ആകാശത്തെ മേഘങ്ങൾ കണ്ട് അതിൽ കയറി ഇരിക്കണമെന്നും ഒരു തുഴ കൊണ്ട് ആകാശമാകെ തുഴഞ്ഞു നടക്കണമെന്നും ഒരു കുട്ടി മോഹിച്ചു..
എങ്ങനെ അവിടെ എത്തും എന്ന് കുട്ടിക്ക് ഒരു ധാരണയും ഉണ്ടായിരുന്നില്ല...
എങ്ങനെ അവിടെ എത്തും എന്ന് കുട്ടിക്ക് ഒരു ധാരണയും ഉണ്ടായിരുന്നില്ല...
അങ്ങനെയിരിക്കെ ഒരിക്കൽ കുട്ടി ഒരു വലിയ പാറ കണ്ടു. ആ പാറ മേഘങ്ങളിൽ തൊട്ട് ഇരിക്കുന്നതായും കണ്ടു. ആ പാറയിൽ കയറിയാൽ മേഘങ്ങളിൽ കയറാൻ ആവുമായിരിക്കും. കുട്ടി ഓർത്തു. പക്ഷേ ആ പാറയിൽ എങ്ങനെ കയറും?
ചിന്തകൾക്കൊടുവിൽ കുട്ടി അവിടെ കളിച്ചുകൊണ്ടിരുന്ന മറ്റു ചില കുട്ടികളെ വിളിച്ചു.. അവരോടെല്ലാം വലിയ സ്നേഹം കാണിച്ചു. അവരുടെ എല്ലാം സ്നേഹം പിടിച്ചു വാങ്ങുകയും ചെയ്തു. ഒടുവിൽ കുട്ടിക്കായി അവർ എന്തും ചെയ്യും എന്ന അവസ്ഥയായി. അപ്പോൾ കുട്ടി അതിൽ ഒരാളോട് പറഞ്ഞു.
"നിനക്കെന്നെ എടുത്തു പൊക്കാമോ?"
ചോദ്യം മുഴുവനാക്കും മുമ്പേ തന്നെ അയാൾ കുട്ടിയെ എടുത്തു പൊക്കി. കുട്ടിക്ക് അറിയാമായിരുന്നു തന്നോടുള്ള ഇഷ്ടം കൊണ്ട് അയാൾ തന്നെ എടുത്ത് പൊക്കും എന്ന്. പക്ഷേ അയാൾ മാത്രം പൊക്കിയാൽ തനിക്ക് പാറയുടെ മുകളിൽ കയറാൻ ആവില്ലെന്നും കുട്ടിയ്ക്കറിയാമായിരുന്നു. കുട്ടി മറ്റൊരാളോട് ചോദിച്ചു.
"ഞങ്ങളെ എടുത്തു പൊക്കാമോ? "
അയാൾ ഇവരെ രണ്ടുപേരെയും എടുത്തുപൊക്കി. അയാൾക്കും ഒറ്റയ്ക്ക് ഇവരെ പൊക്കാനാവില്ലെന്നു മനസ്സിലാക്കിയ കുട്ടി വേറെ രണ്ടു പേരെ കൂടി വിളിച്ചു. താഴെ നിൽക്കുന്ന ആളെ സപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടു. എന്നിട്ടും പാറമേൽ കയറാൻ കഴിഞ്ഞില്ല എന്നു മനസ്സിലായപ്പോൾ കൂടുതൽ ആളെ വിളിച്ചു. അങ്ങനെ തന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ സഹായത്തോടെ കുട്ടി പാറയുടെ മുകളിൽ എത്തി.
ഒരല്പസമയം തന്റെ നേട്ടത്തിൽ മതിമറന്ന കുട്ടി, ഗോപുരം പോലെ നിൽക്കുന്ന കുട്ടികൾക്കിടയിൽ താഴെ നിൽക്കുന്ന ഒരാളോട്, മുകളിൽ നിൽക്കുന്ന മറ്റൊരാൾ ബാക്കിയുള്ളവരോട് ഒപ്പം ചേർന്ന് നിന്റെ തലയിൽ ചവിട്ടി എന്നോടൊപ്പം പാറയിൽ കയറി വരാൻ പോവുകയാണ് എന്നു പറഞ്ഞു. ഞങ്ങളൊരുമിച്ച് മേഘങ്ങളിൽ തുഴഞ്ഞു നടക്കുകയും ചെയ്തേക്കാം എന്നും പറഞ്ഞു.
സങ്കടം സഹിക്കവയ്യാതെ അയാൾ മുകളിലുള്ളവരെ താങ്ങിയിരുന്ന തന്റെ രണ്ട് കൈയും വിട്ട് കണ്ണുപൊത്തി ഏങ്ങലടിച്ചു.
ആ വലിയ ഗോപുരം താഴെ തകർന്നുവീണു.
ഇത് കണ്ടു പൊട്ടിച്ചിരിച്ച് കുട്ടി മേഘങ്ങളിലേക്ക് കയറാനായി തിരിഞ്ഞുനോക്കി.
അതാ താഴെ നിന്നു നോക്കിയപ്പോൾ കണ്ട അത്രയും തന്നെ ദൂരത്തിൽ മേഘങ്ങൾ. ഇപ്പോൾ കയറിവന്ന അത്രയും തന്നെ ദൂരം വീണ്ടും കയറിയെങ്കിലേ ഇനിയും മേഘങ്ങളെ തൊടാൻ എങ്കിലും പറ്റൂ..
കുട്ടി താഴേക്ക് നോക്കി. തന്നെ ജീവനുതുല്യം സ്നേഹിച്ചിരുന്ന തന്റെ കൂട്ടുകാർ.... തന്നെ ഉയരങ്ങളിലേക്ക് കയറ്റിവിട്ട തന്റെ കൂട്ടുകാർ..
അവർ താഴെ വീണു കിടക്കുകയാണ്. അവഗണന കൊണ്ടും ചവിട്ടിയരയ്ക്കപ്പെട്ടതു കൊണ്ടും അവർ പുളയുകയാണ്...
അവർ താഴെ വീണു കിടക്കുകയാണ്. അവഗണന കൊണ്ടും ചവിട്ടിയരയ്ക്കപ്പെട്ടതു കൊണ്ടും അവർ പുളയുകയാണ്...
ഇനി മുകളിലേക്ക് കയറാൻ അവരെ കിട്ടുമെന്നു തോന്നുന്നില്ല.. കുട്ടി ഒന്നുകൂടി അവരെ നോക്കിയശേഷം തിരിഞ്ഞു പാറയിലൂടെ മുന്നോട്ടു തന്നെ നടന്നു.
അടുത്ത ഗോപുരം പണിയാനായി പുതിയ സുഹൃത്തുക്കളെ തേടി....
പണിക്കത്തി അഥവാ പണിക്കരുടെ കത്തി!
BY Rajeev Panicker
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക