നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

"ഹായ്.."

"ഹായ്.."
പതിവായി അങ്ങോട്ടേക്ക് വിക്ഷേപണം ചെയ്യുന്ന ഈ സാധനം ആദ്യമായി എന്റെ ഇൻബോക്സിലേക്ക് വന്നു വീണപ്പോ ശരിക്കും കോരിത്തരിച്ചു..
കോരിത്തരിപ്പിനു കാരണം അയച്ചത് ഒരു പെണ്ണായതിനാലും കിട്ടിയത് ഇൻബോക്‌സായ ഇൻബോക്സ് മുഴുവൻ ഹായ്‌ തൊട്ടു ഗുഡ് മോർണിംഗ് വരെയും തുടർച്ചയായി അയച്ചിട്ടും ഒരു റിപ്ലൈ പോയിട്ട് മൈൻഡ് പോലും ചെയ്യാത്ത പെൺപിള്ളേരെ പിന്നെം പിന്നെം വെറുപ്പിക്കുന്ന എനിക്കു ഇങ്ങോട്ടേക്കു ഒരാള് അയച്ചു കണ്ടതു കൊണ്ടുമാണ്..
ആദ്യമായിട്ടാണ് ഒരു 'ഹായ്' ക്കു ഇത്രേം മനോഹാരിതയുണ്ടെന്നു തോന്നിയതു..
കണ്ണെടുക്കാതെ അതിലേക്കു തന്നെ നോക്കിയിരിക്കുമ്പോഴാണ് അടുത്ത മെസ്സേജ് വന്നതു..
"എന്താ ഒന്നും മിണ്ടാതെ..
ഞാൻ വന്നതു ബുദ്ധിമുട്ടായോ.."?
പടച്ചോനെ ബുദ്ധിമുട്ടാ..
ഗ്രഹണി പിടിച്ച പിള്ളേർക്ക് ചക്കക്കൂട്ടാൻ കിട്ടിയത് പോലേ എനിക്കു കിട്ടിയ ഈ സുവർണ്ണാവസരം ബുദ്ധിമുട്ടോ..
"സോറി ഒരു കാളിലാരുന്നു.."
പെട്ടെന്നു മനസിൽ തോന്നിയതങ്ങു ടൈപ്പ് ചെയ്തയച്ചു..
"ഉം എഴുത്തൊക്കെ വായിക്കാറുണ്ട് ട്ടാ..
ഞാനിപ്പോ ഇയാളുടെ വലിയ ആരാധികയാണ്.."
ഹിഹി കള്ളി ..
മെസ്സേജ് കണ്ടപ്പൊ തന്നെ മനസിലായി ഒന്നും വായിക്കാറില്ലെന്നു..
അല്ലേൽ എന്റെ എഴുത്ത് വായിച്ചു സാമാന്യ ബുദ്ധിയുള്ള ആർക്കേലും ആരാധന തോന്നുവോ..
എന്തായാലും ചുമ്മാ കിട്ടുന്ന ആരാധനയല്ലേ..
അതേ പിടിച്ചു കേറാം..
അതിനിടയിൽ വേഗം ഓടിച്ചെന്നു അവളുടെ പ്രൊഫൈലിൽ ഒരോട്ട പ്രദക്ഷിണം നടത്തി..
ഒറിജിനലാണ്..
ഒന്നു രണ്ടു മൈലാഞ്ജിക്കയ്യും പെരുന്നാൾ സെൽഫിയുമൊക്കെ പോസ്റ്റീട്ടുണ്ട്..
എണ്ണക്കറുപ്പാണെലും സുന്ദരിയാണ്..
പോയവേഗത്തിൽ തിരികെ മടങ്ങിവന്നു "ഹിഹി താങ്ക്സ്" എന്നു റിപ്ലൈ ചെയ്തു..
ഇനിയവളെ ചോർന്നു പോവാതെ ഉള്ളം കയ്യിലൊതുക്കണം..
പ്രൊഫൈൽ ഫോട്ടോ കണ്ടകാര്യമൊന്നും മിണ്ടേണ്ട..
ഞാൻ ഡീസന്റ് ആണെന്നു കരുതിക്കോട്ടെ...
അങ്ങനെ അവളുടെ ഉള്ളിലൊരു മതിപ്പൊക്കെ ഉണ്ടാക്കിയെടുക്കണം..
അല്ലേലും ചാറ്റിന്റെ തുടക്കത്തിൽ ഫോട്ടോ ചോദിക്കുന്നവരോടും വീട്ടുകാര്യം അന്വേഷിക്കുന്നവരോടും പെൺകുട്ടികൾക്ക് വെറുപ്പാണെന്നു എവിടെയൊ വായിച്ചിട്ടുണ്ട്..
കെയർ ചെയ്തു സംസാരിക്കുന്നോരോട് അടുപ്പം കൂടുമെന്നും ആദ്യമേ അറിയാരുന്നു..
ആലോച്ചിരിക്കുന്നതിനിടയിൽ "മോളു കരയുന്നുണ്ട് പിന്നെ വരാട്ടൊ"ന്നും പറഞ്ഞവള് പോയി..
ശൊ കുഞ്ഞിന് കരയാൻ കണ്ടനേരം..
ഇനിയെപ്പോഴാണാവോ വരിക..
അതിനിടയിൽ ഫോൺ ശബ്ദിച്ചു..
നാട്ടിൽനിന്നു വൈഫാണ്..
അവള് വരുന്നെന്നു മുന്നെ സംസാരിച്ച കട്ട് ചെയ്യാം ..
വൈഫിനെ എപ്പോഴും കിട്ടും..
ഇതൊക്കെ വല്ലപ്പോഴുമല്ലേ..
ഫോണെടുത്തു വല്യ താല്പര്യമില്ലാതെ സംസാരിച്ചു..
അല്ലേലും മറ്റു പെണ്ണുങ്ങളോട് സംസാരിക്കുമ്പോ കിട്ടുന്ന ഒരിതൊന്നും ഭാര്യെനോട് മിണ്ടുമ്പോ കിട്ടുന്നില്ല..
അതൊരസുഖമാണോ എന്തോ..
ചാറ്റിലാണെങ്കിൽ സുഖാണോ..
എന്താ കഴിച്ചെന്നൊക്കെ ചോദിക്കാനും റിപ്ലയ്ക്ക് വേണ്ടി എത്രനേരം കാത്തിരിക്കാനുമൊക്കെ എന്തുത്സാഹമാണെന്നോ..
പക്ഷെ കെട്യോൾക്ക് ഫോൺ ചെയ്തു ഒരു സെക്കന്റിനുള്ളിൽ അവള് ഫോണെടുത്തില്ലേൽ എവിടെ പോയിക്കിടക്കാടി അന്റെ വാപ്പ മയ്യത്തായൊന്നൊക്കെ ചോദിച്ചാണ് സംസാരം തുടങ്ങുന്നത് തന്നെ..
കെട്യോളോട് മിണ്ടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് എണ്ണക്കറുപ്പുള്ള സുന്ദരി വീണ്ടും മെസ്സേജ് അയച്ചതു.
അതൊടെ ബിസിയാണെന്നും പറഞ്ഞു ഫോൺ കട്ട് ചെയ്തു എണ്ണക്കറുപ്പിന്റടുത്തേക്കോടി..
"മോളുറങ്ങിയോ.."?
"ഉം"
അവളുടെ മറുപടി വന്നു..
പിന്നീടങ്ങോട്ട് ചിരിച്ചും ചിരിപ്പിച്ചും സമയം പോയതറിഞ്ഞീല്ല..
ആദ്യദിവസം അങ്ങിനെ കഴിഞ്ഞു..
രണ്ടാം നാൾ അതിരാവിലെതന്നെ വീണ്ടും തുടങി..
അതിനിടയിൽ ചോദിക്കാതെ തന്നെ അവള് ഫോട്ടോയും അയച്ചുതന്നു..
"സുന്ദരിയാണല്ലോ..
നേരത്തേ നിന്നെ കണ്ടിരുന്നേൽ ഞാൻ നിന്നെത്തന്നെ കിട്ടിയേനെ.."
എന്ന്‌ പറഞ്ഞൊന്ന് കൊളുത്തിയിട്ടു..
"ശരിക്കും.."?
അവളുടെ റിപ്ലൈ..
"സത്യാടീ
അത്രയ്ക്ക് സുന്ദരിയാണ് നീ.."
ഞാനൊന്നുടെ നീട്ടിയെറിഞ്ഞു..
"അപ്പോഴേ ഞാനൊരു കാര്യം ചോദിക്കട്ടെ.."?
ഒന്നല്ല ഒരായിരം കാര്യം ചോദിക്കെടീ..
എന്നു റിപ്ലൈ അയക്കുന്നതിനിടയിൽ ഭാര്യയുടെ കാൾ വരുന്നുണ്ടാരുന്നു..
അതൊക്കെ അവഗണിച്ചു അവളെന്താണ് ചോദിക്കുന്നതെന്നറിയാൻ കാത്തു നിന്നു..
മെസ്സേജ്‌ വന്നതും ചാടിപ്പിടിച്ചു വായിച്ചു നോക്കി..
"അതേയ് എന്റെ കെട്ട്യോന് എന്നെ കണ്ണിനു കണ്ടൂടാ..
എന്തുപറഞ്ഞാലും ദേഷ്യമാണ്..
നേരെനോക്കി നല്ലൊരു വാക്കുപോലും പറയൂലാന്നെ..
ഇന്ന് നിങ്ങള് സുന്ദരിയാന്ന് പറഞ്ഞപ്പോൾ എന്തു സന്തോഷായെന്നോ എനിക്കു.
നിങ്ങളെന്നെ കല്യാണം കഴിക്കോ..
അത്രക്കിഷ്ടാ എനിക്കു..
പറ്റില്ലാന്ന് പറയരുത്.."
മുഴുവനും വായിച്ചില്ല..
നിന്നു വിയർത്തു...
തലകറങ്ങുന്നതു പോലേ തോന്നി..
ആറ്റുനോറ്റു കിട്ടിയ ലൈൻ ഇങ്ങനൊരു പണി തരൂന്നു സ്വപ്നത്തിൽ പോലും നിരീച്ചില്ലാരുന്നു..
മറുപടിയൊന്നും പറയാതെ ബ്ലോക്ക് ബട്ടണിൽ വിരലമർത്തുമ്പോ വീണ്ടും ഫോൺ ശബ്ദിച്ചു..
ഭാര്യയാണ്..
അന്നാദ്യമായി അവളുടെ ശബ്ദത്തിനു മാധുര്യമുണ്ടെന്നു തോന്നിപ്പോയി..
അന്നാദ്യമായി ഞാനവളോട് എന്താ കഴിച്ചെന്നു ചോദിച്ചു..
ചിരിച്ചുകൊണ്ട് സംസാരിച്ചു..
സ്നേഹത്തോടെ ശാസിച്ചു..
പ്രണയിച്ചു..
താൽക്കാലിക സുഖത്തിനു വേണ്ടി പലരുടെയും പിറകെ പായുന്നതിനിടയിൽ കാണാതെ പോയ അറിയാതെ പോയ സ്നേഹമെന്തെന്നു തിരിച്ചറിയുകയായിരുന്നു ഞാൻ.
#മറുവായന..
മുമ്പ് സ്ത്രീകളെ ചാറ്റിൽ ശല്യപ്പെടുത്തുന്ന ഞരമ്പ് രോഗികളോട്‌ കാശ് കടം ചോദിക്കുകയോ ഇൻഷുറൻസ് പോളിസി എടുക്കുമോ എന്നൊക്കെ ചോദിച്ചാൽ കുറെയൊക്കെ ശല്യം ഒഴിവാക്കാമെന്ന് പറഞ്ഞൊരു പോസ്റ്റ് ചെയ്തിരുന്നു ഞാൻ..
ഇനി ഇങ്ങനേം ഒരു ഐഡിയ പരീക്ഷിക്കാവുന്നതാണ്..
തലയിലാവും എന്നറിഞ്ഞാൽ ഏത് ഞരമ്പനും ഒലിപ്പീരു നിർത്തി വന്നവഴിയെ ഓടും.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot