Slider

സാമൂഹ്യ പ്രവർത്തക

0
സാമൂഹ്യ പ്രവർത്തക
********************
അന്നും പതിവ് പോലെ കുർബാന തുടങ്ങുന്നത് വരെ അവൾ തൻ്റെ സ്കൂട്ടിയിൽ തന്നെ ഇരുന്നു. ഒട്ടുമിക്കവരും ഉള്ളിൽ കയറി കഴിഞ്ഞപ്പോൾ അവൾ ഇറങ്ങി ചുറ്റുപാടും നിരീക്ഷിച്ചു. ആരും കാണുന്നില്ല എന്നുറപ്പാക്കിയതിനു ശേഷം സ്കൂട്ടിയിൽ നിന്നും ഒരു പൊതി എടുത്ത് ബാഗിൽ വച്ച് തൊട്ടപ്പുറത്തെ കടത്തിണ്ണയിലേക്കു നടന്നു.
വെളുത്തു മെലിഞ്ഞ ഈ പെൺകുട്ടിയെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട് കുറെ ആഴ്ചകളായി. കണ്ടാൽ ഏതോ വലിയ വീട്ടിലെ കുട്ടിയാണെന്ന് തോന്നിക്കത്തക്ക രീതിയിലുള്ള വസ്ത്രധാരണം. പുതിയ രീതിയിൽ മുറിച്ചിട്ട ബ്രൗണും കറുപ്പും ഇടകലർന്ന മുടി. മുഖത്ത് ചെറിയ തോതിൽ മെയ്ക്ക് അപ്പ്. പക്ഷേ അവളെ സൂക്ഷിച്ചു - നോക്കിയാൽ കാണാം ഒളിച്ചിരിക്കുന്ന ശാലീനത. ഏതെങ്കിലും നാട്ടിൻ പുറത്തുകാരി കുട്ടിയാവും. ഇവിടെ നഗരത്തിൽ വന്ന് മോശമായി പോയതാകാനാണ് സാധ്യത. ഇപ്പോൾ എളുപ്പം കാശുണ്ടാക്കാനാണല്ലോ എല്ലാവർക്കും താല്പര്യം. ഏതെങ്കിലും വലിയ ഗാങ്ങിൻ്റെ ഭാഗമാവാനും മതി. ചെറുകിടക്കാർക്ക് എത്തിച്ചു കൊടുക്കാൻ ഇതിലും നല്ല വഴിയേതാ ഉള്ളത്? ആരും സംശയിക്കില്ല. കാലം പോയ പോക്ക്... ഞാൻ നെടുവീർപ്പിട്ടു.
നഗരമദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന വലിയൊരു ദേവാലയത്തിലെ വേദപാഠം ടീച്ചറും പള്ളിക്കമ്മിറ്റി മെമ്പറും ആണെന്നതിനൊപ്പം തന്നെ ഞാനൊരു സാമൂഹ്യ പ്രവർത്തക കൂടിയാണ്. സമൂഹത്തിൽ വർദ്ധിച്ചു വരുന്ന പല ക്രമക്കേടുകളെക്കുറിച്ചും ഞാൻ വളരയധികം ബോധവതിയാണ്. ഈയിടെ പങ്കെടുത്ത 'യുവജനങ്ങളും ലഹരിയും ' എന്ന സെമിനാർ കൂടിയതിൽ പിന്നെ പള്ളിയിൽ വരുന്ന എല്ലാ ചെറുപ്പക്കാരെയും ഞാൻ പ്രത്യേകം ശ്രദ്ധിക്കാറുമുണ്ട്.
കഴിഞ്ഞ കുറെ ആഴ്ചകളായി ഇവളുടെ ഈ പരുങ്ങൽ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട്. 'ഇന്ന് ഞാൻ ഈ കള്ളത്തരം കണ്ടു പിടിക്കും'. എന്നിലെ സാമൂഹ്യ പ്രവർത്തക ഉണർന്നു. പോലീസിനെ വിളിച്ചാലോ? പക്ഷെ അതിനു തുനിഞ്ഞാൽ ചിലപ്പോൾ അവർ രക്ഷപെട്ടെന്നു വരാം. ഇപ്പോഴാണെങ്കിൽ തൊണ്ടി സഹിതം പിടിക്കാം. പക്ഷെ തനിയെ ഒരു ധൈര്യം പോരാ. അപ്പോഴാണ് അടുത്ത വീട്ടിലെ ജിജോ പള്ളിയിലേക്ക് കയറിപ്പോകുന്നത് കണ്ടത്. വേഗം ചെന്ന് അവനോടു കാര്യം പറഞ്ഞു. അവൻ എന്ത് സിഗ്നൽ നല്കിയിട്ടാണെന്നറിയില്ല അവൻ്റെ പ്രായത്തിലുള്ള കുറേപ്പേർ ചുറ്റും കൂടി. രണ്ടു മൂന്നു പേർ അപ്പോൾ തന്നെ മൊബൈൽ ഫോൺ എടുത്ത് റെക്കോർഡ് ചെയ്യാൻ റെഡിയായി. ഒട്ടും സമയം കളയാതെ, വളരെ ജാഗ്രതയോടെ ഞങ്ങൾ കടത്തിണ്ണ വളഞ്ഞു. അവിടെ ഇരിക്കുന്ന പ്രായമുള്ള ഒരു തമിഴത്തിയോട് മലയാളം കൂടിയ തമിഴിൽ എന്തൊക്കെയോ സംസാരിക്കുകയായിരുന്നു അവളപ്പോൾ. ഞങ്ങളെ കണ്ടതും അവർ രണ്ടു പേരും ഞെട്ടി.
'ഓടരുത്, ഓടിയാൽ ഞങ്ങൾ എറിഞ്ഞു വീഴ്ത്തും' ജിജോ മെല്ലെ പറഞ്ഞു.
'നിന്നെ കണ്ടാൽ പറയില്ലല്ലോടീ ഇതാ പണീന്ന് ' വേറൊരുത്തൻ .
'ആ പൊതിയിങ്ങു തന്നേക്ക്, അതുംകൊണ്ടു രക്ഷപെടാമെന്നു വിചാരിക്കേണ്ട '
ഞാൻ ദേഷ്യത്തോടെ പറഞ്ഞു . എന്നിട്ട് പോലീസിനെ വിളിക്കാനായി മൊബൈൽ ഫോൺ എടുത്തു. ഈ സമയം മറ്റൊരുത്തൻ ആ വൃദ്ധ മാറോട് ചേർത്തു പിടിച്ചിരുന്ന പൊതി വലിച്ചെടുത്തു. വലിയുടെ ശക്തിയിൽ പൊതി പൊട്ടി അതിൽ നിന്നും മോരൊഴിച്ച കുത്തരി ചോറും പയറു തോരനും ഒരു മത്തി വറുത്തതും താഴെ വീണു. ഞങ്ങൾ ഇളിഭ്യരായി എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ അവൾ ഞങ്ങളെ കടുപ്പിച്ചൊന്നു നോക്കിയിട്ട് മെല്ലെ നടന്ന് പള്ളിക്കുള്ളിലേക്ക് കയറിപ്പോയി. ആ വൃദ്ധ ഞങ്ങളെ നോക്കി എന്തൊക്കെയോ ശാപവചനങ്ങളുച്ചരിച്ചു കൊണ്ട് ചിതറിപ്പോയ ചോറും കറികളും വാരിയെടുത്തു തുടങ്ങി. ജിജോയും കൂട്ടരും എനിക്കെതിരെ തിരിയുന്നതിൻ്റെ മുൻപേ ഞാൻ അടുത്ത ഹോട്ടലിലേക്കോടി പൊറോട്ടയും മുട്ടക്കറിയും പാർസൽ വാങ്ങിക്കൊണ്ടു വന്ന് ആ സ്ത്രീക്ക് കൊടുത്തു . കുർബാന കഴിയുമ്പോൾ
അവൻമാർക്ക് ബിരിയാണി വാങ്ങിക്കൊടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. വീഡിയോ റെക്കോർഡ് ചെയ്ത ഒരുത്തൻ അതു ഡിലീറ്റ് ചെയ്യാൻ അഞ്ഞൂറ് രൂപ ആവശ്യപ്പെടുകയും കൂടി ചെയ്തതോടെ എനിക്ക് തൃപ്തിയായി. മുഖത്തെ ചമ്മൽ ആരും കാണാതെ പള്ളിയ്ക്കുള്ളിൽ കയറി ഒരു വശത്ത് ചിന്താവിവശയായി നിന്നു. ഇതൊന്നും മറ്റാരും അറിയരുതേ എന്ന പ്രാർത്ഥനയോടെ എപ്പോഴോ കുരിശിലേയ്ക്ക് നോക്കിയപ്പോൾ പുള്ളിക്കാരന്റെ മുഖത്തതാ ഒരു ആക്കിയ ചിരി.

ലിൻസി വർക്കി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo