
"ദേവ്, നീ ഒന്ന് ചെന്ന് സംസാരിക്കു…...അല്ലെങ്കിൽ ഞാൻ പറഞ്ഞു പഠിപ്പിച്ചിട്ടാണ് നീ ഇങ്ങനെ പെരുമാറുന്നതെന്ന് വിചാരിക്കില്ലേ?" ഫ്രൈഡ് റൈസിനുള്ള അരി കുക്കറിൽ വയ്ക്കുന്നതിനിടയിൽ ദിവ്യ പിന്നോട്ട് നോക്കി അവർ രണ്ടുപേരും കേൾക്കാൻ മാത്രം ശബ്ദം താഴ്ത്തി ഒന്ന് കൂടി പറഞ്ഞു..
മൂന്നാമത്തെ തവണയാണ് ദിവ്യ ഇതു ദേവിനോട് പറയുന്നത്..... കിച്ചണിലെ കോഫി ടേബിളിൽ മറ്റൊന്നും ശ്രദ്ധിക്കാത്ത മട്ടിൽ സൂക്ഷമായി ക്യാരറ്റ് ചെറിയ കഷണങ്ങൾ ആക്കി കൊണ്ടിരുന്ന ദേവ് അവസാനം വാ തുറന്നു... ..നിസ്സഹായതയോടെ പറഞ്ഞു..
"എനിക്ക് തോന്നുന്നില്ല അമ്മ"…പിന്നെ ഒന്ന് തലതിരിച്ചു സ്വീകരണ മുറിയിലേക്ക് ഒന്ന് പാളി നോക്കി ഒട്ടും താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു "എന്ത് വേണമെങ്കിലും വിചാരിച്ചോട്ടെ..."
ഇനി പറഞ്ഞിട്ടുമൊരു കാര്യമില്ലന്നു ദിവ്യക്കു തോന്നി… മനസ്സിനിഷ്ടമില്ലാത്ത ഒരു കാര്യവും ചെയ്യണ്ട എന്ന് ദിവ്യയാണ് അവനു പഠിപ്പിച്ചു കൊടുത്ത്, ആരൊക്കെ എന്തൊക്കെ പറഞ്ഞു നിർബദ്ധച്ചാൽ കൂടി... ..അതിനി മാറ്റി പറയാൻ പറ്റില്ല.
ശാന്തമ്മ തൂക്കലും തുടക്കലും ഒക്കെ കഴിഞ്ഞു അടുക്കളയിൽ എത്തിയപ്പോൾ ഫ്രൈഡ്റൈസ് ഉണ്ടാക്കാനുള്ള ബാക്കി ജോലികൾ അവരെ ഏൽപ്പിച്ചു ദിവ്യ കുളിച്ചു റെഡിയാകാൻ മുറിയിലേക്ക് പോയി….സ്വീകരണ മുറിയിലെ അതിഥിക്ക് നാരങ്ങാ വെള്ളം ഉണ്ടാക്കാൻ കൂടി പറഞ്ഞേൽപ്പിച്ചിട്ടു…
ശനിയാഴ്ച ദിവസം ദിവ്യക്കു തിരക്കു കൂടുതലാണ്….അവർ ജോലി ചെയ്യുന്ന നഗരത്തിലെ എൻട്രൻസ് കോച്ചിങ് സെന്ററിൽ നാല് ബാച്ചുകൾ ക്ലാസ്സെടുക്കാനുണ്ട്..
ഡ്രസ്സ്ചെയ്തു വന്നപ്പോഴേക്കും ദേവ് ഒരു ബൗളിൽ ഫ്രൈഡ്റൈസുമായി ദിവ്യയുടെ പുറകെ കൂടി...പ്രിപ്പറേഷൻ നോട്സും അവർക്ക് കൊണ്ട് പോകാനുള്ള പ്രിന്റൗട്സ് മൊക്കെ എടുക്കുന്ന തിരക്കിലും കുറച്ചു സ്പൂണുകൾ അവളുടെ വായിൽ വച്ചുകൊടുത്തു..സ്വീകരണ മുറിയിലെ അതിഥി അതൊക്കെ കണ്ടുകൊണ്ടു എന്നാൽ കണ്ടില്ലെന്നു നടിച്ചു ദിവ്യയുടെ ഇളയ മകളോടൊപ്പം അയാളുടെ ടാബ്ലെറ്റിൽ ഗെയിം കളിച്ചുകൊണ്ടിരുന്നു. അയാൾ കുട്ടികൾക്കായി കൊണ്ടുവന്ന പായ്ക്കറ്റുകൾ ഒരു അരികിൽ ആരാലും ശ്രദ്ധിക്കാതെ കിടന്നു......
ദിവ്യ മകനോടും മകളോടും ശാന്തമ്മയോടും യാത്ര പറഞ്ഞു തിടുക്കപ്പെട്ടിറങ്ങി..ദേവ് ഫ്രൈഡ് റൈസ് ഒരു ചെറിയ ടിഫിൻ ബോക്സിൽ ആക്കി ദിവ്യയുടെ ബാഗിൽ വച്ചിട്ട് പറഞ്ഞു..
"അമ്മ, ഇന്നാണ് ഓപ്പൺ ഹൌസ് ...ഞാൻ പറഞ്ഞിട്ടുണ്ട് ടീച്ചറിനോട് അമ്മക്ക് വരാൻ പറ്റില്ലെന്ന്… ബ്രേക്ക് ടൈമിൽ ഒന്ന് വിളിച്ചാൽ മതി…."
ദിവ്യ മറവിയെ ശപിച്ചു ലിഫ്റ്റിന് കാത്തു നിൽക്കാതെ പടിക്കെട്ടിറങ്ങി പോയി..
ടീച്ചറിന് ദേവിനെയും ദിവ്യയെയും പിന്നെ അവരുടെ കാര്യങ്ങളും നന്നായി അറിയുന്നത് കൊണ്ട് പി ടി എ മീറ്റിംഗിന് വരണമെന്ന് ഒരിക്കലും നിർബന്ധം പറഞ്ഞിട്ടില്ല..അവന്റെ പഠന കാര്യങ്ങളിൽ ദിവ്യക്കോ അധ്യാപകർക്കോ നല്ലതല്ലാത്ത ഒന്നും പറയാനില്ല .. കഴിഞ്ഞ തവണ ക്ലാസ് ടീച്ചർ കണ്ടപ്പോൾ പറഞ്ഞത് ഇ ങ്ങനെയാണ്
"അവനെ കുറിച്ച് ഒന്നും ഞങ്ങൾക്ക് പറയാനില്ല …..ഇത്രയും മെചുർഡ് ആയ ഒരു കുട്ടിയെ ഈ പ്രായത്തിനിടയിൽ ഞാൻ കണ്ടിട്ടില്ല….പതിമൂന്നു വയസ്സിൽ അവൻ മുപ്പതു വയസ്സുള്ളതു പോലെയാണ് അവൻ പെരുമാറുന്നത്..എല്ലാം കണ്ടറിഞ്ഞു ചെയ്തോളും..ദിവ്യയുടെ ഭാഗ്യമാണ് അവൻ "
അതെ, വലിയ ഭാഗ്യമാണ് ദിവ്യയ്ക്ക് അത് നല്ല ബോധ്യമുണ്ട്...ജീവിതത്തിലെ നിനച്ചിരിക്കാതെ സംഭവിച്ച വലിയ ഒരു ദൗർഭാഗ്യം രൂപപ്പെടുത്തി എടുത്ത ഭാഗ്യം...
ദേവ് എന്ന എട്ടാം ക്ലാസ്സുകാരൻ ഒരു ഗൃഹനാഥനെപ്പോലെ അല്ലെങ്കിലതിനേക്കാൾ ഉത്തരവാദിത്തവും പക്വ്വതയും കാണിക്കുന്നുണ്ട്.. ചിലതൊക്കെ സാഹചര്യങ്ങൾ അവനെ പഠിപ്പിച്ചതും ചിലതൊക്കെ സ്വയം മനസ്സിലാക്കി ചെയ്യുന്നതുമാണ് ...
അവർ ഒറ്റക്കായി ശേഷം, ദിവ്യക്കു അവന്റെ അച്ഛൻ ചെയ്തിരുന്ന പോലെ ഒരിക്കലും കുടിച്ച ചായ കോപ്പുകൾ വീടിന്റെ പല മൂലകളിൽ നിന്നും ഒരിക്കലും പെറുക്കി എടുക്കേണ്ടി വന്നിട്ടില്ല..മുഷിഞ്ഞ തുണികൾ അന്വേഷിച്ചു റൂമുകൾ തോറും കയറി ഇറങ്ങേണ്ടി വരുന്നില്ല..അതൊക്കെ കൃത്യമായി മെഷീനിൽ അലക്കുകയും ഉണങ്ങിയവ കബോർഡിൽ മടക്കിവയ്ക്കുകയും ചെയ്തിരുന്നു.......
രാത്രിയിൽ ക്ലാസ്സുകഴിഞ്ഞു വൈകി എത്തി തിരക്കിട്ടു അടുക്കളയിൽ കയറുമ്പോൾ ചപ്പാത്തിക്കുള്ള മാവു കുഴച്ചു മൂടിവച്ചിരിക്കും..പച്ചക്കറികൾ അറിഞ്ഞോ കുക്കറിൽ പരിപ്പ് വേവിച്ചോ വച്ചിരുന്നു..രാവിലെ സ്വയം റെഡിയാകുന്നതിനൊപ്പോം രണ്ടാം ക്ലാസുകാരിയായ അനിയത്തിയേയും അവൻ റെഡിയാക്കി ..പുറത്തേക്കു പോകുമ്പോൾ വീട്ടിലെ സ്വിച്ചുകൾ എല്ലാം അണച്ചെന്നും ഡോർ ലോക്കുചെയ്തിട്ടുണ്ടെന്നും അവൻ ഉറപ്പു വരുത്തി..
ദിവ്യ പോയിക്കഴിഞ്ഞപ്പോൾ ഉടൻതന്നെ ദേവ് മുറിയിൽ കയറി കതകടച്ചു...സ്വീകരണ മുറിയിലെ അതിഥി അപ്പോഴും ദേവിനോട് സംസാരിക്കാൻ വെമ്പി അവൻ റൂമിൽ നിന്നും പുറത്തേക്കു വരുന്നതും കാത്തു മകളോട് സംസാരിച്ചു കൊണ്ടിരുന്നു..
വീട്ടിൽ നിന്നിറങ്ങിയിട്ടും ദിവ്യയുടെ മനസ്സിനെ അയാളുടെ നിസ്സഹായമായ നോട്ടം കുത്തി നോവിച്ചു കൊണ്ടിരുന്നു...സത്യത്തിൽ ദിവ്യക്കു അയാളുടെ വേദന മസ്സിലാക്കാൻ പറ്റുന്നുണ്ട്...
വെറുപ്പിന്റെയും ദേഷ്യത്തിന്റെയും അഗ്നിപർവ്വതങ്ങൾ ഒക്കെ പൊട്ടിയൊലിച്ചു പോയിട്ടു വളരെ നാളായി ...കാലപ്പഴക്കത്തിൽ ലാവാ ചാരമായി പരിണമിക്കുന്നതു പോലെ സഹതാപത്തിന്റെ ചെറിയ മൊട്ടക്കുന്നുകൽ അവരുടെ മനസ്സിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി.....
ഡിവോഴ്സ് ആഴി രണ്ടു വർഷമായിട്ടും മുടങ്ങാതെ എല്ലാ മാസവും അവർക്കുള്ള തുക അക്കൗണ്ടിൽ കൃത്യമായിട്ട് വരുന്നുണ്ട്,..എല്ലാ രണ്ടാഴ്ച കൂടുമ്പോളും വളരെ ദൂരത്തു നിന്നും അവരെ കാണാൻ വരുന്നു.....
എന്നിട്ടും ഓരോപ്രാവശ്യവും നിരാശയോടെ അയാൾക്ക് മടങ്ങേണ്ടി വരുന്നു ….ഓരോ വരവിലും അയാളാഗ്രഹിക്കുന്നതു ഒന്ന് മാത്രമെന്ന് ദിവ്യക്കു അറിയാം..
പതിനൊന്നു വയസ്സ് വരെ അച്ഛന്റെ അടുത്ത് നിന്നും മാറാത്ത മകൻ..ആദ്യമായി പറഞ്ഞ വാക്ക് പോലും "അച്ഛാ"... എന്നാണ്. ഉണ്ണാനും ഉറങ്ങാനുമൊക്കെ അച്ഛൻ തന്നെ വേണമെന്ന് വാശിപിച്ചിരുന്ന ഒരു കുട്ടി..അവൻ എത്ര പെട്ടന്നാണ് മാറിപ്പോയത്..
ഡിവോഴ്സ് എന്ന തീരുമാനം അവസാനമായി ഉറപ്പിക്കുന്നതിനു മുൻപ് ദിവ്യ അവനോടു മാത്രം ചോദിച്ചു..
അടച്ച മുറിയിൽ ആറാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിക്ക് എത്രമാത്രം ഉൾക്കൊള്ളാൻ പറ്റുമെന്ന് ആലോചിക്കാതെ ..
അച്ഛന് കൂടെ ജോലി ചെയ്യുന്ന ഒരുസ്ത്രീയുമായി ഒരു ബന്ധം ഉണ്ടെന്നും അവരിൽ ഒരു കുഞ്ഞു ഉണ്ടാകാൻ പോകുന്നു എന്നും അവനോടു പറഞ്ഞു..പഴയതു പോലെ ഒരിക്കലും സ്നേഹത്തോടെ അവന്റെ അച്ഛന്റെ കൂടെ ജീവിക്കാൻ പറ്റില്ലെന്നും എന്നാൽ അവനു ഇഷ്ടമില്ലെങ്കിൽ ഡിവോഴ്‌സിന് സമ്മതിക്കില്ലെന്ന് പറഞ്ഞു..
ദേവ് പറഞ്ഞത് "അമ്മ നിങ്ങള്ക്ക് തോന്നുന്നത് മാത്രം ചെയ്യൂ….എന്തായാലും ഞാൻ കൂടെയുണ്ട് "
ആ ദിവസം മുതൽ അവന്റെ തീരുമാനങ്ങൾ ആയിരുന്നു ദിവ്യയുടെ തീരുമാനങ്ങൾ..അവന്റെ ധൈര്യം ആയിരുന്നു ദിവ്യയുടെ ധൈര്യം..
തളർന്നു പോയപ്പോൾ ഒക്കെ അച്ഛനിൽ നിന്നോ സഹോദരനിൽ നിന്നോ കിട്ടാത്ത ധൈര്യം അവൻ കൊടുത്തു..ജീവിക്കാനായി ജോലിക്കു ശ്രമിച്ചു കിട്ടാതെ നിരാശപ്പെട്ടപ്പോൾ, സാമ്പത്തികമായി ബുദ്ധി മുട്ടിയപ്പോൾ, പുതിയ ജീവിതം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളിൽ ഒക്കെ താങ്ങും തണലും ആയത് അവനാണ്....
ചില മാസങ്ങളിൽ പുതിയായി വാങ്ങിയ ഫ്ലാറ്റിന്റെ ഇ എം ഐ അടക്കാൻ ബുദ്ധിമുട്ടിയപ്പോൾ ദിവ്യ അവനോടു ചോദിച്ചു അച്ഛൻ തരുന്ന പൈസ എടുക്കട്ടേ എന്ന്..അവൻ പറഞ്ഞു "വേണ്ടമ്മ നമുക്കതു വേണ്ട..അതവിടെ കിടക്കട്ടെ.."
അതെ അവഗണന ഓരോ പ്രാവിശ്യം അവന്റെ അച്ഛൻ വരുമ്പോഴും മനഃപൂർവ്വമല്ലെങ്കിലും അവൻ കാണിച്ചു തുടങ്ങി..പിന്നെ ഒരു പാട് അകന്നകന്നു പോയി..
"അച്ഛനെ നീ ഒരുപാടു സ്നേഹിച്ചിരുന്നതല്ലേ? പിന്നെ എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നെതെന്നു? " അയാളുടെ വിഷമം കണ്ടു ഒരിക്കൽ ദിവ്യ ചോദിച്ചു
"അമ്മയും അച്ഛനെ ഒരുപാടു സ്നേഹിച്ചതല്ലേ, എന്നിട്ടു ഇപ്പോൾ പഴയപോലെ പറ്റുന്നുണ്ടോ?" എന്നായിരുന്നു അവന്റെ മറു ചോദ്യം...പിന്നെ ആരോടെന്നില്ലാതെ അവൻ പറയുന്നത് കേട്ടു "അമ്മയെ സ്നേഹിച്ചിരുന്ന അച്ഛനെയാണ് ഞാൻ ഇഷ്ടപ്പെട്ടിരുന്നത്"…….
അപ്പോഴൊക്കെ ദിവ്യക്കു അയാളോട് പറയണമെന്ന് തോന്നിയിട്ടുണ്ട് നിങ്ങൾ നഷ്ടപ്പെടുത്തിയത് എത്ര വലുതായിരുന്നു എന്ന് ഇ പ്പോൾ തിരിച്ചറിയുന്നുണ്ടോ? ആകർഷകമായ മറ്റൊരു സ്ത്രീ ശരീരത്തിന് വേണ്ടി ഒരു ആയുസ്സിന്റെ സ്നേഹം നഷ്ടപ്പെടുത്തിയല്ലോ!!!…..
പാർക്കിങ്ങിൽ വച്ചിരുന്ന സ്കൂട്ടി സ്റ്റാർട്ട് ചെയ്യുന്നതിടയിൽ വീട്ടിലെ അഥിതി വൈകിയാണ് പോകുന്നതെങ്കിൽ ലഞ്ചു കൊടുക്കണമെന്ന് ശാന്തമ്മയോടു പറഞ്ഞില്ലല്ലോ എന്ന് ദിവ്യ ഓർമിച്ചു.
ശാന്തമ്മ ചിലപ്പോഴൊക്കെ ദിവ്യയോട് പറയാറുണ്ട് മക്കളൊക്കെ വലുതായി ഒരിക്കൽ പറന്നു പോകും..അന്ന് തനിച്ചാക്കാതിരിക്കാൻ ഒരു കൂട്ട് കണ്ടുപിടിക്കാൻ..അപ്പോഴൊക്കെ ദിവ്യ മനസ്സിൽ പറഞ്ഞു..
"പ്രായമാകുമ്പോൾ മക്കൾ അവരുടെ വഴി തേടിപ്പോകുന്നത് പ്രകൃതി നിയമമല്ലേ ? അങ്ങനെയല്ലേ വേണ്ടത്….?പിന്നെ ഒറ്റക്കായിപ്പോകുമ്പോൾ മകൾ ഓർത്തില്ലെങ്കിലും മകൻ ഓർക്കും...ഈ ലോകത്തിന്റെ ഏതൊരു കോണിലായാലും ദിവസത്തിൽ ഒരിക്കൽ ഒരു മിനിറ്റെങ്കിലും അവൻ എനിക്ക് വേണ്ടി മാറ്റിവയ്ക്കും..'അമ്മ എന്നൊരു വിളി എവിടെ നിന്നായാലും എന്നെ തേടി വരും ...അതിൽ കൂടുതൽ എന്താണ് വേണ്ടത്…?"
ദിവ്യ സ്കൂട്ടി മുന്നോട്ടെടുത്തു...അവർക്കിനിയും ചിന്തിച്ചു നില്ക്കാൻ സമയമില്ല...
Written by
Anitha Shanker in Nallezhuth FB Group
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക