നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഏട്ടൻ - ഭാഗം - 3 (അവസാന ഭാഗം)

ഏട്ടൻ - ഭാഗം - 3 (അവസാന ഭാഗം)
--------------------------
ട്രെയിൻ പാതി ദൂരം പിന്നിട്ടിരിക്കുന്നു. നന്ദു ചുറ്റിലും നോക്കി. എത്രയെത്ര തരം ആളുകൾ. പലരുടെയും മുഖത്ത് പല ഭാവങ്ങൾ. പക്ഷെ ആരിലും തന്റെയത്ര മാനസിക പിരിമുറുക്കം ഉള്ളതായി തോന്നിയില്ല. എന്ത് ശിക്ഷയാണ് ഇത്? ഇത്രയധികം വേദനകൾ സഹിക്കേണ്ടി വരാൻ മാത്രം പാപങ്ങൾ താൻ ചെയ്തുവോ? നന്ദു ഏറെ വേദനയോടെ ചിന്തിച്ചു. കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകാൻ തുടങ്ങിയപ്പോൾ നന്ദു മുഖം തിരിച്ചു.
നേരം സന്ധ്യയായിരിക്കുന്നു. കിളികൾ അതിന്റെ കൂടു തേടി പറക്കുന്നു. താനും തന്റെ കൂട്ടിലിലേക്ക് തിരിച്ച് പറക്കുകയാണ്. വേദനകളുടെ മാത്രം കൂട്ടിലേക്ക്... എന്തിനു വേണ്ടിയായിരുന്നു ഈ യാത്ര? കണക്കു കൂട്ടിയതൊന്നുമല്ല സംഭവിക്കുന്നത്. ജീവിതം പിന്നെയും അവളെ പരീക്ഷിക്കുകയാണ്. നന്ദു വീണ്ടും തന്റെ വേദനകൾ നിറഞ്ഞ പഴയ കാല ഓർമ്മകളിലേക്ക് ഊളിയിട്ടു.
ഏട്ടൻ ബാംഗ്ലൂർ യാത്രക്ക് തയ്യാറെടുത്തത് മുതലാണ് ജീവിതത്തിൽ വേദനകളുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്. തനിച്ച് നിന്നുകൊള്ളാം എന്ന തന്റെ ധൈര്യവും ആത്മവിശ്വാസവും തന്നെ പടുകുഴിയിൽ വീഴിക്കുകയായിരുന്നു. തനിച്ചാണെന്ന് ആരോടും പറയണ്ട എന്ന ഏട്ടന്റെ നിർദ്ദേശം ശിരസ്സാവഹിച്ചു. സന്ധ്യ മയങ്ങിയപ്പോൾ തന്നെ ഉമ്മറ വാതിൽ പൂട്ടി തന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്തിയതുമാണ്. പക്ഷെ...
ഏട്ടനില്ലാത്തതുകൊണ്ട് ഉറങ്ങാൻ ഏറെ വൈകി. പാതിരാത്രിയോടടുത്ത് കാണണം ഒന്ന് മയങ്ങുമ്പോൾ. എന്തോ ശബ്ദം കേട്ട് ഉണർന്നപ്പോൾ തന്റെ നേരെ നീണ്ടു വരുന്ന രണ്ടു കൈകൾ ആണ് കണ്ടത്. ഇരുട്ടിൽ കൂടുതൽ ഒന്നും വ്യക്തമായില്ല. ഒന്ന് നിലവിളിക്കാൻ പോലും സമയം കിട്ടിയില്ല. അതിനു മുൻപ് എന്തോ ഒന്ന് മൂക്കിലമർന്നു. പിറ്റേന്നാണ് സ്വബോധം ഉണ്ടാകുന്നത്. കീറിപ്പറിഞ്ഞ വസ്ത്രങ്ങളും അവിടവിടെയുള്ള മുറിപ്പാടുകളും തനിക്ക് വേണ്ടപ്പെട്ടതെല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞു എന്ന് വിളിച്ചോതുന്നതായിരുന്നു.
പിന്നീടങ്ങോട്ട് സ്വസ്ഥമായൊന്നു ഉറങ്ങിയിട്ടില്ല. എല്ലാം കൈവിട്ടു പോയിരിക്കുന്നു. അമിതമായ ആത്മവിശ്വാസവും ധൈര്യവും തന്റെ ജീവിതം എന്നെന്നേക്കുമായി അവസാനിപ്പിച്ചിരുന്നു. തിരിച്ച് വന്ന ഏട്ടന് മുഖം കൊടുക്കാതെ ദിവസങ്ങൾ തള്ളി നീക്കി. അതിലേറെ വേദന തോന്നിയത് രാജീവേട്ടനെ കാണുമ്പോളായിരുന്നു. പ്രതീക്ഷയോടെ നോക്കുന്ന അദ്ദേഹത്തെ എങ്ങനെ നേരിടും എന്നൊരു രൂപവും കിട്ടിയില്ല. വേദനയോടെ രാജീവേട്ടനിൽ നിന്നും വഴിമാറി നടക്കാൻ തുടങ്ങി.
ആത്മഹത്യയായിരുന്നു നന്ദു കരുതി വച്ചിരുന്ന പോംവഴി. പക്ഷെ, നന്ദുവിന്റെ വിയോഗത്തിൽ ഏട്ടൻ അനുഭവിക്കാൻ പോകുന്ന വേദന ഓർത്തപ്പോൾ അവൾക്കത് ചെയ്യാൻ തോന്നിയില്ല. തന്നെ ചതിച്ചവർ ആരാണെന്നോ എങ്ങിനെയാന്നെന്നോ എന്ന ചോദ്യത്തിന് വ്യക്തമായ ഒരുത്തരവും അവൾക്ക് കിട്ടിയില്ല. നഷ്ടപെട്ടതൊന്നും തനിക്ക് തിരികെ കിട്ടില്ലെന്ന് മാത്രം അവളോർത്തു.
*******
ട്രെയിൻ സ്റ്റേഷനിൽ എത്തിയിരിക്കുന്നു. നന്ദു ഇവിടെ നിന്നാണ് വണ്ടി കയറിയത്. തിരിച്ച് അവിടെ തന്നെ എത്തിയിരിക്കുന്നു. പാതിരാത്രി ആയിരിക്കുന്നു. തിരികെ വീട്ടിലേക്ക് ഈ നേരത്ത് എങ്ങനെ മടങ്ങും എന്നവളാലോചിച്ചു. സ്റ്റേഷന് പുറത്തേക്കിറങ്ങി അവളൊരു ഓട്ടോ വിളിച്ചു. അവൾക്ക് തെല്ലും ഭയം തോന്നിയില്ല. എല്ലാം നഷ്ടപെട്ടവൾക്കെന്ത് ഭയം?
യാതൊരു കുഴപ്പങ്ങളും കൂടാതെ അവൾ തറവാട്ട് മുറ്റത്തെത്തി. പാതിരാത്രി കഴിഞ്ഞതുകൊണ്ട് തന്റെ വരവ് ആരും അറിഞ്ഞിട്ടില്ല. നന്ദു രാഘവേട്ടന്റെ വീട്ടിലേക്ക് നോക്കി. വെളിച്ചമില്ല. എല്ലാവരും നല്ല ഉറക്കമായിരിക്കണം. തനിക്ക് മാത്രം ഉറക്കം എന്നേ കൈവിട്ടു പോയ ഒന്നായി മാറിയിരിക്കുന്നു. അവൾ തറവാടിന്റെ ഉമ്മറ വാതിൽ തുറന്ന് അകത്തു കയറി.
******
രാഘവേട്ടാ...
പുറത്ത് അയൽക്കാരനായ സുധാകരന്റെ ശബ്ദം കേട്ട് രാഘവേട്ടൻ വന്നു.
എന്താ സുധാകരാ..?
അല്ല ആ കുട്ടി തിരിച്ച് വന്നുവോ?
ആര്?
ആ നന്ദന്റെ പെങ്ങൾ?
വന്നില്ലല്ലോ. എന്തെ?
പിന്നാരാ അവിടെ? വാതിൽ തുറന്ന് കിടക്കുന്ന കണ്ടല്ലോ?
ഹേയ്... അവിടാരുമുണ്ടാവില്ല. വീട് പൂട്ടി താക്കോൽ ഞാൻ ആണ് നന്ദു മോൾടെ കൈയിൽ കൊടുത്തത്. റെയിൽവേ സ്റ്റേഷനിൽ വണ്ടി കേറ്റി വിട്ടതല്ലേ. ഇപ്പൊ അങ്ങെത്തികാണണം.
മുറിയിൽ നിന്ന് രാജീവ് എല്ലാം കേൾക്കുന്നുണ്ടായിരുന്നു. അവന്റെ മനസ്സിൽ ഒരായിരം പൂത്തിരി കത്തി. സന്തോഷം കൊണ്ട് അലതല്ലുകയായിരുന്നു. നന്ദു തിരിച്ച് വന്നിരിക്കുന്നു. പ്രതീക്ഷിച്ചത് തെറ്റിയില്ല. അവൾക്ക് തന്നെ വിട്ട് പോകാനാവില്ല. തന്റെ സ്നേഹം കണ്ടില്ലെന്ന് നടിക്കാൻ നന്ദുവിന്‌ പറ്റില്ല. ഇനിയൊരു പാളിച്ച പറ്റിക്കൂടാ. എല്ലാം അവളോട് തുറന്ന് പറയണം. നെഞ്ചോടു ചേർത്ത് പിടിക്കണം, ഇനിയൊരിക്കലും തന്നിൽ നിന്ന് അകന്നു പോകാത്തവിധത്തിൽ. രാജീവ് പുറത്തേക്ക് ഓടി.
*******
രാത്രി വളരുകയാണ്. നന്ദു ഏട്ടന്റെ മുറിയിൽ ചെന്നിരുന്നു. ഏട്ടന്റെ സാന്നിധ്യം അവിടെ ഉള്ളത് പോലെ തോന്നി നന്ദുവിന്‌. ഉറക്കെ കരയാൻ അവളുടെ മനസ്സ് കൊതിച്ചു. രാത്രിയാണ്. പാതിരാത്രി. താൻ വന്നത് പോലും ആരും അറിഞ്ഞിട്ടില്ല. ആരെയും ഉണർത്താൻ പാടില്ല. അവൾ ആ കട്ടിലിൽ കിടന്നു. ഏട്ടൻ അവസാന ശ്വാസം വലിച്ചത് ഇവിടെ വച്ചാണ്. സമാധാനത്തോടെയുള്ള ജീവിതം ഏട്ടന്റെ മരണത്തിൽ കലാശിച്ചത് തികച്ചും അപ്രതീക്ഷിതമായിട്ടാണ്. അവൾ വേദനയോടെ ആ ദിവസങ്ങളെ കുറിച്ച് ഓർത്തു.
ഏട്ടന്റെ ബാംഗ്ലൂർ യാത്രക്ക് മുൻപ് തന്റെ ജീവിതം സാധാരണ ഗതിയിലായിരുന്നു. കഷ്ടപ്പാടും ദുരിതങ്ങളും സമാധാനത്തിന് തടസ്സമായിരുന്നില്ല. പക്ഷെ പെട്ടെന്നൊരു ദിവസം മുതൽ എല്ലാം തകിടം മറിയുകയായിരുന്നു.
പുറത്തെന്തോ ബഹളം കേട്ട് വെളിയിലേക്ക് ഇറങ്ങി വന്ന നന്ദു കണ്ടത് ഏട്ടന്റെ കോളറിൽ കുത്തി പിടിച്ചു നിന്ന് ഭീഷണി മുഴക്കുന്നവരെ ആണ്. അവളോടി വന്നു. അപ്പോളേക്കും അവർ പിടി വിട്ടിരുന്നു. വിളറി നിൽക്കുകയായിരുന്നു നന്ദൻ. നന്ദുവിനെ ഒന്ന് നോക്കിയിട്ട് നന്ദന്റെ നേരെ വെല്ലുവിളി പോലെ വിരൽ ചൂണ്ടി. പിന്നെ ഒന്നും മിണ്ടാതെ അവർ ഇറങ്ങി പോകുകയും ചെയ്തു. നന്ദു നിലവിളിക്കാൻ തുടങ്ങിയിരുന്നു. മനസ്സ് തകർന്ന് വേദന നിറഞ്ഞ മുഖത്തോടെ നന്ദൻ മുറിയിൽ തളർന്നിരുന്നു. നന്ദുവിന്റെ സങ്കടം നിയന്ത്രണം വിടാൻ തുടങ്ങിയിരുന്നു. നന്ദുവിനെ ചേർത്ത് നിർത്തി അന്ന് നന്ദൻ സത്യങ്ങൾ മുഴുവൻ വെളിപ്പെടുത്തി.
അച്ഛൻ ഉണ്ടാക്കി വച്ച കടങ്ങൾ പലതും വീട്ടാൻ സാധിച്ചെങ്കിലും മുഴുവനായിട്ടും തുടച്ചു നീക്കാൻ നന്ദന് പറ്റിയിരുന്നില്ല. പലയിടത്ത് നിന്നും കടം വാങ്ങി മറ്റു ചിലയിടത്ത് വീട്ടുന്നു എന്നല്ലാതെ കൂടുതലൊന്നും ചെയ്യാൻ അവനു സാധിച്ചിരുന്നില്ല. വലിയൊരു തുക വലിയ പലിശക്ക് വാങ്ങിയിരിക്കുന്നു. തറവാടിന്റെ ആധാരം ഈടായി നൽകിയിരിക്കുന്നു. പണം ഉടൻ കൊടുത്തില്ലെങ്കിൽ വീടും കൂടി നഷ്ടപ്പെടും. നന്ദൻ വേദനയോടെ അത്രയും പറഞ്ഞു നിർത്തുമ്പോളേക്കും നന്ദു പൊട്ടിക്കരഞ്ഞു പോയിരുന്നു. കരയാനല്ലാതെ അവൾക്ക് മറ്റൊന്നും അറിയില്ലായിരുന്നു.
രണ്ടു ദിവസത്തിന് ശേഷം ആണ് നന്ദൻ ബാംഗ്ലൂർ യാത്രക്ക് തയ്യാറെടുത്തത്. പണം തയ്യാറാക്കാനുള്ള യാത്ര ആയിരുന്നു അത്. അത്കൊണ്ട് തന്നെയാണ് ആരെയും അറിയിക്കാതെ പോയതും, നന്ദു തനിച്ച് ആ വീട്ടിൽ താമസിച്ചതും. പക്ഷെ ഒറ്റ രാത്രികൊണ്ട് നന്ദുവിന്റെ ജീവിതം നിലയില്ലാ കയത്തിലേക്ക് വീണു.
തിരിച്ചു വന്ന നന്ദന് മുഖം കൊടുക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു നന്ദു. പോയ കാര്യങ്ങൾ നടന്നപോലൊരു ആശ്വാസം ഏട്ടനിൽ കണ്ടതുകൊണ്ട് അവൾ കൂടുതലൊന്നും ചോദിച്ചില്ല. പക്ഷെ, അവളുടെ ഓരോ ദിവസങ്ങളും കൂടുതൽ വിഷമതകൾ പിടിച്ചതായി മാറി. എല്ലാം ഏട്ടനോട് പറഞ്ഞാലോ എന്നവൾ പലപ്പോഴും ഓർത്തു. പക്ഷെ അതറിയുമ്പോളുള്ള ഏട്ടന്റെ അവസ്ഥ അവൾക്കോർത്തു നോക്കാൻ പോലും പറ്റിയില്ല. കാരണം അവൾ ഏട്ടനെ അത്രക്കധികം സ്നേഹിച്ചിരുന്നു. ഒന്നിന്റെ പേരിലും ഏട്ടൻ വേദനിക്കുന്നത് അവൾക്ക് സഹിക്കാനാവില്ല.
*******
ദൂരെ എവിടെനിന്നോ കോഴി കൂവുന്ന ശബ്ദം. നേരം വെളുക്കാറായിരിക്കുന്നു. പുലരാൻ ഇനി അധികം സമയമില്ല. നന്ദു ഏട്ടന്റെ ഫോട്ടോയിലേക്ക് നോക്കി കണ്ണീർ വാർത്തു.
എന്തിനായിരുന്നു ഏട്ടാ... എന്നോടീ ചതി ചെയ്തത്? ഏട്ടന് വേണ്ടി എന്ത് ത്യാഗവും സഹിക്കാൻ ഈ നന്ദു തയ്യാറായിരുന്നില്ലേ? പിന്നെന്തിന്? ഒരു വഞ്ചകന്റെ മുഖം ഏട്ടന് ചേരുകയില്ലായിരുന്നല്ലോ? പിന്നെ എപ്പോളാണ് ഏട്ടന്റെ മനസ്സിൽ ഇത്രയും ക്രൂരത നിറഞ്ഞത്? അത് കൊണ്ടല്ലേ എനിക്ക് ഏട്ടനെ കൊല്ലേണ്ടി വന്നത്?
നന്ദു വേദനയോടെ ചോദിച്ചു. ഏട്ടൻ തന്നെ ചതിക്കുകയായിരുന്നു. ആ ബാംഗ്ലൂർ യാത്ര ഏട്ടൻ ബുദ്ധിപൂർവം തയ്യാറാക്കിയ പദ്ധതിയായിരുന്നു. തന്നെ ചതിയിൽ വീഴ്ത്താൻ. തന്നെ മറ്റുള്ളവർക്ക് വിറ്റ് കടം വീട്ടുകയായിരുന്നു ഏട്ടൻ. മറ്റുള്ളവർക്ക് പിച്ചിച്ചീന്താൻ ഇട്ടുകൊടുത്തിട്ട് ഒളിച്ചിരിക്കുകയായിരുന്നു. രഹസ്യമായ ഒരു ഫോൺ സംഭാഷണത്തിലൂടെയാണ് തന്റെ ഏട്ടന്റെ ചതി നന്ദു മനസ്സിലാക്കിയത്. വേദനയോടെ അവൾ തളർന്നിരുന്നു പോയി.
മരണമല്ലാതെ മറ്റൊന്നും തന്റെ മുൻപിൽ ഇല്ലെന്നു തിരിച്ചറിഞ്ഞത് ആ നിമിഷത്തിലാണ്. അതിനു മനസ്സ് കൊണ്ട് തയ്യാറെടുക്കുകയായിരുന്നു അവൾ. അപ്പോളാണ് അടുത്ത ചതിക്കുഴി ഒരുക്കി ഏട്ടൻ വന്നത്. ഒരിക്കൽ കൂടിയുള്ള ബാംഗ്ലൂർ യാത്ര. തന്നെ വീണ്ടും മറ്റുള്ളവർക്ക് പങ്കിട്ടെടുക്കുവാനും പിച്ചിച്ചീന്തുവാനും ഇട്ടു കൊടുത്തുകൊണ്ടുള്ള ഏട്ടന്റെ ക്രൂര വിനോദം. വയ്യ... ഇനിയും ഇതിനു നിന്ന് കൊടുക്കാൻ വയ്യ. രക്ഷപെടാൻ എല്ലാ വഴികളും ആലോചിച്ചു. ഒന്നും അറിയാത്തപോലെ ഏട്ടന് മുന്നിൽ പിടിച്ചു നില്ക്കാൻ അന്ന് നന്നേ പാട് പെടേണ്ടി വന്നു.
അന്ന് രാത്രി എല്ലാം അവസാനിപ്പിക്കാൻ പദ്ധതിയിട്ടു. ഒന്നുകിൽ താൻ അല്ലെങ്കിൽ ഏട്ടൻ രണ്ടിലൊരാളെ ഇനി ജീവനോടെ ഉണ്ടാവാൻ പാടുള്ളു. അത്താഴത്തിനു വിളമ്പിയ ഭക്ഷണത്തിൽ ഒരാൾക്കുള്ള പങ്കിൽ വിഷം കലർത്തി. അത് കഴിക്കുന്ന ആൾ ആരായാലും അയാൾ ഈ ഭൂമിയിൽ തുടരാൻ അവകാശമില്ലാത്ത ആളാണ്.
പിറ്റേന്നുണർന്നപ്പോൾ മനസ്സിലായി ഇനി ഈ ഭൂമിയിൽ താൻ മാത്രമേ ഉള്ളു എന്ന്. പോലീസിന്റെയും നാട്ടുകാരുടെയും മുമ്പിൽ പിടിച്ചു നില്ക്കാൻ അന്നേറെ പാടുപെട്ടു. കടം വീട്ടാൻ കഴിയാത്തതിൽ മനം നൊന്ത് മരിച്ച ഒരുവന്റെ സഹോദരിയായി കണ്ട് എല്ലാവരും സഹതാപ വർഷം ചൊരിഞ്ഞു. പക്ഷെ... എല്ലാം ചെയ്തിട്ടും താൻ എന്ത് നേടി? തന്നെ ചതിച്ച ഏട്ടൻ എന്ത് നേടി? ആർക്കും ഒരു നേട്ടവും ഉണ്ടായില്ല. നഷ്ടങ്ങൾ മാത്രം...
******
രാജീവിന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. അലതല്ലുകയായിരുന്നു അവന്റെ മനസ്സ്. നന്ദുവിന്റെ തറവാട് വീടിന്റെ പടി കടക്കുമ്പോളേക്കും അവളുമൊന്നിച്ചുള്ള ഒരു ജീവിതം വരെ അവൻ സ്വപ്നം കണ്ടു തുടങ്ങിയിരുന്നു. ഉമ്മറ വാതിൽ കടന്ന് നന്ദുവിനെ നീട്ടി വിളിച്ചു കൊണ്ട് അവൻ അകത്തേക്ക് കടന്നു. പക്ഷെ... മുറിയിലേക്ക് കണ്ണുകൾ പായിച്ച അവൻ കാലുകൾ വേരുറച്ച പോലെ നിന്ന് പോയി. പുറകെ വന്നവരും സ്തബ്ദ്ധരായി.
പൊട്ടി ചിതറിയ നന്ദന്റെ ഫോട്ടോ. അതിനടുത്തൊരു കുറിപ്പ്. അതിൽ ഒരൊറ്റ വരി മാത്രം കുറിച്ചിരുന്നു.
"എന്റെ ഏട്ടനില്ലാതെ എനിക്ക് ഈ ഭൂമിയിൽ ജീവിക്കാൻ അറിഞ്ഞു കൂടാ..."
(അവസാനിച്ചു)
Samini

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot