നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മതിലുകൾക്കപ്പുറം

മതിലുകൾക്കപ്പുറം
കഥ
മാധവിയുടെ മകൾക്കു കുറെ കാലത്തിനു ശേഷമാണ് ഒരു കല്യാണാലോചന വരുന്നത്... വന്നതെല്ലാം ചിലർ മുടക്കും. പെണ്ണിന്റെ അമ്മ പോക്കാണെന്ന് അസൂയക്കാർ അന്വേഷിക്കാൻ വരുന്നവരോട് പറഞ്ഞു കൊടുക്കും.
മാധവിയുടെ നല്ല കാലത്തു ഒരു താറാവ് കൃഷിക്കാരൻ പിഴപ്പിച്ചു പെറ്റ പെണ്ണിനെ കെട്ടാൻ ആരെങ്കിലും വരുമോ എന്നു അസൂയ മൂത്തവർ പറയുന്നത് കേട്ടാൽ ആരെങ്കിലും ആ വീട്ടിലേക്കു കയറി ചെല്ലുമോ ?
എന്നാൽ എല്ലാം അറിയുന്ന ഒരു കള്ളു ചെത്തു തൊഴിലാളി താൻ കെട്ടുന്നത് പെണ്ണിന്റെ അമ്മയെ അല്ല എന്നു തറപ്പിച്ചു പറഞ്ഞപ്പോൾ അസൂയക്കാരുടേയും അയൽക്കാരുടെയും കണ്ണ് തള്ളി.
ചിലരുടെ കണ്ണിൽ മാധവി പിഴച്ചവളാണ്. മാധവിക്കു ശേഷം മകളും ആ വഴി സ്വീകരിക്കണം എന്നു സ്വപ്നം കാണുന്നവർ.
അധികം ആൾക്കാരൊന്നും തന്റെ മകളുടെ കല്യാണത്തിന് പങ്കെടുക്കില്ലെന്ന് അവർക്കറിയാം. അതുകൊണ്ട് തന്നെ കല്യാണം അടുത്തുള്ള അമ്പലത്തിൽ വെച്ചു നടത്താൻ തീരുമാനിച്ചു.
അതും പെട്ടെന്ന്.
പിന്നീടാണ് തനിക്കു പറ്റിയ അബദ്ധത്തെ കുറിച്ചു ഓർമ്മ വന്നത്. കല്യാണം തമാശയും കളിയുമല്ല. എത്ര ആർഭാടം കുറഞ്ഞാലും പണം വേണം. ഒരു പത്തു പവനെങ്കിലും സ്വർണ്ണം വേണം.
എവിടെ നിന്നു ?
ആകെയുള്ളത് നാലു സെൻറ് സ്ഥലവും ഒരു കൊച്ചു കൂരയും. പൊന്നെന്നു പറയാൻ അരപ്പവൻ കമ്മൽ മകളുടെ കാതിൽ ഉണ്ട്.
ഒരു പണി ഇല്ലാത്തവർക്ക് ബാങ്ക് വായ്‌പ്പയും ഇല്ല. ആരോട് ചോദിക്കും ?
ആരു സഹായിക്കും ?
മാധവിയുടെ നെഞ്ചു നീറി.
അങ്ങനെ അവർ അയൽവാസി ഗോവിന്ദൻചേട്ടന്റെ സഹായം തേടി പോയി.
നല്ല ഈശ്വര ഭക്തൻ. അമ്പല കമ്മറ്റികൾക്കും രാഷ്ട്രീയക്കാർക്കും കയ്യയച്ചു സംഭാവനകൾ നല്കുന്ന മാന്യൻ.
മക്കളെല്ലാം ഗൾഫിൽ. പൂത്ത പണക്കാരൻ.
മാധവി കാര്യങ്ങൾ അവതരിപ്പിച്ചു.
ഓഹോ അതാണോ പ്രശ്നം. നിങ്ങൾ പേടിക്കണ്ട ഞാൻ സഹായിക്കാം.
അയാൾ പറഞ്ഞപ്പോൾ മാധവിക്ക്‌ തുള്ളിച്ചാടാൻ തോന്നി.
എത്ര വേണം ?
അയാൾ ചോദിച്ചു
ഒരു ലക്ഷം
. മാധവി പറഞ്ഞു
എപ്പോഴാണ് കല്യാണം ?
അടുത്ത ഞായറാഴ്ച
എന്നാൽ വെള്ളിയാഴ്ച വരൂ. അപ്പോൾ പണം തരാം.
അയാൾ അവരെ സമാധാനിപ്പിച്ചു അയച്ചു.
മാധവി ഈ ദിവസങ്ങളിൽ ഉറങ്ങിയിട്ടേയില്ല.
എങ്ങിനെ ഉറങ്ങും ഒരമ്മ
വെള്ളിയാഴ്ച കാലത്തു തന്നെ പണം വാങ്ങാനായി വീട്ടിൽ ചെന്നു.
അപ്പോൾ അയാൾ ചോദിച്ചു.
എന്താ വന്നേ ?
വാക്കുകൾ കുന്തം പോലെ മനസ്സിൽ തറച്ചു.
കല്യാണത്തിന് പണം സഹായിക്കാമെന്ന്...
അവർ തല ചൊറിഞ്ഞു.
ആരെങ്കിലും ഇത്രയും വലിയ തുക ഒരു തെളിവുമില്ലാതെ കൊടുക്കുമോ ?
അയാളുടെ വാക്കുകൾ കേട്ടു അവർ നടുങ്ങി.
എന്തു പറയണമെന്ന് അറിയാതെ നിൽക്കുമ്പോൾ അയാൾ പറഞ്ഞു.
ഇതാ ഈ കാശ് വെച്ചോ.
അയാൾ ഒരു കവർ വെച്ചു നീട്ടി.
ആയിരം രൂപയുണ്ട്.
അവർ അതു വാങ്ങി അയാളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. എന്നിട്ട് വീട്ടിലേക്കു കരഞ്ഞു കൊണ്ടു ഓടി.
കണ്ടവരെല്ലാം പറഞ്ഞു.
മാധവിക്കു പിരാന്ത്
വീട്ടിൽ ചെന്നു കരഞ്ഞു കൊണ്ടിരിക്കുമ്പോൾ അടുത്ത മതിൽ കെട്ടിനപ്പുറത്തു നിന്നും ഒരു വിളി കേട്ടു
മാധവി
അവർ നോക്കി
പാത്തുമ്മ.
പാത്തുമ്മ ഗേറ്റ് തുറന്നു അവരുടെ അടുത്തേക്ക് വന്നു.
ഞങ്ങളും അയൽവാസിയാണ്. നിങ്ങളുടെ പ്രശ്നം പണമല്ലേ. ഇതാ പണം. പിള്ളേരുടെ ബാപ്പ തന്നയച്ചതാണ്. നോമ്പ് കാലത്ത് സക്കാത്തായി മാറ്റി വെച്ചതാണ്. നിങ്ങളുടെ മോള്ടെ കല്യാണത്തിന് തരാൻ.
Ceevi

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot