന്നെ ഇരിക്കുകയാണ്
ഒടുവിൽ ഒരുകണക്കിന് തമ്പുരാനേം കൊണ്ട്‌ അവർ പുറത്തിറങ്ങി.
വണ്ടിവച്ച സ്ഥലത്ത്‌ ഭയങ്കര തിരക്കാണ് എന്നാൽ
അതിലൂടെ ഊളിയിട്ട കൊച്ചുതമ്പുരാൻ ലായത്തിലേക്ക്‌ കുതിരയെ അഴിക്കാൻ പോകുന്നപോലെ ഏന്തിവലിഞ്ഞ്‌ ബൈക്കിനടുത്തെത്തി..ശേഷം എങ്ങനെക്കെയോ ഉന്തി തള്ളി വണ്ടി പുറത്തെത്തിച്ചു.
എന്നാൽ ആ സമയത്ത്‌,രാജേഷിന്റെ ബുള്ളറ്റ്‌ എടുക്കാനായില്ല.
തിരക്കൊഴിഞ്ഞപ്പോൾ രാജേഷും അവരുടെ അടുത്തെത്തി.
ഷിജാറിനോട്‌ വർത്തമാനം പറഞ്ഞുകൊണ്ടുതന്നെ,മനോജ്‌ രാജേഷിന്റെ ബുള്ളറ്റിൽ ഇരിപ്പുറപ്പിച്ചു.
തിയേറ്ററിലേക്ക്‌ ഞമ്മടെ കുതിരേ വന്ന ഭടൻ മറ്റൊരാടെ കുതിരേ കേറിപോകുന്നോ..
തമ്പുരാനത്‌ പിടിച്ചില്ല.
കോപാവേശത്താൽ അവൻ മനോജിനോട്‌ ചോദിച്ചു..
ഇയ്യ്‌ ഞമ്മടെ കുതിരപൊറത്ത്‌ കേറണണ്ടാ..
മറുപടിയെന്നോണം മനോജ്‌ പറഞ്ഞു..
ഇവൻ വീട്ടിൽ വിടാമെന്ന് പറഞ്ഞിട്ടുണ്ട്‌.
അതുകൊണ്ട്‌ ഞാനിതിൽ കയറികൊള്ളാം..
അതുംകുടി ആയപ്പോൾ തമ്പുരാന്റെ ഹാലിളകി.
ആ കലിപ്പിൽ,
മുന്നും പിന്നും ഒന്നും നോക്കാതെ തന്റെ യമഹയുടെ കടിഞ്ഞാൺ മുറുക്കി, നൂറേ നൂറിൽ മുന്നോട്ട്‌ കത്തിച്ചു....
രാജേഷും,മനോജും കടുംവെട്ട്‌ കോവിയായി അവിടെതന്നെ നിന്നുപോയി...
സ്ഥലകാല ബോധം വന്നപ്പോൾ പെട്ടന്നുതന്നെ അവരും കുതിരയുടെ പിന്നാലെ ചീറി പാഞ്ഞു..
കുറേ ദൂരം ചെന്നിട്ടും തമ്പുരാനെ കാണാഞ്ഞതിനാൽ ഇവരും യാത്ര പതുക്കെയാക്കി.
കുറേ ദൂരം താണ്ടികഴിഞ്ഞപ്പോൾ രാജേഷിന്റെ മൊബയിൽ ശബ്ദിച്ചു.
വണ്ടി സൈഡിലൊതുക്കി ഫോൺ എടുത്തപ്പോൾ ഡിസ്പ്ലേയിൽ ഷിജാറിന്റെ നാമം എഴുതിവന്നിരിക്കുന്നു.
അറ്റന്റ്‌ ചെയ്തപ്പോൾ ഷിജാറിന്റെ ശബ്ദം..
ഇങ്ങളെബിടെ പോയി കെടക്കയാണീ..
എത്ര ശമയായീന്ന് അറിയാവാ ഞമ്മൾ ഈ കടയിൽ ഇരിപ്പ്‌ തോടങ്ങീട്ട്‌ .
ബെക്കം വന്നാളാ ആബിസം ഒണ്ട്‌ ..
രാജേഷ്‌ മറുപടിയായി പറഞ്ഞു..
ഓ ,ഞങ്ങളുവരുന്നില്ലടാ..ആ സൂപ്പർമാർക്കറ്റിന്റതിലെ ഷോർട്ട്‌ കട്ട്‌ കേറിതിരിഞ്ഞു..
തിരികെവന്നാൽ പിന്നേം താമസിക്കും അതാ...
പെട്ടന്നുതന്നെ തമ്പുരാന്റെ സ്വരം ദയനീയമായി
അള്ളാ ഇങ്ങള് ശതിക്കല്ലേ..
ഞമ്മടെ കയ്യിലാണേ 10 രൂഫേ ഒള്ള്‌.
ബേറേ കായൊന്നുംമില്ല തിന്നും പോയി..
ഷിജാർ അത്രയും പറഞ്ഞപ്പോൾ
രാജേഷ്‌ ഫോൺ ഓഫ്‌ ചെയ്ത്‌ ചിരിയോട്‌ ചിരിതന്നെ..
കാര്യം മനോജിനോട്‌ പറഞ്ഞിട്ട്‌ വേഗം തന്നെ ഇരുവരും തമ്പുരാൻ തടങ്കലിൽ പെട്ടിരിക്കുന്ന തട്ടുകടയിലേക്ക്‌ ചീറി പാഞ്ഞു.
അവിടെയെത്തിയപ്പോൾ,
ചിക്കനും പൊറോട്ടയുമായുള്ള കായികാഭ്യാസത്തിൽ വിജയിച്ചിരിക്കുന്ന കൊച്ചുപഴശിയെ കാണാൻ കഴിഞ്ഞു..
വിജയശ്രീലാളിതനാണങ്കിലും കൗണ്ടറിൽ കിഴിപണം കാഴ്ചവെക്കാഞ്ഞതിനാൽ,അങ്കത്തിന്റെ തിരുശേഷിപ്പുകൾ വാരിക്കൂട്ടൻ ഭൃത്യമ്മാർ എത്തിയിരുന്നില്ല.
അതിനാൽ ടേബിളിനു ചുറ്റിനും മല്ലയുദ്ധത്തിൽ പരാജയപെട്ട കോഴിയുടെ എല്ലിൻ കഷ്ണങ്ങളും, പൊറോട്ടയുടെ പൊടികളും,
നാലുസൈഡിലേക്കും ഒഴുകി ,രക്തം കട്ടപിടിച്ചതുപോലെ ഗ്രേവി പാത്രവും ഇരിക്കുന്നുണ്ട്‌...
അടുത്തായി യുദ്ധ തടവുകാരനെപോലെ പയശി ഇരിക്കുനുണ്ട്‌.
സംഗതിയുടെ കിടപ്പ്‌ രണ്ടാൾക്കും പിടികിട്ടി.
മുൻശുണ്ഠിയെടുത്ത്‌ പാഞ്ഞ തമ്പുരാൻ,
ഉദരത്തിൽ മല്ലിട്ടുകൊണ്ടിരിക്കുന്ന വിശപ്പിനെ വകവരുത്തുവാൻ ഇടത്താവളത്തിൽ കയറിയതാണ്.
അങ്കത്തിന്റെ ബാല്യവും കൗമാരവും വാർദ്ധക്യവും കഴിഞ്ഞപോളാകും തംപ്രാൻ ശീലതപ്പിയത്‌.
താവളത്തിലുള്ളവർ അടിമകണ്ണാക്കി പാത്രങ്ങളും,പൊറോട്ടാമാവുമായും നിർബന്ധിച്ച്‌ സന്ധിയില്ലാതെ യുദ്ധത്തിൽ ആക്കികൊടുക്കും എന്ന തിരിച്ചറിവിലാണ് നിവർത്തിയില്ലാതെ തമ്പ്രാൻ നമ്മളെ വിളിച്ചത്‌..

താവളത്തിൽ രക്ഷകർ എത്തിയസന്തോഷത്തിൽ തമ്പുരാൻ വീണ്ടും അങ്കത്തിനുള്ള ബാല്യം കാണിക്കാൻ തയ്യാറായവനെ പോലെയായി..
പക്ഷെ രണ്ടുപേരുടേയും നോട്ടത്തിനെ അഭിമുഖീകരിക്കാതെ
തടവുകാരൻ പറഞ്ഞു..
ലാത്തിറി താമശിച്ച്‌ ശെന്നാ..
ശോറു ബെച്ചേക്കില്ലന്ന് ഉമ്മി പറഞ്ഞിരിക്കണ്..
ആടുന്നുതിരിച്ചപ്പോ ഞമ്മക്കാണേ മുടിഞ്ഞ ബെസപ്പ്‌,
അയ്നേകൊണ്ട്‌ ഇസ്പീഡിൽ വന്നതാ..
നിഷ്കളങ്കനായി ഷിജാർ വിവരിച്ചു.
അപ്പോൾ മനോജ്‌ ദേഷ്യത്തിൽ ചോദിച്ചു
അതിന് ഞങ്ങളോട്‌ ദേഷ്യപെട്ടിട്ടാണോ വണ്ടിയോടിച്ച്‌ പോകുന്നത്‌.
ഞങ്ങളും വരില്ലായിരുന്നോ നിന്റെയൊപ്പം.,
അള്ളോ..
ഈ ഹിമാറെന്താ പറയണത്‌..
ഞമ്മൾ ദേസപെട്ടന്നോ..
ഒന്നുപോയേഡാ..
ശബ്ദം കൊണ്ട്‌ പിടിച്ചുനിൽക്കാൻ ഒരു ശ്രമം ഷിജാർ നടത്തിയെങ്കിലും,
മുഖഭാവം കടുംവെട്ട്‌ കോവിയിൽ നിന്ന്
നീലേശ്വരം പുഷ്പാംഗദനായി മാറിയത്‌ സെക്കന്റുകളുടെ വെത്യാസത്തിലായിരുന്നു..

By Ramji

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot