നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#ഇടുക്കി

“The gladdest moment in human life, me thinks, is a departure into unknown lands.”
– Sir Richard Burton
വർണ്ണനകളുടെ ഏതു രസക്കൂട്ടു ചേർത്ത അക്ഷരങ്ങൾ വിളമ്പിയാലാണ് ഇടുക്കി എന്ന സുന്ദരിയെ സ്വാദോട് കൂടി നിങ്ങളോട് പങ്കുവെക്കുക . "ഇവിടുത്തെ കാറ്റാണ് കാറ്റ് " എന്ന് സിനിമാ പാട്ടിൽ വരികൾ ആയപ്പോ അതെത്രത്തോളം അർത്ഥമുള്ള വരികളാണ് എന്നു മനസ്സിലാക്കാൻ കഴിഞ്ഞ ഒന്നര ദിവസത്തെ അനുഭവങ്ങൾ വേണ്ടി വന്നു. 24/10/2017ന് രാവിലെ 10.40 ന് പെരുമ്പാവൂർ സ്റ്റാൻഡിൽ നിന്നെടുത്ത ആനവണ്ടി കയറുമ്പോൾ ആദ്യമായി ആ സുന്ദരഭൂമി കാണാൻ പോകുന്ന ആകാംഷ ഒന്നും മനസ്സിൽ ഉണ്ടായിരുന്നില്ല . കാരണം ലക്ഷ്യത്തെക്കാൾ കൂടുതൽ ലക്ഷ്യത്തിലേക്കുള്ള യാത്രകളാണ് ഞാൻ ആസ്വദിച്ചിരുന്നത്.
ഭൂരിഭാഗം പേരെയും പോലെ യാത്രകളോടുള്ള ഭ്രാന്ത് തുടങ്ങുന്നത് കൗമാരത്തിലാണ് . അന്നതിന്‌ കഴിഞ്ഞില്ലെങ്കിലും യവ്വനത്തിൽ ഞാൻ എന്റെ സ്വപ്നങ്ങളുടെ ചിറകിൽ കെട്ടിയ കടമകളുടെ നൂലഴിച്ചു വിടുന്നു .നിങ്ങൾക്ക് ഇനി പറന്നു തുടങ്ങാം.
എല്ലാവരിലും ഒരു സഞ്ചാരി ഉണ്ടാവും .സാഹചര്യങ്ങൾ സ്നേഹിതരാവുമ്പോൾ നിങ്ങൾക്ക് അത് തിരിച്ചറിയാൻ കഴിയും, പിന്നെ സമയം കളയരുത് . കാത്തിരിക്കുന്ന കാഴ്ചയുടെ വിസ്മയങ്ങളിലേക്ക് മനസ്സും ശരീരവും ഊളിയിടുക..
ഉച്ചക്ക് 1.30 ഓട് കൂടി ഓട്ടോ ഡ്രൈവർ ശ്രീജിത്തും എഴുത്തിന്റെ ലോകം സമ്മാനിച്ച സഹോദര സൗഹൃദം സുമേച്ചിയും ഇടുക്കിയിലെ ചെറുതോണി എന്ന സ്ഥലത്ത് കാത്തു നിൽപ്പുണ്ടായിരുന്നു. ആദ്യമായി നേരിൽ കാണുന്ന അങ്കലാപ്പുകൾ ഇല്ലാതെ ചെറിയ കുശലാന്വേഷണ ശേഷം ചെറുതോണിയിലെ പാപ്പിൻസ് റെസ്റ്റോറന്റിൽ നിന്നും ഉച്ച ഭക്ഷണം . സാധാരണ യാത്രകളിൽ ഭക്ഷണം ഒഴിവാക്കാറുള്ള ഞാൻ രുചികരമായ ആ ബിരിയാണിക്ക് മുൻപിൽ തലകുനിച്ചു എന്നു തന്നെ പറയാം .
ഭക്ഷണം കഴിച്ചു നേരെ ഇടുക്കി ഡാം കാഴ്ചകളിലേക്ക്. ടൂറിസം ഡിപ്പാർട്ട്‌മെന്റിൽ ജോലിയുള്ള സുമേച്ചിയുടെ സുഹൃത്ത് നിഖിൽ ബ്രോ യുടെ സഹായത്തോടെ ഡാമിന്റെ കാണാ കാഴ്ച്ചകൾ കാണാനും അവസരം ഉണ്ടായത് എന്റെ ഭാഗ്യമാണ്. യാത്രകൾ കാഴ്ചകൾക്കൊപ്പം നമുക്ക് സമ്മാനിക്കുന്ന ബന്ധങ്ങൾ അനവധിയാണ്. ഈ യാത്രയിൽ നെഞ്ചോട് ചേർത്തവരെയെല്ലാം നന്ദിയോടെ ഓർക്കുന്നു .
ഡാമിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന മനോഹരമായ hill view പാർക്കും കണ്ടു അന്നത്തെ കാഴ്ചകൾ അവസാനിപ്പിച്ചു വീട്ടിലേക്ക് പോയി. രാത്രിയോട് കൂടെ വിജയ് സിനിമ മേഴ്‌സൽ കാണാൻ പോയപ്പോഴാണ് കട്ടപ്പന ടൗണ് കാണുന്നത് . സാമാന്യം നല്ലൊരു എല്ല സൗകര്യങ്ങളോടും കൂടെയുള്ള ടൌൺ. ഇടുക്കിയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർ താമസിക്കാൻ തിരഞ്ഞെടുക്കുന്നത് കട്ടപ്പന ടൗണ് ആകുന്നത് നന്നായിരിക്കും . അവിടെ നിന്നു എല്ല ഡെസ്റ്റിനേഷൻസുകളിലേക്കും യാത്ര എളുപ്പമാകും.ഇരുട്ടിനേക്കാൾ വേഗത്തിൽ തണുപ്പ് പൊതിഞ്ഞ രാത്രിയോട് കൂടെ ഇടുക്കി എന്ന സുന്ദരഭൂമിയിലെ ആദ്യ ദിനം അവസാനിച്ചു.
25 /10/2017 രണ്ടാം നാൾ
കാലാവസ്ഥ മറിയപ്പോ അൻവർ മൂക്കുതല യുടെ മൂക്ക് രണ്ടും ഡാം പോലെ അടച്ചും തുറന്നും രാവിലെ തന്നെ പണിതന്നപ്പോ അലാറം അടിക്കുന്നതിന് മുൻപേ എണീക്കേണ്ടി വന്നു. ബ്രെക്ക്ഫാസ്റ്റിന് കപ്പയും ബീഫും തൈരും കൂടെ കുറച്ചു ചോറും . ഇടുക്കിയിൽ ആണ് പോകുന്നത് എന്ന് പറഞ്ഞപ്പോ തന്നെ frd പറഞ്ഞിരുന്നു ഒരുപാട് സ്നേഹമുള്ള ആളുകളാണ് അവിടെയുള്ളവർ എന്ന്. അത് നേരിട്ടു അനുഭവിച്ചത് സുമേച്ചിയുടെ കുടുംബത്തോട് കൂടെയുള്ള സമയവും എല്ലായിടത്തും കൊണ്ടു പോയ ഓട്ടോ ചേട്ടൻ മാരുടെ കൂടെയുമാണ്.
മലപ്പുറത്തു നിന്നും വന്ന എഴുത്തുകാരൻ സുഹൃത്‌ എന്ന ലേബലിൽ എന്നെ പരിചയപ്പെടുത്തുമ്പോൾ അനുഭവക്കുറിപ്പുകൾ ആണെങ്കിൽ പോലും എഴുതാൻ തോന്നിയ നിമിഷത്തെ ഞാൻ ഒരു ആത്മരതി പോലെ ഓർത്തു .
അന്ന് തന്നെ തിരിച്ചു പോരേണ്ടത് കൊണ്ട് പെട്ടെന്ന് കണ്ടു തീർക്കാവുന്ന കുറച്ചു സ്ഥലങ്ങൾ മാത്രമായിരുന്നു ആ ദിവസത്തെ ലക്ഷ്യം .കട്ടപ്പനയിൽ നിന്നും 16 km ദൂരത്തിൽ സ്‌ഥിതി ചെയുന്ന കാൽവരി മൗണ്ടിലേക്ക് കിതച്ചും കുതിച്ചും ഓട്ടോ പതുക്കെ കയറി തുടങ്ങി.
വലിയൊരു കുന്നു കയറി ചെന്നാൽ ഒരു മാന്ത്രിക സ്പര്ശമുള്ള ചിത്രകാരന്റെ കരവിരുത് തീർത്ത ചിത്രം പോലെ ദൈവം അവന്റെ ഭൂമിയിലെ സ്വർഗ്ഗത്തിന്റെ ഒരംശം ഇടുക്കിക്ക് സമ്മാനിച്ചതായാണ് എനിക്ക് തോന്നിയത്.
ഏതു ഭാഗത്ത്‌ നിന്നും എങ്ങനെ എത്ര ഫോട്ടോസ് എടുത്തലാണ് ആ ഭംഗി പകർത്താൻ കഴിയുക എന്നുള്ളത് വലിയൊരു വെല്ലുവിളി തന്നെ ആയിരുന്നു.. സുമേച്ചിയും മകൻ കണ്ണനും കൂടെ മത്സരിച്ചു ചിത്രങ്ങൾ പകർത്താൻ തുടങ്ങിയപ്പോ കണ്ണു തട്ടാതിരിക്കാൻ എന്ന പോലെ ഒട്ടുമിക്ക ഫ്രയിമിലും ഈയുള്ളവൻ വന്നിട്ടുണ്ട്.
സമയം ഏകദേശം12.30 ആയിട്ടും ചൂടോ ക്ഷീണമോ അനുഭവപ്പെടുത്താതെ ഇടുക്കിയിലെ കാറ്റ് ഞങ്ങളെ തഴുകി കൊണ്ടേയിരുന്നു.
'അമ്മ ഇവിടെ നിക്ക് ഞാൻ ചേട്ടയിയെയും കൊണ്ട് ഇപ്പൊ വരാം എന്ന് പറഞ്ഞു എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കണ്ണൻ എന്റെ കൈപിടിച്ചു കാൽവരി മൗണ്ടിലെ ഇടതൂർന്ന പുൽമേടുകളെ വകഞ്ഞുമാറ്റി നടന്നു . ഒരു സ്ഥലമുണ്ട് ചേട്ടായി അവിടെ കയറി നിന്നു ചേട്ടായിടെ ഫോട്ടോ എനിക്ക് എടുക്കണം എന്ന് അവൻ പറഞ്ഞപ്പോ ആനപ്പിണ്ടവും മുള്ളൻ പന്നിയുടെ മുള്ളുകളും എന്റെ ഉയരത്തിന് സമാനമായി നിൽക്കുന്ന പുൽക്കാടുകളും കണ്ടു ഉള്ളിൽ തോന്നിയ ഭയം കൊണ്ട് കണ്ണനോട് പലതവണ ഞാൻ പോണ്ടട എന്നു പറഞ്ഞു പിന്തിരിപ്പിക്കാൻ ശ്രമിച്ചു .ചേട്ടായി വാ അടുത്തെത്തി അടുത്തെത്തി എന്നു പറഞ്ഞു അവൻ ഏകദേശം 2 കിലോമീറ്ററിനു മുകളിൽ ആ കാട്ടിലൂടെ എന്നെ കൊണ്ട് പോയി . എത്രയോ തവണ ഞാൻ വീഴുകയും സ്ലിപ്പ് ആവുകയും ചെയ്തിട്ടും എന്തോ ഏതോ അദൃശ്യ ശക്തി അവന്റെ കൂടെ എന്നെ മുന്നോട്ടു കൊണ്ടുപോയി .
ഇടുക്കിക്കാർക്ക് ഇതൊക്കെ പുല്ലാണ് ചേട്ടായി എന്നും പറഞ്ഞ് എന്റെ പേടിച്ചുള്ള നടത്തവും വീഴ്ചയും എല്ലാം ഫോണിൽ പകർത്തി അവൻ മുന്നിൽ നടന്നപ്പോൾ ശരിക്ക് അവൻ എന്റെ ചേട്ടൻ ആയി മാറി.
സ്വർഗ്ഗത്തിലേക്കുള്ള പാത കല്ലും മുള്ളും നിറഞ്ഞതാണ് എവിടെയോ പറഞ്ഞ പോലെ ആ നടത്തത്തിനൊടുവിൽ എത്തിപ്പെട്ടത് ഈ യാത്രയിൽ ഞാൻ ഏറ്റവും ആസ്വദിച്ച നിമിഷങ്ങളിലേക്ക് ആയിരുന്നു. പാറയിൽ വലിഞ്ഞു കയറി ഇരുന്ന് *ആ പ്രകൃതിയെ നെഞ്ചിൽ പകർത്തി ഞാൻ എടുത്തുവിട്ട ദീർഘനിശ്വാസങ്ങളുടെ കൂടെ പുറംതള്ളപ്പെട്ടത് അടക്കിപ്പിടിച്ച എന്റെ നൊമ്പരങ്ങളുടെ, വേദനകളുടെ ,മറവി മറന്ന ഓർമ്മകളുടെ ഭാണ്ഡക്കെട്ടുകളായിരുന്നു*. ചിന്തകളുടെ വേലിയേറ്റങ്ങളിൽ ആ നിമിഷം ലോകം അവസാനിച്ചെങ്കിൽ എന്നും ,ചിറകുകൾ വിടർത്തി പറക്കാനും മനസ്സ് കൊതിച്ചു. ശരീരം ഒരു അപ്പൂപ്പൻ താടിയെ പോലെ ഭരമില്ലാതെ ആയിരിക്കുന്നു . ഫോട്ടോകൾ പകർത്തുന്ന കണ്ണനോട് സൂക്ഷിക്കാൻ പറഞ്ഞു കണ്ണുകളടച്ചു ഞാൻ എന്നിലേക്ക് തന്നെ ആഴ്ന്നിറങ്ങി അവിടെ ഇരുന്നു കുറച്ചു സമയം .
അധികമായ അമൃത് വിഷമായി മാറാതിരിക്കാൻ ഒരായിരം യാത്രകൾക്കൊപ്പം ഓർക്കാനുള്ള കുറച്ചു നിമിഷങ്ങൾ നെഞ്ചിൽ ചേർത്തു അവിടെ നിന്നിറങ്ങി നടന്നു.
തിരിച്ചു കയറുന്നത്‌ വളരെ കഷ്ടമുള്ള പ്രക്രിയ ആയിരുന്നു. ശ്വാസം ഗതികിട്ടാതെ വിമ്മിഷ്ടങ്ങൾ സമ്മാനിച്ചു കൊണ്ടിരുന്നു. ഒരു മിനിറ്റ് വിശ്രമിക്കാൻ പോലും തിരിച്ചുള്ള നടത്തത്തിൽ സാധിക്കില്ലായിരുന്നു. മാറിക്കേറിയ ഒരു പാറയുടെ അപ്പുറമുള്ള കാടിന്റെ കാഴ്ച ഭയവും ആശ്ചര്യവും നിറഞ്ഞ ഒരു വികാരം സമ്മാനിച്ചു.
ആന എങ്ങാനും വന്നാൽ എന്തു ചെയ്യണം എന്ന് ചർച്ച ചെയ്തു വരുന്നതിനടക്കു നല്ല ഭംഗിയുള്ള ഡിസൈൻ ഉള്ളൊരു പാമ്പിനെ കണ്ടു . കുഞ്ഞായിരിന്നു. ഫോണ് എടുത്തു വിഡിയോ ഓണ് ആക്കി പിന്നാലെ നടന്നു അവനെ കാമറക്കുള്ളിൽ പകർത്തി. വെപ്രാളത്തിൽ
വിഡിയോ ബട്ടൺ ഓണായിരുന്നില്ല എന്നത് തിരിച്ചെത്തിയ ശേഷമാണ് മനസ്സിലായത്.
അഞ്ചുരുളിയിലേക്ക്
കാൽവരിയിൽ നിന്നും 20 കിലോമീറ്റർ ദൂരത്തിലുള്ള ചെറുതും ഭംഗിയുള്ളതുമായ വെള്ളച്ചാട്ടമാണ് അഞ്ചുരുളി.
ഇടുക്കി ഡാമുമായി ബന്ധിപ്പിക്കുന്ന, വട്ടത്തിലുള്ള നാലു കിലോമീറ്റർ നീളത്തിൽ നിർമ്മിച്ച തുരങ്കമാണ് അഞ്ചുരുളി.
തുരങ്കത്തിൽ നിന്നും വരുന്ന വെള്ളം കുറച്ചു മീറ്റർ ദൂരം മാറി താഴേക്ക് പതിക്കുന്ന കാഴ്ച വളരെ മനോഹരമാണ്. ഒരുപാട് അപകടം നടന്ന സ്ഥലമാണ് എന്നും ആരെങ്കിലും അപകടത്തിൽ താഴേക്ക് വീണാൽ രണ്ടു ദിവസത്തെ പരിശ്രമം വേണ്ടി വരും ബോഡി കണ്ടെത്താനും എന്നൊക്കെ അവിടെ നിന്നറിയാൻ കഴിഞ്ഞു.
കാൽവരി മല കയറിയ ക്ഷീണം അഞ്ചുരുളി യിലെ വെള്ളത്തിലെ വികൃതികളിൽ ഇല്ലാതായി എന്നു തന്നെ പറയാം.
രസകരമായ കുറെ ഫോട്ടോസും വീഡിയോസും എടുത്തു പോരാൻ സമയം ആയപ്പോ അവിടെ നിന്നിറങ്ങി .
ആദ്യം കണ്ട ടൗണിൽ എത്തിയപ്പോഴാണ് ഓട്ടോ ചേട്ടൻ ഇടുക്കി ഇതുവരെ വന്നിട്ട് അയ്യപ്പൻ കോവിൽ കാണാതെ പോകുന്നത് നഷ്ടമാണ് എന്ന് ഓർമ്മപ്പെടുത്തിയത് . പൂർണ്ണമായും വെള്ളം മൂടുന്ന ഒരു അമ്പലവും ,വലിയ ഒരു തൂക്കു പാലവും ,പുഴ പോലെ കുറച്ചു ഭാഗവും ചേർന്നതാണ് അയ്യപ്പൻ കോവിൽ.
ലൈഫ് ഓഫ് ജോസൂട്ടി എന്ന ദിലീപ് സിനിമയിൽ ദിലീപിന്റെ വീട് സ്ഥിതി ചെയ്യുന്ന മനോഹരമായ ലൊക്കേഷൻ അയ്യപ്പൻ കോവിലിലാണ് . 15 മിനിറ്റിന്റെ തോണി യാത്രയും അമ്പലവും തൂക്കു പാലവും കണ്ടു അയ്യപ്പൻ കോവിൽനോടും കൂടെ ഇടുക്കിയോടും വിട പറഞ്ഞു കട്ടപ്പന ടൗണിൽ ആറു മണിയോട് കൂടെ എത്തി. കട്ടപ്പന സ്പെഷ്യൽ കപ്പ ബിരിയാണി വാങ്ങി അതും രുചിച്ചാണ് ഇടുക്കി വിട്ടത് .
മിനിറ്റുകളുടെ വ്യത്യാസത്തിൽ നഷ്ടപ്പെട്ട കണ്ണൂർ സൂപ്പർ ഫാസ്റ്റ് ആന വണ്ടിയുടെ പിന്നാലെ ഓട്ടോ വെച്ചു പിടിച്ചതും കിട്ടഞ്ഞതും ഇടുക്കി ഓർമകളിലെ ചിരിമുത്തുകളായി .
6.45 നുള്ള ഹോളി മരിയ ബസിൽ ചങ്ങരംകുളത്തേക്ക് ബസ് കയറുന്ന വരെ കണ്ണനും അനിയനും ഓട്ടോ ചേട്ടനും കൂടെ നിന്നു.
തിരിച്ചു പോരുമ്പോൾ ഒട്ടും വിഷമം ഉണ്ടായിരുന്നില്ല. കുറച്ചു മണിക്കൂറുകൾ കൊണ്ടു ഞാൻ നേടിയെടുത്ത ആത്മനിർവൃതിക്ക് പകരം വെക്കാനോ അതിന് സഹായിച്ച സുമേച്ചിയോടും കുടുംബത്തോടുമുള്ള സ്നേഹം അറിയിക്കാനോ ഈ അക്ഷരങ്ങൾ മതിയാകില്ല .
ഇടുക്കി ഒരിക്കലും എന്റെ സ്വപ്ന യാത്ര ആയിരുന്നില്ല . തിരിച്ചു ബസിൽ പോരുമ്പോൾ മാത്രമാണ് എനിക്കത് സ്വാപ്നത്തെക്കാൾ സുന്ദരമായൊരു കാര്യമായി തോന്നിയത്‌.
യാത്രകൾ അവസാനിക്കുന്നില്ല . ഓരോ യാത്രയും ഓരോ തിരിച്ചറിവുകളാണ് ,അനുഭവങ്ങളാണ്, കണ്ടുമുട്ടലുകളാണ്.
ഒരിക്കൽ കൂടെ ആവർത്തിച്ചു നിർത്തട്ടെ
*ആ പ്രകൃതിയെ നെഞ്ചിൽ പകർത്തി ഞാൻ എടുത്തുവിട്ട ദീർഘനിശ്വാസങ്ങളുടെ കൂടെ പുറംതള്ളപ്പെട്ടത് അടക്കിപ്പിടിച്ച എന്റെ നൊമ്പരങ്ങളുടെ, വേദനകളുടെ ,മറവി മറന്ന ചില ഓർമ്മകളുടെ, ഭാണ്ഡക്കെട്ടുകളായിരുന്നു*
*_അൻവർ മൂക്കു
NB ചിത്രങ്ങൾക്ക് aadya cmntilekk സ്വാഗതം

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot