Slider

ബിസ്മി

0
"പോടീ..
നിനക്കു പ്രണയിക്കാനറിയില്ല..
അതാണിങ്ങനുള്ള വരികൾ വായിക്കുമ്പോൾ ദേഷ്യം വരുന്നേ.."
"ശരിയാണ് ഷാൻ..
എന്റെയുള്ളിലെ പ്രണയത്തെ ഞാനെന്നോ കുഴിച്ചു മൂടിയിരിക്കുന്നു..
ഇപ്പോഴെനിക്ക് പ്രണയത്തെക്കുറിച്ചു സംസാരിക്കുമ്പോൾ ദേഷ്യമല്ല ഷാൻ..
നിർവികാരതയാണ്.."
"നീയെന്താണീ പറയുന്നതു ബിസ്മി..
കാറ്റുകൾക്കൊപ്പം താളാത്മകമായി തലയാട്ടുന്ന മുളങ്കാടുകൾ പോലും പ്രണയിക്കുകയാണെന്നു പറഞ്ഞു പൊട്ടിച്ചിരിക്കാറുണ്ടാരുന്ന നീയാണോ ഈ പറയുന്നതു.."
"അതെ ഷാൻ..
അന്നത്തെ ബിസ്മിയിൽ നിന്നൊക്കെ ഞാനൊരുപാട് മാറിപ്പോയി..
കരിവളകളെ ഇഷ്ടപ്പെട്ടിരുന്ന മഴത്തുള്ളികളെ പ്രണയിച്ചിരുന്ന
ബിസ്മിയെന്നോ മരണപ്പെട്ടു പോയി ഷാൻ..
ഇന്നവൾക്കു പകരം ജീവിച്ചിരിക്കുന്നൊരു മൃത ശരീരമാണ്..
ഭർത്താവിന് വേണ്ടി ജീവിക്കുന്ന ഭാര്യയായും മക്കൾക്ക് വേണ്ടി ജിവിക്കുന്ന ഉമ്മയായുമൊക്കെ സമൂഹത്തിനു മുന്നിൽ മാതൃകാ വീട്ടമ്മയായി ജീവിക്കുന്നവൾ..
നിനക്കറിയോ വിവാഹത്തെ കുറിച്ച് എനിക്കു വലിയ സങ്കൽപ്പമൊന്നുമുണ്ടാരുന്നില്ല..
വീട്ടുകാരുടെ ഇഷ്ടത്തിന് മുന്നിൽ തലകുനിച്ചു കൊടുക്കുമ്പോൾ എന്നെ മനസ്സിലാക്കുന്ന ഒരാളാവണം എന്നെ ഉണ്ടാരുന്നുള്ളൂ..
പക്ഷേ വിവാഹം കഴിഞ്ഞു ആദ്യ ദിവസം തന്നെ മനസ്സിലായി ഞാനയാൾക്കു മുന്നിൽ വെറുമൊരു ഉപഭോഗ വസ്തുവാണെന്ന്..
അയാളുടെ ഇഷ്ടങ്ങൾ സാധിക്കാൻ വേണ്ടി മാത്രമായുള്ളൊരുപകരണം..
ആദ്യമൊക്കെ രാത്രിയാവുന്നതു തന്നെ ഭയമാരുന്നു..
കിതപ്പുകൾക്കൊടുവിൽ ഒന്നും സംഭവിക്കാത്തത് പോലെ അയാൾ മാറിക്കിടന്നുറങ്ങുന്ന രാത്രികളിലെല്ലാം ഞാൻ നിശബ്ദമായി കരഞ്ഞിട്ടുണ്ട്‌..
പിന്നെപ്പിന്നെ എനിക്കതൊരു ശീലമായി..
നിസ്സംഗതയോടെ അയാളുടെ ഇഷ്ടങ്ങൾക്കു വഴങ്ങിക്കൊടുക്കുമ്പോൾ നിർവികാരതയോടെ സീലിങ്ങിലേക്കു കണ്ണുനട്ട് കിടക്കും..
"ബിസ്മി...
എനിക്കിതൊന്നും.."
"വിശ്വസിക്കാനാവുന്നില്ല അല്ലെ..
അയാൾക്കറിയില്ല ഷാൻ പെണ്ണിന്റെ മനസ്സെന്താണെന്നു..
അവളുടെ ഇഷ്ടങ്ങളെന്താണെന്നു..
ഒരിക്കൽ പോലുമയാൾ എന്റെ മനസ്സു തൊട്ടു സംസാരിച്ചിട്ടില്ല..
സ്നേഹത്തോടെയൊരു വാക്കു..
ഒരു തലോടൽ അതുമാത്രം മതിയാരുന്നു എന്നിലെ പെണ്ണിനെ ഉണർത്താൻ..
പ്രണയത്തെ ഉണർത്താൻ..
അങ്ങിനൊന്നും ഞാനിന്നേവരെ അനുഭവിച്ചറിഞ്ഞിട്ടില്ല..
ആ എന്നോടു പ്രണയത്തെ കുറിച്ചു സംസാരിക്കുമ്പോൾ എന്തു തോന്നാനാണ്..
പിന്നെ ഇതൊക്കെ നിന്നോടു പറഞ്ഞത്‌ ഒന്നും മോഹിച്ചിട്ടല്ല..
മൂടിക്കെട്ടിയ മേഘം പോലെ ഒന്നു പെയ്യാൻ വെമ്പുന്ന മനസ്സിനൊരു ആശ്വാസം കിട്ടാൻവേണ്ടി മാത്രമാണ്..
പുറമെ നിന്നു നോക്കുമ്പോൾ സന്തുഷ്ടയായ കുടുംബിനിയല്ലേ ഞാൻ..
ഭർത്താവിനും കുട്ടികൾക്കും വെച്ചു വിളമ്പാനും അവരുടെ ആവശ്യങ്ങൾക്കൊപ്പം നിൽക്കാനും അപേക്ഷാ ഫോമുകളിലും കാർഡുകളിലും വീട്ടമ്മയെന്ന കോളം പൂരിപ്പിക്കാനും മാത്രമായൊരു ജന്മം..
അവളുടെ നൊമ്പരങ്ങളെ വേവലാതികളെ കരഞ്ഞു തീർത്ത രാത്രികളെ ആരറിയുന്നു ഷാൻ..
സഹിക്കാൻ വയ്യാതെ എന്നെങ്കിലുമൊരിക്കൽ ഒരു മുഴം കയറിലോ ഉറക്ക ഗുളികകളിലോ ജീവിതം അവസാനിപ്പിച്ചാൽ എല്ലാവരും ഒരൊറ്റ സ്വരത്തിൽ ചോദിക്കുന്ന ചോദ്യമിതാവും..
"അവൾക്കെന്തിന്റെ കുറവായിരുന്നു.."
പേടിക്കേണ്ട ട്ടാ...
ഞാൻ മരിക്കാനൊന്നും പോണില്ല..
ജീവിക്കും..
മാതൃകാ വീട്ടമ്മയായി..
ഇതുപോലെ ജീവിതം തള്ളിനീക്കുന്ന അനേകരിൽ ഒരുവളായി.
അവളെയെങ്ങിനെ ആശ്വസിപ്പിക്കണെമെന്നറിയാതെ നിസ്സഹായനായിരിക്കുമ്പോഴും അവളെന്നെ നോക്കി ചിരിക്കുകയായിരുന്നു..
ജീവിതത്തിലെ നിറങ്ങൾ നഷ്ടപ്പെട്ടവളുടെ ചിരി.
●○
ബിസ്മി വെറുമൊരു ഭാവനാ സങ്കല്പമല്ല..
മറ്റുള്ളവർക്കു മുന്നിൽ ചിരിയുടെ ചായം പുരട്ടി ഉള്ളുകൊണ്ടു കണ്ണീരൊഴുക്കുന്ന അനേകം പേരിലൊരുവളാണ് ബിസ്മി..
പെണ്ണിനു പൊൻകൂടൊരുക്കി സ്വർണത്തളികയിൽ ഭക്ഷണം വെച്ചുനീട്ടിയാൽ എല്ലാമായെന്നു കരുതുന്നവരോട് ചിലതു പറഞ്ഞോട്ടെ..
എത്ര തിരക്കു പിടിച്ച ജീവിതമാണെങ്കിലും എന്തു തന്നെ പ്രയാസങ്ങൾ ഉണ്ടെങ്കിലും ഇത്തിരി സമയം സ്വന്തം പെണ്ണിനായി മാറ്റിവെക്കു..
അവളെയൊന്നു കേൾക്കാൻ ശ്രമിക്കു..
കിടപ്പറയിൽ തന്നിഷ്ട പ്രകാരം ആധിപത്യം സ്ഥാപിക്കാതെ പരസ്പരം മനസ്സു തുറന്നു ഇത്തിരി നേരമെങ്കിലും കണ്ണുകളിലേക്കു നോക്കി സംസാരിക്കു..
നിങ്ങളുടെ നല്ലപാതിക്കു ജീവിതത്തിൽ കൊടുക്കാൻ കഴിയുന്നതിൽ വെച്ചേറ്റവും വിലപ്പെട്ട സമ്മാനമാവുമത്.

Rayan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo