
തീരെ ചെറുതല്ലാത്ത സന്ദർശകമുറിയിൽ അദ്ദേഹത്തെ കാത്തിരിക്കുമ്പോഴും ചോദിക്കേണ്ട ചോദ്യങ്ങളുടെ ലിസ്റ്റ് അയാൾ ഒന്നുകൂടി മനസ്സിലുറപ്പിച്ചു.. ഒന്നും വിടാൻ പാടില്ല ... അദ്ദേഹത്തിന്റെ മനസ്സ് അപ്പാടെ ഒപ്പിയെടുക്കണം.
ചുമരിലെ ചിത്രങ്ങൾ ഇതിനോടകം അയാളുമായി പലവുരു സംവദിച്ചിട്ടുണ്ടായിരുന്നു ... പക്ഷെ അയാൾ പതിവുപോലെ തന്റെ വാദമുഖങ്ങളിൽ
ഉറച്ചുനിന്നു ...
ഉറച്ചുനിന്നു ...
"ഞാൻ വൈകിയോ ... പ്രാർത്ഥന കഴിയാതെ ദിവസം തുടങ്ങാറില്ല.. ക്ഷമിക്കണം "
അദ്ദേഹത്തിന്റെ ആഗമനം അയാളുടെ ഇരിപ്പിടത്തെ സ്വതന്ത്രമാക്കി .
"ശരി തുടങ്ങാം ...." അനുമതി ലഭിച്ചതോടെ അയാൾ തന്റെ ജോലിയുടെ പ്രാരംഭ പ്രവൃത്തികൾ ചെയ്യാൻ തുടങ്ങി .. ക്യാമറ സെറ്റ് ചെയ്തു ... വെളിച്ചം ക്രമീകരിച്ചു ...
"താങ്കൾക്ക് സഹായി ഇല്ലേ ... "
അദ്ദേഹത്തിന്റെ പുരികക്കൊടികൾ വില്ലുപോലെ വളഞ്ഞു ...
"ഇല്ല സാർ ... മൂന്നാമതൊരാൾ ചിലപ്പോൾ ബുദ്ധിമുട്ടാവും ... "
"ശരി ... താങ്കൾക്ക് എന്താണറിയേണ്ടത് ...?"
"വളരെക്കുറച്ച് സാർ ....." അയാൾ തന്റെ ചോദ്യങ്ങളിലേക്ക് കടന്നു.
"തികഞ്ഞ പുരോഗമനവാദിയായ താങ്കൾ എപ്പോഴാണ് പ്രാർത്ഥനകളിൽ വശംവദനായത് ...? "
"പ്രാർത്ഥനയ്ക്ക് നിങ്ങൾ നൽകുന്ന നിർവ്വചനത്തിന്റെ ന്യൂനതയാവാം ... എനിക്ക് എന്റേതായ മതവും ദൈവവും ഉണ്ട് ."
"ഒരുപാട് വായന അങ്ങയുടെ ചിന്തകളെ സ്വാധീനിച്ചിട്ടുണ്ട് എന്ന് ഞാൻ വായിച്ചിരുന്നു ... മത ഗ്രന്ഥങ്ങളെക്കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം ... "
"ഏതൊരു രചനയും അതിന്റെ യഥാർത്ഥ കാലഘട്ടത്തിൽ നമ്മോട് സംവദിക്കുന്നവയായിരിക്കണം ... ഒരു നോവലിൽ അല്ലെങ്കിൽ കഥയിൽ അത് നടക്കുന്ന കാലഘട്ടവും സാമൂഹികാന്തരീക്ഷവും വ്യക്തമായി പ്രതിപാദിച്ചിരിക്കും .. ആ രീതിയിൽ മതഗ്രന്ഥങ്ങളെ സമീപിച്ചാൽ എല്ലാം ഒന്നിനൊന്ന് മികച്ചതു തന്നെ ..! "
"താങ്കളുടെ വ്യക്തിജീവിതവും ആശയധാരകളും പൂരകമായിരുന്നില്ല എന്ന് പറയുന്നതിൽ എത്രത്തോളം അതിശയോക്തിയുണ്ടാവും ...? "
"ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബം.. എനിക്ക് എന്റെതായ ചില കാഴ്ചപ്പാടുകളുണ്ടെന്ന് മനസ്സിലാക്കുന്ന അവർ എന്നെ സംബന്ധിച്ച് എനിക്ക് പ്രിയപ്പെട്ടവർ തന്നെ ... "
"പ്രണയ വിവാഹമായിരുന്നു അല്ലെ ...? "
"തീർച്ചയായും .... പ്രണയിക്കാതെയുള്ള വിവാഹം മനുഷ്യനോളം ബുദ്ധിവികാസമുള്ള ജീവികൾക്ക് ചേർന്നതല്ല. ... "
"പക്ഷെ അവരുടെ ചിന്തകളിലും വിശ്വാസത്തിലും താങ്കൾ വെള്ളം ചേർത്തു എന്ന വാദമുണ്ടെല്ലോ ...? "
"ഞാൻ പറഞ്ഞില്ലേ.... എനിക്ക് എന്റെതായ മതവും ദൈവവും ഉണ്ടെന്ന് ..."
"പക്ഷെ അവരെ നിങ്ങൾ നിഷ്ക്കരുണം തള്ളുകയായിരുന്നു എന്നാണെല്ലോ സംസാരം "
"അവരുടെ രീതികൾ പലതും എന്നിൽ നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കാൻ തുടങ്ങിയപ്പോൾ ..... എന്റെ ചിന്താധാരയെ മലീമസമാക്കുന്ന പലതും ....
വഴിപിരിയേണ്ടിവന്നു ... " .
"പക്ഷെ കുട്ടികൾ .... അവരെന്തു പിഴച്ചു ..?"
"അവർ .. അമ്മയുടെ വഴിയിൽ അവരുടെ രീതിയിൽ വളരുന്നുണ്ടാവും ... നമുക്ക് മറ്റു വിഷയങ്ങളിലേക്ക് കടക്കാം ... "
അദ്ദേഹത്തിന്റെ മുഖത്ത് അസ്വസ്ഥത പ്രകടമായിരുന്നു .
"ശരി .... താങ്കളുടെ എഴുത്ത് ഒരു വിഭാഗത്തിന്റെ വിശ്വാസങ്ങളെ ആകെ അവഹേളിക്കുന്നു എന്ന് പറഞ്ഞാൽ ...? "
"ഞാൻ പറഞ്ഞില്ലേ .... വിശ്വാസങ്ങൾ അപേക്ഷികമാണ് ... വിശ്വാസികൾ ഒട്ടുമിക്കവരും സ്വാർത്ഥൻമാരും ... "
"താങ്കളുടെ നിശിത വിമർശനം എത്രത്തോളം വേദനയുണ്ടാക്കുന്നതാണ് എന്നറിയാമോ ..?"
അദ്ദേഹം അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ... അയാളാവട്ടെ തന്റെ തോൾസഞ്ചിയിൽ പിടിമുറുക്കി ...
" തീവ്ര നിലപാടുകാരിൽ ചിലപ്പോൾ ഉണ്ടായേക്കാം ... പട്ടിണിയെന്തെന്നറിയാത്തവർ വിശപ്പിനെക്കുറിച്ച് പറയുന്നത് എത്രത്തോളം അപഹാസ്യമാണ് ... അതുപോലെ..... "
"താങ്കൾക്കെതിരെ അവർ പടപ്പുറപ്പാട് തുടങ്ങിയതായി അറിയാൻ കഴിഞ്ഞു ... എന്താണഭിപ്രായം ...? "
നിലവിൽ വധഭീഷണിയുണ്ട് ... ഞാനത് കാര്യമാക്കുന്നില്ല ... എന്റെ ശബ്ദം ഇനിയുമുയരും... അതിന്റെ പ്രകമ്പനങ്ങളിൽ അവരുടെ കോട്ടകൊത്തളങ്ങൾ തകരുന്നതുവരെ ഞാൻ തുടരും ... "
അദ്ദേഹത്തിന്റെ ഉത്തരം കേട്ട അയാളുടെ കൈവിരലുകൾ വല്ലാതെ വിറച്ചു ... തോൾ സഞ്ചിയിൽ നിന്നും ചെറിയ പിസ്റ്റൾ എടുത്ത് അയാൾ അദ്ദേഹത്തിന്റെ നെറ്റിലേക്ക് ലക്ഷ്യം വെച്ചു ...
അദ്ദേഹത്തിന്റെ മുഖത്ത് പക്ഷെ നിർവ്വികാരതയായിരുന്നു....
"ഇതു ഞാൻ കുറച്ചു നാളായി പ്രതീക്ഷിക്കുന്നു. .... മരിക്കാൻ എനിക്ക് ഭയമില്ല ... നിന്റെ കൈ കൊണ്ട് പ്രത്യേകിച്ചും ... പക്ഷെ നീ ആദ്യം നീയാവണം .... നിന്നെ ഉപകരണമാക്കുന്നവരെ ആദ്യം ഷൂട്ട് ചെയ്യുക ... എന്നിട്ടാവാം ...!"
പറഞ്ഞു തീരുന്നതിനു മുൻപേ ആദ്ദേഹത്തിന്റെ തലയോട്ടി തകർന്ന് രക്തം ചീറ്റിയിരിന്നു... അയാൾ തന്റെ മുഖത്തേക്ക് ചീറ്റിയ രക്തത്തുള്ളികൾ ഇടതു പെരുവിരലിനാൽ വടിച്ചു കളഞ്ഞു ....
തന്നെ ഏൽപ്പിച്ച ദൗത്യം വിജയകരമായി തീർത്തിരിക്കുന്നു ....!
തുടർന്ന് അകത്ത് പ്രവേശിച്ച് അദ്ദേഹത്തിന്റെ പ്രാർത്ഥനാ മുറി ലക്ഷ്യം വെച്ചു ...
പ്രാർത്ഥനാ മുറിയിൽ സന്ദർശക മുറിയിലുള്ള അതേ ചിത്രം ....! കാലപ്പഴക്കം കൊണ്ട് നിറം മങ്ങിയ ഒരമ്മയും രണ്ടു കുട്ടികളും ... അതിലൊരുത്തന് തന്റെ ഛായ തോന്നിയപ്പോൾ അയാളുടെ വിരലുകൾ വീണ്ടും വിറച്ചു ...
അവസാനിച്ചു....
✍️ശ്രീധർ.ആർ.എൻ
✍️ശ്രീധർ.ആർ.എൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക