അരണ്ടവെളിച്ചം ഒഴുകിയിറങ്ങുന്ന ജനലഴികളിൽപ്പിടിച്ച് വൈഷ്ണവി അകലേക്ക് മിഴിയെറിഞ്ഞു .പൂർണ്ണനല്ലാത്ത ചന്ദ്രനും അതിനു ചുറ്റും അസംഖ്യം താരങ്ങളും .. അപൂർണത പ്രകൃതിയുടെ ഒരു തരം കുസൃതിയാവാം ,അതുമല്ലെങ്കിൽ പൂർണ്ണത തേടി യുള്ള പ്രയാണം മാത്രമായിരിക്കാമീ ജീവിതം .
ഇളം കാറ്റിൽ അവളുടെ മുടിയിഴകൾ കിന്നാരം പറഞ്ഞു. മനസ്സും ശരീരവും വല്ലാതെ പരവശമായിരിക്കുന്നു .അവൾ അയാളുടെ മുഖത്തേക്കൊന്നു പാളിനോക്കി . കിടക്കയിൽ കൂർക്കംവലിച്ചുറങ്ങുന്ന ഭർത്താവിനോട് പതിയെ പറ്റിച്ചേർന്നു കിടന്നു . കുറച്ചു നേരമങ്ങിനെ കിടന്നെങ്കിലും മനസ്സ് വീണ്ടും പട്ടം കണക്കെ ഉയർന്നു പറക്കാൻ തുടങ്ങി ...
രണ്ടാം പറുദീസയുടെ വാതിൽക്കലെത്തുമ്പോൾ ശക്തമായൊരു കൂട്ട് തന്നെ വേണം .. ആവോളമാസ്വദിക്കാനും കൊടുമുടികളിൽ ഓടിക്കയറാനും കെൽപ്പുള്ളൊരു തുണ.രഘുവേട്ടന് ഈയിടെയായി എപ്പോഴും ദേഷ്യമാണ് , ബിസിനസ്സിന്റെ ചൂടും ചൂരും കൂർക്കം വലികളായി തന്റെ ശ്രവണ പുടങ്ങളിൽ അസ്വസ്ഥമായ പെരുമ്പറ മുഴക്കങ്ങളാവുന്നു.
എഴുന്നേറ്റു വായനാമുറി ലക്ഷ്യമാക്കി നടന്നു. ഈയിടെയായി അൽപ്പമാശ്വാസം ലഭിക്കുന്നത് വായനയിൽ മാത്രമാണ് .. വൈഷ്ണവി സ്മാരകശിലകളിൽ യാന്ത്രികമായി വിരലോടിച്ചു ...
ഒരുപാട് തവണ വായിച്ചുവെങ്കിലും ഏറെ പ്രിയപ്പെട്ടതാണവൾക്കത്.
ഒരുപാട് തവണ വായിച്ചുവെങ്കിലും ഏറെ പ്രിയപ്പെട്ടതാണവൾക്കത്.
ഖാൻ ബഹാദൂർ പൂക്കോയതങ്ങൾ...!
ഈയിടെയായി മനസ്സിൽ ആ രൂപം നിറഞ്ഞു നിൽക്കുന്നു .. രോമാവൃതമായ കൈത്തണ്ടയിലേക്ക് നോക്കുന്ന അലമേലു ഡോക്ടടെപ്പോലെ അവളുടെ മനസ്സും ശരീരവും വിറകൊള്ളാറുണ്ട് ..
ബുദ്ധനദ്രുമാൻ ഒരുക്കുന്ന കുതിരപ്പുറത്തേറി പാഞ്ഞു വരുന്ന തങ്ങളെ കാത്ത് കടപ്പുറത്തെ ഏതെങ്കിലുമൊരു കുടിലിൽ വൈഷ്ണവി കാത്തു നിൽക്കാറുണ്ട് ... നിദ്ര വിട്ടൊഴിയുമ്പോൾ ഒരു ചെറുപുഞ്ചിരി , അത്രമാത്രം...
ബുദ്ധനദ്രുമാൻ ഒരുക്കുന്ന കുതിരപ്പുറത്തേറി പാഞ്ഞു വരുന്ന തങ്ങളെ കാത്ത് കടപ്പുറത്തെ ഏതെങ്കിലുമൊരു കുടിലിൽ വൈഷ്ണവി കാത്തു നിൽക്കാറുണ്ട് ... നിദ്ര വിട്ടൊഴിയുമ്പോൾ ഒരു ചെറുപുഞ്ചിരി , അത്രമാത്രം...
"രഘുവേട്ടാ ... ഇന്നാണ് നമ്മുടെ വാർഷികം കുറച്ചു നേരത്തേ വരാൻ പറ്റ്വോ ..?"
സിഗരറ്റു പുകയുടെ ആവരണമുള്ള ആ മുഖത്തു നിന്നും അനുകൂലമറുപടി പ്രതീക്ഷിക്കാത്തതിനാൽ രൂക്ഷമായുള്ളനോട്ടം വൈഷ്ണവിയെ ഒട്ടും വേദനിപ്പിച്ചില്ല .. എങ്കിലും വൈകുന്നേരം പുതുവസ്ത്രമണിഞ്ഞ മനസ്സും ശരീരവും തന്റെ ചൊൽപ്പടിക്കു നിൽക്കാതെ തുടിക്കുമ്പോഴും നേരിയ ഒരു പ്രതീക്ഷയുണ്ടായിരുന്നു... സമയക്കുതിപ്പിൽ തന്റെ മനോരാജ്യങ്ങൾ തകർന്നടിയുന്നത് വേദനയോടെ വൈഷ്ണവി കണ്ടു.
വിരസതയോടെ കിടപ്പറയിൽ തലയിണയെ
പുണരുമ്പോൾ അകലെ നിന്നും ഒരു കുളമ്പടിനാദം കാതിൽ പതിഞ്ഞു ... അടുത്തു വരുന്ന ശബ്ദം അവളെ ഉൻമത്തയാക്കി .... തന്റെ മനസ്സിന്റെ വാതായനങ്ങൾ തുറന്ന് അവൾ പുറത്തിറങ്ങി .... കുതിര തനിച്ചാണ് ... അത് തന്നെ ക്ഷണിക്കുന്നു .. അവൾ മടിയോടെ അതിന്റെ പുറത്തേറി ... ഗോസായിക്കുന്നിറങ്ങി കുതിര ശരവേഗത്തിലോടി .വിശാലമായ തെങ്ങിൻ തോപ്പും കടന്ന് തെല്ലിട നിൽക്കാതെയുള്ള ഓട്ടം .

കൈ വിട്ട ഏത്തം കിണറ്റിൽ വീഴുന്ന ഉഗ്രശബ്ദം കുതിരയുടെ വേഗം കുറച്ചു. പള്ളിപ്പറമ്പ് എത്താറായിരിക്കുന്നു ... പുളിക്കൊമ്പിൽ തൂങ്ങിയാടുന്ന ബാപ്പുകണാരൻ അവളെ നോക്കിച്ചിരിച്ചു ... കുതിര നുരവന്ന് കിതച്ച് അതിന്റെ ഓട്ടം നിർത്തി ... ചന്ദനത്തിരിയുടെ ഗന്ധം അവളുടെ നാസികയെ പുണർന്നു ... തങ്ങളുടെ ഖബറിന്റെ തൊട്ടരുകിലായി അവളിരുന്നു ... ബലിഷ്ഠമായ കരങ്ങൾ അവളെപ്പുണർന്നു .അറയ്ക്കലമ്പലത്തിൽ നിന്നും ആണ്ടിമലയൻ കൊട്ടിക്കേറുന്നു. പതിന്നാലാം നമ്പ്ര് വിളക്കിന്റെ വെളിച്ചം മാത്രം ... അപ്പുറത്തെ മീസാൻ കല്ലുകളിൽ മൂടിക്കിടക്കുന്ന കാട്ടുപ്പൂക്കളുടെ ഗന്ധം അവളിൽ ഉൻമാദം ചൊരിഞ്ഞു .
തളർന്നുവീണ അവളുടെ നെറ്റിയിൽ മൃദുചുംബനമേൽക്കുമ്പോൾ ഇരുനാസികാദ്വാരത്തിലൊന്നിൽ ചന്ദനത്തിരിയുടെ സുഗന്ധത്തിനു പകരം സിഗരറ്റിന്റെ രൂക്ഷഗന്ധം നിറയാൻ തുടങ്ങി ...
അവസാനിച്ചു .
✍️ ശ്രീധർ.ആർ.എൻ
✍️ ശ്രീധർ.ആർ.എൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക