ഭാരമേറിയ കൺപോളകൾ അവൾ വലിച്ചുതുറന്നു.
മൂന്ന് നാല് പ്രാവശ്യം കണ്ണ് ചിമ്മിത്തുറന്നിട്ടും അവൾക്കൊന്നും കാണാൻ കഴിഞ്ഞില്ല.
ചുറ്റും കട്ട പിടിച്ച ഇരുട്ട് !
പരിചയമില്ലാത്ത ഏതോ ഒരു മുറിയിലെ തറയിലാണ് താൻ കിടക്കുന്നതെന്ന് അവൾക്ക് മനസ്സിലായി.
അവൾ എഴുന്നേൽക്കാൻ ശ്രമിച്ചു.തലയ്ക്കും ശരീരത്തിനും ഒക്കെ നല്ല വേദന.തറയിൽ കൈകുത്തി ഒരു വിധം എഴുന്നേറ്റ് ഇരുന്നു.
കഴുത്തിലാണ് കൂടുതൽ വേദന.കഴുത്തിന്റെ സൈഡിലായി എന്തോ ഇൻജെക്ഷൻ എടുത്തപ്പോളുണ്ടായ ചെറിയ പൊട്ട് പോലുള്ള ഒരു പാടിൽ അവൾ പതിയെ വിരലോടിച്ചു. പിന്നീട് ഇരുന്നുകൊണ്ട് തന്നെ പിറകോട്ട് നിരങ്ങി അവൾ എന്തിലോ തട്ടി നിന്നു.തൊട്ടു നോക്കിയപ്പോൾ അത് ഗ്ലാസ് കൊണ്ടുണ്ടാക്കിയ എന്തോ ആണെന്ന് മനസ്സിലായി. അവൾ കുറച്ചുനേരം അതിൽ ചാരി ഇരുന്നു.
അവൾക്ക് നന്നായി ദാഹിച്ചു.വെളിച്ചമില്ലാതിരുന്നതിനാൽ അവൾക്ക് ആ മുറിയിൽ ഒന്നും കാണാൻ കഴിഞ്ഞിരുന്നില്ല.കൈ എത്തിച്ച് ഒന്ന് തപ്പിനോക്കിയപ്പോൾ തൊട്ടടുത്തായി എന്തോ ഒന്നിൽ അവളുടെ കൈ തടഞ്ഞു.പേടികൊണ്ട് പെട്ടെന്ന് കൈവലിച്ചെങ്കിലും എന്തോ ധൈര്യത്തിൽ അവൾ അതിൽ ഒന്ന് കൂടി തൊട്ടു.അതൊരു ചെറിയ ടോർച്ച് ആയിരുന്നു. അതിലെ ബട്ടൺ അമർത്തിയതും മങ്ങിയ വെളിച്ചം വന്നു.പക്ഷെ ആ വെളിച്ചത്തിൽ അവൾക്ക് ആ മുറി മുഴുവനും കാണാൻ സാധിക്കുന്നുണ്ടായിരുന്നില്ല.അവൾ അതുമായി പതുക്കെ എഴുന്നേറ്റ് നിൽക്കാൻ ശ്രമിച്ചു.പക്ഷെ അവളുടെ കാലുകൾ വേച്ചുപോയി! ടോർച്ച് കൈയിൽ പിടിച്ച് അവൾ നിരങ്ങി.മുറിയുടെ അറ്റത്തായി ഒരു കൂജയും ഒരു ഗ്ലാസും ഇരിക്കുന്നത് കണ്ടു.അവൾ ടോർച്ച് താഴെ വെച്ച് അതിൽ നിന്നും കുറച്ച് വെള്ളം എടുത്തു.പഴകിയ വെള്ളത്തിന്റെ ചുവയുണ്ടായിരുന്നുവെങ്കിലും ദാഹം കാരണം അവൾ അത് ആർത്തിയോടെ കുടിച്ചു.തൊണ്ടയിലൂടെ വെള്ളം ഇറക്കാൻ അവൾ നന്നേ പാടുപെട്ടു.കഴുത്തിലെ ഇൻജെക്ഷന്റെ വേദന അത്രത്തോളമുണ്ടായിരുന്നു! ദാഹം ഒന്നടങ്ങിയപ്പോൾ അവൾക്ക് കുറച്ച് ആശ്വാസം കിട്ടി. താൻ എവിടെയാണെന്നോ എങ്ങനെ ഇവിടെ എത്തിപ്പെട്ടുവെന്നോ എത്ര ദിവസമായി ഇവിടെ വന്നിട്ടെന്നോ ആര് എന്തിന് വേണ്ടി ആണ് തന്നെ ഇവിടെ കൊണ്ടുവന്നതെന്നോ ഒന്നും അവൾക്കറിയില്ലായിരുന്നു! ചോദ്യങ്ങൾ ചോദിക്കാൻ അവിടെ ആരും ഇല്ലായിരുന്നു.
**********
പ്രൗഢ ഗംഭീരമായ മാളിയേക്കൽ തറവാടിന്റെ മുറ്റത്ത് ഒരു ഓഡി കാർ വന്നു നിന്നു.കാറിൽ നിന്നും ജോ കൺസ്ട്രക്ഷൻസ് കമ്പനി മുതലാളി ജോസഫ് തരകൻ ഇറങ്ങി.
ലിസമ്മേ എന്ന് നീട്ടിവിളിച്ചുകൊണ്ട് അദ്ദേഹം വീടിനകത്തേക്ക് കയറി.കൈയിൽ ആവി പറക്കുന്ന ചായയുമായി ലിസമ്മ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു.
"പോയ കാര്യം എന്തായി ? ആ കോൺട്രാക്ട് നമ്മക്ക് കിട്ടിയോ ജോച്ചായാ ?"ലിസമ്മ പ്രതീക്ഷയോടെ ജോസഫ് തരകനെ നോക്കി.
"ചായക്ക് ചൂടില്ലല്ലോടി..എന്റെ പാകം നിനക്കിതുവരെ അറിയത്തില്ലേ കൊച്ചേ ?" അദ്ദേഹം ചായക്കപ്പ് തിരികെ നൽകി ചോദിച്ചു.
ലിസമ്മ സാരിയുടെ മുന്താണി കൊണ്ട് കപ്പ് പൊതിഞ്ഞ് മേടിച്ചിട്ട് കപ്പിന്റെ സൈഡിൽ ചെറുതായി ഒന്ന് തൊട്ട് നോക്കി.പൊള്ളിയതും അവർ പെട്ടെന്ന് കൈ വലിച്ചു.
"ഇതിനാണോ ചൂടില്ലെന്ന് പറയുന്നേ?എന്റെ കൈ വെന്തുപോയി.അടുപ്പേന്ന് തിളച്ചപടി എടുത്തോണ്ട് വന്നതാ. ഞാൻ ചൂടാക്കി കൊണ്ടുവരാം "ലിസമ്മ പറഞ്ഞു.
"നിന്നോട് പണി ഒന്നും എടുക്കരുതെന്ന് പ്രത്യേകം പറഞ്ഞിട്ടുള്ളതല്ലേ..സാറാമ്മയോട് പറഞ്ഞാൽ പോരെ?"ജോസഫ് ചോദിച്ചു.
" ഒരു ചായ ചൂടാക്കിയെന്നും വെച്ച് എന്റെ ഹാർട്ടിന് ഒന്നും വരുകേല.."ലിസമ്മ ചിരിയോടെ പറഞ്ഞു.ജോസഫ് അവരെ രൂക്ഷമായി ഒന്ന് നോക്കി.
"സാറാമ്മേ.."ലിസമ്മ അടുക്കളയിലേക്ക് നോക്കി വിളിച്ചു.അവിടുന്ന് ഒരു മധ്യവയസ്ക്ക ഇറങ്ങിവന്നു.
"ഇത് ഒന്നൂടി തിളപ്പിച്ചേച്ചും കൊണ്ടുവാ.." ലിസമ്മ കൊടുത്ത ചായക്കപ്പും മേടിച്ച് സാറാമ്മ അടുക്കളയിലേക്ക് തിരികെ പോയി.
"പറ ജോച്ചായാ ..പോയ കാര്യം ഒത്തോ?" ലിസമ്മ വീണ്ടും ചോദിച്ചു.
"ഒരു വഴിക്ക് ഇറങ്ങിയേച്ച് പോയ കാര്യം നടത്താതെ ഞാൻ എന്നെങ്കിലും തിരികെ വന്നിട്ടൊണ്ടോ കൊച്ചെ?"ജോസഫ് ചിരിച്ചുകൊണ്ട് ലിസമ്മയെ നോക്കി.അപ്പോഴാണ് അവർക്കും ആശ്വാസമായത്.അവർ നെഞ്ചിൽ കൈവെച്ചു.
"എന്റെ മാതാവേ! പേടിച്ചിരിക്കുവായിരുന്നു..ഞാൻ ഇപ്പൊ കഴിക്കാൻ എടുത്ത് വെയ്ക്കാം.."ലിസമ്മ അടുക്കളയിലേക്ക് പോവാൻ തുടങ്ങി.
"അലക്സിന്റെ വിവരം വല്ലതുമുണ്ടോ ലിസമ്മേ ?"ജോസഫ് ചോദിച്ചത് കേട്ട് ലിസമ്മ നിന്നു.
"മോന്റെ കാര്യം അപ്പനറിയാമ്മേലേ പിന്നെ എനിക്കാണോ അറിയാവുന്നെ?പെറ്റത് ഞാൻ ആണെന്നെ ഉള്ളു.അവന് അപ്പൻ കഴിഞ്ഞേ ബാക്കി എന്തുമുള്ളു.എങ്ങാണ്ടോ പോണെന്ന് പറഞ്ഞാരുന്നു ജോച്ചായാ..അവന്റെ സ്വഭാവം അറിയാമല്ലോ..പോയാ പിന്നെ ഒരു പോക്കാ..വിളിയും ഇല്ല പറച്ചിലുമില്ല.അങ്ങോട്ട് വിളിക്കുന്നത് ഇഷ്ട്ടപ്പെടത്തുമില്ല.ഇനി അടുത്തെങ്ങും നോക്കണ്ട.."ലിസമ്മ പറഞ്ഞു.
"ആഹ് എവിടെയോ പോവാണെന്ന് എന്നോടും പറഞ്ഞായിരുന്നു.എങ്ങോട്ടാണെന്നൊന്നും പറഞ്ഞില്ല.ഞാൻ ചോദിച്ചതുമില്ല.ഇടയ്ക്ക് തനിച്ചൊരു കറക്കം പതിവുള്ളതാണല്ലോ.അങ്ങനെയെങ്കിലും എന്റെ കൊച്ചിന്റെ മനസ്സിന്റെ ദണ്ണം തീരട്ടെ.."ജോസഫ് ഒന്ന് നെടുവീർപ്പെട്ടു.
"ചെറുക്കൻ ഇപ്പൊ പണ്ടത്തെ ആളെ അല്ല.. ചിരിയില്ല ആരോടും അധികം മിണ്ടാട്ടമില്ല...ആ സംഭവം ഒക്കെ കഴിഞ്ഞിട്ട് ഇപ്പൊ കൊല്ലം കൊറച്ചായില്ലേ..അവൻ അതൊന്നും മറന്നിട്ടില്ല..എന്നാലും കാലത്തിന് മായ്ക്കാനാവാത്ത മുറിവുകളുണ്ടോ?"ലിസമ്മ വിഷമത്തോടെ ചോദിച്ചു.
"ഉണ്ട് ലിസമ്മേ ..കാലത്തിന് മായ്ക്കാനാവാത്ത മുറിവുകളുമുണ്ട്..എന്തൊക്കെ പറഞ്ഞാലും നടന്നതൊന്നും അത്രപെട്ടെന്ന് അവന്റെ മനസ്സീന്ന് പോകത്തില്ല..നമ്മക്ക് കാത്തിരിക്കാം.വേറെ വഴിയില്ലല്ലോ.."ജോസഫ് പറഞ്ഞത് കേട്ട് ലിസമ്മ ഒന്നും മിണ്ടിയില്ല.
"പിന്നെ ഗിരി സാർ വിളിച്ചാരുന്നു.ദുബായീന്ന് റോബിനും ശിവയും ഇങ്ങോട്ട് വരുന്നുണ്ടെന്ന്.അലക്സിനെ കണ്ടിട്ട് കുറച്ചുനാളായില്ലേ.. കുറച്ച് ദിവസം ഇവിടെ നിന്നിട്ടേ പോവു.."ലിസമ്മ പറഞ്ഞു.
"ആഹ് അത് നന്നായി..അവര് വരുമ്പഴാ എന്റെ ചെറുക്കൻ ഒന്ന് ചിരിച്ച് കാണുന്നത്..എന്നത്തേക്കാ വരുന്നതെന്ന് വല്ലതും പറഞ്ഞോ?"ജോസഫ് തിരക്കി.
"അറിയില്ല..അവന്മാരുടെ വരവറിയാവല്ലോ..എല്ലാം സർപ്രൈസ് ആയിരിക്കും.അവര് അലക്സിന്റെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല.അതാ ഗിരി സാർ എന്നെ വിളിച്ച് പറഞ്ഞത്.."ലിസമ്മ അടുക്കളയിലേക്ക് പോയി.
ജോസഫ് തരകൻ ആ നാട്ടിലെ വലിയ പ്രമാണിയാണ്.അദ്ദേഹത്തിന് സ്വന്തമായി 'ജോ കൺസ്ട്രക്ഷൻസ്' എന്ന പേരിൽ വൻ ലാഭത്തിൽ നടത്തിവരുന്ന ഒരു കൺസ്ട്രക്ഷൻ കമ്പനി ഉണ്ട്.അദ്ദേഹത്തിന്റെ ഭാര്യയാണ് ലിസമ്മ. ലിസമ്മ ഒരു ഹാർട്ട് പേഷ്യന്റ് ആണ്.അലക്സ് അവരുടെ ഒറ്റ മകൻ ആണ്..കോളേജ് കഴിഞ്ഞ് അലക്സും ജോ കൺസ്ട്രക്ഷൻസിൽ തന്നെയാണ് ജോലി ചെയ്യുന്നത്. ജോസഫ് തരകന്റെ അകന്ന ബന്ധത്തിൽ പെട്ട ഒരാളുടെ മകൻ ആണ് റോബിൻ.റോബിന്റെ അപ്പനും അമ്മയും റോബിൻ കൈക്കുഞ്ഞായിരിക്കുമ്പോൾ തന്നെ മരിച്ചുപോയതാണ്.പിന്നീട് ജോസഫ് തരകൻ അവനെ ദത്തെടുത്തു.സ്വന്തം മകനെ പോലെ ഒരു പക്ഷെ സ്വന്തം മകനായ അലക്സിനോടുള്ളതിനേക്കാറ്റിലും മുകളിലായിരുന്നു അദ്ദേഹത്തിന് റോബിനോടുള്ള ഇഷ്ടം.റോബിനും തിരിച്ച് അതുപോലെ തന്നെ.ജോസഫ് തരകന് വേണ്ടി മരിക്കാൻ പോലും റോബിൻ തയ്യാറായിരുന്നു.ജോസഫ് തരകന്റെ ഉറ്റ ചങ്ങാതിയാണ് തമിഴ്നാട് റവന്യു മിനിസ്റ്റർ ആയ ഗിരിധർ. അദ്ദേഹം മലയാളി ആണ്. ഗിരിധർ തമിഴ്നാട്ടിലെ പണക്കാരനായ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകൾ സുഗന്ധവല്ലിയെ കല്യാണം കഴിച്ച് ചെന്നൈയിൽ ആണ് താമസം. അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് എന്നുള്ള ചോദ്യത്തിന് പാർട്ടി വൃത്തങ്ങളിൽ ഉയർന്നുകേൾക്കുന്ന പേര് ഗിരിധറിന്റെതാണ്. സുഗന്ധവല്ലിയുടെ പേരിൽ തമിഴ്നാട്ടിൽ ഒരു എഞ്ചിനീയറിംഗ് കോളേജും രണ്ട് മെഡിക്കൽ കോളേജുകളും ഉണ്ട്.അത് കൂടാതെ ദുബായിൽ അവർക്ക് ഒരു ഷോപ്പിംഗ് കോംപ്ലെക്സും ഉണ്ട്.ഗിരിധറിന്റെയും സുഗന്ധവല്ലിയുടെയും മകൻ ആണ് ശിവ.ശിവയെ പ്രസവിച്ചതോടെ സുഗന്ധവല്ലി മരിച്ചു.ഭാര്യയുടെ മരണശേഷം അവരുടെ പേരിൽ ഉള്ള സ്വത്തുക്കൾ എല്ലാം നോക്കിനടത്തുന്നത് ഗിരിധർ ആണ്. അമ്മയില്ലാത്തതിന്റെ കുറവ് അറിയിക്കാതിരിക്കാനായി ഗിരിധർ ശിവയെ ജോസഫ് തരകനേയും ലിസമ്മയെയും ഏൽപ്പിച്ചു.അവിടെ അലക്‌സിന്റെയും റോബിന്റെയും കൂടെ നിന്നായിരുന്നു അവൻ പഠിച്ചതും വളർന്നതും ഒക്കെ.ലിസമ്മയ്ക്ക് അലക്‌സും റോബിനും ശിവയും തമ്മിൽ ഒരു വെത്യാസവുമില്ലായിരുന്നു.
റോബിനും അലക്സും ശിവയും ഒരേ പ്രായം. പ്ലസ് ടു കഴിഞ്ഞ് എഞ്ചിനീയറിംഗ് പഠിക്കാനായി അവർ മൂന്ന് പേരും തമിഴ്നാട്ടിൽ ശിവയുടെ അച്ഛൻ ഗിരിധറിന്റെ എൻജിനീയറിങ് കോളേജിൽ ഒരുമിച്ചായിരുന്നു ചേർന്നത് . കോളേജ് കഴിഞ്ഞ് ശിവ ദുബായിലുള്ള ഷോപ്പിംഗ് കോംപ്ലെക്സിന്റെ ചുമതല ഏറ്റെടുത്ത് അവിടെയാണ് താമസം.റോബിൻ അലക്സിന്റെ കൂടെ ജോ കോൺസ്റ്റ്‌ക്ഷൻസിൽ ആയിരുന്നു കുറച്ച് നാൾ.പിന്നീട് ഷോപ്പിംഗ് കോംപ്ലെക്സിന്റെ കാര്യങ്ങൾ നോക്കി നടത്താൻ ശിവ ഒരു സഹായത്തിനെന്നോണം റോബിനെ ദുബായിലേക്ക് വിളിപ്പിച്ചു.കുറച്ചുനാളുകളായി റോബിൻ ദുബായിൽ ശിവയാടൊപ്പമാണ് താമസം..
*********
അവൾ ടോർച്ചടിച്ച് ചുറ്റും നോക്കി.
അധികം ദൂരത്തേക്ക് വെളിച്ചം എത്തുന്നില്ല.പതിയെ എഴുന്നേറ്റ് നിന്നു. കാലുകൾക്ക് വല്ലാത്ത മരവിപ്പ്. ടോർച്ചും കൊണ്ട് അവൾ കുറച്ചുദൂരം മുൻപോട്ട് നടന്നു. ഒരു ജനലിന്റെ അരികെ എത്തിയപ്പോൾ അവൾ നിന്നു.
ജനലിന്റെ കുറ്റി തുറക്കാൻ ശ്രമിച്ചപ്പോഴാണ് അത് പുറത്തുനിന്നും അടച്ചിട്ടിരിക്കുകയാണെന്ന് മനസ്സിലായത്. വെളിയിൽ നിന്നും ആണി അടിച്ച് വെച്ചിരുന്നതിനാൽ എത്ര ശ്രമിച്ചിട്ടും അത് തുറക്കാൻ സാധിച്ചില്ല... അത് മാത്രമല്ല ആ ജനലിൽ കറുത്ത പെയിന്റ് അടിച്ചിരിക്കുകായാണ്.അത് കൂടാതെ കാർഡ്ബോർഡ് കൊണ്ട് ആ ജനൽ മുഴുവനും മൂടിയിരിക്കുന്നു.
ഈ സ്ഥലം ഏതെന്ന് താൻ മനസ്സിലാക്കാതെ ഇരിക്കാനുള്ള പണിയാണതെന്ന് അവൾക്ക് മനസ്സിലായി.
പിന്നീടവൾ ടോർച്ച് അടിച്ച് മുൻപിലേക്ക് നടന്നു. ആ മുറിക്കകത്ത് തന്നെ ഒരു ചെറിയ വാതിൽ കണ്ടു.അത് ചെറുതായി തള്ളിയതും പെട്ടെന്ന് തുറന്നുവന്നു! രക്ഷപെടാൻ ഒരു പഴുത് കിട്ടിയതിൽ അവൾ സന്തോഷിച്ചു! പക്ഷെ ആ വാതിൽ തുറന്ന് ടോർച്ച് അടിച്ച് നോക്കിയതും അവളുടെ മുഖത്ത് നിരാശ പടർന്നു.അത് ഒരു ചെറിയ ബാത്റൂം ആയിരുന്നു.ആ ബാത്റൂമിന്റെ മുകളിൽ ഒരു ചെറിയ ജനൽ കണ്ടു.അവൾ ക്ലോസെറ്റിന്റെ മുകളിൽ കയറിനിന്ന് ആ ജനൽ തുറക്കാൻ ഒരു പാഴ്ശ്രമം നടത്തി.പക്ഷെ അതും വെളിയിൽ നിന്നും ആണി അടിച്ച് വെച്ചിരുന്നു ! അവൾക്കൊന്നുറക്കെ കരയണമെന്ന് തോന്നി. ടോർച്ചും കൈയിൽ പിടിച്ചുകൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ അവൾ കുറച്ചുനേരം അവിടെ ക്ലോസറ്റിന്റെ മുകളിൽ ഇരുന്നു..പെട്ടെന്നാണ് താൻ കുറച്ച് മുൻപ് എന്തിലോ ചാരി ഇരുന്ന കാര്യം അവൾക്ക് ഓർമ്മ വന്നത്.അവൾ ടോർച്ചും എടുത്ത് മുറിയിലേക്ക് പോയി.താൻ കിടന്നിരുന്ന സ്ഥലത്ത് പിറകോട്ട് മാറി സാമാന്യം വലിയ ഒരു ഗ്ലാസ് ടാങ്ക് ഇരിക്കുന്നത് കണ്ടു.
കുറച്ച് മുൻപ് താൻ ഇതിലാണ് ചാരി ഇരുന്നത്.ഒരറ്റത്ത് നിന്നും ടോർച്ച് അടിച്ച് അകത്തേക്ക് നോക്കി.അതിനകത്ത് മുക്കാലും വെള്ളമുണ്ടായിരുന്നു.പെട്ടെന്നാണ് അതിനകത്ത് ഒരു ചെറിയ മരക്കൊമ്പ് കണ്ടത്.അങ്ങോട്ട് ടോർച്ച് അടിച്ചതും ആ കാഴ്ച്ച കണ്ട് അവൾ അലറിവിളിച്ചു!
മരക്കൊമ്പിൽ ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന ഒരു പെരുമ്പാമ്പ്!
തുടരും.......
Click here to Real all published parts -
https://www.nallezhuth.com/search/label/AmbaMills
By: Anjana Ravi USA
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക