നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒടിയൻ

ഒടിയൻ
..ഇങ്ങളറിഞ്ഞോ ?.. ഇന്നലെ രാത്രി നമ്മടെ രമേശൻ പ്രേതത്തെ കണ്ടിന് പോലും..
.. കമ്മാരേട്ടന്റെ ചായപ്പീടികയിൽ വെച്ച് തട്ടാന്റവിട സുകു അവിടെയിരിക്കുന്ന ബാക്കി ഉള്ളവരോടായി ചോദിച്ചു.. കമ്മാരേട്ടന്റേത് നാട്ടിലെ പണ്ട് മുതലേ ഉള്ള കടയാണ്. വലിയ കച്ചവടം ഇല്ലെങ്കിലും വയസ്സാംകാലത്തും കട തുറന്നിരിക്കുന്ന കമ്മാരേട്ടൻ നാട്ടുകാർക്ക് വേണ്ടപ്പെട്ടവനാണ് .
.. ചില്ലറ രാഷ്ട്രീയവും പരദൂഷണവും പറഞ്ഞു ചായ കുടിച്ചു കൊണ്ടിരിക്കുന്ന ചെറിയ സദസ്സ് ഒരു വേള നിശബ്ദരായി. സമയം വൈകുന്നേരം.
പഞ്ചായത്ത്‌ മെമ്പർ നാണു , മൊയ്തുക്ക , വടക്കേതിൽ ബിനു , റേഷൻകട ബാബു , കോഴി മമ്മദ്, ജ്വല്ലറി ജോയി എന്നിവർ അവിടെ ഹാജരുണ്ടായിരുന്നു . ഞാൻ ഒരു മൂലയ്ക് ബെഞ്ചിൽ അന്നത്തെ പത്രം വായിച്ചു കൊണ്ടിരിക്കുന്നു .എന്റെ ശ്രദ്ധ പത്രത്തിൽ നിന്നും അങ്ങോട്ടായി .
.. ഏതു രമേശൻ.. ?
മെമ്പർ നാണു ചോദിച്ചു.. പുരികവും, കൃതാവും,മീശയും നരച്ച മെമ്പറെ കണ്ടാൽ നേതാവ് കടന്നപ്പള്ളിയെപ്പോലെയുണ്ട് .
.. നമ്മുടെ ചാത്തോതും പറമ്പത്തെ പാഞ്ചാലിയേടത്തിയുടെ മോൻ ..
സുകു പറഞ്ഞു
.. ഓ നമ്മടെ കുടിയൻ രമേശൻ.. ഓന് നേരം പൊലന്നാ കള്ള് ചെന്നില്ലെങ്കിൽ കൈ വെറക്കും ..
ബിനുവിന്റെ ശബ്ദം പൊങ്ങി.
.. എവിടെ എന്താ കണ്ടത്.. ?
അവന്റെ പുരികം വളച്ചു് ചോദിച്ചു . വലിയ കണ്ണുകൾ തുറിച്ചുവന്നു.
...ഇന്നലെ രാത്രി പാറമ്മലെ ലതികേടേ പെരക്കടുത്തുള്ള ആ പൊട്ടക്കെണറില്ലേ . ആടത്തെ പമ്പ് ഹൗസിനടുത്തു് ഓൻ ഒരു രൂപം കണ്ട് പേടിച്ചു കെണറ്റില് വീണു.. രാവിലെ ഓടാൻ ആ വയ്ക്ക് പോയ ദിനേശനാ കണ്ടത്.. ഓൻ നോക്കുമ്പോ വേരുമ്മെ പിടിച്ചു കെണറിന്റെ പടമ്മല് ഇരിക്കുന്നു ..കുടിച്ച കള്ളിന്റെ കേട്ടെറങ്ങിപ്പോയിട്ടുണ്ടാകും പാവം... സുകു സഹതപിച്ചു .
പാറമ്മൽ ലതികയുടെ വീട് അങ്ങാടി കഴിഞ്ഞ് അരളിമല കയറിപ്പോകണം..ഒരു ഭാഗത്ത്‌ നീല കാക്കപൂക്കൾ വിടർന്നു നിൽക്കുന്ന , മറുഭാഗത്തു് നീളൻ പുൽച്ചെടികളുള്ള ഒരു വിശാലമായ മേട് കാണാം. അത് കഴിഞ്ഞ് വെളിച്ചം കുറഞ്ഞ കാട്ടിലൂടെ കുറച്ച് ദൂരം പോയാൽ കാണുന്ന തെങ്ങും കവുങ്ങും വളർന്നു നിൽക്കുന്ന പാടത്തിനരുകിലാണ് ലതികയുടെ വീട്. വീടിനു ചുറ്റും ഇരുണ്ട നിഴൽ വീഴ്ത്തിക്കൊണ്ടു തണൽ മരങ്ങളുണ്ട്. ചൂഴ്ന്നു നിൽക്കുന്ന ഒരു നിഗൂഢത ആ വീട്ടിനുണ്ടെന്നു പൊതുവെ നാട്ടിൽ ഒരു സംസാരമുണ്ടായിരുന്നു .
.. ഓ പ്രേതോന്നും ആയിരിക്കൂല്ല. . ഓനിക് വെളിവില്ലല്ലോ .. കിനാവ് കണ്ടതാരിക്കും ..
കോഴി മമ്മദ് ഇടപെട്ടു. നാട്ടിൽ ഇറച്ചിക്കോഴിക്കട നടത്തിക്കിട്ടിയ പേരാണ്.. കോഴി മമ്മദ്.. ഞാൻ വെറുതെ അരിപ്രാഞ്ചിയെ മനസ്സിൽ ഓർത്തുപോയി.
.. പറഞ്ഞൂടാ .. കഴിഞ്ഞ മാസം കർക്കിടക വാവിന് അവിടെ ഒരു വെളുത്ത രൂപം കണ്ടവരുണ്ട് .. ആരായിരുന്നു.. ആ..ദാ നമ്മടെ ജോയി.. അല്ലേ ജോയി..
റേഷൻകട ബാബു ചോരാൻ തുടങ്ങിയ തന്റെ മൂക്ക് പിഴിഞ്ഞ് മൊഴിഞ്ഞു..
എനിക്ക് ഓക്കാനം വന്നു . കുടിക്കാനെടുത്ത ചായ ഞാൻ തിരിച്ചു് മേശമേൽ വെച്ചു.
ജോയി ഒന്ന് മൂരി നിവർന്നു.
. ഉം .. അതോർമിപ്പിക്കല്ലേ ബാബു.. യ്ക്ക് രോമം എണീക്കുന്നു .. അന്ന് ഓടിയ ഓട്ടം പോയി നിന്നത് എന്റെ പൊരേലാ ..അത് ഞാൻ ചത്താലും മറക്കൂലാ ..
മെമ്പർ നാണു ഗാഢമായ ചിന്തയിലായിരുന്നു ....
.. അതെന്താ പാറമ്മൽ ലതികേടെ ആട മാത്രം പ്രേതം.. പ്രേതത്തിനെന്താ ഓളോട് മൊഹബ്ബത്താ .. ?
മൊയ്തുക്കയുടെ നിഷ്കളങ്കമായ സംശയം..
മെമ്പർ ഉഷാറായി...
...അതന്നെ... അതന്നെയാ എനിക്കും ചോയിക്കാനുള്ളത് ..അതെന്താ അവ്ടെ മാത്രം പ്രേതം. ഓള് ആളെങ്ങനെ. ?
മെമ്പർ ഒരു കുറ്റാന്വേഷകനെപ്പോലെ ചോദിച്ചു.
..അല്ല വല്ല പോക്കുവരവും ഉണ്ടോന്നറിയണല്ലോ..
മെമ്പർ ചൂണ്ടു വിരൽ ഡെസ്കിൽ കുത്തി മുന്പോട്ടാഞ്ഞു.
കോഴി മമ്മദ് ഒന്നിളകിയിരുന്നു.
.. അപ്പൊ ഇങ്ങള് ഉദേശിച്ചത്‌ പാറമ്മേലെ ലതിക വെടക്കാണെന്നാണോ ..ഈ രമേശൻ അവളെ പൊറകേ കുറേ നടന്നതല്ലേ.. എന്നിട്ടെന്തായി.. അവള് അടുപ്പിച്ചില്ലല്ലോ..
മമ്മദ് കൈയിലെ ഗ്ലാസ്‌ വലിയ ശബ്ദത്തോടെ മേശമേൽ വെച്ച് ചോദിച്ചു.
ഞാൻ വീണ്ടും പത്രത്തിലേക്ക് കണ്ണോടിച്ചുകൊണ്ട് ഓർത്തു.
നശിച്ച കുടി മൂലം വീട്ടുകാർക്കും നാട്ടുകാർക്കും വേണ്ടാതെ, കടം കയറി വീടും പോയി കടത്തിണ്ണയിൽ കിടക്കുന്ന അവനെ ഏതു പെണ്ണ് ഇഷ്ടപ്പെടും. കുറേ നാൾ പുറകെ നടന്നു. പക്ഷെ ലതിക ആട്ടിപ്പായിച്ചു .എന്നാലും നാണമില്ലാതെ പിന്നെയും പോകും ..ലതികയുടെ വീട്ടിൽ പ്രായാധിക്യം മൂലം കിടപ്പിലായ അച്ഛമ്മ ജാനു മാത്രമേ ഉള്ളു..അച്ഛൻ വീട് വിട്ട് പോയി. അമ്മ ആരുടെയോ കൂടെ ഇറങ്ങിപ്പോയെന്നു പറഞ്ഞു കേട്ടിരുന്നു. എണ്ണക്കറുപ്പിൽ വലിയ മിഴികളുള്ള ലതിക മനോഹരമായി പാടും ..
..ചെലപ്പോ അതിലൂടെ പോകുമ്പോൾ ഓളെ പാട്ടു കേട്ടിട്ടുണ്ട്.നല്ലോണം പാടും..
ബിനുവിന്റെ മുഖത്ത് ഒരു ശൃംഗാര ചിരി വിരിഞ്ഞു.
പക്ഷെ അവളുടെ നാക്കിന്റെ ചൂടറിഞ്ഞവർ ആ വഴി പിന്നെ പോകില്ല. കാല്പാദം വരെ എത്തുന്ന പാവാടയും പൂക്കളുള്ള ബ്ലൗസുമിട്ട് കൈയിൽ തെങ്ങോല കൊണ്ട് മെടഞ്ഞ വല്ലവും കൈയിൽ കത്തിയുമായി പുല്ലു വെട്ടാൻ പോകുന്നത് പതിവ് കാഴ്ച ആയിരുന്നു..
..ഏയ്‌.. ഓള് പോക്കോന്ന്വല്ല ..അല്ലല്ല... മൊയ്തുക്ക കണ്ണുകൾ ഇറുക്കി അടച്ച് കൊണ്ട് പറഞ്ഞു.. പിന്നെ ഒന്നാലോചിച്ചു പറഞ്ഞു.
പറയാമ്പറ്റൂലാ .. മന്സ്സന്റെ കാര്യല്ലേ ..
..ആ അതാ രമേശൻ ബരുന്നുണ്ട് .. ഉം.. ഇന്നും നല്ല വീലിനാണല്ലോ .. നമ്മുക്ക് നേരിട്ട് ചോയ്ക്കാം ...
അയാൾ അഭിപ്രായപ്പെട്ടു ..
രമേശൻ ചന്തയിലിറങ്ങി ആടിയാടി കമ്മാരേട്ടന്റെ ചായക്കടയിലേക്ക് പ്രവേശിച്ചു. അഴിഞ്ഞു വീഴാൻ പോയ ലുങ്കി ഒരു കൈ കൊണ്ട് വാരിപിടിച്ചു് ഇരിക്കുന്ന എല്ലാവരെയും അയാൾ മാറി മാറി നോക്കി .
...കമ്മാരേട്ടാ പൊറോട്ടയും ബീഫും എട്ത്തോ ..
ഒരു മൂലയിലെ ഒഴിഞ്ഞ ബെഞ്ചിൽ വന്നിരുന്ന രമേശൻ കുഴഞ്ഞ ശബ്ദത്തിൽ വിളിച്ചു പറഞ്ഞു.. എണ്ണമയമില്ലാത്ത ചീകാത്ത മുടി.. അലസമായിക്കിടക്കുന്ന വസ്ത്രങ്ങൾ.. കുഴിയിലാണ്ട കണ്ണുകൾ എരിഞ്ഞു തീരാറായ വിളക്കുതിരിയെ ഓർമിപ്പിച്ചു.
സുകു മെമ്പറോട് കുശുകുശുത്തു ..
..നാണു ഏട്ടൻ ചോയ്ക്ക്..
മെമ്പർ രമേശനെ നോക്കി മുഖത്ത് ചിരി വരുത്തി.
..അല്ല രമേശാ.. ഇന്നലെ രാത്രി നിനക്കെന്താ പറ്റീയെ ..മെമ്പർ ചോദിച്ചു.
രമേശൻ ചോദ്യം കേട്ടതായി തോന്നിയില്ല.. കമ്മാരേട്ടൻ കൊണ്ട് വെച്ച പൊറോട്ട കഷണങ്ങളാക്കി മുന്പിലെ ബീഫ് കറിയുടെ പാത്രത്തിൽ മുക്കി വലിയ ശബ്ദത്തിൽ ചവച്ചു. മറുകൈ കൊണ്ട് ഡെസ്കിൽ താളം പിടിച്ച് എല്ലാവരുടെയും നേർക്ക് പാതി അടഞ്ഞ കണ്ണുകൾ കൊണ്ടൊരു നോട്ടം എറിഞ്ഞു.
.. രമേശാ യ്യ് പ്രേതത്തെ കണ്ടെന്നു കേട്ടല്ലോ.. കോയി മമ്മദ് ചോദിച്ചു .
.. പ്രേതമല്ല ഏതു കാലൻ വന്നാലും ഓളെ ഞാൻ വിടൂല...ഹുംമ്. രമേശൻ മുരണ്ടു.
.. എന്താടോ സംഭവിച്ചത്..
കമ്മാരേട്ടൻ ഒരു ഗ്ലാസിൽ തണുത്ത ജീരക വെള്ളം രമേശന്റെ മുൻപിൽ വെച്ച് ചോദിച്ചു..
..നീ എന്താ അവ്ടെ കണ്ടത്..
രമേശൻ തന്റെ അനുഭവകഥ വിവരിക്കാൻ തുടങ്ങി..കാതു കൂർപ്പിച്ചു് കേൾവിക്കാരായ മറ്റുള്ളവർ ഇരുന്നു. ഇതിലൊക്കെ എന്ത് കാര്യം എന്ന മട്ടിൽ ഞാനും. ഇരുകാലി മനുഷ്യനെയാണ് വായുവിൽ ഒഴുകുന്ന പ്രേതത്തെക്കാളും പേടിക്കേണ്ടതെന്ന എന്റെ അച്ഛന്റെ വാക്കുകൾ ഓർത്ത് പത്രത്തിലേക്ക് മുഖം താഴ്ത്തി ഇരുന്നു.
... ഇന്നലെ രാത്രി ഞാൻ ഓളുടെ പേരെലേക്കുള്ള എടവഴിയിലെത്തിയപ്പോൾ രാത്രി പന്ത്രണ്ടു മണിയായി .വാസ്വേട്ടന്റെ ഷാപ്പീന്ന് നല്ല പനങ്കള്ളും മോന്തിയാരുന്നു വരവ് .. പെരക്കടുത്തെത്തിയപ്പോൾ ഓളുടെ പാട്ട് കേട്ടു ..
എന്താദ് .. ആ...
ചന്ദ്രകളഭം.. ചാർത്തിയൊറങ്ങും തീരം...ഈ മനോഹര..
രമേശൻ കുഴഞ്ഞ ശബ്ദത്തിൽ വലിച്ചു നീട്ടി പാടാൻ തുടങ്ങി.വായിൽ നിന്നും ഭക്ഷണശകലങ്ങൾ തെറിച്ചു ഡെസ്കിലേക്ക് വീണു.
മൊയ്തുക്ക നെറ്റി ചൊറിഞ്ഞു.
...യ്യ് ആ പാട്ട് ബ്രിത്തികേടാക്കാണ്ട് കാര്യം പറ.. എന്നിട്ട്.. ?
ആകാംഷാഭരിതമായിരുന്നു ചോദ്യം.
..എന്നിട്ടെന്താ..രമേശൻ എച്ചിൽ പുരണ്ട കൈകൾ വായുവിൽ ചുഴറ്റി.
... ഓൾടെ പെരെന്റെ എറേത്തിരുന്നു ഞാൻ പാട്ട് കേട്ടു.. വെളക്കൊക്കെ കെടത്തീന് . നല്ല തണുപ്പും..ആ പാട്ടും കേട്ട് ഓൾടെ ചൂട് പറ്റി കെടക്കാൻ ഒരു പൂതി..
രമേശൻ ഒരു വിടലച്ചിരി പാസ്സാക്കി.മഞ്ഞപ്പല്ലുകൾ തിളങ്ങി.
എന്റെ വായന പത്രത്തിലെ സ്പോർട്സ് പേജിലെത്തിയിരുന്നു .
..ഞാൻ ഓളുടെ വാതിലില് മുട്ടി.. പാട്ടു നിന്നു.. ഒച്ചയൊന്നും പിന്നെ കേട്ടില്ല.. ഞാൻ കൊറച്ചു നേരോം കൂടി ആട ഇരുന്നു ..നായിന്റെ മോള് വാതില് തൊറന്നില്ല .
രമേശൻ കൈ ചുരുട്ടി ഡെസ്‌കിലിടിച്ചു ..
.. ഞാൻ മെല്ലെ മിറ്റത്തേക്കെറങ്ങി .. മഴക്കോളുണ്ടാർന്ന് .. കൂറ്റാക്കൂറ്റിരുട്ടും .. കയ്യില് മെഴുകുതിരി ഇണ്ടേനു .. എടവഴി എറങ്ങി തിരിഞ്ഞു നോക്കിയപ്പോൾ.. ഒരു വെളുത്ത രൂപം തൊട്ടുപെറകില് നിൽക്കുന്നു..
രമേശന്റെ കണ്ണുകളിൽ ഭയം നിഴലിച്ചു .. കൈ വിറക്കാൻ തുടങ്ങി..
..രണ്ട് കണ്ണ് മാത്രം പുറത്ത് കാണാം..നെലം മുട്ടുന്ന നീണ്ട കുപ്പായം.. കാറ്റില് പറക്കുന്ന പോലെ തോന്നി..
ഭയവും ആകാംഷയും അവിടെക്കൂടിയിരിക്കുന്നവരുടെ കണ്ണിലേക്കും പടർന്നു.
ഞാൻ പത്ര വായന നിർത്തി രമേശനെ നോക്കി.
...എന്നിട്ട്.. ?
റേഷൻ കട ബാബുവും ജോയിയും ഒരേ സ്വരത്തിൽ ചോദിച്ചു..
... ഞാൻ ഓടി.. കാലിലെ വള്ളിച്ചെരുപ്പ് എങ്ങോട്ടോ തെറിച്ചു പോയി.. മെഴുകുതിരി തായെ വീണു കെട്ടു .. വയി തിരിയാതെ ഞാൻ ആ പമ്പ് ഹൌസിനടുത്തൊള്ള കെണറിന്റെ പടമ്മല് ഇരുന്നു.. കീശയിൽ മെഴുകുതിരിയും തീപ്പെട്ടിയും ഇണ്ടെനു. എടുത്തു കൊള്ളി ഉരക്കുമ്പോൾ ആരോ എന്നെ പെറകിൽ നിന്നും ഉന്തി കെണറ്റിലിട്ടു ... ഒരു രൂപം മിന്നായം പോലെ കണ്ടു.. കണ്ണ് മാത്രം കാണിച്ച് വെളുത്ത രൂപം..
.. ഒറ്റ ശ്വാസത്തിൽ രമേശൻ പറഞ്ഞു.. അയാൾ കിതക്കുന്നുണ്ടായിരുന്നു ..
..ദൈവം കാത്തു.. പടമ്മലെ ഒരു വേരിൽ പിടിച്ച് രാവിലെ വരെ ഇരുന്നു .. നമ്മടെ ദിനേശൻ കാണുമ്പയേക്കും നേരം വെളുത്തിന് .
മൊയ്തുക്ക ഒരു നെടുവീർപ്പിട്ടു..
...പടച്ചോനെ..കാത്തോളി
യ്യ് ആ വയ്‌ക്കൊന്നും ഇനി നേരം ബൈകിട്ട് പോണ്ട...
..രമേശൻ ഗ്ലാസിലെ വെള്ളം കുടിച്ച് , വിരൽ നക്കി ഒന്നിരുത്തി മൂളി..
അയാളുടെ മനസ്സിൽ , ഇരുൾ വീണ പഴയ വീടിന്റെ അകത്തെ മുറിയിലെ അരണ്ട വെളിച്ചത്തിലിരുന്ന് പാറമ്മൽ ലതിക നല്ല ഈണത്തിൽ പാടിക്കൊണ്ടിരിക്കുകയായിരുന്നു. തന്റെ നീണ്ട മുടിയിഴയിൽ തലോടിക്കൊണ്ട്.. എന്നോ ഒരു ദിവസം കണ്മുൻപിൽ കുളി കഴിഞ്ഞ് ഈറനുടുത്തു കണ്ട ലതികയുടെ സുന്ദര രൂപം അയാൾ ഓർത്തു. വെള്ളി പാദസരമണിഞ്ഞ നഗ്നമായ കണങ്കാലുകൾ ..കടഞ്ഞെടുത്ത ശരീരം. ഉയർന്ന മാറിടങ്ങൾ..
അയാൾ ഡസ്ക് ഒരു വശത്തേക്ക് ശക്തിയോടെ തള്ളി എഴുന്നേറ്റു...
..എനക്ക് ഓളെ മറക്കാൻ പറ്റൂല..
ഓരോ ചുവടിലും അയാൾ വേച്ചുപോകുന്നുണ്ടായിരുന്നു . രമേശൻ ലുങ്കി മടക്കിക്കുത്തി പുറത്തേക്കിങ്ങുന്നത് ഒരുവേള വായന നിർത്തി ഞാൻ നോക്കി നിന്നു.
...അവ്ടെ കൊറച്ച് നാളായി അതുമിതും പറഞ്ഞു കേക്കുന്നു.. ആരൊക്കെയോ രാത്രി മിന്നായം പോലെ ആ പാടത്തിന്റെ കരേലും , കുന്നിന്റെ മോളിലും , ആ കാട്ടിലും അസമയത്തു രൂപങ്ങള് കണ്ടിട്ടുണ്ടെന്ന് ഒര് വർത്താനം ഉണ്ട്..
ഒരു സിഗെരെറ്റ് കത്തിച്ചു പുകവിട്ട് ആടിയാടി പോകുന്ന രമേശനെ നോക്കി കമ്മാരേട്ടൻ പറഞ്ഞു
...പണ്ട് ആ കാട്ടിൽ ഒടിയന്റെ ശല്യമുണ്ടെന്നു കാർന്നോന്മാര് പറഞ്ഞ് കേട്ടിട്ടുണ്ട് ..ഈ കാലത്തൊക്കെ അത് വിശ്വസിക്കാൻ പറ്റ്വോ.. ?
ആരെങ്കിലും ഓൾടെ പെരേല് പോക്കുവരവ് ഉണ്ടോ എന്നും പറയാമ്പറ്റൂലാ .. ചോരേം നീരുമുള്ള ഒരു പെണ്ണല്ലേ ഓളും.. ഇനീപ്പോ ഇവന്റെ ശല്യം സഹിക്കാതെ വല്ലവനേം കൊണ്ട് ചെയ്യിച്ചതാണോ..
കമ്മാരേട്ടൻ ഡെസ്കിലെ എച്ചിൽ എടുത്ത് മാറ്റുന്നതിനിടയിൽ തന്നെത്താൻ പറഞ്ഞു.
.. ഓൻ ഇന്നും അതിലെ പോകും.. രണ്ടെണ്ണം അകത്തു ചെന്നാൽ പിന്നെ ഓന് ഓൾടെ അത് കണ്ടില്ലേൽ ഒറക്കം വരൂല്ല..
സുകു പറഞ്ഞത് കേട്ട് എല്ലാവരും പൊട്ടി ചിരിച്ചു.
ഞാൻ പത്രം മടക്കി ബെഞ്ചിൽ വെച്ച് എഴുന്നേറ്റു..ലോകകാര്യങ്ങളൊക്കെ വായിച്ചു കഴിഞ്ഞിരുന്നു. ചായക്കാശ് കമ്മാരേട്ടന് കൊടുത്തു് പുറത്തേക്കിറങ്ങി..കവലയിൽ തെരുവ് വിളക്കുകൾ മിന്നിത്തുടങ്ങിയിരുന്നു . ബസ് സ്റ്റോപ്പിനടുത്തുള്ള അരയാൽ മരത്തിൽ നിന്ന് പറന്നുയർന്ന നരിച്ചീറുകളുടെ ചിറകടിശബ്ദം കവലയിൽ മുഴങ്ങി. കുറച്ച് ദൂരെയായി ഒരു അവ്യക്ത ചിത്രം പോലെ ഇരുണ്ട് കിടക്കുന്ന മലമുകളിലേക്ക് പോകുന്ന ഒറ്റയടിപ്പാതയിലൂടെ രമേശൻ നീങ്ങുന്നുണ്ടായിരുന്നു..
എന്റെ മനസ്സിൽ എണ്ണക്കറുപ്പുള്ള ലതികയും , അവളുടെ മുറിയിലെ ചാണകം മെഴുകിയ തറയും പിങ്ക് പൂക്കളുള്ള കിടക്കവിരിയും തെളിഞ്ഞു വന്നു. മലമുകളിൽ കോടമഞ്ഞു വീഴാൻ തുടങ്ങിയിരുന്നു. അവളുടെ കാച്ചെണ്ണയുടെ മണമുള്ള മുടിയും വെളുത്തുള്ളിയുടെ ഗന്ധമുള്ള ശരീരവും മനസ്സിലേക്ക് മഞ്ഞുപോലെ തണുത്ത ഓർമകളായി അരിച്ചിറങ്ങാൻ തുടങ്ങി..തലേന്ന് രാത്രി അവളുടെ പാട്ട് കേട്ട് മടിയിൽ തല ചായ്ച് കിടക്കുമ്പോഴാണ് അവൻ ഒരു ക്ഷണിക്കപ്പെടാത്ത അതിഥിയായി പ്രത്യക്ഷപ്പെട്ടത് . കിടക്കവിരി തലവഴി മൂടിപ്പുതച്ചു രമേശന്റെ പുറകെ പോയത് തീരുമാനിച്ചുറപ്പിച്ചു് തന്നെയായിരുന്നു. കുറേ നാളായി അവന്റെ ശല്യം തുടങ്ങിയിട്ടെന്ന അവളുടെ പരാതി തീർക്കാൻ ഒരു അവസരത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു.
...ഇന്ന് കൈ പിഴക്കാൻ പാടില്ല..
പല്ലിറുമ്മിക്കൊണ്ട് ഞാൻ ചിന്തിച്ചു.
എന്റെ ഞരമ്പുകൾ വലിഞ്ഞു മുറുകാൻ തുടങ്ങി. കിണറ്റിലേക്ക് തള്ളിയിടുമ്പോൾ ശല്യം ഒടുങ്ങി എന്ന് കരുതിയതാണ്.. വീണ്ടും ഒരു കൈപ്പിഴ കൊണ്ട് അവൻ രക്ഷപ്പെട്ടാൽ ഒരു പക്ഷെ ലതികയുടെ ജീവൻ അപകടത്തിലായേക്കാം .
ഉറച്ച കാൽവെപ്പുകളോടെ പാറമ്മൽ ലതികയുടെ വീട് ലക്ഷ്യമാക്കി നടക്കുമ്പോൾ രമേശനെ എതിരിടാൻ പറ്റിയ പദ്ധതി മനസ്സിൽ തയ്യാറാക്കുകയായിരുന്നു ഞാൻ.
...ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം..
കോടമഞ്ഞു മൂടിയ അരളിമലയ്ക്കപ്പുറത്തുനിന്നും ലതികയുടെ നേർത്ത ശബ്ദം ഒഴുകിവരുന്നുണ്ടായിരുന്നു .
Niranjan
28/10/2017

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot