Slider

നീർക്കുമിളകൾ

0
നീർക്കുമിളകൾ
****************
"അമ്മൂട്ട്യേ... ശ്വാസം മുട്ടുന്നെടീ..." ഓളപ്പരപ്പിൽ നിന്നും നിലവിളി ഉയരുന്നുണ്ടോ? തിരിഞ്ഞു നോക്കി. ഇല്ല. ഒന്നും സംഭവിക്കാത്ത പോലെ നിളയിലെ ഓളങ്ങൾ പൊട്ടിച്ചിരിച്ചു കൊണ്ടോടുന്നു.
പടവുകൾ കയറുമ്പോൾ കാലൊന്ന് തെറ്റി വീണു. ഈറൻ മുണ്ട് കാലിലുടക്കിയതാണ്.
"സൂക്ഷിക്കണ്ടേ കുട്ട്യേ..." അമ്മാവനാണ്.
മറുപടി പറയാതെ മുട്ടിലേക്ക് നോക്കി. അൽപ്പം ചോര പൊടിഞ്ഞിരിക്കുന്നു.
*****
"ഏട്ടാ നീറുന്നു..." കമ്മ്യൂണിസ്റ്റ് പച്ചയുടെ നീരൊഴിക്കുമ്പോൾ ഉണ്ടാകുന്ന നീറ്റലിനൊപ്പം നിലവിളി കൂടി ഉയർന്നു.
"പറഞ്ഞതല്ലേ അമ്മൂ നിന്നോട്... ആ അപ്പൂപ്പൻ താടിക്ക് പുറകേ ഓടരുതെന്ന്. അതു കൊണ്ടല്ലേ കല്ലിൽ തട്ടി വീണത്. "
ഉള്ളംകൈ വിടർത്തി നോക്കി. കൈയ്യിലെ വിയർപ്പിൽ പറ്റിപ്പിടിച്ചിരിക്കുന്ന നീളൻ രോമങ്ങളുള്ള സുന്ദരൻ. ഒരു നിമിഷത്തേക്ക് വേദന മറന്നു. കവിളിലൂടെ ഉരസി നോക്കി. മിനുമിനുപ്പാർന്ന നീളൻ രോമങ്ങൾ ഇക്കിളി കൂട്ടുന്നു.
"ഞാനിതെടുത്ത് വെച്ചിട്ട് വരാം." പറയുന്നതിനോടൊപ്പം എഴുന്നേറ്റോടി.
മരയഴിയിട്ട ജനലിനോട് ചേർന്നിരിക്കുന്ന ചെറിയ മരപ്പെട്ടി തുറന്നു. ബാല്യത്തിന്റെ ഓർമ്മകൾ നിറഞ്ഞ ആ പെട്ടിയിൽ അമൂല്യ നിധിയായി അപ്പൂപ്പൻ താടിയും സ്ഥാനം പിടിച്ചു.
"എന്താ അമ്മു അതിൽ? എനിക്ക് തരാനാണോ ആ പെട്ടി?" ഞെട്ടിത്തിരിഞ്ഞു നോക്കി.
വട്ടയിലയിൽ നിറയെ ചുവന്ന ചാമ്പക്ക കൈയ്യിൽ പിടിച്ച് അമ്മായീടെ മോൻ അനന്തു.
"പോടാ ചെറുക്കാ... ഇത് ഞാനെനിക്ക് ഏറ്റവും ഇഷ്ടമുള്ള ആൾക്ക് കൊടുക്കും." ദേഷ്യത്തോടെ പെട്ടിയടച്ച് വെച്ച് ചവിട്ടിത്തുള്ളി മുറി വിട്ടിറങ്ങി.
" ദേ പെണ്ണേ... നിന്നെ ഞാനാ കെട്ടാൻ പോണേ. സ്ത്രീധനായിട്ട് തരാൻ വെച്ചേക്കുവാണോ?" അനന്തുവിന്റെ ചോദ്യം ഇടനാഴികളിൽ തട്ടി മുഴങ്ങി.
******
"അമ്മൂട്ട്യേ കാലിങ്ങട്ട് കാണിക്ക്." കൈയ്യിൽ കമ്മ്യൂണിസ്റ്റ് പച്ച ഞെരടി കൊണ്ട് അമ്മാവൻ. കൈ നീട്ടി അത് വാങ്ങി വീട്ടിലേക്ക് നടന്നു. ഈറൻ മാറ്റിമുട്ടിലേക്ക് നീരൊഴിച്ചു. ഇത്തവണ കരഞ്ഞില്ല.
കരഞ്ഞു തീർത്ത ഓർമ്മകൾ ഇന്ന് അലിഞ്ഞു തീർന്നിരിക്കുന്നു.
പ്രിയമുള്ളൊരാൾക്ക് നൽകാൻ വേണ്ടി സൂക്ഷിച്ച ആ പെട്ടി എവിടെ? അലമാരയിലും കട്ടിലിനടിയിലും നോക്കി. ഇല്ല. നിശ്ചയ ചടങ്ങുകൾക്കായി വീടൊരുക്കിയപ്പോൾ അതെല്ലാം തട്ടിൻപ്പുറത്ത് സ്ഥാനം പിടിച്ചിട്ടുണ്ടാകും. അങ്ങോട്ടേയ്ക്ക് കയറുമ്പോൾ പഴയ ഗോവണിപ്പടികൾ ഞെരിഞ്ഞമർന്ന് ഉറക്കെ കരഞ്ഞു.
പുറത്ത് നിന്ന് അമ്മാവന്റെ സംസാരം കേട്ടു.
"തിയ്യതി മാറ്റിയ വിവരം ഇവിടെ വരാത്തവരെ മാത്രം അറിയിച്ചാൽ മതിയല്ലോ. പണ്ടേ പറഞ്ഞു വെച്ച ബന്ധമല്ലേ. അതിപ്പോ ഒരു വർഷം കഴിഞ്ഞായാലും ഒന്നും വരില്ല. നഷ്ടപ്പെട്ടതിനേക്കാൾ വലുതല്ലല്ലോ ഒന്നും.
ശരിയാണ്. നഷ്ടപ്പെട്ടതിന്റെ വില അമൂല്യമാണ്.
"നീയിവിടുന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ കരയ്യോടീ..." അനന്തുവുമായി നിശ്ചയം കഴിഞ്ഞ രാത്രി നെഞ്ചോടടുക്കി ചോദിക്കുമ്പോൾ ഏട്ടന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
"ഓ പിന്നേ... ഒന്നു പോ ഏട്ടാ... ഞാനെന്താ അമേരിക്കേൽ പോവാണോ? രണ്ടു തൊടി അപ്പുറത്തോട്ടല്ലേ എന്നെ അയക്കണേ. ഏതു പാതിരാത്രിക്കും ഓടിവരാലോ എനിക്ക്."
"അയ്യോ... നീ പിന്നേം വരോ.?" ഞെട്ടലഭിനയിച്ച് ഏട്ടൻ ചോദിച്ചതും നെഞ്ചിൽ കൈ ചുരുട്ടി ഒരിടി വെച്ചു കൊടുത്തു.
നാടുനീളെ വിവാഹം ക്ഷണിച്ചു. ഒരു രാത്രിയിൽ വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് തിരിഞ്ഞു നടക്കുമ്പോഴാണ് എന്തോ കാലിൽ കടിച്ചത്. വീടെത്തുമ്പോഴേക്കും വല്ലാതെ അണച്ചിരുന്നു. മുറിപ്പാട് നോക്കി അമ്മ നിലവിളിച്ചു. ആശുപത്രിയിലേക്ക് എത്തുംമുൻപേ എല്ലാം കഴിഞ്ഞിരുന്നു.
അനിയത്തിക്കു മുൻപേ ചിരിച്ചു കൊണ്ട് യാത്രയായിരുന്നു.
എവിടെ... എവിടെയാണ് അത്. തട്ടിൻപുറത്തെ ഇരുട്ടിൽ കുറേ തിരഞ്ഞു. അവസാനം ഒരു മൂലയ്ക്ക് വെച്ചിരുന്ന ആ പെട്ടി കിട്ടി. തിരിച്ചിറങ്ങി കടവത്തേയ്ക്ക് ഓടുകയായിരുന്നു.
"കുട്ട്യേ... എങ്ങോട്ടാ..." പുറകിൽ നിന്നും അമ്മാവന്റെ വിളിയൊച്ച.
അരയ്ക്കൊപ്പം വെള്ളത്തിലിറങ്ങി... ഏറ്റവും പ്രിയപ്പെട്ട ആൾക്ക് ആ പെട്ടി നീട്ടി. ഓളപ്പരപ്പിൽ കുമിളകൾ സൃഷ്ടിച്ചു കൊണ്ട് അത് താണു പോവുന്നതും നോക്കി നിന്നു.
ഞാനുമിവിടെ അലിഞ്ഞു തീരും വരെ കൂട്ടായിരിക്കട്ടെ ഈ ഓർമ്മകൾ. ഒരു തുള്ളി കണ്ണുനീർ അത് പറയാൻവേണ്ടി മാത്രം കവിളിലൂടെ ഒഴുകിയിറങ്ങി.
*****
Ritu


0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo