
ഇത് എൻ്റെ കഥയല്ല, എൻ്റെ കൂട്ടുകാരനായ ഉത്തമൻ്റെ ജീവിതത്തിൽ നിന്ന് മോഷ്ടിച്ച കഥ, അവൻ്റെ വാക്കുകളിൽ തന്നെ തുടങ്ങാം.
പണ്ട് പണ്ട് ഒരു നാളന്ന് കുട്ടികളുടെ അവധിക്കാലം തുടങ്ങിയ കാലം. ഓർമ്മകളിലേയ്ക്ക് വെറുതെ തിരിഞ്ഞുനോക്കി,പഴയൊരവധിക്കാല സംഭവം ഓർമ്മവന്നു. എഴുപുന്നയിലെ അമ്മാവൻറെ വീട്ടിലായിരുന്നു അന്നെല്ലാം അവധികാലം ചെലവഴിച്ചിരുന്നത്. വല്യമ്മാവൻ വലിയ ജന്മി ആണ്. ധാരാളം കൃഷിഭൂമി കുറെ കെട്ടുവള്ളങ്ങൾ, വലിവണ്ടികൾ. എന്നും വീട്ടിൽ ധാരാളം പണിക്കാർ. അമ്മാവൻ പൊതുവേ അസ്സൽ ഗൗരവക്കാരനാണ്. അന്ന് പതിവിലും അധികം ദേഷ്യത്തിൽ ആകെ അസ്വസ്ഥനായി കാണപ്പെട്ടു. എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു ആരാണ് അത് എടുത്തു കൊണ്ടുപോയത് . എന്നെ അറിയാവുന്ന ആരും അത് തൊടില്ല . ചട്ടമ്പിത്തരത്തിന് എന്നെ വെല്ലാൻ ആളില്ല. ആർക്കാണിത്ര ധൈര്യം. ഞാൻ വളരെയധികം ആഗ്രഹിച്ചു ഉണ്ടാക്കിയതാണ് . അത് മോഷണം പോകും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതേയല്ല. കുറെക്കൂടി ശ്രദ്ധിക്കേണ്ടതായിരുന്നു. അങ്ങിനെ എന്തൊക്കെയോ ഇടയ്ക്കിടയ്ക്ക് അറിഞ്ഞോ
അറിയാതെയോ പുലമ്പുന്നുണ്ടായിരുന്നു.
അറിയാതെയോ പുലമ്പുന്നുണ്ടായിരുന്നു.
നഷ്ടമുതൽ കണ്ടുകിട്ടാതായപ്പോൾ, അത് തിരിച്ചു കിട്ടാൻ സഹായത്തിനായി അമ്മാവൻ ഒരു ജ്യോതിഷ പണ്ഡിതനെ വിളിച്ചുവരുത്തി . തന്റെ ഒരു മുതൽ മോഷണം പോയിട്ടുണ്ടെന്നും അത് ആരാണ് മോഷ്ടിച്ചതെന്നും കണ്ടെത്തി തിരികെ കിട്ടുമോ എന്നും പ്രശ്നം വച്ച് നോക്കണം എന്ന് പറഞ്ഞു.
വീട്ടുകാരെല്ലാം ഒത്തുകൂടി കിഴക്കേ പുറത്ത് വിളക്ക് കത്തിച്ചു വച്ച് ഒരു തൂശനിലയിൽ അവൽ, മലർ, പഴം, ശർക്കര എന്നിത്യാതികൾ കൂടാതെ പുഷ്പങ്ങളുമെല്ലാം വച്ചു. ജ്യോതിഷി ഇലയ്ക്ക് മുന്നിൽ ഒരു കളം വരച്ചു . അതിൽ പലക വച്ചു. പലകയിലെ കളങ്ങളിൽ കവടികൾ നിരത്തി പിന്നെ കുറെ നേരം കണ്ണടച്ച് എന്തൊക്കെയോ ഉച്ചരിച്ച് ഒരു കൈ നെഞ്ചിലും മറ്റേ കൈ കവടിയിലും വച്ചു. അമ്മാവൻ ഈ സമയമത്രയും പ്രാർത്ഥനയോടെ വിളക്കിനു മുന്നിൽ നില ഉറപ്പിച്ചു.
ധ്യാനത്തിനു ശേഷം ജ്യേതിഷി പലകയിൽ നിരത്തിയ കവിടികൾ നോക്കി ഗണിച്ചു പറഞ്ഞു. വീട്ടിലെ അടുക്കളയിൽ പെരുമാറുന്ന ആരോ ആണ് സംഗതി മോഷ്ടിച്ചത്. അത് അവൾ മുണ്ടിൽ തിരുകി വടക്കോട്ട് നടന്ന് തന്റെ വീട്ടിന്റെ ഉത്തരത്തിൽ തുണിയിൽ പൊതിഞ്ഞുവച്ചിട്ടുണ്ട് എന്ന് പറഞ്ഞു.
ഇതു കേട്ട പാടെ അമ്മാവൻ മോഹാലസ്യപ്പെട്ടു വീണു. അടുക്കളയിൽ സഹായിയായിട്ടുള്ളത് ജാനുവാണ്. ഇതെല്ലാം കണ്ടുംകേട്ടും തൊട്ടുപുറകേ ജാനുവും തല കറങ്ങി വീണു. അമ്മാവനെ എല്ലാവരും ചേർന്ന് താങ്ങി അകത്തേക്ക് എടുത്തോണ്ടു പോയി. താങ്ങി കൊണ്ടു പോകുമ്പോൾ അമ്മാവനെന്തോ സംശയത്തോടെ പിറുപിറുക്കുന്നുണ്ടായിരുന്നു. എന്നാലും ൻ്റെ ജാനു നിന്നെ സമ്മതിയ്ക്കാതെ തരമില്ല, അത് ആരും കാണാതെ എങ്ങിനെ മുണ്ടിൽ ഒളിപ്പിച്ചു അടിച്ചു മാറ്റി കൊണ്ടുപോയി. അത്ര ചെറുതല്ലായിരുന്നല്ലോ എന്റെ കെട്ടുവള്ളം എന്നായിരുന്നു, അമ്മാവൻ പിറുപിറുത്തിരുന്നത്.
By PS Anilkumar
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക