മൈക്കിള്‍സ് ബേക്കറി
“ആദിയില്‍ വടയുണ്ടായിരുന്നു
ആ വടയ്ക്ക് തുളയുണ്ടായിരുന്നില്ലാ
ആധുനിക മനുഷ്യര്‍ സൌകര്യത്തിനായ് ഇട്ടതാണ് അഭിനവ തുളകള്‍ “
ആ വടയ്ക്ക് തുളയുണ്ടായിരുന്നില്ലാ
ആധുനിക മനുഷ്യര്‍ സൌകര്യത്തിനായ് ഇട്ടതാണ് അഭിനവ തുളകള്‍ “
താഴെപ്പറയുന്നതിന് മുകളില്‍പ്പറഞ്ഞതുമായ് ഒരു ബന്ധവുമില്ല !
ദാ, ചായയ്ക്ക് ഇത്രയും മതി , ധൃതിയില്‍ എഴുതിയ കടലാസ്സ് നീട്ടി ജോണ്‍ പറഞ്ഞു.....
ലിസ്റ്റ് വായിച്ച ജോര്‍ജ്ജ് എന്തോ ചോദിക്കാന്‍ തുടങ്ങിയത് തടഞ്ഞ് ജോണ്‍ തുടര്‍ന്നു
ഇത് ജംഗ്ഷനിലെ മൈക്കിള്‍സ് ബേക്കറിയില്‍ മാത്രേ കിട്ടൂ, വേഗം വിട്ടോ ചായയ്ക്ക് മുന്നേ വരണം.
സ്റ്റൈപന്റ് കിട്ടിയത് മുഴുവനും കയ്യിലുണ്ടല്ലോ ല്ലേ ?
ഉവ്വ്.....................ഒരു സംശയം
എന്താ...
ഇതിലെ ആദ്യത്തെ രണ്ട് ഐറ്റംസ് മനസ്സിലായില്ല
അത് കടക്കാര്‍ക്കറിയാം
അഥവാ ഇല്ലെന്ന് പറഞ്ഞാല്‍, ആദ്യത്തേത് പുഴുങ്ങിയതും............ രണ്ടാമത്തത് പച്ച, അല്ലെങ്കില്‍ വേണ്ട .......മഞ്ഞ നിറത്തിലുള്ളതെന്നും പറഞ്ഞാല്‍ മതി.
കട അറിയാമല്ലോ, വണ്‍ വേ തുടങ്ങുന്ന കയറ്റത്തില്‍ വലതുവശത്ത്
മനസ്സിലായതുപോലെ തലയാട്ടി ജോര്‍ജ്ജ് ഇറങ്ങി നടന്നു.......
റോഡിന്‍റെ അപ്പുറത്ത് നിന്ന് ജോര്‍ജ് നോക്കി, അതെ, ഇത് തന്നെ “ മൈക്കിള്‍സ് ബേക്കറി”. പതിയെ റോഡ് മുറിച്ചു കടന്നു അയാള്‍ കടയില്‍ കയറി. രണ്ടു മൂന്ന് സ്കൂള്‍ കുട്ടികള്‍ പഫ്സ് കഴിക്കുന്നു മറു കയ്യില്‍ ഏതോ ജൂസും മുതുകില്‍ ബാഗും.
ഈ സാധങ്ങള്‍ വേണമല്ലോ,
കയ്യിലിരുന്ന തുണ്ട് കടലാസ് നീട്ടി ജോര്‍ജ് അവിടെയിരുന്ന ആളോട്
അയാള്‍ അകത്തേക്ക് നോക്കി വിളിച്ചു.
ഡേയ്, ഈ സാറിനു സാധങ്ങള്‍ കൊട്.
ഒരു തടിയന്‍ നീട്ടിയ കുറിമാനം തട്ടിയെടുത്തു വായിച്ചു.
ജോര്‍ജിനെ ഒന്ന് നോക്കിയ ശേഷം പിന്നെയും വായിച്ചിട്ട് പറഞ്ഞു.
ഇതില്‍ ഒന്നും രണ്ടും ഇവിടില്ലാ ബാക്കിയെല്ലാം എടുക്കട്ടെ ?
ചിരിച്ചുകൊണ്ട് ജോര്‍ജ്, ആദ്യത്തേത് പുഴുങ്ങിയതും രണ്ടാമത്തെ മഞ്ഞ കളറിലുള്ളതും വേണം, അങ്ങനെയാ അവര് പറഞ്ഞത്.
ങേ ?????????
സാറേ ഈ രണ്ട് സാധനവും ഇവിടെ ഇല്ലാ.......
തടിയന്‍ ഒച്ച കൂട്ടി
എന്താടേ, ഇങ്ങനാണോ കടയില്‍ വരുന്നവരോട് സംസാരിക്കുന്നത്, കടയുടമ ഇടപെട്ടു
തടിയന്‍ തുണ്ട് കടലാസ് മുതലാളിയുടെ നേര്‍ക്ക് നീട്ടി.
വായിച്ച ശേഷം പുള്ളിയും പറഞ്ഞു.
ഒന്നും രണ്ടും ഐറ്റം ഇവിടെ കിട്ടില്ല സാറേ, അങ്ങാടിക്കടയിലോ മറ്റോ അന്വേഷിക്കുന്നതാ നല്ലത്.
അതേ ചേട്ടാ, ആദ്യത്തേത് പുഴുങ്ങിയതും രണ്ടാമത്തേത് മഞ്ഞ നിറത്തിലുള്ളതും വേണം, ഇങ്ങനെ പറഞ്ഞാല്‍മതിയെന്നാ അവര് പറഞ്ഞത്.
ആരാ സാറേ ഈ അവര് ?
തടിയന്‍ സ്വരം കടുപ്പിച്ചു.
തുണ്ട് കടലാസ്സില്‍ എത്തിനോക്കി വായിച്ച സ്കൂള്‍ കുട്ടികളും ചോദിച്ചു
എന്താ ഈ സാധനം ?
എന്താ പ്രശ്നം വര്‍ഗീസേ ? അടുത്ത റേഷന്‍കടയുടമ പണിക്കരാ
പണിക്കരേട്ടന്‍ ഇതൊന്ന് നോക്കിക്കേ
തടിയന്‍ തുണ്ട് കടലാസ് നീട്ടിക്കാണിച്ചു.
കണ്ണട മാറ്റി മുഖത്തോടടുപ്പിച്ച് വായിച്ച ശേഷം പണിക്കര്‍ പറഞ്ഞു
ഇങ്ങന്നത്തെ പേരുള്ള പലഹാരം ഞാനാദ്യായിട്ടാ കേള്‍ക്കുന്നത്,
ആട്ടെ, സാറിന്‍റെ നാടേതാ ?
ഞാനിവിടെത്തന്നെയുള്ളതാ, ഈ സാധനങ്ങള്‍ ഇവിടെ മാത്രേ കിട്ടൂന്ന് പറഞ്ഞു അവര് ....
ആരാ സാറേ ഈ അവര്‍ ?
പെട്ടിക്കട നടത്തുന്ന വിജയനാണ് അടുത്ത അമ്പെയ്തത്
അല്ലാ, വര്‍ഗീസ്സേ ങ്ങടെ മോന്‍ സണ്ണി ഒപ്പിച്ച വല്ലതുമാണോ ഇത്, അവനിവിടെ രണ്ടു മൂന്ന് ദിവസം ഉണ്ടായിരുന്നല്ലോ, ഏതേലും പഴയ ഐറ്റംസ് പുതിയ പേരില്‍ ഇറക്കാന്‍ നോക്കിയതാണോ ?
ഹേയ്, അങ്ങനെയാവാന്‍ വഴിയില്ല വിജയാ
എന്തായിവിടെയൊരാള്‍ക്കൂട്ടം, എന്താ വര്‍ഗീസേട്ടാ പ്രശ്നം ?
കൌണ്‍സിലര്‍ ശ്രീകുമാറാണ് പുതിയ അവതാരം
ഇതാണ് ശ്രീകുമാറേട്ടാ പ്രശ്നം
തടിയന്‍ കയ്യിലിരുന്ന കടലാസ് നീട്ടിക്കാണിച്ചു
എന്തുവാടെ ഇത്, പുതിയ ഐറ്റംസോ ? പേര് കണ്ടിട്ട് ചൈന സാധനമാണെന്ന് തോന്നുന്നല്ലോ, വര്‍ഗീസേട്ടാ, നല്ലതാണെങ്കില്‍ രണ്ട് വീതം പൊതിഞ്ഞോ, പൈസ പിന്നെത്തരാം
എന്‍റെ കൌണ്‍സിലര്‍ സാറേ, ഓണത്തിനിടയില്‍ പൂട്ട് കച്ചോടം നടത്തല്ലേ, പണിക്കര്‍ പ്രാകി.
എന്നാപ്പിന്നെ ചൈന സാധനം ഇവിടെ വില്‍ക്കുന്നത് എനിക്കൊന്നു കാണണം.
“പ്രിയപ്പെട്ട നാട്ടുകാരേ, സഹോദരീ സഹോദരന്മാരേ, ചൈനീസ് ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്ന ഈ ബേക്കറി എന്‍റെ വാര്‍ഡില്‍ ...................................................................
പെട്ടെന്നാണ് അത് സംഭവിച്ചത്
പെട്ടെന്നാണ് അത് സംഭവിച്ചത്
ശബ്ദം പുറത്തു വരാത്ത വിധത്തില്‍
കൌണ്‍സിലറുടെ കഴുത്തില്‍ കൈ മുറുക്കി വര്‍ഗ്ഗീസ് മന്ത്രം ചൊല്ലി
ന്‍റെ ശ്രീകുമാറെ, പുതിയ ഐറ്റംസ് അവതരിപ്പിക്കുന്ന നാളത്തെ ചടങ്ങില്‍ നിങ്ങളാണ് അധ്യക്ഷന്‍, സാധനങ്ങള്‍ ഉണ്ടാക്കിത്തുടങ്ങിയതേയുള്ളൂ, കുടുംബ സമേതം വന്ന് സഹകരിക്കില്ലേ......
കൌണ്‍സിലര്‍ വീണു
......എന്‍റെ വാര്‍ഡിന്‍റെ ഒരു തിലകക്കുറിയായിരിക്കുമെന്നു മാത്രം ഞാനിപ്പോള്‍ പറയുന്നു, ബാക്കി നാളത്തെ ചടങ്ങില്‍
നിര്‍ത്തുന്നു.....
നന്ദി
നമസ്ക്കാരം.
കൌണ്‍സിലര്‍ കിടന്നുരുണ്ടു.................
പണിക്കരും വിജയനും സ്കൂള്‍ പിള്ളേരും വിരണ്ടു
തടിയന്‍ കലി പുരണ്ടു
ജോര്‍ജ്ജ് മുരണ്ടു
ചേട്ടാ, എന്‍റെ ലിസ്റ്റ്
ലിസ്റ്റില്‍ ഒന്നുകൂടി കണ്ണോടിച്ച് ഒരു മുതലാളിച്ചിരിയോടെ വര്‍ഗീസ്സേട്ടന്‍ മൊഴിഞ്ഞു.......
നാളെ വാ സാറേ, എല്ലാം കിട്ടും
പിറ്റേന്ന് പ്രഭാതം പൊട്ടി പൊട്ടി വിടരുന്നതിന് മുന്നേ , മൈക്കിള്‍സ് ബേക്കറിയുടെ മുന്നില്‍ പുതിയൊരു ബോര്‍ഡും കെട്ടി തൂങ്ങി.
സ്പെഷ്യല്‍ ഐറ്റംസ്
1. ഒഹ - പുഴുങ്ങിയത്
2. ഡഫേല്‍ഗുണാരി – മഞ്ഞ
എല്ലാം ജൈവം !
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക