നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വിശ്വാസം.

Image may contain: 2 people, people smiling, people standing and beard
"മുത്തേ.. തിങ്കളാഴ്ച അമ്മയ്ക്ക് അത്യാവശ്യമായി ചെന്നൈക്ക് പോകണം ഒരു കോൺഫറൻസ് ഉണ്ട്.
ഒഴിയാൻ നോക്കിയതാ പക്ഷെ ഞാൻ പോയേ പറ്റുള്ളൂ..
അതാ..
നമ്മുടേം കൂടെ കമ്പനി അല്ലേ..
തേർസ്‌ഡേ ഉച്ചക്ക് തിരിച്ചെത്തും. പക്ഷെ അതുവരെ മോളിവിടെ ഒറ്റയ്ക്ക് നിന്നാൽ ശരിയാവില്ല.
ഞാൻ അച്ഛനോട് പറഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം അച്ഛൻ വരും മോളെ കൂട്ടാൻ.
കുറച്ചൂസം അവിടെ നിൽക്കു.
സാറ്റർഡേ ഈവെനിംഗ് ഞാൻ അങ്ങോട്ട്‌ വരാം. എന്നിട്ട് രണ്ടൂസം ഞാനും കൂടാം.
എന്ത് പറയുന്നു..?? "
"ആ അത് കൊള്ളാം. അപ്പൂപ്പന്റേം അമ്മൂമ്മേടേം കൂടെ അടിച്ചു പൊളിക്കാം രണ്ടൂസം.
പക്ഷെ അപ്പൂപ്പന് വയ്യല്ലോ അമ്മേ പിന്നെന്തിനാ ഇങ്ങോട്ട് വരാൻ പറഞ്ഞേ..
ഞാൻ അങ്ങോട്ട്‌ പൊയ്ക്കോളാം. വീട്ടിലേക്ക് പോകേണ്ട ബസ് എനിക്കറിയാലോ.
സ്റ്റാൻഡിലേക്ക് വരാൻ പറഞ്ഞാൽ മതി. പാവത്തിനെ ബുദ്ധിമുട്ടിക്കണ്ട.. "
"മോളൊറ്റയ്ക്ക്..? "
"രണ്ടു മണിക്കൂർ കഷ്ടിച്ചല്ലേ ഉള്ളൂ.. ഞാൻ പൊയ്ക്കോളാം അമ്മേ. പതിനഞ്ചു വയസ് കഴിഞ്ഞില്ലേ. ഇനിയെങ്കിലും ഒറ്റയ്ക്ക് പോയി പഠിക്കേണ്ടേ..? "
"ആ അത് ശരിയാ.. എന്നാ ഞാനച്ഛനോട് അങ്ങനെ പറയാം. "
നന്ദിനി ഫോണും എടുത്തു അച്ഛനെ വിളിക്കാൻ ചെന്നു.
നന്ദിനിയും മകൾ ദേവാംഗനയും സിറ്റിയിൽ ഒരു ഫ്ലാറ്റിലാണ് താമസം. മുത്ത് എന്നാണ് ദേവാംഗനയെ അവൾ വിളിക്കുന്നത്.
നന്ദിനിയും കൂട്ടുകാരി അലീനയും ചേർന്നു നടത്തുന്ന ബുട്ടിക്കും ടെക്സ്സ്റ്റൈൽസും ഇന്ന് നല്ല രീതിയിൽ പോകുന്നുണ്ട്.
ഇപ്പോൾ പുറം രാജ്യത്തേക്ക് അവരുടെ ഡിസൈനുകൾ എക്സ്പോർട്ട് ചെയ്യാനുള്ള പ്ലാൻ ഉണ്ട്.
അതിന്റെ കോൺഫറൻസ് ആണ് ചെന്നൈയിൽ. അത് ഓക്കേ ആയാൽ ബിസിനെസ്സിൽ കൂടുതൽ ലാഭം കിട്ടും.
അലീനയും നന്ദിനിയും ആണ് മീറ്റിംഗിന് പോകുന്നത്.
അവിടെ വച്ചവർക്ക് ഇഷ്ടപെടുന്ന രീതിയിൽ അവർ പറയുന്നത് ഡിസൈൻ ചെയ്തു കാണിക്കണം.
അച്ഛനോട് മുത്ത് ബസിന് വന്നോളാമെന്നും അപ്പോഴേക്കും ബസ് സ്റ്റാൻഡിൽ എത്തണമെന്നും ശട്ടം കെട്ടി.
രാത്രി ആയപ്പോൾ മുത്തിന്റെ ഫോണിൽ നിന്നൊരു മെസ്സേജ് പോയി.
അമ്മ പോകുന്ന കാര്യത്തെ പറ്റിയും അപ്പൂപ്പന്റെ വീട്ടിൽ ഒരാഴ്ച നിൽക്കുന്നതിനെ പറ്റിയും അവൾ അതിൽ വിശദീകരിച്ചു.
തിങ്കളാഴ്ച കാണാമെന്ന ഉറപ്പോടെ ആ ചാറ്റ് അവർ അവസാനിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ നന്ദിനി മകളെ കുത്തിയെഴുനേൽപ്പിച്ചു.
പത്തുമണി കഴിയുമ്പോൾ വീട്ടിൽ നിന്നിറങ്ങാൻ പറഞ്ഞു.
ഇടയ്ക്ക് വിളിക്കാനും അവൾ ഓർമ്മപ്പെടുത്തി. എന്നിട്ട് മകളുടെ നെറ്റിയിൽ സ്നേഹചുംബനം നൽകി യാത്ര പറഞ്ഞു.
അമ്മയോട് താൻ ചെയ്യുന്നത് തെറ്റാണെന്ന ബോധ്യം അവളുടെ കണ്ണിൽ നനവ് പടർത്തി.
തലേന്ന് ഒരുക്കി വച്ച ബാഗ് ഒന്നുകൂടി പരിശോധിച്ചു തൃപ്തിപ്പെട്ടവൾ പോകാനുള്ള ഒരുക്കം തുടങ്ങി.
ബസ് സ്റ്റാന്റിലെത്തി ബസ് കയറിയെന്നു അമ്മയെ വിളിച്ചു പറഞ്ഞവൾ ബസിൽ കയറാതെ ആരെയോ കാത്തു നിന്നു.
കുറച്ചു കഴിഞ്ഞപ്പോൾ ഒരു ബുള്ളറ്റ് വന്നവർക്കുമുന്നിൽ നിന്നു.
ഹെൽമെറ്റ്‌ ധരിച്ചു വന്ന അവൻ അതഴിച്ചു വണ്ടിയിൽ കയറാൻ അവളോട്‌ പറഞ്ഞു.
"ബുള്ളറ്റ് ആണോ..? ഞാൻ കരുതി കാർ ആയിരിക്കുമെന്ന്.. "
"കാർ വേണോ..?? എന്നാ ഞാൻ പോയെടുത്തിട്ട് വരാം.. "
"അത് വേണ്ട മനൂട്ടാ .. ബുള്ളറ്റിൽ പോകാൻ കുറെ നാളായി കൊതിക്കുന്നു.
അപ്പൊ വേഗം വണ്ടി വിടളിയോ.. "
അവൾ അവനെ ചേർന്നിരുന്നു..
അപരിചിതമായ വഴികൾ താണ്ടി ബുള്ളറ്റ് കുതിച്ചു പാഞ്ഞു.
ഇടയ്ക്കിടെ വന്ന അമ്മയുടെ കാൾ ഒഴിച്ചാൽ അവളാ യാത്ര ഒത്തിരി ആസ്വദിച്ചു.
ഉച്ചയോട് അടുത്തപ്പോ ബുള്ളറ്റ് വലിയൊരു ഗെറ്റ് കടന്നു പഴമ നിറഞ്ഞൊരു വീടിനു മുന്നിൽ കിതച്ചു നിന്നു..
കണ്ണുകൾ നിറയെ അവളാ വീടിനെ നോക്കി നിന്നു..
**************************************
വ്യായാഴ്ച് ഉച്ചയോടെയാണ് നന്ദിനി ചെന്നൈയിൽ നിന്നെത്തിയത്.
വീട്ടിലേക്കു വിളിച്ചു വിശേഷങ്ങൾ അന്വേഷിച്ചു.
മകളെ ചോദിച്ചപ്പോൾ ഉറക്കമെന്നു പറഞ്ഞു.
വൈകുന്നേരം ആയപ്പോൾ മുത്തിന്റെ ഫോണിലേക്ക് വിളിച്ചു വിശേഷം ചോദിച്ചു.
രണ്ടോ മൂന്നോ വാക്കിനപ്പുറം മിണ്ടാൻ അവൾക്കു താൽപര്യക്കുറവ് പോലെ തോന്നി.
ശനിയാഴ്ച വരെ എന്നെയൊന്നു ഡിസ്റ്റർബ് ചെയ്യല്ലേ അമ്മേ എന്ന് പറഞ്ഞപ്പോൾ വല്ലാത്തൊരു സങ്കടം നന്ദിനിക്ക് തോന്നി.
ശനിയാഴ്ച ഉച്ചയോടെ സ്വന്തം വീട്ടിലേക്കവൾ യാത്ര തിരിച്ചു.
വീട്ടിലെത്തിയപ്പോൾ കണ്ടു ഉമ്മറത്തു വഴി കണ്ണുമായി മുത്ത് ഇരിക്കുന്നത്.
കണ്ടപാടെ ഓടിവന്നു കെട്ടിപ്പിടിച്ചപ്പോൾ അതുവരെ തോന്നിയ സങ്കടവും ദേഷ്യവുമെല്ലാം എങ്ങോ മാഞ്ഞുപോയി..
രാത്രിയിൽ അമ്മയുടെയും അച്ഛന്റെയും ആ പഴയ നന്ദിനി കുട്ടി ആയി.
പിറ്റേന്ന് വൈകുന്നേരം അവിടുന്നിറങ്ങാൻ മനസ് വന്നില്ല എങ്കിലും പോകാതിരിക്കാൻ അവൾക്കായില്ല.
മുത്തിനും അതേ സങ്കടം ആയിരുന്നു. വീട്ടിലെത്തിയപ്പാടെ അവൾ അമ്മയുടെ മടിയിൽ തലവച്ചു കിടന്നു..
"മുത്തിന് അമ്മോട് എന്തേലും പറയാനുണ്ടോ..?? "
"അമ്മാ.. ഞാൻ ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ..?? "
"ന്താടാ അമ്മേടെ മുത്ത് ചോദിക്ക്..?? "
"അമ്മയ്ക്കിപ്പോഴും അച്ഛയോട് വെറുപ്പാണോ..? "
ആ ചോദ്യം കേട്ടപ്പോൾ ഞെട്ടലോടെയാണ് നന്ദിനി മോളെ നോക്കിയത്.
അവളുടെ അച്ഛന്റെ പേരോ ഫോട്ടോയോ ഒന്നും ഒരിക്കലും താനവളെ അറിയിച്ചിരുന്നില്ല പക്ഷെ...
"അമ്മ ന്തേ മിണ്ടാത്തൂ.. "
"നിനക്ക് നിനക്കറിയാവോ..?? "
"ആരെ മനൂട്ടനെയോ..? "
ആശ്ചര്യത്തോടെ മകളുടെ മുഖത്തേക്ക് അവൾ നോക്കി.
അവൾ മടിയിൽ നിന്നെഴുന്നേറ്റ് അമ്മയ്ക്ക് അഭിമുഖമായി നിന്നു.
"ഞാൻ എപ്പഴും അച്ഛന്റെ കാര്യം പറഞ്ഞു വഴക്കിടുമായിരുന്നില്ലേ..
അങ്ങനൊരു ദിവസം അമ്മൂമ്മയാ അച്ഛന്റെ ഫോട്ടോ കാണിച്ചു തന്നത്. പേര് ' മനു പ്രസാദ്' ആണെന്നും പറഞ്ഞത്.
പ്രണയിച്ചു വിവാഹം കഴിച്ച നന്ദിനിയും മനുവും ചെറിയ ചെറിയ പിണക്കങ്ങൾ വലുതാക്കിയാണ് പിരിഞ്ഞതെന്നും.
പരസ്പരം ഒന്നും തുറന്നു പറയാതെ ഈഗോ പിടിച്ചു നടന്നു.
ഇത്രയും ഞാനറിഞ്ഞിട്ട് ഒന്ന് രണ്ടു വർഷമായി അമ്മേ..
അതിനു ശേഷം ഞാനമ്മയോട് അച്ഛനെ പറ്റി ഒന്നും ചോദിക്കാൻ വന്നിട്ടില്ല...
കഴിഞ്ഞ വർഷം മാളിൽ വച്ച് അച്ഛനുമായി അമ്മ കൂട്ടിയിടിച്ചതും അമ്മ അച്ഛനോട് ദേഷ്യപ്പെട്ടതും ഓർക്കുന്നുണ്ടോ..? "
നന്ദിനി അപ്പോഴാണ് അതിനെ കുറിച്ചു വീണ്ടും ഓർത്തത്.
അലീനയുടെ കുഞ്ഞിന്റെ പിറന്നാൾ ആഘോഷം മാളിലെ പാർട്ടി ഹാളിൽ വച്ചു നടന്നതും,
അവിടുന്നിറങ്ങി വരുമ്പോൾ മനുവിനെ ഇടിച്ചതും അവളോർത്തു.
"കണ്ണ് കാണില്ലെടോ.. "
നന്ദിനി തിരിഞ്ഞു നോക്കി കൊണ്ടു പറഞ്ഞതും മുന്നിൽ നിൽക്കുന്ന ആളേ കണ്ടപ്പോൾ അനങ്ങാനാവാതെ നിന്നു പോയി..
"അമ്മ.. സാരല്ല അറിയാതെ ഇടിച്ചതല്ലേ.. വാ.. "
മുത്ത് നന്ദിനിയുടെ കൈയും പിടിച്ചു അവിടുന്ന് ഇറങ്ങി.
എന്നാൽ മനുവിനെ കണ്ട ഷോക്കിൽ തന്നെയായിരുന്നു നന്ദിനി.
രണ്ടു ദിവസമെടുത്തു അതിൽ നിന്നും മനസിനെ തിരികെ കൊണ്ടുവരാൻ.
"അമ്മ അന്നത്തെ കാര്യം ഓർത്തതാണോ..? "
മുത്തിന്റെ ചോദ്യം കേട്ടപ്പോഴാണ് അവൾ ആലോചനയിൽ നിന്നും തിരിച്ചു വന്നത്.
"ബാക്കി പറ.. "
അമ്മയുടെ സ്വരത്തിലെ തിടുക്കം എന്തുകൊണ്ടോ അവൾക്ക് സന്തോഷമേകി.
"അന്നെനിക്ക് മനസിലായി എന്റെ അച്ഛനാണ് അതെന്ന്.
അത് കഴിഞ്ഞു ഒരു ദിവസം ഞാനും ഫ്രണ്ട്സും ബീച്ചിൽ പോയില്ലേ അന്ന് വീണ്ടും അച്ഛനെ കണ്ടു. "
അവളാ ദിവസം ഓർത്തു നോക്കി..
കൂട്ടുകാരുടെ കൂടെ കഥ പറഞ്ഞും തല്ലു പിടിച്ചും ദേവാംഗന നടന്നു.
ആരോ തന്നെ തന്നെ ശ്രദ്ധിക്കുന്ന പോലെ തോന്നി സൈഡിലേക്ക് നോക്കിയപ്പോൾ കണ്ടു മകളെ കണ്ണുനിറച്ചു കാണുന്ന അച്ഛനെ.
അവൾ കണ്ടെന്നു മനസിലാക്കിയപ്പോൾ അയാൾ തിരിഞ്ഞു നടക്കാനൊരുങ്ങി..
"അച്ഛേ.. "
അവളുടെ വിളി കേട്ടപ്പോൾ ഞെട്ടി തിരിഞ്ഞു നോക്കി.
അവളോടി വന്നു അച്ഛനെ കെട്ടിപിടിച്ചു.
"മുത്തിനെ കണ്ടിട്ടെന്താ മിണ്ടാതെ പോകുന്നെ..? "
"അച്ഛെടെ മുത്തേ.. സോറി മോളെ.. മോൾക്കെന്നെ അറിയില്ലെങ്കിലോ ന്ന് കരുതി.
ഞാൻ കാരണം എന്റെ കുഞ്ഞു വിഷമിക്കരുതെന്ന് കരുതി. അതാ.. "
അവളുടെ മൂർദ്ധാവിൽ അയാൾ ചുംബിച്ചു.
കൂട്ടുകാർക്കൊക്കെ ആവേശത്തോടെ അച്ഛനെ പരിചയപ്പെടുത്തി.
അമ്മയെ അറിയിക്കരുതെന്ന് പ്രോമിസ് എല്ലാരോടും വാങ്ങി.
നമ്മുടെ എല്ലാ കാര്യങ്ങളും അപ്ഡേറ്റ് ആയി അച്ഛൻ അറിയുന്നുണ്ട്. മുന്നിൽ വരാറില്ലെന്നേ ഉള്ളൂ..
ഓരോ പിറന്നാളിനും ആരുടേലും കൈയിൽ നമുക്കുള്ള ഗിഫ്റ്റ് കൊടുക്കാറുണ്ട്.
പക്ഷെ നമ്മുക്ക് തന്നെ അറിയില്ലല്ലോ.. അങ്ങനെ എല്ലാ കാര്യങ്ങളും അച്ഛൻ ഷെയർ ചെയ്തു .
അതിനു ശേഷം മെസ്സേജ് അയക്കും ഇടയ്ക്ക് വിളിക്കും.
അമ്മയ്ക്ക് ഇഷ്ടവാതോണ്ട പറയാഞ്ഞേ..
സോറി അമ്മ...
അമ്മ പേടിക്കണ്ട അമ്മേ വിട്ട് ഞാനെങ്ങോട്ടും പോകില്ല. അമ്മ കഴിഞ്ഞേ എനിക്ക് വേറാരും ഉള്ളൂ.. "
അവൾ പറഞ്ഞു നിർത്തിയിട്ടും ഒന്നും മിണ്ടാനാവാതെ നന്ദിനി നിന്നു.
"അമ്മയ്ക്ക് ഇപ്പോഴും അച്ഛനോട് ദേഷ്യാ..? "
"മോള് പോയി കുളിച്ചു കിടന്നോ. എനിക്കിത്തിരി പണിയുണ്ട്. "
ചോദ്യങ്ങളിൽ നിന്നൊരു ഒളിച്ചോട്ടം
പിന്നൊന്നും പറയാതെ മുത്ത് തന്റെ മുറിയിലേക്ക് ചെന്നു.
"മനൂട്ടാ അമ്മ ഇടഞ്ഞു തന്നെയാ.. "
"സാരല്ലമ്മൂ.. അച്ഛെടെ മുത്ത് വിഷമിക്കണ്ട.. എല്ലാം ശരിയാവും ഒറങ്ങിക്കോ... ഉമ്മ.. "
മുത്ത് ഉറക്കത്തിലേക്ക് വീണു.
പിന്നീടുള്ള രണ്ടു ദിവസം ആവശ്യത്തിന് മാത്രമേ മുത്ത് നന്ദിനിയോട് മിണ്ടിയുള്ളൂ...
അവളുടെ അകൽച്ച നന്ദിനിയെ വേദനിപ്പിച്ചു...
അന്ന് രാത്രി മകളെയും കൂട്ടി ബാൽക്കണിയിൽ ചെന്നിരുന്നു..
"നിനക്കമ്മയോട് ദേഷ്യമാണോ..? "
"ഇല്ലാ.. "
"നിന്റെ അച്ഛനെ ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നു പക്ഷെ.... അവസാനം അച്ഛനെന്നോട് ചതി കാണിച്ചു... "
"രോഹിണി... അതാണോ അച്ഛൻ കാണിച്ച ചതി..?? "
"നിനക്കറിയാമോ ഇതൊക്കെ.. "
"അറിയാം.. ചെറിയമ്മ തന്നെയാ എന്നോടിത് പറഞ്ഞേ.. "
"ചെറിയമ്മ..?? "
"ആ രോഹിണി ചെറിയമ്മ.. എന്നുവച്ചാൽ അച്ഛന്റെ ഇരട്ട സഹോദരൻ ശിവപ്രസാദിന്റെ ഭാര്യ.. "
നിനക്കവരെയൊക്കെ എങ്ങനെ അറിയാം..?? "
"അമ്മയോട് പറയാതെ ഞാനൊരു തെറ്റ് ചെയ്തു.
അപ്പൂപ്പന്റെ അടുത്തേക്കെന്നും പറഞ്ഞു ഞാൻ ആദ്യം പോയത് കൃഷ്ണമംഗലത്തു ആണ്..
എന്റെ അച്ഛനും അമ്മയും പരസ്പരം സ്നേഹിച്ചു നടന്ന വീട്ടിലേക്ക്.
മനൂട്ടന്റെ കൂടെ അവിടെ പോയപ്പോൾ എല്ലാവരും കാത്തിരിക്കുന്നുണ്ടായിരുന്നു.
കല്യാണിയമ്മ മരുമോളും കൂടെ കാണുമെന്ന പ്രതീക്ഷയിൽ ആയിരുന്നു.
അച്ഛച്ചനും ഉണ്ടായിരുന്നു കൂടെ . എന്നെ കണ്ടപ്പോൾ എന്താ ഏതാ ചെയ്യേണ്ടെന്ന് അറിയാതെ നില്ക്കാ രണ്ടും.
നങ്ങേലി മുത്തശ്ശി ഇപ്പഴും ഉണ്ട്. കൈയൊക്കെ ചുക്കി ചുളിഞ്ഞു. പക്ഷെ ആ ചിരി... എന്ത് ഭംഗിയാണെന്ന് അറിയുമോ...??
നങ്ങേലി കുട്ടീന്ന് വിളിച്ചപ്പോ അവരുടെ കണ്ണ് നിറഞ്ഞു.
നന്ദുമോൾ അങ്ങനെയാ വിളിക്കുന്നെ എന്ന് പറഞ്ഞു കുറെ കരഞ്ഞു.
മരിക്കുന്നെന് മുന്നേ ഒരു വട്ടം കാണണമെന്നൊക്കെ പറഞ്ഞു. പാവം.
പിന്നെ ചെറിയച്ഛനേം ചെറിയമ്മയേം അവരുടെ മക്കൾ ആരോമലിനെയും ആർച്ചയെയും കണ്ടു.
അമ്മേടെ ഇഷ്ട്ട വിഭവങ്ങൾ ഒക്കെ ഉണ്ടായിരുന്നു ഊണിന്. ഓഹ് കല്യാണിയമ്മേടെ കൈപ്പുണ്യം ഒരു രക്ഷയുമില്ല..
ഊണ് കഴിഞ്ഞിട്ട് മനൂട്ടനേം കെട്ടിപിടിച്ചു നമ്മുടെ മുറിയിൽ കിടന്നു.
അവിടെ നിറച്ചും നമ്മുടെ ഫോട്ടോസ് മാത്രെ ഉള്ളൂ..
കല്യാണഫോട്ടോ നിറവയറുമായി അമ്മയും കൂടെ അച്ഛനും ഉള്ള ഫോട്ടോ.
ഞാൻ ജനിച്ചപ്പോൾ എടുത്തത് തുടങ്ങി ദാ എന്റെ പതിനഞ്ചാം പിറന്നാളിനെടുത്ത ഫോട്ടോ വരെ ഉണ്ട് ഫ്രെയിം ചെയ്തിട്ട്..
പിന്നെ അവിടുന്ന് പൊരുന്നേനു മുന്നേ അമ്മ ഉപയോഗിച്ച എല്ലാ സാധനങ്ങളും ആ മുറിയിൽ ഉണ്ട്. അമ്മയെ പ്രതീക്ഷിച്ചെന്ന പോലെ..
വൈകിട്ട് നാടുമുഴുവൻ മനൂട്ടന്റെ കൂടെ സൈക്കിളിൽ കയറി കറങ്ങി.
രാത്രി ആയപ്പൊളേക്കും സീത ചിറ്റ വന്നു.
മക്കളും കെട്ട്യോനും ഒക്കെ ഉണ്ടായിരുന്നു കൂടെ.
പിറ്റേന്ന് വൈകുന്നേരം വരെ എന്നെ എല്ലാരും കൂടെ സ്നേഹിച്ചു കൊന്നു.
രോഹിണി ചെറിയമ്മ അമ്മയോട് മാപ്പ് ചോദിക്കാൻ പറഞ്ഞു.
അറിയാതെ ആണെങ്കിലും അവരും ഒരു കാരണമല്ലേ നിങ്ങൾ രണ്ടും അകലാൻ.
ഇപ്പോഴും ആ ഒരു സങ്കടം അവർക്കുണ്ട്.
അപ്പൂപ്പനും അമ്മൂമ്മയ്ക്കും അറിയാരുന്നു പോയത്.
അവരും എതിർത്തില്ല. പക്ഷെ ഇനി ഞാനങ്ങോട്ടു പോകുന്നേൽ എന്റെ കൂടെ അമ്മ കാണും.
നിങ്ങൾ തമ്മിൽ സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ നിങ്ങൾക്കിടയിലുള്ളൂ..
അമ്മയ്ക്ക് സമ്മതാണേൽ ഞായറാഴ്ച മനൂട്ടൻ ഇങ്ങോട്ട് വരും.. മനസ്സ് തുറന്നൊന്നു സംസാരിക്ക്.. "
"എല്ലാം നീ തീരുമാനിച്ച പോലെ നടക്കണമെന്നില്ല മുത്തേ..
എന്നോട് പറയാതെ നീയെവിടെ പോയി ഒരു ദിവസം നിന്നത് പോലും തെറ്റാണ്.
എന്നിട്ടിപ്പോ എന്നെ ഉപദേശിക്കുന്നോ..?
ഇനി നീ അയാളെ വിളിച്ചാൽ പിന്നെ നീയെന്നെ കാണില്ല.. "
"അമ്മ.. ഞാൻ എന്റെ അഭിപ്രായം പറഞ്ഞൂന്നേ ഉള്ളൂ.. ഞാനിനി ആരേം വിളിക്കുന്നില്ല. ദാ എന്റെ ഫോൺ. ഇതമ്മ കൈയിൽ വച്ചോ..
എനിക്കാരേം തോൽപ്പിക്കണ്ട.. "
ഫോൺ അവളുടെ കൈയിൽ കൊടുത്തു നിറഞ്ഞ കണ്ണുകളോടെ മുത്ത് മുറിയിലേക്ക് ചെന്നു.
അപ്പോളാണ് നന്ദിനിയുടെ കൈയിൽ നിന്ന് ആ ഫോൺ ബെൽ അടിച്ചത്.
നന്ദിനി അത് കാതോട് ചേർത്തു.
"മുത്തേ... അച്ഛന് വേണ്ടി അമ്മയോട് വഴക്ക് കൂടല്ലേട്ടോ..
അവളൊരിക്കലും എന്നെ അക്‌സെപ്റ് ചെയ്യില്ല. ഏയ്യ്.. "
മറുതലക്കൽ മറുപടി കിട്ടാഞ്ഞത് കൊണ്ട് ഒന്ന് രണ്ടു തവണ മുത്തിനെ വിളിച്ചു.
മനുവിന് മനസിലായി അത് നന്ദു ആണെന്ന്.
"നന്ദു.. സോറി.. മോൾക്ക്‌ വീടൊക്കെ കാണണം എന്ന് പറഞ്ഞപ്പോൾ..
പിന്നെ എന്റെ സ്വാർത്ഥത കൂടി ആയി..
അവളെ അടുത്ത് കിട്ടീട്ടില്ലല്ലോ അതാ.. പക്ഷെ അവൾ കൂടെ ഉണ്ടായ ആ ഒരു ദിവസം അത് മതി എനിക്കീ ജന്മം മുഴുവൻ ഓർക്കാൻ.
ഇനി ഞാനൊരു ശല്യമായി വരില്ല നിന്റെ മുന്നിലും അവളുടെ മുന്നിലും.. "
ഫോൺ കട്ടായിട്ടും കുറെ നേരം ചെവിയിൽ തന്നെ വച്ചു..
പിന്നെ എന്തോ ഓർത്ത പോലെ അലീനയെ വിളിച്ചു.
മനസിലെ ഭാരം തീർക്കാനെന്നപോലെ..
മുത്ത് പറഞ്ഞതൊക്കെ അവളോട്‌ പറഞ്ഞു. അവളിൽ നിന്ന് പിന്നെയും പലകാര്യങ്ങളും അറിഞ്ഞു.
രോഹിണിയെയും ശിവയേയും ഒരുമിച്ച് കണ്ടവരുണ്ട്.
ശിവയ്ക്ക് വേണ്ടി രോഹിണീടെ വീട്ടിൽ പോയി ബഹളം വച്ച മനുവിനെ കണ്ടവരുമുണ്ട്.
ഗർഭിണി അല്ലേ എല്ലാം കലങ്ങി തെളിഞ്ഞിട്ട് പറയാം എന്ന് കരുതി ഒന്നും പറയാതിരുന്നത് തെറ്റായെന്ന് ഓർത്തു പശ്ചാത്തപിക്കുന്ന മനുവിന്റെ മനസും.
അവനെല്ലാം പറയാൻ വന്നിട്ടും ഒന്നും കേൾക്കില്ലെന്ന് വാശി പിടിച്ച നന്ദുവും.
പിന്നീട് ആരൊക്കെ മനുവിനെ കുറിച്ചു സംസാരിച്ചാലും കേൾക്കാതെ മാറി നടക്കുന്ന നന്ദുവിന്റെ ഈഗോയെ പറ്റിയും അലീന പറഞ്ഞപ്പോൾ ഉത്തരം ഉണ്ടായിരുന്നില്ല.
പ്രണയിച്ചു ജീവന്റെ പതിയാക്കിയവൻ ചതിച്ചെന്ന തോന്നൽ, ഒരിക്കലും അവന്റെ ഭാഗം കേൾക്കാൻ തയ്യാറാവാത്ത മനസിന്റെ കാരണം അതായിരുന്നു.
കാലങ്ങൾ കഴിഞ്ഞപ്പോൾ അവനെ തോൽപ്പിച്ച അഹങ്കാരം ആയിരുന്നു. അവനില്ലേലും ഞാൻ ജീവിക്കും എന്ന അഹങ്കാരം. പക്ഷെ ആ മനുഷ്യൻ ഇപ്പോഴും തന്റെ വരവിനായി കാത്തു നിൽക്കുന്നു.
എല്ലാം മനസ്സിലാവാൻ മകള് തന്നെ വേണ്ടി വന്നു.
മുത്തിന്റെ മുറിയിൽ ചെന്നപ്പോൾ അവൾ കമഴ്ന്നു കിടപ്പായിരുന്നു. കരയുകയാണെന്ന് മനസിലായി.
"മുത്തേ... ദാ ഫോൺ.. നിന്റെ മനൂട്ടനെ വിളിച്ചു പറ ഞായറാഴ്ച വരാൻ..
ഇഷ്ടമുള്ള ബിരിയാണി നന്ദു ഇണ്ടാക്കി വെക്കാമെന്ന് പറ. "
അത് കേട്ടതും ചാടി എഴുന്നേറ്റു അമ്മയെത്തന്നെ നോക്കി..
എന്നിട്ട് ഫോൺ പിടിച്ചു വാങ്ങി അച്ഛനെ വിളിച്ചു.
ഒറ്റ ശ്വാസത്തിൽ എല്ലാം പറഞ്ഞപ്പോൾ മറുവശത്തും അവിശ്വസനീയതയോടെ നിൽപ്പുണ്ടായിരുന്നു ഒരാൾ..
നഷ്ടപ്പെട്ടുപോയ പതിനഞ്ചു വർഷങ്ങളെ തിരികെ പിടിക്കാനുള്ള മനസോടെ മൂവരും ഞായറാഴ്ചയ്ക്ക് വേണ്ടി കാത്തിരുന്നു..

By Chethana Rajeesh  @ Nallezhuth FB Group

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot