Slider

വെറുമൊരു മോഷ്ടാവ് ( കഥയല്ലിത് ജീവിതം )

0
വെറുമൊരു മോഷ്ടാവ് ( കഥയല്ലിത് ജീവിതം )
രണ്ടു ദിവസം മുന്നേ എന്റെ കൂട്ടുകാരി ഒരു സ്ക്രീൻ ഷോട്ട് അയച്ചു തന്നിട്ട് ചോദിച്ചു “ഇതു സാനിയുടെ കഥയല്ലേ?”
കണ്ണടക്കിടയിലൂടെ സ്ക്രീനിലേക്ക് തുറിച്ചു നോക്കുമ്പോൾ രണ്ടു കൂട്ടുകാരികളെ കുറിച്ച് ഞാൻ എഴുതി ഗ്രൂപ്പുകളിൽ മാത്രം പോസ്റ്റ് ചെയ്ത ഒരു ചെറിയ കഥ “അലീനയുടെ പപ്പ” . ഇവിടെ കഥയുടെ പേരിൽ ചെറിയ മാറ്റമുണ്ട് .. അലീന എന്ന പേര് കക്ഷിക്ക് ഇഷ്ടമായില്ലെന്നു തോന്നുന്നു. മറ്റേ കൂട്ടുകാരിയുടെ പേരിലാണ് കഥ “നീനയുടെ പപ്പ”
എന്തായാലും കഥയും കൂടെ കൊടുത്തിരിക്കുന്ന ചിത്രവും ഒന്ന് തന്നെ..
ഇതു എവിടുന്ന് കിട്ടി എന്ന ചോദ്യത്തിന് ഉത്തരം നൽകാതെ കൂട്ടുകാരി off line ആയി
മുമ്പോരിക്കൽ ഇതു പോലെ കുറെ കഥകൾ മോഷണം പോയപ്പോൾ മോഷ്ടാവിനെ കണ്ടുപിടിക്കാൻ മറ്റൊരു കൂട്ടുകാരി പറഞ്ഞ സൂത്രം പ്രയോഗിച്ചു. (ഈ കൂട്ടുകാരികൾ മനസമാധാനത്തോടെ ജീവിക്കാൻ സമ്മതിക്കൂല ) കഥയുടെ ആദ്യ വരികൾ വെച്ച് സെർച്ച് ചെയ്യുക. ഫേസ് ബുക്കിന്റെ ഏതു മൂലയിൽ കിടന്നാലും സംഭവം പൊക്കാം.
സൂത്രം വിജയിച്ചു.
ആളെ കണ്ടപ്പോൾ ഞെട്ടി. “സമ്മർ ഇൻ ബെത്ലെഹെമിലെ ലാലേട്ടൻ”. പേരും അത് തന്നെ..
(എന്റെ സൗഹൃദത്തിൽ വലിയ മതിപ്പ് ഇല്ലാത്ത ( കമെന്റും ലൈകും തരാത്ത ) മൂന്ന് കൂട്ടുകാർ കക്ഷിയുടെ ഫ്രണ്ട് ലിസ്റ്റിൽ ഉണ്ട് എന്ന ബന്ധമേ പ്രത്യക്ഷത്തിൽ ഞാനുമായി ഈ ലാലേട്ടനുള്ളൂ)
ദോഷം പറയരുത ല്ലോ-കഥക്ക് നല്ല comments ഉണ്ട്. 250 കൂട്ടുകാരുള്ള എനിക്ക് ആകെ കിട്ടുന്നത് 20 കമന്റ് . കക്ഷിക്ക് 50 ൽ മേലെ കമന്റ് കിട്ടി.. ആരും മോശമായി കമന്റ് കൊടുത്തിട്ടില്ല.
നുരഞ്ഞു വന്ന അഭിമാനം പെട്ടെന്ന് പത്തി താഴ്ത്തി.. ശെടാ.. കമന്റ് എനിക്കല്ല മൊത്തം ലാലേട്ടനല്ലേ? കമന്റ് വഴി ഒരു പണി കൊടുക്കാൻ സ്ക്രീൻ ഷോട്ട് റെഡി ആക്കി .നോക്കുമ്പോൾ കമന്റ് ഓപ്ഷൻ ഇല്ല .. (ലാലേട്ടൻ നരനിൽ തടി കയറിട്ടു പിടിക്കുന്ന പോലെ ഒരു മുഴം കയർ മുന്നേ എറിഞ്ഞു എന്നെ പിടിച്ചു കെട്ടി. .. )
പിന്നെ ഉള്ള ഏക മാർഗം inbox . മര്യാദകൾ എല്ലാം മറന്നു.” ഹായ്, ഹലോ” എന്ന ഔപചാരിതകൾ മാറ്റി വെച്ച് നേരെ സ്ക്രീൻ ഷോട്ട് കൊടുത്തു ചോദിച്ചു-“ ഇതു എന്റെ കഥയാണല്ലോ ലാലേട്ടാ?”
ലാലേട്ടൻ അപ്പുറത്തു മെസ്സേജ് accept ചെയുന്നത് ഇപ്പുറത്തു മിടിക്കുന്ന ഹൃദയത്തോടെ നോക്കിയിരുന്നു. നരസിംഹം, ആറാം തമ്പുരാൻ ..എന്തിനു ഈ അടുത്ത കാലത്തു കണ്ട പുലിമുരുകൻ വരെ മനസിലൂടെ കടന്നു പോയി .
ഏതു രൂപത്തിലാവാം ലാലേട്ടൻ പ്രത്യക്ഷപ്പെടുക?( സ്പിരിറ്റോ, ലേഡീസ് ആൻഡ് ജെന്റിലെ മാനോ ആണെങ്കിൽ പണി പാളി ..)
“അതെ” അപ്പുറത്തു നിന്നും “സമ്മർ ഇൻ ബെത്ലെഹെമിലെ” സാക്ഷാൽ നിരഞ്ജനായി ശാന്ത സ്വരൂപനായി ലാലേട്ടൻ!
ഒരു പൊട്ടി തെറി പ്രതീക്ഷിച്ച ഞാൻ ഞെട്ടി തെറിച്ചു പോയി. ഇത്ര ശാന്ത രൂപം ഞാൻ പ്രതീക്ഷിച്ചില്ല .അത് തന്നെ.
“ഒരു കടപ്പാട് വെക്കാമായിരുന്നു”- ഞാൻ പൂർവാധികം വിനയയായി.
“ഓക്കേ” ദേ അതും ലാലേട്ടൻ സമ്മതിച്ചു. (ഇയാളെന്താ എങ്ങിനെ ?)
ഇനി സ്ത്രീകളുടെ സെന്റി പ്രയോഗം നടത്തി നോക്കാം -
“ലാലേട്ടാ, ഞാൻ ടൈം ലൈനിൽ ഇടാത്ത കഥയാണ്. ഇനി ഇട്ടാൽ ആളുകൾ ഞാൻ കോപ്പി അടിച്ചു എന്ന് പറയില്ലേ.. ഇത്ര നാൾ എഴുതി കൂട്ടിയത് മൊത്തം പാഴാവില്ലേ ?”
(കണ്ണീരൊപ്പി ഗദ്ഗദ കണ്ഠയായ് പാവം ഞാൻ!)
"സോറി" എന്ന് തോളിൽ തട്ടി (തട്ടിയോ ?എനിക്ക് തോന്നിയതാ ) നിരഞ്ജൻ.
കഥ ഞാൻ ഹൈഡ് ചെയ്യാമെന്ന് കക്ഷി..
ശെടാ .. എനിക്ക് എന്നോട് ദേഷ്യം വന്നു തുടങ്ങി. ഇതു പോലെ മുന്നേ സംഭവിച്ചപ്പോൾ വാളും പരിചയുമായി പടക്കിറങ്ങിയ ഝാൻസി റാണിയും ഫൂലൻ ദേവിയുമായ എനിക്ക് ഇതെന്തു പറ്റി? ഒടുവിൽ ഞാൻ സ്വയം കുറ്റ സമ്മതം നടത്തി .
“ലാലേട്ടനായത് കൊണ്ട് മാത്രം ഞാൻ ക്ഷമിച്ചു. മമൂട്ടിയോ മറ്റോ ആയിരുന്നെങ്കിൽ കൊന്നു കൊല വിളിച്ചേനെ..”
“ഹഹ” അപ്പുറത്തു നിന്നൊരു ചിരി. (അല്ലെങ്കിലും ലാലേട്ടന്റെ മുഖത്ത് നോക്കി ആർക്കു ദേഷ്യപ്പെടാൻ തോന്നും?)
പിന്നെ ലാലേട്ടൻ പരിചയപ്പെടാൻ എത്തി ..
“എന്ത് ചെയ്യുന്നു”
“അവൾ കഥയെഴുതുകയാണ് നിങ്ങൾക്കു മോഷ്ടിക്കാൻ മാത്രം “- പറയണമെന്നുണ്ടായിരുന്നു..
ഒന്നും മിണ്ടാതെ ,യാത്ര ചോദിക്കാതെ കയറിയത് പോലെ ഇറങ്ങി പോന്നു. പിറ്റേന്ന് ഫേസ് ബുക്കിൽ കയറിയാലുടൻ ലാലേട്ടനെ പൂട്ടുക എന്ന ലക്ഷ്യത്തോടെ..
രാത്രി വീണ്ടും ഐഡി പരിശോധിച്ചപ്പോൾ കഥ അവിടെ തന്നെ.. സിനിമയിലെ പോലെ അല്ല ലാലേട്ടൻ. വാക്കിനു വ്യവസ്ഥ ഇല്ലാത്ത...
വീണ്ടും തട്ടാതെ മുട്ടാതെ മുറ്റത്തേക്ക് കയറി ചെന്നു ..അടുക്കള ഭാഗത്തൂടെ ..
“പോസ്റ്റ് മാറ്റിയില്ല.. അല്ലേ ?” (വിനയം ശീലിച്ചു പോയി.. വീണ്ടും പാവം ഞാൻ )
“ഏതു പോസ്റ്റ്?” ( ലാലേട്ടൻ തന്മാത്രയി ലെ എന്റ്റെ പ്രിയപ്പെട്ട കഥാപാത്രമായി)
മറുപടി അയക്കാൻ നോക്കിയപ്പോൾ ലാലേട്ടൻ എന്നെ പൂട്ടി. Message block.
രാവിലെ ഐഡി യിൽ കയറിയപ്പോൾ ദേ പിന്നേം ഞാൻ ലാലേട്ടനെ പോലെ ചമ്മി.. മണിച്ചിത്ര താഴിലെ ഇടവേളക്കു മുമ്പത്തെ ഡയലോഗ് ഇല്ലേ? നല്ല ഒന്നാംതരം മണിച്ചിത്ര താഴിട്ടു കള്ളൻ എന്നെ പൂട്ടി... ബ്ലോക്ക്!
ഒന്നും മിണ്ടാതെ തോളും ചരിച്ചു ചമ്മിയ മുഖത്തോടെ ഇറങ്ങി പോന്നു.. (അല്ലെങ്കിൽ തന്നെ ആരോട് മിണ്ടാൻ ) ഒരബദ്ധം ഏതു പോലീസ്കാരിക്കും സംഭവിക്കും..
(ലാലേട്ടാ, നീ ബാലേട്ടനായും വേലായുധനായും ജോജിയായും ഇവിടെയൊക്കെ കറങ്ങി നടപ്പുണ്ടെന്നു എനിക്കറിയാം.. ഈ പോസ്റ്റ് വായിക്കുമെന്നും അറിയാം .. ഒറ്റ ഡയലോഗ് എങ്കിലും ഒന്ന് കടുപ്പിച്ചു പറയട്ടെ.... “നീ പോ മോനെ ദിനേശാ”)
ഈ സംഭവത്തെ കുറിച്ച് ഒരു ഗ്രൂപ്പിൽ കൂട്ടുകാരി പോസ്റ്റിട്ടപ്പോൾ ഒരാൾ ഇങ്ങിനെ കമന്റ് ചെയ്തു -
“ ഫേസ് ബുക്കിൽ മോഷണമല്ല നടക്കുന്നത്.കോപ്പി പേസ്റ്റ് ആണ്. ഒറിജിനൽ അവിടെ കിടക്കുമ്പോൾ എങ്ങനെ അത് മോഷണമാവും..”
(കോപ്പി പേസ്റ്റ് കണ്ടു പിടിച്ചവന്റെ തലയിൽ.. വേണ്ട.. രാവിലെ തന്നെ വേണ്ടാ)
ശരിയാണ്. കോപ്പി പേസ്റ്റ് ചെയ്യുന്ന ആളെ കള്ളൻ ,മോഷ്ടാവ് എന്നൊക്കെ വിളിക്കാൻ ആർക്കു സാധിക്കും....
ഈ പാട്ടു നിങ്ങളും കേട്ടിട്ടില്ലേ ?
“വെറുമൊരു മോഷ്ടാവായോരെന്നെ
കള്ളനെന്നു വിളിച്ചില്ലേ അവർ-
കള്ളനെന്നു വിളിച്ചില്ലേ? “ ** Sanee John
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo