Slider

രാജ് കപൂറിനെ സ്നേഹിച്ച പെൺകുട്ടി (കഥ )

0
രാജ് കപൂറിനെ സ്നേഹിച്ച പെൺകുട്ടി (കഥ )
“മേരാ ജൂത്ത ഹേ ജാപ്പാനി ...”
തലയിൽ വലിയ തൊപ്പിയും കൈയിൽ നീളമേറിയ വടിയുംപിടിച്ചു ടി വി സ്ക്രീനിൽ രാജ് കപൂർ പാടിയാടി തുടങ്ങി..
അമല ടി വി സ്ക്രീനിലേക്ക് നോക്കി സ്വയം മറന്നിരിക്കുയാണ് . ഇടക്ക് എന്തൊക്കെയോ പിറുപിറുത്തു ചിരിക്കുന്നുമുണ്ട് .. ടി വി യുടെ വശത്തു നിന്ന് അവളുടെ അനിയൻ വൈശാഖ് എന്ന വിച്ചു രാജ് കപൂറിനെ അനുകരിക്കുന്നു. അത് കണ്ടാവും അമലയുടെ ചിരി..
വൃന്ദക്കും വിച്ചുവിനും മാത്രമേ അമലയുടെ കൊഞ്ചലുകൾ മനസ്സിലാവൂ.. അമല പതുക്കെ തലയാട്ടാനും കൈ വീശാനും തുടങ്ങിയപ്പോൾ വൃന്ദ അടുക്കളയിലേക്കു നടന്നു.
രാവിലെ മുതൽ അമല ഞെരങ്ങലും മൂളലുമായിരുന്നു. വയറു വേദനയോ തൊണ്ട വേദനയോ മറ്റോ ആണോ എന്ന് വൃന്ദ പേടിച്ചു. ഇടക്കിടെ വന്നു നെറ്റിയിൽ തൊട്ടു നോക്കി . ദാ ഇപ്പോഴും .ഇല്ല ..പനിക്കുന്ന ലക്ഷണമൊന്നുമില്ല..
വിച്ചു സ്കൂളിൽ നിന്ന് വന്നു പാട്ടു ഇട്ടു കൊടുത്തപ്പോൾ അമലയ്ക്ക് സന്തോഷമായി.. ഇനി അത് ഒരെട്ടു പത്തു പ്രാവശ്യമെങ്കിലും കാണും.. പാവം വിച്ചു !എത്ര തവണ
വേണമെങ്കിലും മടി കൂടാതെ ചേച്ചിക്ക് അതിട്ടു കൊടുക്കും.. വലുതാവുമ്പോഴുംകുട്ടികൾക്ക് ഈ സ്നേഹം ഉണ്ടായാൽ മതിയെന്ന പ്രാർത്ഥന മാത്രമേ വൃന്ദക്കുള്ളു..
സാമ്പാറിനുള്ള കഷണങ്ങൾ നുറുക്കുമ്പോൾ രാജ് കപൂർ എപ്പോഴാണ് കടന്തറയിലെ ഈ കൊച്ചു ഫ്ലാറ്റിൽ എല്ലാവര്ക്കും പ്രിയപ്പെട്ടവനായതെന്നു വൃന്ദ വെറുതെ ഓര്ത്തു .പതിവായി ടി വി ചാനൽ മാറ്റി കളിക്കുന്ന വിച്ചു തന്നെയാവും രാജ് കപൂറിനെ ഇങ്ങോട്ട് ക്ഷണിച്ചത്.. ആ പാട്ടിന്റെ അർഥം തീർച്ചയായുംഅമലയ്ക്ക് മനസിലാവില്ല.. രാജ് കപൂറിന്റ ഭാവങ്ങളാവും അവളെ ആകര്ഷിച്ചതെന്നു വിച്ചുവിന്റെ അച്ഛനും പറഞ്ഞു. പഴയൊരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിൽ പറയത്തക്ക സീനറികൾ ഇല്ലാതിരുന്നിട്ടും അവൾക്കു അത് അത്ര ഇഷ്ടമായെങ്കിൽ അത് രാജ് കപൂറിന്റെ ഇഷ്ടപെട്ടത് കൊണ്ട് തന്നെയാവും എന്ന് വൃന്ദയും കരുതി..
പരിപ്പ് വേവിക്കാൻ തുടങ്ങിയപ്പോൾ വിച്ചു വിളിച്ചു
“ അമ്മെ, ചേച്ചിക്ക് ഇച്ചീച്ചി പോണൊന്നു ..”
വൃന്ദ ഗ്യാസിന്റെ തീ കുറച്ചു കൈ തുടച്ചു സിറ്റിങ് റൂമിൽ ചെന്നു ..
അമലയെ പൊക്കിയെടുത്തപ്പോൾ കൈയിൽ ചെറിയ നനവ് തട്ടി.. കള്ളി കാര്യം സാധിച്ചെന്നു തോന്നുന്നു..
വൃന്ദ ചിരിച്ചു കൊണ്ട് അവളെ ബാത്റൂമിലേക്കു കൊണ്ട് പോയി.. പാവം കുട്ടി… ഓരോ തവണയും ഭാരം കുറഞ്ഞു വരുന്നു.. അവളെ എടുക്കുമ്പോൾ ഒരു കോഴി കുഞ്ഞിനെ പൊക്കുന്ന പോലെയാണ് വൃന്ദക്ക് തോന്നുക. ഭാരം കുറയുന്നതു കൊണ്ട് പേടിക്കാനില്ലെന്നു ഡോക്ടർ പറഞ്ഞാലും വൃന്ദക്ക് പേടി യാണ്...
ക്ലോസെറ്റിൽ ഇരുത്തി വസ്ത്രം മാറ്റിയപ്പോൾ വൃന്ദക്ക് മനസിലായി കുട്ടി വലുതായിരിക്കുന്നു.
“ ന്റെ കുട്ടീ വലുതായീലോ .. ഗുരുവായൂരപ്പാ !”
തല കറങ്ങുന്ന പോലെ തോന്നിയപ്പോൾ വൃന്ദ പൈപ്പിൽ മുറുകെ പിടിച്ചു..
ഒരിക്കലും എത്തില്ലെന്നറിഞ്ഞിട്ടും അമല കുറുകിയ കൈകൾ വൃന്ദക്ക് നേരെ നീട്ടി... അവളുടെ കണ്ണീർ തുടക്കാനായി.
അമ്മയുടെ കണ്ണ് നിറഞ്ഞാൽ ഉടനെ ആ പാവത്തിന് മനസിലാവും. അവളെ വെറുതെ വിഷമിപ്പിക്കേണ്ട .വൃന്ദ മുഖം തുടച്ചു.
കുളിപ്പിച്ച് ടി വി ക്കു മുന്നിൽ കൊണ്ടിരുത്തി അമലയുടെ മുഖത്തേക്ക് നോക്കിയപ്പോൾ വൃന്ദക്ക് വീണ്ടും ഹൃദയം നുറുങ്ങി പൊടിഞ്ഞു .
അടുക്കളയിലേക്കു നടക്കാൻ തുടങ്ങവേ അമല എന്തോ പിറുപിറുത്തു..
“ അമ്മെ, ചേച്ചിക്ക് വലുതാവുമ്പോൾ ഇയാളെ കല്യാണം കഴിക്കണമെന്നു”- പറഞ്ഞതും അവൻ ചിരിക്കാൻ തുടങ്ങി.. പിന്നെ മാറി നിന്നു രാജ് കപൂറിനെ പോലെ ആടാനും..
ടി വി സ്ക്രീനിലേക്ക് നോക്കിയപ്പോൾ, വലിയ തൊപ്പിയും കൈയിൽ നീളമേറിയ വടിയുമായി തിരിഞ്ഞ് നടക്കുന്ന രാജ് കപൂർ വൃന്ദക്ക് തെളിച്ചമില്ലാത്ത കാഴ്ചയായി..
** Sanee John.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo