നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എൻ്റെ കാവ്

എൻ്റെ കാവ്
~~~~~~~~~
വോൾട്ടേജ് തീരെയില്ലാത്ത ബൾബ്. വരാന്തയിൽ ചാരുകസേരയിൽ ഇരിക്കുന്ന അപ്പൂപ്പന് വെറ്റിലക്കുള്ളിൽ അടക്കയും ചുണ്ണാമ്പും പൊകലയും വെച്ച് ചുരുട്ടി കൊടുക്കുന്ന അമ്മുമ്മ. അത്താഴം കഴിഞ്ഞാലുള്ള പതിവ് കാഴ്ച. അത് കഴിഞ്ഞാലുടൻ പുസ്തകം മടക്കിവെച്ച അമ്മുമ്മയുടെ പാറു മടിയിലേക്കു തലവെച്ചു കിടക്കും. ആ കൈവിരലുകൾ മുടിയിഴകൾക്കിടയിലൂടെ ഇഴഞ്ഞു നടക്കുമ്പോൾ കൺപോളകൾ അറിയതടഞ്ഞുപോകും. എന്നും ഉറങ്ങുന്നത് വരാന്തയിൽ അമ്മുമ്മയുടെ മടിയിലാണെങ്കിലും ഉണരുന്നത് അകത്ത് കട്ടിലിലായിരിക്കും. രാവിലെ ഉണർന്നാലുടൻ എത്ര കണ്ടാലും മതിയാകാത്ത തറവാട്ടിലെ കാവിലേക്കു ഓടും. അവധിക്കാലത്ത് എത്രയോ ദിവസങ്ങളിൽ ഒറ്റക്കവിടിരുന്നിട്ടുണ്ട്. കാവിനടുത്തായി ഒരു കുഞ്ഞു കുളമുണ്ടായിരുന്നു. ഒരുപാട് കൂട്ടുകാരുണ്ടായിട്ടുന്നെങ്കിലും ഒറ്റക്കവിടിരിക്കുന്നതിൻ്റെ സുഖമൊന്നു വേറെ. പാലമരത്തിന്റെ കായ.. അത് പറിച്ചെടുക്കുമ്പോൾ പെറ്റിക്കോട്ടിലൊക്കെ കറ പുരളും. മരത്തിൽ നിറയെ കിളികൾ.. വള്ളിപ്പടർപ്പുകൾക്കിടയിൽ പേരറിയാത്ത പൂക്കൾ.. നാഗപ്രതിഷ്ഠയിൽ തൂകിയിരിക്കുന്ന മഞ്ഞളിന്റെ മണം പരത്തി വീശുന്ന മന്ദമാരുതൻ.ആയില്യം നാളുകളിൽ പൂജ കാണാൻ വരുന്ന അയല്പക്കക്കാർ.. അവർ കൊണ്ടുവരുന്ന പശുവിൻപാൽ അഭിഷേകം നടത്തുമ്പോൾ ഉണ്ടാകുന്ന മഞ്ഞനിറമുള്ള പാൽ.. ഓവുകളിലൂടെ ഒലിച്ചിറങ്ങുന്ന പാൽ കൈക്കുമ്പിളിലാക്കി കുടിക്കുമ്പോൾ ഉണ്ടാകുന്ന ആ സ്വാദ് പറഞ്ഞറിയിക്കാനാവില്ല.. ആയില്യം കഴിഞ്ഞാൽ പിന്നെ കാവ് എൻ്റേത് മാത്രമാകും. ഉപ്പന്റെ ഉച്ചത്തിലുള്ള ശബ്ദവും കുയിലുകളുടെ കൂജനവും നിറഞ്ഞ കാവിൽ ഞാൻ മാത്രം.
യക്ഷിയും നാഗദേവതമാരുമൊക്കെയുള്ള കാവിൽ വൈകുന്നേരം വിളക്ക് വെക്കാൻ അമ്മുമ്മയുടെ കൂടെ പോകുമ്പോൾ അതിനു വേറൊരു മണമാണ്. ഇരുട്ടത്ത് വിടരുന്ന പൂക്കളുടെ മണം.
കുളമുണ്ടെങ്കിലും അതിലാരും കുളിക്കാറില്ല. നേർത്ത പായൽ നിറഞ്ഞ വെള്ളത്തിൽ പേരറിയാത്ത കുഞ്ഞു മീനുകൾ.. വെയിൽ തട്ടുമ്പോൾ പുറത്തു മഴവില്ലു വിരിയുന്ന മീനുകൾ..
വർഷങ്ങൾ കഴിഞ്ഞ് കാവ് വെട്ടിത്തെളിക്കുമ്പോൾ, ബോംബയിൽ നിന്ന് വന്ന പരിഷ്കാരികൾ കൈയിൽ കിട്ടിയ ഒരു സർപ്പത്തെ മൺ കുടത്തിലാക്കി ജീവനോടെ ചുട്ടുകൊന്നപ്പോൾ, അമ്മുമ്മ നെഞ്ചിൽ കൈവെച്ചു കരഞ്ഞിരുന്നു..ഈശ്വരാ ഈ തറവാട്ടിൽ സന്തതിപരമ്പര വാഴാതാകുമല്ലോ എന്ന് പറഞ്ഞ്.. അന്നാരും ആ നിലവിളി കാര്യമാക്കിയില്ല.. പക്ഷെ അത് സത്യമായി. ശാപം അത് സത്യമാണ്.
കാലത്തിനു തിരിച്ചുപോകാൻ കഴിഞ്ഞിരുന്നെങ്കിൽ...
ആ പാലക്കായകൾ കൊണ്ട് മാലയുണ്ടാക്കാനും, മഞ്ഞൾ കലർന്ന പാൽ കുടിക്കാനും, വൈകിട്ട് വിരിയുന്ന പൂക്കളുടെ മണമാസ്വദിക്കാനും കൊതിയാകുന്നു.. കൂടെ എന്റെ അമ്മുമ്മയുടെ മടിയിൽകിടന്നുറങ്ങാനും.

Uma Pradeep

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot