പറയാതെപോയ പ്രണയം
"നിന്നെ സ്നേഹിക്കാൻ എനിക്ക് നിന്റെ അനുവാദം വേണ്ട.."
സിദ്ധുവിന്റെ വാക്കുകളിലെ ദേഷ്യം മനസ്സിലായിട്ടും റിപ്ലൈ ആയി പുച്ഛ സ്മൈലി ഇടാനേ എനിക്ക് തോന്നിയുള്ളൂ.. ആ മനസ്സിന്റെ നോവ് അറിയാതെ അല്ല.. പക്ഷേ ഒരു നിമിഷത്തിന്റെ തോന്നലിൽ അവന് പ്രതീക്ഷ കൊടുക്കുന്ന എന്തേലും പറഞ്ഞു പോയാൽ അത് പിന്നെ തിരുത്താൻ പറ്റാതെ പോയാലോ...
സിദ്ധുവിന്റെ വാക്കുകളിലെ ദേഷ്യം മനസ്സിലായിട്ടും റിപ്ലൈ ആയി പുച്ഛ സ്മൈലി ഇടാനേ എനിക്ക് തോന്നിയുള്ളൂ.. ആ മനസ്സിന്റെ നോവ് അറിയാതെ അല്ല.. പക്ഷേ ഒരു നിമിഷത്തിന്റെ തോന്നലിൽ അവന് പ്രതീക്ഷ കൊടുക്കുന്ന എന്തേലും പറഞ്ഞു പോയാൽ അത് പിന്നെ തിരുത്താൻ പറ്റാതെ പോയാലോ...
കോളേജിൽ എന്റെ ബാച്ച് മേറ്റ് ആരുന്നു സിദ്ധു.. സഖാവ് സിദ്ധാർഥ് മുരളി... തീപ്പൊരി പ്രസംഗവും.. ആരെയും പിടിച്ചിരുത്തുന്ന സംസാര രീതിയും... ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന കവിതാലാപനവും... അവനോട് മനസ്സിൽ പ്രണയം തോന്നാത്ത പെൺകുട്ടികൾ കുറവായിരുന്നു ക്യാമ്പസിൽ... പക്ഷേ ആരും തുറന്ന് പറഞ്ഞിരുന്നില്ല എന്ന് മാത്രം.. അതിൽ ഈ ഞാനും ഉൾപ്പെടും...
അവനെ എടാ.. എന്ന് വിളിക്കാൻ ഉള്ള സൗഹൃദം ഞങ്ങൾക്കിടയിൽ ഉണ്ടായത് തന്നെ എന്നെ സംബന്ധിച്ചു അന്നൊക്കെ വളരെ വലിയ കാര്യം ആയിരുന്നു.. ഏത് ആവശ്യത്തിനും എപ്പോ വേണേലും അവന്റെ അരികിൽ ഓടി ചെല്ലാൻ ഉള്ള സ്വാതന്ത്ര്യം എനിക്ക് തന്നിരുന്നു.. ആ സൗഹൃദത്തിന് കോട്ടം തട്ടാതിരിക്കാൻ ഞാൻ എന്റെ മനസ്സിലെ മോഹം അന്നേ ഉപേക്ഷിച്ചിരുന്നു...
കോളേജ് വിട്ടിറങ്ങിക്കഴിഞ്ഞും കുറച്ചു നാൾ ഫോൺ വിളികളിലൂടെ സൗഹൃദം തുടർന്നുവെങ്കിലും പിന്നീട് ഉപരി പഠനവും ജീവിത പോരാട്ടങ്ങളും എല്ലാ സൗഹൃദങ്ങളെയും ബാധിക്കും പോലെ ഞങ്ങൾക്കിടയിലും ബാധിച്ചു... സൗഹൃദത്തിന്റെ ആ നൂലിഴ നേർത്ത് നേർത്ത് വന്നു...
നീണ്ട 10 വർഷങ്ങൾക്ക് ശേഷം സുഹൃത്തുക്കളിൽ ആരോ തുടങ്ങിയ whatsapp ഗ്രൂപ്പ് വഴി ആണ് എനിക്ക് അവന്റെ ഫോൺ നമ്പർ കിട്ടിയത്.. വിളിച്ചു.. സംസാരിച്ചു..
വിശേഷങ്ങൾ പങ്കുവച്ചു... ഒരുപാട് സന്തോഷം തോന്നി..
വിശേഷങ്ങൾ പങ്കുവച്ചു... ഒരുപാട് സന്തോഷം തോന്നി..
പിന്നെ ഗ്രൂപ്പിലെ ചാറ്റുകളിൽ കൂട്ടുകാരുടെ വക ചെറിയ ചെറിയ കളിയാക്കലുകളും തമാശകളും തുടങ്ങിയപ്പോൾ ആണ് അവൻ അത് എന്നോട് പറഞ്ഞത്... അവൻ എന്നെ സ്നേഹിച്ചിരുന്നു.. ശെരിക്കും എനിക്കത് വിശ്വസിക്കാനേ തോന്നിയില്ല..
എന്റെ പഠനം.. അവന്റെയും എന്റെയും വീട്ടിലെ സാഹചര്യങ്ങൾ.. എന്നോട് അത് പറഞ്ഞാൽ എന്റെ പ്രതികരണം.. ഇതൊക്ക ഓർത്തു ആണത്രേ അവൻ അത് പറയാതെ പോയത്.. പറയാൻ അവൻ മനസ്സ് പാകപ്പെടുത്തി എടുത്തു വന്നപ്പോളേക്കും എന്റെ വിവാഹം ഉറപ്പിച്ചു പോയിരുന്നുവത്രെ...
ചിരി ആണ് ഇത് കേട്ടപ്പോൾ ആദ്യം തോന്നിയത്.. അവന്റെ സൗഹൃദം നഷ്ടപ്പെടാതെ ഇരിക്കാൻ ഞാനും എന്റെ പ്രതികരണം ഭയന്ന് അവനും പറയാതെ പോയത് ഒന്ന് തന്നെ.... നിരാശ തോന്നിയില്ല.. ഒരു തരിമ്പും.. കാരണം പറയാതെ അറിയാതെ പോകുന്ന പ്രണങ്ങൾക്ക് ഒരു പ്രത്യേക സുഖം ഉണ്ട്... നഷ്ട പ്രണയത്തെക്കാൾ...
ഇപ്പോളും ആ പ്രണയം അല്പം പോലും കുറയാതെ മനസ്സിൽ സൂക്ഷിക്കുന്നുണ്ട് എന്ന് അവൻ പറഞ്ഞു കേട്ടപ്പോൾ ഞാൻ കുറേ ദേഷ്യപ്പെട്ടു... അതിന്റെ കലിപ്പാണ്.. അവന് എന്റെ അനുവാദം വേണ്ടത്രേ എന്നെ സ്നേഹിക്കാൻ...
ഇത്രനാൾ ഉള്ള പരിചയം കൊണ്ട് അവനെ എനിക്ക് അറിയാം... തിരിച്ചു ഒന്നും ആഗ്രഹിക്കാതെ എന്നെ സ്നേഹിക്കാൻ അവനു കഴിയും.. ഇത് വരെ ചെയ്തത് പോലെ..
പക്ഷേ... സുഹൃത്തേ.. നീ എന്നെ സ്നേഹിക്കുന്നു എന്ന് കേൾക്കുന്നതിനേക്കാൾ നീ എന്നെ സ്നേഹിച്ചിരുന്നു എന്ന് അറിയുമ്പോൾ ആണ് എനിക്ക് ഒരുപാട് സന്തോഷം തോന്നുക..
സ്നേഹിക്കുന്നു എന്നത് നമ്മെചുറ്റിയിരിക്കുന്ന മറ്റുപലർക്കും വേദന ഏല്പിച്ചാലോ??
ഇന്നലെ മുഖപുസ്തകത്തിൽ ഒരു സുഹൃത്ത് കുറിച്ചത്പോലെ.. പറയാതെ പോകുന്ന പ്രണയം പാതി പെയ്ത മഴ പോലെ ആണ്... മനസ്സിൽ അത് ഇങ്ങനെ പെയ്ത് തോരാതെ കിടക്കട്ടെ... അതിനും ഉണ്ട് ഒരു സുഖം...
നിഷ സൈനു
17/10/2017
17/10/2017

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക