നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കഡാവർ - Part 1

Image may contain: Divija, eating, sitting and child
Part 1 :- 
മൃതദേഹം വഹിച്ച് ആംബുലൻസ് ഗേറ്റ് കടന്നു മറഞ്ഞുകഴിഞ്ഞു.
അടക്കിപ്പിടിച്ച കുറച്ചു തേങ്ങലുകളെ ഞെരുക്കിക്കളയും വിധം കനത്തൊരു മൗനം കാഴ്ച്ചക്കാരിൽ നിറഞ്ഞു.
തല നരച്ച ചിലരുടെ നോട്ടം വെറുതെ ഒന്നു തെക്കേപ്പറമ്പു വരെ പോയി വന്നു.
ചന്ദനത്തിരികളുടെയും കുന്തിരിക്കപ്പുകയുടെയും ഗന്ധം തിരഞ്ഞ് അവിടെ നിന്നും പുറപ്പെട്ട കാറ്റ് കൂടിനിന്നവരുടെ നിശ്വാസവായുവിനിടയിലെവിടെയോ വഴി തെറ്റി കുറച്ചുനേരം കൂടി ചുറ്റിത്തിരിഞ്ഞു..
അതിരിലെ തേൻമാവുതിർത്ത ആശ്വാസനിശ്വാസം വന്നു തട്ടിയിട്ടാവണം അതു പിന്നെ പതിയെ പിൻതിരിഞ്ഞത്.
'മെഡിക്കൽ കോളേജിൽക്ക് കൊടുത്തൂത്രെ...കുട്ട്യോൾക്ക് വെട്ടിപ്പഠിക്കാൻ.
പുതുമോടി മാറുംമുൻപ് കെട്ട്യോന്റെ ജീവനെട്ത്തു...അതും പോരാഞ്ഞിട്ടാ...ഓളെയൊരു മനക്കട്ടി.'
ചുണ്ടും മൂക്കും കൂട്ടിപ്പിടിച്ചു നിന്നിരുന്ന കൈത്തലം നെറ്റിയിലെ വിയർപ്പു തുടയ്ക്കാനൊന്നു നീങ്ങിയ തക്കത്തിന് ചാടിയിറങ്ങിയ വാക്കുകൾ
ഒട്ടും സമയം കളയാതെ രൂപേന്ദുവിന്റെ കാതുകളെ തേടിച്ചെന്നു.
പുറംകാതുകളാലവയെ തടഞ്ഞുനിർത്തിയിട്ട്
അവൾ ഒന്നു തിരിഞ്ഞു കിടന്നു.
ഒരേങ്ങൽ പ്രതീക്ഷിച്ച് അരികിൽ നിന്ന പെണ്ണുങ്ങൾ നിരാശയോടെ പരസ്പരം നോക്കി.
...
പിന്നെയവൾ കണ്ണു തുറക്കുമ്പോഴേക്ക് മുറിയിൽ ഇരുട്ട് നിറഞ്ഞിരുന്നു.
അയൽവീട്ടിലെ തുറന്നിട്ട ജാലകത്തിലൂടെ കസ്തൂരിമാനിലെ കാവ്യ കണ്ണു തുടയ്ക്കുന്നത് തെല്ലൊരലോസരത്തോടെ അവൾ കണ്ടു.
ആ പകലിന്റെ ആലസ്യം കഴുകിക്കളയാനായി ഷവറിന്റെ ശക്തമായ ജലധാരയ്ക്കു കീഴെ മണിക്കൂറുകളെണ്ണാതെ ഏറെനേരം നിന്നു.
തിരിച്ചു മുറിയിലെത്തി അലമാര തുറന്നു നോക്കിയിട്ട് പിന്നതു വേണ്ടെന്നുവെച്ച്
ക്ളോത്ത്സ്റ്റാൻഡിൽ കിടന്ന വരുണിന്റെ മുഷിഞ്ഞ ടീഷർട്ട് എടുത്തണിയുമ്പോൾ രൂപേന്ദുവിന്റെ കണ്ണുകളിൽ നാണം കലർന്നൊരു മന്ദഹാസം ഒരു വട്ടം ഒന്നു മിന്നിമാഞ്ഞു...
അസാധാരണത്വം തെല്ലുമില്ലാതെ
ഒരു മൃദു മന്ദഹാസം കണ്ണിലൊളിപ്പിച്ച് ശാന്തമായുറങ്ങുന്നതു കണ്ടിട്ടോ എന്തോ തൂവെള്ള ഷിഫോൺ കർട്ടൻ ഒന്നു രണ്ടുവട്ടം അവളുടെ കവിളിലൊന്നു തൊട്ടു വിളിക്കാൻ ശ്രമിച്ചതാണ്.
' വരുൺ ' എന്ന വിളിയിലെ കുസൃതി നിറഞ്ഞ ശാസന കേട്ടു കണ്ണു നിറഞ്ഞിട്ടാവാം പിന്നെയത് ശല്യം ചെയ്യാതെ മൂലയിലേക്കൊതുങ്ങിയത്.
തടസ്സങ്ങളേതുമില്ലാതെ മണിക്കൂറുകൾ നീണ്ട ഉറക്കത്തിൽ നിന്ന് പിന്നെയവളുണരുമ്പോൾ
കിഴക്ക് സൂര്യൻ ഏണീക്കേണ്ടി വന്ന അരിശം കൊണ്ട് ചുവന്നുതുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.
കൈ നീട്ടി ബെഡ്ലാമ്പിട്ട് എഴുന്നേറ്റ് പുറത്തേക്കു നടക്കുമ്പോൾ കിടക്കപകുതിയിലേക്ക് അന്നവൾ നോക്കിയതേയില്ല.
എന്തിനെന്നറിയില്ലെങ്കിലും എല്ലാ മുറികളിലും ഒന്നു കേറിയിറങ്ങി.
അടുക്കളയ്ക്കടുത്തുള്ള കൊച്ചുചായ്പ്പിനു മുന്നിൽ കാലുകൾ നിശ്ചലമായി.
മേരിച്ചേടത്തിയുടെ കൂർക്കംവലി ചായ്പ്പിനുള്ളിൽ ചുറ്റിത്തിരിയാൻ സ്ഥലം തികയാഞ്ഞ് പുറത്തേക്കെത്തി നോക്കുന്നത് കണ്ടാവണം അതിനെ തിക്കിഞെരുക്കി
അകത്തിടാനെന്നോണം തെല്ലും ശബ്ദമുണ്ടാക്കാതെ രൂപേന്ദു ആ വാതിൽ ചേർത്തടച്ചത്.
കൂർക്കംവലിയുടെ ഓളങ്ങൾ അപ്രതീക്ഷിതമായ ആഘാതത്തിൽ തിരിച്ചുവന്ന് മൂക്കിലേക്കും വായിലേക്കും തള്ളിക്കയറിയതിന്റെ അലോസരത്തിൽ ചേടത്തി ഉറക്കത്തിൽ തന്നെയൊന്ന് മൂക്കമർത്തി ചൊറിഞ്ഞ് കടവായിലൂടെ ഒഴുകിയിറങ്ങിയ ചാറ് പുറംകൈ കൊണ്ട് തുടച്ച് പിന്നെയും തിരിഞ്ഞു കിടന്നു.
അടുക്കളയിലപ്പോൾ സ്റ്റൗ കത്തിച്ച് ചോറിനു വെള്ളം വെക്കുകയായിരുന്നു രൂപേന്ദു.
...
ഉറക്കമുണർന്നിട്ടും അന്ന് എന്തുചെയ്യണമെന്നറിയാതെ ഇത്തിരിനേരം കൂടി ചായ്പ്പിൽ തന്നെയിരുന്നു മേരിച്ചേടത്തി.
എന്നത്തെയും പോലെ അന്നും മിക്കിമൗസ് ടൈംപീസ് കൃത്യം അഞ്ചരമണിക്ക് വിളിച്ചെണീപ്പിച്ചതാണ്.
അതിന്റെ ചെവി നന്നായൊന്നു തിരുമ്മിയിട്ട് കണ്ണു തുറക്കാതെ ചേടത്തി പറഞ്ഞു.
'ആ കൊച്ചൻ കർത്താവിങ്കലോട്ടു പോയില്യോ തൊരപ്പാ...ഇനിയിപ്പോ എന്നാത്തിനാ വെട്ടം വരുന്നേമ്മുന്നേ എണീക്കുന്നേ?'
അതു മനസ്സിലാവാഞ്ഞിട്ടോ എന്തോ ചെവിയിലെ തരിപ്പ് മാറിയപ്പോ മിക്കി ഒന്നുകൂടി വിളിച്ചു.
പക്ഷേ മേരിച്ചേടത്തി അതിനു മുന്നേ ചായ്പ്പീന്നെണീറ്റ് ഓടിയിരുന്നു.
പക്ഷേ വല്ല്യ കാര്യമൊന്നുമുണ്ടായില്ല ,വെരിക്കോസ് വെയിനിന്റെ അസ്കിതയുള്ള കാലും വലിച്ച് അവരോടി മുൻവാതില്ക്കലെത്തുമ്പോഴേക്ക് ഫോർഡ് ഐക്കൺ ഗേറ്റ് കടന്നുകഴിഞ്ഞിരുന്നു.
പിൻഭാഗം ഒരു മിന്നായം പോലെ കണ്ടെന്നു മാത്രം.
'കെട്ട്യോൻ ചത്തേന്റെ പിറ്റേന്നാള് ഈ കൊച്ചിതെങ്ങോട്ടാ...'
എന്ന അതിശയത്തിൽ മൂക്കിന്റെ അറ്റത്തേക്കു ചാടിക്കയറിയ ചൂണ്ടുവിരൽ ചേടത്തി നടന്ന് അടുക്കളയിലെത്തുവോളം അവിടെത്തന്നെയിരുന്നു.അടുക്കളേക്കേറിയപ്പോഴോ വായും കൂടി തുറന്നു.ചോറും കറീം പലഹാരോം കട്ടൻകാപ്പീം എന്നുവേണ്ട എല്ലാ കൂട്ടോം തയ്യാറാക്കി നെരത്തിയേക്കുന്നു.
നെഞ്ചത്തു കൈയും വെച്ച് മേല്പോട്ടു നോക്കിപ്പോയി ചേടത്തി.
'എന്റെ കർത്താവേ ...ഈ കൊച്ചിനിതെന്നാ പറ്റി???'
...
കഡാവർ റൂമിനു മുന്നിലെ കട്ടിലിൽ സുഖനിദ്രയിലായിരുന്നു കുഞ്ഞാലി...
തലേന്നു കണ്ട പടത്തിലെ നായികേടെ കൂടെ ആടിപ്പാടുന്നൊരു സ്വപ്നം കൂട്ടിനുമുണ്ടായിരുന്നു.
ഗ്ളാസ് ഡോറിലെ ഇടവിട്ടിട വിട്ടുള്ള കൊട്ട് അതുകൊണ്ടു തന്നെ കുഞ്ഞാലീടെ തലച്ചോറ് ആദ്യമൊന്നും കേട്ട മട്ടു കാണിച്ചില്ല.
പക്ഷേ പോകെപ്പോകെ കൊട്ടിനു കനം കൂടിക്കൂടി വന്നു ..
മനസ്സില്ലാമനസ്സോടെ തലച്ചോറ് പിടി വിടുകയും കുഞ്ഞാലി ഞെട്ടിപ്പിടഞ്ഞെണീക്കുകയും ചെയ്തു.
തലേന്ന് വൈകിട്ടടിച്ച നാടന്റെ പെരുപ്പ് ശരിക്കങ്ങു വിട്ടുപോകാത്തേന്റെ പുറമേ പെട്ടെന്നുണ്ടായ ഞെട്ടിയെണീക്കലും കൊണ്ട് ആദ്യം കുഞ്ഞാലിക്കൊന്നും തന്നെ പിടികിട്ടിയില്ല.
ആവുന്നത്ര ശക്തിയിൽ തല രണ്ടുമൂന്നുവട്ടം അങ്ങോട്ടുമിങ്ങോട്ടുമിട്ടാട്ടിയിട്ടാണ് അതിനെയൊന്ന് നേരെ നിർത്തിച്ചതു തന്നെ.
'ആരാന്നപ്പാ ഇത്ര പൊലച്ചക്ക്' എന്നു തന്നോടു തന്നെ പറഞ്ഞ് തലയ്ക്കൽ ചുരുട്ടി വെച്ച തോർത്തെടുത്ത് കുടഞ്ഞ് മുഖമൊന്നമർത്തി തുടച്ചിട്ട് അയാൾ ഗ്ളാസ് ഡോറിലൂടെ പുറത്തേക്കു നോക്കി.
ഒരു നിമിഷം കണ്ണു മിഴിഞ്ഞു പോയി...ഇത്രേം നേരം കൂടെ ഡാൻസ് കളിച്ച സിൽമാനടിയെ പോലൊരെണ്ണം ഇതാ നിക്കുന്നു.
ഒരു നിമിഷം സ്തംഭിച്ച് നിന്നിട്ട് അയാൾ ഡോറിന്റെ കുറ്റി നീക്കി.
പുറത്ത് അക്ഷമയോടെ കാത്തു നിന്നിരുന്ന രൂപേന്ദു വല്ലാത്തൊരു തിടുക്കത്തോടെ ഉള്ളിലേക്കു തലനീട്ടി.
അവളുടെ കണ്ണുകൾ കഡാവർ റൂമിന്റെ അടഞ്ഞുകിടന്ന വാതിലിൽ നിശ്ചലമായി.
'ആരാ...ങ്ങക്കെന്ത്ന്നാ ബേണ്ട്യെ?'
അപ്പോഴേക്ക് സ്ഥലകാലബോധം വീണ്ടെടുത്തു കഴിഞ്ഞിരുന്ന കുഞ്ഞാലി അമ്പരപ്പോടെ അവളെ തുറിച്ചു നോക്കി.
വാതിലിൽ നിന്നു കണ്ണെടുത്ത് രൂപേന്ദു അയാളെ നോക്കി.
'ഇന്നലെ അറ്റാക്കായിട്ടു കൊണ്ടുവന്നില്ലേ വരുൺ...ഞാനവന്റെ ഭാര്യയാ'
'അയ്ന്?'
ഇപ്പോ കുഞ്ഞാലീടെ സ്വരത്തിലൊരിത്തിരി അരിശം കലർന്നിരുന്നു.
താഴെ നിരത്തി വെച്ചിരുന്ന പാത്രങ്ങളിൽ നിന്നും ഒരു ഫ്ളാസ്ക് കുനിഞ്ഞെടുത്ത് അവളയാൾക്കു നേരെ നീട്ടി.
'കടേന്നു വാങ്ങുന്ന കാപ്പി വരുണിനിഷ്ടാവില്ല.അതാ...'
അവളുടെ കണ്ണിലെ യാചനാഭാവം കണ്ട് അറിയാതെ കുഞ്ഞാലിയുടെ കൈകൾ നീണ്ട് ആ ഫ്ളാസ്ക് വാങ്ങി.
രൂപേന്ദുവിന്റെ കണ്ണിൽ സന്തോഷം പെട്ടെന്നു വന്നു നിറഞ്ഞു.
നിലത്തു നിരത്തി വെച്ചിരുന്ന പാത്രങ്ങൾ ഓരോന്നായി ഗ്ളാസ്ഡോറിനകത്ത് കടന്ന് കട്ടിലിൽ നിരത്തുന്ന അവളെ നോക്കി കുഞ്ഞാലി ഫ്ളാസ്കും പിടിച്ച് അന്തം വിട്ടു നിന്നു.
എല്ലാം അകത്തേക്കെടുത്ത് വെച്ച് രൂപേന്ദു അയാളെ നോക്കി നിഷ്കളങ്കമായി ചിരിച്ചു.
'ഒന്നടുത്തിരുന്ന് വിളമ്പിക്കൊടുക്കണേ.അല്ലെങ്കിൽ കഴിക്കില്ല.ഭയങ്കരവാശിയാ...'
പറഞ്ഞു തീരുമ്പോഴേക്ക് അവളുടെ കൺകോണുകളിൽ നനവൂർന്നു...
അതു തുടയ്ക്കാൻ മെനക്കെടാതെ കുഞ്ഞാലിയിൽ നിന്നു മുഖം തിരിച്ച് വേഗത്തിൽ തിരിഞ്ഞു നടന്നു അവൾ.
ഗേറ്റ് കടന്നു മറയുന്ന കാറിലേക്കും കട്ടിലിൽ നിരന്നിരിക്കുന്ന പാത്രങ്ങളിലേക്കും മാറിമാറി നോക്കി കുഞ്ഞാലി എന്തു ചെയ്യണമെന്നറിയാതെ നിന്നു.
ഒരു മൂളിപ്പാട്ടോടെ കയറി വരുന്ന രൂപേന്ദുവിനെ ആദ്യം കാണും പോലെ നോക്കിനിന്നു മേരിച്ചേടത്തി.
കളിയായി അവളവരുടെ കവിളിലൊന്നു നുള്ളി.
'എന്താ അമ്മച്ചി ഇങ്ങനെ നോക്കുന്നേ?'
'കൊച്ചെവടെ പോയതാ?'
'വരുണിന് ഫുഡ് കൊണ്ടുക്കൊടുക്കാൻ...ഹോട്ടൽ ഫുഡ് ഒന്നും ഇഷ്ടമല്ല എന്ന് അറിയില്ലേ അമ്മച്ചിക്ക്?'
അവരെ നോക്കിചിരിച്ചിട്ട് അകത്തേക്കു കയറിയ അവളെ തിരിഞ്ഞുനോക്കിയ മേരിച്ചേടത്തിയുടെ കണ്ണ് മുളക് തൊടാതിരുന്നിട്ടും വല്ലാതെ നീറി.
...
'എത്ര നാളായി കുഞ്ഞാലിക്കാ...ഒന്നെന്നെ കാട്ടിത്താ...ദൈവത്തെയോർത്ത്...'
മുന്നിൽ നിന്നു വിങ്ങിപ്പൊട്ടുന്ന രൂപേന്ദുവിനെ നോക്കിനിൽക്കേ ഒരു മാസമായി കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം മുഴുവൻ തൊണ്ടയിൽ വന്നു തികട്ടുന്നുണ്ടെന്നു തോന്നി കുഞ്ഞാലിക്ക്.
അറിയാതെ അയാളുടെ കൈ താക്കോൽക്കൂട്ടത്തിലേക്കും പിന്നെ കഡാവർ റൂമിന്റെ താഴിലേക്കും നീണ്ടു.
മലർക്കെ തുറന്ന വാതിലിലൂടെ ഫോർമലിന്റെ രൂക്ഷഗന്ധം അവരുടെ കണ്ണിലും മൂക്കിലും എരിഞ്ഞുകയറി.
കണ്ണു തുറക്കാനാവാതെ കുഞ്ഞാലി പിന്നോട്ടുമാറി.
പക്ഷേ അസഹനീയമായ നീറ്റലിലും കണ്ണുകൾ തുറക്കാൻശ്രമിച്ചു കൊണ്ട് രൂപേന്ദു മുറിക്കുള്ളിലേക്കു കാലെടുത്തുവെച്ചു.
സീവേജ് പൈപ്പുകൾക്കും ഡിസെക്ഷൻ ടേബിളിൽ പ്രദർശിപ്പിച്ചിരിക്കുന്ന കീറിമുറിച്ച ശരീരങ്ങൾക്കുമിടയിലൂടെ അവൾ മുന്നോട്ടു നീങ്ങി..
അറിയാതെ കാൽ തട്ടി നീങ്ങിയ ബക്കറ്റിനുള്ളിലെ മിടിപ്പു നിന്നു പോയൊരു ഹൃദയത്തിന്റെ കാഴ്ച നട്ടെല്ലിലൂടെ ഒരു തരിപ്പായി കടന്നുപോകുന്നതറിഞ്ഞിട്ടും അവളുടെ കാലുകൾ മുന്നോട്ടു തന്നെ നീങ്ങി.
അവളോളം ഉയരമുള്ള ഒരു വലിയ ടാങ്കിനു മുന്നിൽ പാദങ്ങൾ നിശ്ചലമായി.
തന്നെ ചൂഴ്ന്നുനിൽക്കുന്ന ഫോർമലിൻ ഗന്ധം ഉണ്ടാകുന്നത് ആ ടാങ്കിൽ നിന്നാണെന്ന തിരിച്ചറിവിൽ അവളതിലേക്കു നോക്കി.
ലായനിയിൽ മുങ്ങി ശരീരത്തിലെ ജലാംശം പൂർണ്ണമായി വറ്റി ചുക്കിച്ചുളിഞ്ഞുകൊണ്ടിരിക്കുന്ന ഒരു കഡാവറായി അതിനുള്ളിൽ വരുൺ അവൾക്കായി കാത്തിരിപ്പുണ്ടായിരുന്നു.
അതിലേക്കെത്തി നോക്കിയ രൂപേന്ദുവിന്റെ ചുണ്ടിൽ വികൃതമായ ഒരു ചിരി വിടർന്നു.
കണ്ണിമയ്ക്കാതെ അവളാ മുഖത്തേക്കു നോക്കിക്കൊണ്ടേയിരുന്നു...
തൊലി ചുളിഞ്ഞുകറുത്തു തുടങ്ങിയ മുഖം കരിഞ്ഞുണങ്ങിയ ഏത്തപ്പഴത്തെ ഓർമ്മിപ്പിക്കും വിധം ചുരുങ്ങിത്തുടങ്ങിയിരുന്നു.
പക്ഷേ രൂപേന്ദു
കണ്ടത് അവളുടെ വരുണിനെ തന്നെയായിരുന്നിരിക്കാം...കോടിപ്പോയൊരു ചിരിയോടെ ആ ടാങ്കിൽ പിടിച്ച് അവളവനെ ഉറ്റുനോക്കി...
'മോളേ'
ഒരുവിധം ആ അന്തരീക്ഷവുമായി ഇണങ്ങിച്ചേർന്ന കുഞ്ഞാലി അകത്തേക്കു പാഞ്ഞെത്തി.
അതു കേൾക്കാതെ ... തന്നെത്തന്നെ മറന്നു നിൽക്കുന്ന രൂപേന്ദുവിനെ പിടിച്ചു വലിച്ച് പുറത്തേക്കിറക്കാൻ അയാൾക്കു നന്നേ പണിപ്പെടേണ്ടി വന്നു.
ഭ്രാന്തമായ കരുത്തോടെ അവളാ മുറിക്കു നേരെ കുതിച്ചു കൊണ്ടിരുന്നു.
ഒരുവിധം അവളെ പുറത്തെത്തിച്ച് മുറിപൂട്ടിത്തിരിഞ്ഞ കുഞ്ഞാലിയുടെ കൈയിലേക്ക് അടുത്ത നിമിഷമവൾ കുഴഞ്ഞു വീണു.
അബോധത്തിലും ആ ചുണ്ടുകൾ വരുൺ എന്ന് അവ്യക്തമായി ഉച്ചരിക്കുന്നത് കേട്ട കുഞ്ഞാലിയുടെ മനസ്സിലേക്ക് ജീവിതത്തിലാദ്യമായി ഭയം ഒരു തണുപ്പായി ഇഴഞ്ഞുകയറി
(തുടരും) 
Read all published parts by clicking  

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot