നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പരേതാത്മാവിനോട് ഒരു പ്രാർത്ഥന

പരേതാത്മാവിനോട് ഒരു പ്രാർത്ഥന
*************************************************
ചേട്ടാ..."ഫോട്ടോ എടുത്തോ ?"
ഞാൻ ആ ചോദ്യം കേട്ട് ഒന്ന് നോക്കി .എന്റെ മുൻപിൽ നിൽക്കുന്ന ഒരു ചേട്ടനോട് തിങ്ങി നിറഞ്ഞു നിൽക്കുന്ന ആൾക്കാരുടെ ഇടയിൽ നിന്നും ജോമോൻ എത്തിവലിഞ്ഞു നോക്കി ചോദിക്കുകയാണ്...
.
ചേട്ടാ സദ്യ ഉണ്ടോ ? കുറച്ചു ബീഫ് ഇടട്ടെ? ചിക്കൻ അവിടെ കിട്ടിയോ ? കുറച്ചു കൂടി ചോറ് ? എന്നുള്ള ചോദ്യങ്ങളൊക്കെ കേട്ട് എനിക്ക് നല്ല പരിചയമുണ്ട് ....അതങ്ങു കല്യാണ വീട്ടിൽ!. പക്ഷെ ഇത് ഒരു മരണവീടാണ്. അവിടെയാണ് ഈ ചോദ്യോത്തര പംക്തി.
"ഇല്ല " ചേട്ടൻ തലചൊറിഞ്ഞു കൊണ്ട് പറഞ്ഞു
" എന്നാ ചേച്ചിമാരേം വിളിച്ചു ഒരു ഫോട്ടോയെടുക്ക് ചേട്ടാ..."
ഇത് കേൾക്കാൻ കാത്ത് നിന്നോണം ആ ഗ്രൂപ്പ്ഫോ ട്ടോയുടെ ലീഡർഷിപ് നമ്മുടെ ചേട്ടൻ സ്വയം ഏറ്റെടുത്തു .
"ഡി ലില്ലി , ത്രേസ്യേ, ആനി... വാടി ചേട്ടന്റെ ഒപ്പം നിന്ന് ഒരു ഫോട്ടോ എടുക്കാടി "
വിളിച്ചവർക്കെല്ലാം അനക്കം വച്ചു അതിൽ ആനി കുറച്ചുകൂടി ഒന്നനങ്ങി "വരില്ല" എന്നർത്ഥത്തിൽ .
അത് കണ്ടവഴി ലില്ലിയും ത്രേസ്യയും കൂടി ആനിയെ പൊക്കി .ഉന്തിയും തള്ളിയും അവളെ ഒരു കണക്കിന് ശവമഞ്ചം വരെ എത്തിച്ചു.
അതുവരെ "മരണം വരുമൊരുനാൾ ഓർക്കുക മർത്യാ നീ കൂടെ പോരും നിൻ ജീവിത ചെയ്തികളും " പാടി കൊണ്ടിരുന്ന പാട്ടുപെട്ടി പെട്ടെന്ന് നിലച്ചു. ശോകം തളം കെട്ടിയ മുഖങ്ങളിൽ പെട്ടെന്ന് തന്നെ ഒരു പ്രസാദം പരന്നു.അവിടെ കൂടിയിരുന്നവർ തങ്ങളുടെ പറന്ന മുടിയിഴകൾ നേരെയാക്കാനും തൂവാലയെടുത്തു സ്വന്തം തിരുമുഖങ്ങൾ തുടച്ചു മിനുക്കാനും തുടങ്ങി.
"നീല സാരിയുടുത്ത ചേച്ചി ഒന്ന് മുൻപോട്ടു കേറി നിന്നേ .. കുറച്ചു കൂടെ " .."ചേട്ടൻ കുറച്ചു പുറകിലോട്ട് ..ദാ ദങ്ങനെ " എല്ലാവരും ഇങ്ങോട്ടു നോക്കൂ .."
മരിച്ചു കിടക്കുന്ന കൂടപിറപ്പിനെ ഒരു നോട്ടം പോലും നോക്കാതെ എല്ലാവരും ആ ഗുരുത്വാകർഷണ ശക്തിയിലേക്കു മാത്രം കണ്ണിമയ്ക്കാതെ നോക്കി നിന്നു.ആനി തന്റെ ഉന്തിയ പല്ലുകൾ കാട്ടി ചിരിച്ച് നിന്നെങ്കിലും പിന്നീട് സ്ഥലകാലബോധം വന്ന് അത് പെട്ടെന്ന് കൂട്ടി പിടിച്ചു . ഇന്നത്തെ കാലത്തു പെണ്ണിനെ കെട്ടിക്കുന്നതിനു മുൻപായി മറ്റൊരു കെട്ട് കൂടി നടത്താറുണ്ട്...പല്ലുകെട്ട് !! തന്റെ കാർന്നോന്മാർ ആ ചടങ്ങു നട ത്താത്തതിന്റെ ദേഷ്യം മുഴുവൻ കണ്ണിലേക്കാവാഹിച്ച് ചുണ്ടു കൂട്ടി പിടിച്ചു നിൽക്കുന്ന ആനിയെ കണ്ടപ്പോൾ എനിക്ക് "ജയ് ഹനുമാനെ" പെട്ടെന്ന് ഓർമ്മ വന്നു. എന്റെ ഉള്ളിൽ നിന്നും ഒരു ചിരി അമിട്ട് പോലെ പൊട്ടി വിരിഞ്ഞു ....പക്ഷെ നേരത്തെ പറഞ്ഞെ സ്ഥലകാല ബോധം എനിക്കും വന്നതിനാൽ ഞാനാ ചിരിയെ .. രണ്ടു ചുമയിലേക്കു പതുക്കെ തിരിച്ചു വിട്ടു.
ഫോട്ടോയെടുപ്പ് തുടങ്ങിയതോടെ ആ മരണവീട് പല പല കുശുകുശുക്കലുകളുടെ തിരമാലകൾ
ഒത്തു ചേർന്ന് ആർത്തലച്ച് അത്യാവശ്യം നന്നായി ഇരമ്പുന്ന ഒരു കടലായി മാറി .
ആദ്യം കൂടപ്പിറപ്പുകൾ ,പിന്നെ പരേതന്റെ ഭാര്യാ വീട്ടുകാർ , മൂത്തമകന്റെ ഓഫിലെ സഹപ്രവർ ത്തകർ, മരുമകളുടെ വീട്ടുകാർ, മകളെ കെട്ടിച്ച വീട്ടിലെ സമ്മന്തക്കാർ, നാട്ടു പ്രമാണിമാർ,രാഷ്ട്രീയക്കാർ , പള്ളിയിലെ കേന്ദ്രസമിതി അംഗങ്ങൾ, അങ്ങനെ മാറി മാറി ഫോട്ടോക്ക് പോസ്സ് ചെയ്തു കൊണ്ടിരിക്കയാണ് .
ക്രിക്കറ്റ് കമന്ററി പോലെ എന്റെ പുറകിൽ നിൽക്കുന്ന ചേച്ചിമാർ അവരെ പറ്റി ഓരോരോ നഗ്ന സത്യങ്ങൾ വിളിച്ചു പറയുന്നുമുണ്ട്.
" ഫ്രാൻസിസിന്റെ ഭാര്യ ഇപ്പൊ ഇവിടെയില്ല.... അവിടെ വേറൊരുത്തി ഇടയ്ക്കു വന്നും പോയുമൊക്കെ ഇരിക്കുന്നുണ്ട്. അല്ലെങ്കിലും അവൻ പണ്ടേ ശെരിയല്ല "
"മോളെ കെട്ടിച്ചവന്റെ ചേട്ടനാ അത് ..ഇതുവരെ പിള്ളേരൊന്നും ആയിട്ടില്ല "
"ആഹാ.. നീ അറിഞ്ഞില്ലേ ?.....ജോർജ് ഇപ്പൊ നാട്ടിൽ അല്ലെ ? ഗൾഫിലെ നല്ലമാനിക്കാത്ത ജോലിം കളഞ്ഞ് ഇവിടെ തേരാ പാരാ നടപ്പാ !"
" അവനിപ്പം ഇടതാ ....കഴിഞ്ഞ കൊല്ലം വലതാർന്നു ...ഓരോ ഓന്ത് സ്വഭാവമേ !"
ഇതൊക്കെ കേട്ട് ഞാനിതുവരെ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ആൾക്കാർക്ക് ഞാനും എന്റെ വക സ്വഭാവ സർട്ടിഫിക്കറ്റ് സപ്ലൈ ചെയ്യാൻ തുടങ്ങി.
ആ നാട്ടിൽ, ആ വീട്ടിൽ ഞാൻ ആദ്യമായിട്ടാണ് കാല് കുത്തുന്നത് .അവിടെ മരിച്ചു കിടക്കുന്ന ചേട്ടൻ എനിക്ക് പരിചയമുള്ള ഒരു പയ്യന്റെ അപ്പനായിട്ടു വരും...ജോമോന്റെ.. .ഞാൻ പുതിയതായി ജോയിൻ ചെയ്ത ഓഫീസിലെ സഹപ്രവർത്തകൻ ആണ് ജോമോൻ . അപ്പൻ ആശുപത്രീയിൽ ആയിരുന്നു എന്നല്ലാതെ ആ അപ്പനെകുറിച്ചു എനിക്ക് ഒന്നും അറിയില്ല...എന്തിന് .. ജോമോനെ കുറിച്ച് പോലും !
“ജോമോന്റെ അപ്പൻ മരിച്ചു. ക്യാൻസർ ആയിരുന്നു...ഓഫീസിൽ നിന്നും എല്ലാവരും പോകുന്നു...ചേച്ചി വായോ പെട്ടെന്ന് ഒന്നു പോയി വരാം,” എന്ന സഹപ്രവർത്തകൻ ആന്റണിയുടെ വാക്ക് കേട്ട് ഇറങ്ങി തിരിച്ചതാണ് .തോമാസ് സാറും , ഗംഗാധരൻ സാറും,അഖിലും, ഞാനും ഒരു കാറിൽ കേറി ഇങ്ങു പൊന്നു. സാറാമ്മക്കു പണിത്തിരക്കു ള്ളതിനാൽ പോന്നില്ല . അതുകൊണ്ടു തന്നെ ഞാൻ ഒറ്റപ്പെട്ട ദ്വീപു പോലെ ഒഴിഞ്ഞു മാറി നിൽക്കുകയാണ്
ഞാൻ നിൽക്കുന്ന ഈ മരണവീട് എന്തോ ഒരു ആക്റ്റീവ് അല്ലാത്ത പോലെ എനിക്ക് തോന്നി. ശെരിക്കും പറഞ്ഞാൽ ഒരു "ചത്ത വീട് പോലെ" ! പണ്ടത്തെ മരണ വീടാണ് മക്കളെ ഒരു മരണ വീട് !!... എന്താ ഒരു കരച്ചിലും പിഴിച്ചിലും ! അകലെ നിന്നും തന്നെ ചന്ദനത്തിരിയുടെയും മുല്ലപ്പൂവിന്റെയും മണം നമ്മടെ മൂക്കിലേക്കടിക്കും.അതുവരെ ഒരു പൌഡർ പോലും ഇടാത്ത വല്യപ്പന്മാരേം വെല്യമ്മമാരേം ഒക്കെ കുഞ്ഞാവയുടെ പോലെ കണ്ണെഴുതി പൊട്ടു തൊടിച്ച് കുട്ടപ്പനാക്കി കിടത്തിയിട്ടുണ്ടാകും.അത് കാണുമ്പോൾ നമുക്കും ഒന്ന് ചത്ത് കിടക്കാൻ തോന്നും!. ഓരോരുത്തർ വന്നു കയറുമ്പോൾ തന്നെ അറിയാം അയാൾ മരിച്ചു കിടക്കുന്ന ആളിനും അടുത്തിരുന്നു കരയുന്നവർക്കും എത്രക്കും പ്രിയപ്പെട്ടവർ ആണെന്ന് !
"കണ്ടില്ലേ ചേട്ടാ.. എന്റെ കെട്ട്യോൻ കിടക്കുന്ന കിടപ്പ്! ചേട്ടനോട് ഒന്നു എണീയ്ക്കാൻ പറ… "
"നാത്തൂനേ .... ചേട്ടൻ പോയെടി...ഇനി എനിക്കും പിള്ളേർക്കും ആരാടി ഉള്ളേ ?"
"അമ്മായി ....ഇത് കണ്ടില്ലേ?.. എല്ലാ കാര്യങ്ങൾക്കും ഓടി വരേണ്ട ആളല്ലേ ഈ കിടക്കുന്നെ !!"
എന്നൊക്കെ പറഞ്ഞ് മരിച്ചു കിടക്കുന്ന ആളുടെ ദേഹത്ത് കെട്ടി പിടിച്ചു കരയുന്ന ഭാര്യയും മക്കളും !
അവരെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്ന ബന്ധുക്കാരും അയൽവക്കക്കാരും , അതിനിടയിൽ മരിച്ചു കിടക്കുന്ന ആൾക്ക് വേണ്ടി ഉച്ചത്തിൽ ഒപ്പീസുകൾ ചൊല്ലുന്ന പല പല ഗ്രൂപ്പുകൾ ..അതിലെ ഓരോ വാക്കുകളും നമ്മളെ വേദനിപ്പിക്കുകയും അതെ സമയം സമാധാനിപ്പി ക്കുകയും ചെയ്യും .
മരണ വീട്ടിൽ ചൊല്ലുന്ന ഓരോ പ്രാർത്ഥനകളും പാട്ടുകളും മരിച്ചു പോയവർക്ക് വേണ്ടി മാത്രം ഉള്ളതല്ല ..... ജീവിച്ചിരിക്കുന്നർക്ക് അവരുടെ ചെയ്തികളെ പറ്റി ഓർക്കുവാനും, "മരണം ഒരു നാൾ വരും" എന്നോർത്ത് നല്ല ജീവിതം നയിക്കാനും കൂടി ഉള്ളതാണെന്ന് ഇന്നാള് ഒരച്ചൻ പ്രസംഗത്തിൽ പറഞ്ഞപ്പോൾ ആണ് നമ്മൾ ആ സത്യം തിരിച്ചറിയുന്നത്!!! .. അതുവരെ " മരണം വരുമെന്ന് ഓർക്കാഞ്ഞത് എന്താ മനുഷ്യാ " എന്ന് മരിച്ചു കിടക്കുന്ന ആളോട് ചോദിക്കുകയാണ് എന്നാണ് ഞാൻ ഒക്കെയും വിചാരിച്ചു ഇരുന്നത്.മനുഷ്യരുടെ ഓരോരോ തെറ്റിദ്ധാരണകളേ !!!
ഏതായാലും ഈ മരണ വീട്ടിൽ കരച്ചിലുകൾ ഇല്ല.എല്ലാവരുടെയും മുഖത്ത് ഈ ശവമടക്കു ഒന്നു വേഗം കഴിഞ്ഞിരുന്നെങ്കിൽ എന്ന ഭാവം. ചെറിയൊരു ദുഃഖം ആ ചേട്ടന്റെ ഭാര്യടേം മോളുടേം മുഖത്ത് കാണാനുണ്ട്.ചിലപ്പോൾ അച്ചൻ വന്ന്ചൊല്ലേണ്ടതെല്ലാം ചൊല്ലി പള്ളിയിലോ ട്ടെടുക്കുമ്പോൾ കരയാനിരിക്കുവായിരിക്കും. അല്ലെങ്കിൽ ഇത്രയും ദിവസം കരഞ്ഞു കൂട്ടിയത് കൊണ്ടും, ഇനി കരഞ്ഞിട്ട് കാര്യമില്ലാത്തത് കൊണ്ടും കരയാത്തതായിരിക്കും. അതോ കണ്ണീർ സീരിയൽ കണ്ട് കണ്ട് ഈ പെണ്ണുങ്ങളുടെ കണ്ണീർ എല്ലാം വാർത്ത് വാർത്ത് തീർന്നു പോയോ എന്തോ!
ഫോട്ടോഷൂട്ട് തകൃതിയായി മുന്നേറുന്നു. അപ്പോളാണ് ഞാൻ ശ്രദ്ധിച്ചത്.. കുറച്ചങ്ങു നീങ്ങി എന്റെ വലതു വശത്തു നിന്ന തോമസ് സാറും ഗംഗാധരൻ സാറും എന്നെ നോക്കി പിറുപിറുക്കുന്നു.അപ്പുറത്ത് നിൽക്കുന്ന ആന്റണിയെയും അഖിലിനെയും പതുക്കെ ഞോണ്ടുന്നു!!...എന്റീശ്വരാ !!...ഇനി ഇവൻമാരെങ്ങാൻ ഗ്രൂപ് ഫോട്ടോക്ക് കോപ്പ് കൂട്ടുകയാണോ!?
ഞാൻ അവരെ കാണാത്ത ഭാവത്തിൽ നിന്നു.ഇടകണ്ണിട്ടു നോക്കിയപ്പോൾ നമ്മടെ തോമാസ് സാർ പാന്റ്സിന്റെ പോക്കറ്റിൽ നിന്നും കർച്ചിഫ് എടുത്ത് നിവർത്തി മുഖം കഴുത്ത് ഒക്കേം തുടച്ചു മിനുക്കുന്നു.. ചീർപ്പ് എടുത്ത് തലമുടി ചീകുന്നു മീശ ഒതുക്കുന്നു.!!..ഈശ്വരാ...ഉദ്ദേശം അതുതന്നെ!!
അവർ എന്നെയും വിളിക്കുമെന്നോർത്തപ്പോൾ എന്റെ ഉള്ളിൽ നിന്നും ഒരു കിളി പറന്നു പോയി.ഞാൻ ഏറ്റവും വെറുക്കുന്ന ഒരു ഏർപ്പാടാണ് അത്.മരിച്ച ആളുടെ കൂടെ നിന്ന് ഫോട്ടോക്ക് പോസ് ചെയ്യുക. പിന്നീട് ആ ഫോട്ടോ കാണുമ്പോൾ എന്തോ ..എനിക്ക് മരിച്ച ആളെ അപമാനിക്കുന്ന പോലെ ഒരു ഫീൽ ആണ് ഉണ്ടാകാറ്. ഇത് എല്ലാവരും ചെയ്യുന്നതാണ് ,നാട്ടു നടപ്പാണ് , മരിച്ച ആളുടെ കൂടെ നിൽക്കാൻ ഉള്ള അവസാനത്തെ അവസരം ആണ്, എന്നൊക്കെ പറഞ്ഞാൽ പോലും...എനിക്ക് അത് ദഹിക്കാറില്ല. അതും ജീവിച്ചിരിക്കുമ്പോൾ ഒരിക്കൽ പോലും കാണാത്ത ഒരാളുടെ കൂടെ !!.
ഞാൻ ഇടത്തോട്ട് കുറച്ചു കൂടി നീങ്ങി നിന്നു.ആര് വിളിച്ചാലും ഞാൻ പോകില്ല.." നീ പോകരുത് " എന്നു ഞാൻ എന്റെ മനസ്സിന് താക്കീതു നൽകി . അല്ലെങ്കിൽ തന്നെ ഇന്ന് ഉടുത്തിരിക്കുന്ന സാരി !!ഹോ!.. വെഡിങ് ആനിവേഴ്സറിക്ക് ഭർത്താവ് വാങ്ങി തന്ന സർപ്രൈസ് ഗിഫ്റ്റ് ആണ് .പണ്ടെങ്ങോ പർപ്പിൾ കളർ ഇഷ്ടമാണെന്ന് പറഞ്ഞെന്നും പറഞ്ഞ് വാങ്ങി കൊണ്ട് വന്നത് ഒറ്റ നോട്ടത്തിൽ കണ്ണുപൊട്ടി പോകുന്ന കടും വയലറ്റ് സാരി !! കളർ സെൻസില്ലാത്ത കണവൻ!!...
ആ സാരി ഉടുക്കുന്നില്ലേ..ഉടുക്കുന്നില്ലെന്ന് മോന്തേം വീർപ്പിച്ചു ചോദിക്കുന്ന കാരണം ഇന്ന് ആദ്യമായി എടുത്തങ്ങു ഉടുത്തു.പോരാത്തതിന് അതിനു മാച്ച് ചെയ്യുന്ന വയലറ്റ് കമ്മൽ,മാല ,വള ഒക്കേം ഇട്ടാണ് നിപ്പ്. തൃശ്ശൂർ പൂരത്തിന് എഴുന്നള്ളിച്ച ആനയെ പോലെ ! മരണ വീട്ടിലേക്കു ഒട്ടും യോജിക്കാത്ത ഡ്രസ് കോഡ്!.അതിപ്പോ... എന്റെ കുഴപ്പം ഒന്നും അല്ലാട്ടോ. ഞാൻ കരുതിയോ ഇന്ന് ജോമോന്റെ അപ്പൻ മരിച്ചു പോകുമെന്ന് !.
ഫോട്ടോഷൂട്ട് ഏതാണ്ട് അവസാനിക്കാറായ മട്ടാണ് ."ഇനി ആരെങ്കിലുമുണ്ടോ" എന്നും ചോദിച്ച് ജോമോൻ തലങ്ങും വിലങ്ങും നടക്കുന്നു ." അത്താഴ പട്ടിണിക്കാരുണ്ടോ " ന്നൊക്കെ ചോദിക്കണ മാതിരി.
"ഉണ്ട് ഉണ്ട്.... ദാണ്ടെ നിക്കണ് അന്തിമ ഫോട്ടോക്ക് വേണ്ടി വിശന്നു വലഞ്ഞു നിൽക്കുന്ന തോമസ് പുപുലി !" ഈ കുന്തം ഒന്ന് കഴിഞ്ഞു കിട്ടിയെങ്കിൽ എന്ന് ഞാൻ ആത്മാർഥമായി ഒന്ന് കണ്ണടച്ചു പ്രാർത്ഥിച്ചു.അങ്ങനെ റിലാക്സ് ചെയ്തു നിക്കുന്ന നേരം വലത്തേ കയ്യിൽ ആരോ രൊറ്റ ഞോണ്ടൽ !!!...കാഠിന്യമേറിയ ഞൊണ്ടലിന്റെ ഉടമ ആരാണെന്നു ഞാൻ കണ്ണും മിഴിച്ചു തിരിഞ്ഞു നോക്കി ..തോമസ് സാർ !. കക്ഷി തലകൊണ്ടും, കണ്ണ് കൊണ്ടും ഒരു ആക്ഷൻ... പോട്ടം എടുക്കാന്ന് !.ഞാൻ രണ്ടു കണ്ണും അടച്ചു തല രണ്ടാട്ടാട്ടി.. ..ഊഹും .സാർ ഒന്നും കൂടി കണ്ണ് തുറുപ്പിച്ചു, നെറ്റി ചുളിച്ചു വിളിച്ചു .....ഞാൻ കണ്ണുകൊണ്ടു അപേക്ഷിച്ചു .വീണ്ടും കൈകൊണ്ടൊരു മാടി വിളി ...ഞാൻ കണ്ണടച്ച് തന്നെ നിന്നു .അന്നേരം ഏതോ ബലിഷ്ടമായ ഒരു കരം എന്നെ ശക്തിയായി വലത്തോട്ടു വലിച്ചു.!! അപ്രതീക്ഷിതമായതോണ്ടും, സാരി ഉടക്കിയതോണ്ടും ഞാൻ ഒന്ന് വലത്തോട്ടു തേങ്ങി .
" മാഡം വരൂ " തോമസ് സാർ തന്റെ പരുപരുത്ത ശബ്ദത്തിൽ പറഞ്ഞു.
ആരണ്ടപ്പാ ഈ മാഡം ? ..എന്ന മട്ടിൽ എല്ലാ കണ്ണുകളും എന്റെ മുഖത്തേക്ക് ഫോക്കസ് ചെയ്തു .
എലിപ്പെട്ടിയിൽ കുടുങ്ങിയ കുഞ്ഞനെലിയേ പോലെ തോമസ് സാറിന്റെ കരങ്ങളിൽ നിന്നും രക്ഷപെടാനൊരു പഴുതുമില്ലാതെ ഞാൻ എന്നിലേക്ക് പതുങ്ങി .അപ്പോഴേക്കും ഫോട്ടോഗ്രാഫറും വീഡിയോ ഗ്രാഫറും ഒരു ഇരയെ കിട്ടിയ ആനന്ദത്തിലാറാടി .ഫ്ലാഷുകൾ മിന്നി മറഞ്ഞു .അവർ ഇരക്കൊപ്പം ആണ് !.അവർ ആഹ്ലാദത്തോടെ ഞാനും തോമസ് സാറും തമ്മിലുള്ള സംഘട്ടന രംഗങ്ങൾ ഒപ്പി ഒപ്പിയെടുത്തു . നാച്ചുറൽ മൊമെന്റ്സിൽ ആണല്ലോ എല്ലാവര്ക്കും ഇപ്പോൾ താല്പര്യം .രംഗം പന്തിയല്ല എന്ന് തോന്നിയപ്പോൾ മഞ്ഞുപോലെ വിളറി വെളുത്ത ഞാൻ നിസ്സഹായയായി പറഞ്ഞു..
"വിട്..വരാം "
പിന്നെ ഒരാഘോഷം ആയിരുന്നു .ആണുങ്ങളുടെ കൂട്ടത്തിൽ നിൽക്കുന്ന തരുണീമണിയെ ക്യാമറകണ്ണിലൂടെ എത്രയെത്ര നോക്കിയിട്ടും നോക്കിയിട്ടും പോട്ടം പിടുത്തക്കാരന് മതി വരുന്നില്ല .അയാളുടെ മോന്തക്കിട്ട് ഒന്ന് കൊടുക്കാൻ തോന്നി.ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത അയാളോട് എന്തെന്നില്ലാത്ത അമർഷവും ദേഷ്യവും വന്നു. എന്റെ ഹൃദയത്തിൽ നിന്നും പതഞ്ഞു പൊന്തി കണ്ണിലേക്കു ഇരച്ചുകയറിയ വെറുപ്പിനെ ശാന്തമാക്കുവാൻ ഞാൻ കുറെ കഷ്ട്ടപെട്ടു.
ഞാൻ ജോമോന്റെ അപ്പന്റെ മുഖത്തേക്ക് ഒന്ന് നോക്കി ...എത്ര ശാന്തം ! എനിക്കെന്നാണ് ഇത്ര ശാന്തമായി ഒന്നുറങ്ങാൻ പറ്റുക ! ഞാൻ എങ്ങാൻ മരിച്ചു കിടക്കുമ്പോൾ ഈ വക കോപ്രായം ആരെങ്കിലും കാണിക്കുകയാണെങ്കിൽ ശവമഞ്ചത്തിൽ നിന്ന് എണീറ്റ് പുറം കാലിന് തൊഴിക്കുമെന്നു ഞാൻ പ്രതിജ്ഞ എടുത്തു .ജീവിച്ചിരിക്കുമ്പോൾ കൂടെ നിന്ന് ഫോട്ടോ എടുക്കാൻ സൗകര്യം ഇല്ലാത്തവരും , മിണ്ടാനോ പറയാനോ നേരം ഇല്ലാത്തവരും , എന്തിന് ഒരു നോക്ക് കാണാൻ പോലും തോന്നാത്തവരും ചാകുമ്പോൾ ആൾക്കാരെ കാണിക്കാനായി അങ്ങനെയിപ്പോ ഓടി വരണ്ട !..നാശ്ശങ്ങൾ...
"മരിച്ച വിശ്വാസികളുടെ ആത്മാവുകൾ ദൈവാനുഗ്രഹത്താൽ സ്വർഗത്തിൽ പ്രവേശിക്കാൻ ഇടയാകട്ടെ !" എന്ന പ്രാർത്ഥനയാണ് മരിച്ചവരെ കാണുമ്പോൾ ചൊല്ലേണ്ടത് എന്നിരുന്നാലും , ഞാൻ ആ പരേതാത്മാവിനോട് പ്രാർഥിച്ചത് മറ്റൊന്നായിരുന്നു.
ഞാൻ എന്റെ രണ്ടു കരങ്ങളും കൂപ്പി ശവമഞ്ചത്തിൽ നോക്കി ഭക്തിപൂർവ്വം കണ്ണുകളടച്ച് പ്രാർത്ഥിച്ചു.... "പ്രിയപ്പെട്ട ജോമോന്റെ അപ്പാ... അങ്ങ് സ്വർഗത്തിൽ ചെന്നു കർത്താവിനെ കാണുന്ന നിമിഷം ഈ കോപ്രായങ്ങൾ ഒക്കെ കാട്ടികൂട്ടുന്ന സത്യ ക്രിസ്ത്യാനികളെ നരകതീയിൽ ഒരു കുരിശ്ശ്ണ്ടാക്കി അതിന്മേൽ കയറ്റി ആണികൾ അടിച്ച്‌ അവിടെകിടന്നു പിടയുന്ന ഫോട്ടോസ് എടുത്തു കൊണ്ടേയിരിക്കേ ണമേയെന്ന് എനിക്കുവേണ്ടി കർത്താവിനോടു അപേക്ഷിക്കണമേ ..ആമ്മേൻ !"
ഇത് പ്രാർത്ഥിച്ചു കൊണ്ട് ഞാൻ നിർമലമായ ഹൃദയത്തോടെയും ,ശാന്തമായ മനസ്സോടെയും,ഒരു ചെറിയ മന്ദഹാസത്തോടെയും എന്റെ രണ്ടു കണ്ണുകളും പതിയെ തുറന്നു. 'ആ നിമിഷം ' കാത്ത്കാത്ത് നിന്ന നമ്മടെ ഫോട്ടോഗ്രാഫർ അത്യാഹ്ലാദത്തോടെ തന്റെ ക്യാമറയിൽ അതങ്ങാട് പകർത്തി... .ക്ലിക്ക് !.

Lipi

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot