നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

" ഒരവധി ദിനം "


" ഒരവധി ദിനം "
------------------------------------------
" ചേട്ടാ ഈ സാരി എങ്ങനുണ്ട്...
എനിക്ക് നന്നായി ചേരുന്നുണ്ടല്ലേ...
അമ്മേം പറഞ്ഞു ലൈറ്റ്‌ കളർ കോട്ടൺ സാരിയാ എനിക്ക് നന്നായി ചേരുകാന്ന്.."
" ചേരുന്നുണ്ട് .. നീ അറിയില്ലേ ഓഫിസിൽ എന്റെ കൂടെ ജോലി ചെയ്യുന്ന സ്മിതയെ അവൾടെ സെലക്ഷനാ... അവളും പറഞ്ഞു നിനക്ക് സാരിയാണ് നല്ലതായി ചേരുകയെന്ന്...."
" അപ്പൊ രണ്ടാൾടേം കൂടിയുള്ള സെലക്ഷനാകും അല്ലേ .."
സുജിയുടെ ശബ്ദത്തിന് വല്ല മാറ്റൊമുണ്ടോന്നൊരു സംശയം അതോ തന്റെ തോന്നലാണോ...ഒരല്പം കനം കൂടിയപോലെ..
" നിനക്കൊരു സാരി വാങ്ങാന്ന് കരുതി നേരത്തെയിറങ്ങി ... കടേൽ ചെന്നപ്പോ ദാ.. അവളും ഭർത്താവും, മക്കളും ഒക്കെയുണ്ട്, പിന്നെ പറയേണ്ടി വന്നു ഞാനെന്തിനാ വന്നതെന്ന് അപ്പൊ അവളാ പറഞ്ഞത് എന്നാ സുജിക്ക്‌ എന്റെ സെലക്ഷൻ ആയിക്കോട്ടേന്ന്...."
" ഹോ.. ഭയങ്കരം... എനിക്കപ്പോഴേ സംശയം തോന്നീതാ സാരിയുടുപ്പിച്ചു എന്നെ വയസ്സിയാക്കി മറ്റുള്ളവരുടെ മുൻപിൽ പ്രദർശിപ്പിക്കാനുള്ള ശ്രമമാണെന്ന്...
അതിന് അവളേം കൂട്ടി ഒരു നാടകോം ..
അതിമനോഹരമായിരിക്കുന്നത്രെ. നിങ്ങളെ ഞാൻ കാണാൻ തുടങ്ങിയിട്ട് കാലം കുറെ ആയില്ലേ മനുഷ്യാ...
അങ്ങേര് പോയേക്കുവാ കാമുകിയുടെ കൂടെ ഭാര്യക്ക് തുണിയെടുക്കാൻ ...."
സാരിയിലൂടെ ഈ അവധിയും ചെകുത്താൻ കേറിയ വീടുപോലാക്കിയെല്ലോ കർത്താവേ....
ഏത് നേരത്തണോ ഇങ്ങനൊരു ദുർബുദ്ധി തോന്നിയത്.
കുടുംബമായിട്ട് പുലിമുരുകൻ കാണാൻ പോകാനിരുന്നതാ ഇതിപ്പോ പുലി കുടുംബത്ത് കേറിയ അവസ്ഥയായി....
" നമ്മളെപ്പോഴാ അച്ഛാ പടം കാണാൻ പോകുന്നേ ..."
" മോള് അമ്മയോട് ചോദിക്ക് ... അച്ഛൻ റെഡിയാ "
" അമ്മേ .. നമ്മളെപ്പോഴാ പടം കാണാൻ പോകുന്നേ..."
" ഞാനൊരു നരകത്തിലൊട്ടുമില്ല..അവിടിരുപ്പുണ്ടല്ലോ ഒരു കള്ളക്കാമുകൻ അങ്ങേരോട് പോയി ചോദീര്... "
" അതാര് .. അച്ഛനോ.. അച്ഛന്റെ പ്രണയമൊക്കെ അമ്മേ കെട്ടിയതോടെ തീർന്നത്രേ.. ഇപ്പൊ ഹൃദയം കല്ലാണെന്നാ കഴിഞ്ഞ ദിവസ്സം കൂടെ ആരോടോ ഫോണില് പറയുന്നേ കേട്ടേ.."
" അതവള് തന്നെയാകും ഓഫിസിലെ ആ കാമുകി .. കല്യാണത്തിന് മുന്നെ എന്ത്‌ സ്നേഹമാരുന്നു, രണ്ട്‌ പിള്ളേരുമായി എനിക്ക് കുറച്ച് തടീം കൂടിയപ്പോ പ്രണയം വരുന്നില്ലാത്രേ.."
" അമ്മക്ക് വട്ടാ ശരിക്കും.. അല്ലേലിങ്ങനെ സംശയോമായി നടക്കുമോ... അച്ഛനാ ശരിക്കും പാവം..
അമ്മേ ഡിവോഴ്സ് ചെയ്യാൻ സമയം കഴിഞ്ഞു.."
" ചെയുമെടീ നീയൊക്കെ അങ്ങേരുടെ സൈഡല്ലേ പറയൂ .. അതെങ്ങനാ എന്നാ പറഞ്ഞാലും വാങ്ങിക്കൊടുക്കാനും, നാട് മൊത്തം തെണ്ടി നടക്കാനും അങ്ങേര് മുന്നിലല്ല്യോ..
എന്നാ ബാക്കിയുള്ളൊരു ഈ വീട്ടില് കിടന്ന് കഷ്ടപ്പെടുവാ ഒരാശ്വാസ്സ വാക്കെങ്കിലും പറഞ്ഞു
കൂടെ..."
" അമ്മ ഞങ്ങടെ കൂടെ വരുന്നോ ഇല്ല്യോ അത് പറയ് .."
" ഡീ കൊച്ചേ .. ചുരിദാറ് മതിയോ അതോ അച്ഛൻ തന്ന സാരി വേണോ.."
" അച്ഛാ ദേ.. അമ്മ ചോദിക്കുന്നു സാരി വേണോ ചുരിദാറ് മതിയോന്ന്..."
" അമ്മക്കിഷ്ടമുള്ളത് മതിയെന്ന് പറയ് ..."
"കഴിഞ്ഞോ നിങ്ങടെ വഴക്ക്... എൻറമ്മേ ഒരു ദിവസമെങ്കിലും അടിയിടാതെ നിങ്ങള് ഒരു വഴിക്ക് പോയിട്ടുണ്ടോ... എപ്പോ നോക്കിയാലും കീരീം പാമ്പുമാ എന്നാ ഒരു വഴിക്കും ഒറ്റക്കൊട്ടു പോകുകേമില്ല..."
" നീ പോടീ അവിടുന്ന് ഞങ്ങള് അടീം വഴക്കുമൊക്കെ ഇടും പിള്ളേര് പിള്ളേരുടെ സ്ഥാനത്തു നിന്നാ മതിയേ .."
" ഡാ അഭീ .. നീ റെഡിയായോ ദാ അമ്മേം അച്ഛനും ഇറങ്ങുന്നു ...."
രണ്ട് മക്കളും ഭാര്യയും കൂടെയില്ലാതെ അരുണിനെ ഒരിടത്തും കാണാൻ കഴിയില്ലെന്നാണ് കൂട്ടുകാരുടെ ഇടയിലും സംസാരം....
ചെറിയ ചെറിയ സംശയങ്ങളും അതിനേക്കാൾ അപ്പുറമുള്ള ബഹളങ്ങളും ജന്മനാ കൂടെപ്പിറപ്പായ ഭാര്യ സുജിത..
പ്രണയ വിവാഹങ്ങൾക്ക് ആയുസ്സില്ലെന്ന് പറയുന്നവർക്ക് ചൂണ്ടിക്കാട്ടാവുന്ന മാതൃക...
വഴക്കിട്ട് വന്നാലും കാറിന്റെ മുന്പിലേ സീറ്റ് മറ്റൊരാൾക്കും കൊടുക്കില്ല ...
റോഡിൽ കാണുന്ന ചെറുപ്പക്കാരായ സ്ത്രീജനങ്ങളെ അച്ഛൻ നോക്കുന്നുണ്ടോ എന്നറിയാനാ അമ്മ മുൻപിലിരിക്കുന്നെ എന്നാണ് മകൾ അമ്മുവിന്റെ കണ്ടെത്തൽ...
ഒരു പരിധിവരെ അത് സത്യവുമാണ് വഴക്കിടാൻ മറ്റ് കാരണങ്ങൾ കിട്ടാത്ത ദിവസ്സങ്ങളിൽ ഇതുകൊണ്ട് അഡ്ജസ്റ് ചെയ്യാറുണ്ട് ...
വണ്ടി പത്തനംതിട്ട അനുരാഗിന്റെ പാർക്കിങ്ങിലേക്ക് കയറ്റിയിട്ടു...
" നിങ്ങള് പോയി ടിക്കറ്റ് എടുക്ക് ഞാൻ വന്നേക്കാം."
" ഹേയ് .. അരുൺ.... "
" ഹായ് സ്മിത .. നിങ്ങള് എപ്പോ എത്തി ... ടിക്കറ്റ് എടുത്തോ..."
" ഇല്ല ഹസ്ബൻഡ് പോയിട്ടുണ്ട് .. എവിടെ സുജി..."
" അമ്മേ ദാ ഒരാന്റി വിളിക്കുന്നു ...അച്ഛന്റെ ഓഫിസിലെയാ.."
" ഹലോ.. സുജി... മനസ്സിലായില്ലേ ഞാൻ സ്മിത.."
" മനസ്സിലായി ഭർത്താവ് എപ്പോഴും പറയും ..."
" ഡാ അഭീ .. അമ്മേടെ മുഖം കണ്ടോ നീ അച്ഛനിന്നും കാളരാത്രിയാകും ....."
വരാൻ പോകുന്ന ഭീകര രാത്രിയെ മനസ്സിൽ കണ്ട് അരുൺ തീയേറ്ററിലേക്ക് നടന്നു .......
--------------------

Shaji P

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot