Slider

ഇലകൾ

0
ഇലകൾ
********
ഇന്നു രാവിലെ മുതൽ കാറ്റുപോലും മറന്നു പോയൊരിലയാണു ഞാൻ.ഇന്നലെ വരെ തളിരിലകളോടും മൊട്ടുകളോടും പൂവുകളോടും കിന്നരിച്ച്,കാറ്റിനൊപ്പം ചിലരെ ചേർത്തു പിടിച്ച്,അവർക്കു കൊള്ളേണ്ട മഴയും വെയിലും പകുതിയിലേറെ ഏറ്റുവാങ്ങി അവരെ പൊതിഞ്ഞു പിടിച്ചിരുന്നു.ഇന്നു രാവിലെ പൂവു പറിയ്ക്കാനെത്തിയ വീട്ടമ്മ പൂവിനൊപ്പം എന്നെയും ചേർത്തു പറിച്ചു.. നിർഭാഗ്യമെന്നു തന്നെ പറയട്ടെ....കുറച്ചു നാൾ കൂടി ചെടിയ്ക്കൊപ്പം നിൽക്കാനുള്ള എൻെറ ആഗ്രഹത്തെ വളരെ ലാഘവത്തോടെ നുള്ളി താഴേയിക്കിട്ടു അവർ.നടന്നു പോകവേ അവരുടെ പാദപതനമേറ്റ് ഭൂമിയോട് കൂടുതൽ പറ്റിച്ചേർന്നുപോയ് ഞാൻ.
പൂവു പക്ഷേ അവരോടൊപ്പം പോകാനാണാഗ്രഹിച്ചിരുന്നത്....ഇവിടിങ്ങനെ ചെടിയിൽ നിൽക്കുന്നതിനേക്കാൾ നല്ലത് അവരോടൊപ്പം പോകുന്നതാണത്രേ......പാവം..തുടുത്തു ചന്തത്തിൽ നിന്ന പൂവിനെ അവരെവിടേയ്ക്കാണാവോ കൊണ്ടു പോയത്.പൂജയ്ക്കാണോ,അതോ ഫ്ളവർവെയ്സിലേയ്ക്കാണോ,അതോ ആരുടെയെങ്കിലും തലയിൽ ചൂടി വെറും വാടിയ പൂവായി കുപ്പയിലേയ്ക്ക് തള്ളപ്പെടാനാണോ ? ഒന്നുമറിയാൻ കഴിയുന്നില്ലല്ലോ....ഒന്നും.
ഇനിയിപ്പോൾ ഇവിടെ കിടന്നു ദ്രവിച്ച് ശരീരഭാഗങ്ങൾ അടർന്നു വീണ്,മഞ്ഞ ഞരമ്പുകൾ മാത്രമായ് മണ്ണോടു ചേരാനാവും വിധി...വിധി ഹിതം നടക്കട്ടെ.
വൈകുന്നേരം സ്കൂളിൽ നിന്നു വന്ന കുട്ടി ചെടിയുടെ അടുത്തെത്തി.അവനെന്നും വരാറുണ്ട്..ചെടിയ്ക്ക് വെള്ളമൊഴിച്ച്, പൂക്കളേയും ഇലകളേയും തൊട്ടുതലോടി കാര്യം പറഞ്ഞ് കുറച്ചു സമയം നിൽക്കാറുണ്ട്.
'' അമ്മേ ഇതിൽ നിന്ന പൂവെവിടെപ്പോയി'' ?
''അതു പറിച്ച് ചേച്ചീടെ മുടിയിൽ ചൂടിക്കൊടുത്തല്ലോ. എന്താ മോനെ'' ?
''എന്തു ഭംഗിയായിരുന്നു.അതു പറിയ്ക്കണ്ടായിരുന്നമ്മേ.''
''ശ്ശോ..ദേ ഈ ഇലയും അടർന്നു വീണല്ലോ അമ്മേ''.
''ഓ ...അതാ പൂവിനൊപ്പം വന്നതാ.പഴുത്തിലകളെല്ലാം പൊഴിഞ്ഞു വീണു പോകാനുള്ളതാ''.
''അതിന് ...ഇതു പച്ച ഇലയല്ലേ അമ്മേ''.
''അതവിടെ ഇട്ടേയ്ച്ച് നീയ് അകത്തേയ്ക്ക് വരുന്നുണ്ടോ ഉണ്ണിക്കുട്ടാ''.
പഴുത്തിലകളെല്ലാം പൊഴിഞ്ഞു വീഴാനുള്ളതാണെന്ന പാഠം അവനു നൽകി അമ്മ അകത്തേയ്ക്കു പോയി.
പാവം കുട്ടി.....അവനെന്നെ അരുമയോടെ തിരികെ ചെടിയിലേയ്ക്ക് ചേർത്തു വച്ചു.ഒരിയ്ക്കൽ ഞെട്ടറ്റവയൊന്നും അതെ ഉറപ്പോടെ തിരികെ യോജിപ്പിയ്ക്കാൻ കഴിയില്ലാന്നു അവനോടെൻെറ മനസ്സു പറഞ്ഞതവനു കേൾക്കാൻ കഴിയില്ലല്ലോ.
ഇനി കാറ്റിനൊപ്പം കുറച്ചു ദൂരം പറക്കാൻ കഴിയുമായിരിയ്ക്കും എന്നു ഞാൻ വെറുതെ മോഹിച്ചു പോയി.
സരിത സുനിൽ
********************************
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo