"ഏട്ടനുവേണ്ടി പെണ്ണുകാണാനായി പോയപ്പോഴാണു ഞാനവളെ ആദ്യമായി കണ്ടത്.ഉണങ്ങി മെലിഞ്ഞൊരു നീർക്കോലിപ്പെണ്ണ്.
ആദ്യകഴ്ചയിലവളെ കണ്ടപ്പോളെനിക്കു ചിരിയാണു വന്നത്.എന്റെ ചിരികണ്ടിട്ടു അവളെന്നെയൊന്നു സൂക്ഷിച്ചു നോക്കി.ആ നോട്ടം കണ്ടപ്പോഴെന്റെ ഉള്ളൊന്നു പിടച്ചു.ആത്മാവിന്റെ അകത്തളങ്ങളിലേക്കു ഇറങ്ങിച്ചെന്നെവളെന്റെ ഹൃദയം വായിക്കുന്നതു പോലെയെനിക്കു തോന്നിയത്.
ഏട്ടനു ചായയുമായി വന്നത് ആ നീർക്കോലിപ്പെണ്ണായിരുന്നു.ഇടക്കിടെ അവളുടെ നോട്ടമെന്നിൽ തന്നെയായിരുന്നു.
" ഏട്ടാ പെണ്ണു ചായയുമായി വരുന്നു"
ഏതോ ചിന്തയിൽ മുഴുകിയിരുന്ന ഏട്ടൻ മുഖമുയർത്തി പെണ്ണിനെ നോക്കിയപ്പഴേ അവന്റെ മുഖഭാവം മാറിയത് ഞാൻ കണ്ടു.എന്തോ അവനു ഇഷ്ടപ്പെടാത്തത് പോലെ.ഞാൻ മെല്ലെയവനെയൊന്നു തോണ്ടി.കാര്യം മനസിലായ അവൻ ഇഷ്ടമില്ലെങ്കിലും ചായവാങ്ങി.എനിക്കും അവൾ ഒരു കപ്പ് ചായ നീട്ടിയത് ഞാനും വാങ്ങി.ദയനീത നിറഞ്ഞ ഭാവം അവളുടെ മിഴികളിൽ നിറഞ്ഞിരുന്നു.
പെട്ടാന്നാണു സുന്ദരിയും അംഗലാവണ്യവും നിറഞ്ഞയൊരു പെണ്ണ് പെട്ടന്നു അവിടേക്കു കയറി വന്നത്.ഏട്ടന്റെ ശ്രദ്ധമുഴുവനും അവളിലായി.ഏട്ടന്റെ മുഖം ശ്രദ്ധിച്ചിരുന്ന നീർക്കോലിപ്പെണ്ണ് ഒന്നുകൂടി ശോകാർദ്രയായി.അവളുടെ മിഴികൾ നിറയുന്നത് എന്നിൽ വല്ലാത്തൊരു അസ്വസ്ഥത പടർത്തി.
കാര്യങ്ങൾ പിന്നീട് അറിയിക്കാമെന്നും പറഞ്ഞു ഞാനവനെയും കൊണ്ട് പുറത്തു ചാടി.ബൈക്കിലവനെയും പിന്നിലിരുത്തി വീട്ടിലേക്ക് പാഞ്ഞു.വീട്ടിലെത്തുമ്പോൾ അമ്മ വാതിക്കൽ നിൽക്കുന്നു.
"എന്തായി വാവേ.അവനു പെണ്ണിനെ ഇഷ്ടമായോടാ."
ചോദ്യം എന്നോടായിരുന്നു.കാരണം അതിനുമുമ്പ് തന്നെയവൻ അവന്റെ റൂമിൽ കയറി വാതിലടച്ചു കഴിഞ്ഞിരുന്നു.
"അമ്മേ ലക്ഷണം കണ്ടിട്ടവനു ഇഷ്ടമായില്ലെന്നു തോന്നുന്നു"
എന്റെ മറുപടി കേട്ടതേ അമ്മ നെഞ്ചത്തടിച്ചു വലിയ വായിൽ കരഞ്ഞു തുടങ്ങി.
"എത്ര പെണ്ണിനെ പോയി പെണ്ണുകണ്ടിവൻ.എന്തെങ്കിലും കുറ്റം പറഞ്ഞവൻ കല്യാണം മുടക്കും.അവനു ഇഷ്ടമുളളവൾ ഈ ലോകത്താരെങ്കിലും ഇനി പ്രസവിക്കണമായിരിക്കും.അല്ലെങ്കിൽ തന്നെ ഇവനാരാ ദുൽക്കർ സൽമാനോ"
അമ്മയുടെ നെഞ്ചത്തടിയും പതം പറച്ചിലിലും കേട്ടെനിക്കു ചിരിയാണു വന്നത്.പാവം അമ്മ.മൂത്ത മകനെ പെണ്ണുകെട്ടിച്ചിട്ട് ഒരുകുഞ്ഞിക്കാലു കാണാനായി അമ്പലങ്ങൾ തോറും പാവം അമ്മ നേർച്ചയുമായി നടക്കുകയാണ്.
"ഇതെല്ലാം എന്റെ തലവിധിയാ.ഇത്തിരി തൊലിവെളുപ്പ് അവനു ഉണ്ടെന്നു കരുതി അവനു അഹങ്കാരമാ.അല്ലെങ്കിലും പെണ്മക്കൾ ഉണ്ടെങ്കിലെ അമ്മമാർക്ക് ആശ്വാസമുളളൂ.എന്റെ സങ്കടങ്ങൾ അവരോടു പറയാമായിരുന്നു.കെട്ടിയോനും നേരത്തെ പോയി."
അമ്മ സങ്കടം വരുമ്പോളിങ്ങനെയാണു.എന്തെങ്കിലും പറഞ്ഞു കളയുംപക്ഷേ ആളു ശുദ്ധയാണു കേട്ടോ"
വൈകുന്നേരത്തെ കറക്കവും കഴിഞ്ഞു ഭക്ഷണം കഴിച്ചിട്ട് ഞാൻ ഉറങ്ങാൻ കിടന്നു. കിടന്നിട്ട് ഉറക്കവും വരുന്നില്ല.മനസിൽ നിറയെ ആ നീർക്കോലിപ്പെണ്ണിന്റെ ശോകാർദ്രമായ മുഖമായിരുന്നു.പാവം പെണ്ണ്.അവളിങ്ങനെ കതിരു പോലെയിരിക്കുന്നത് ആ പാവത്തിന്റെ കുഴപ്പമല്ലല്ലോ.അന്നുരാത്രിയെനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.മനസിൽ എന്തക്കൊയോ ദഹിക്കാതെ കിടന്നിരുന്നു.
പിറ്റേന്ന് രാവിലെയാണോർത്തത് കാര്യങ്ങൾ അവരോടു വിളിച്ചു പറഞ്ഞില്ലല്ലോ.ഉടനെ തന്നെ പെണ്ണിന്റെ അച്ഛന്റെ ഫോണിലേക്കു വിളിച്ചു. മറുതലക്കൽ ഒരുകിളി നാദമായിരുന്നു.
"ഞങ്ങൾ ഇന്നലെ വന്നിരുന്നവരാ.ചെക്കന്റെ അനിയൻ"
"ഉം" അവിടെ നിന്നൊരു മൂളൽ മാത്രമാണ് കേട്ടത്.
ഇവളോട് എങ്ങനെ കാര്യം പറയും.പറയാനും വയ്യ പറയാതിരിക്കാനും വയ്യ.ഞാൻ വല്ലാത്തൊരവസ്ഥയിലായി.രണ്ടും കൽപ്പിച്ചു ഞാൻ കാര്യമങ്ങു തുറന്നു പറഞ്ഞു.
മറുതലക്കൽ ഹൃദയം പിളർക്കുന്നയൊരു നിലവിളിയെന്റെ കാതിൽ പതിച്ചു.അതെന്റെ മനസിലെവിടെയോ ചെന്നു കൊണ്ടു.ഞാനെന്തെങ്കിലും പറയുന്നതിനു മുമ്പ്തന്നെ കോൾ കട്ടായി.അവളെയൊന്നും നേരിൽ കണ്ടു സംസാരിക്കുവാൻ ഞാൻ തീരുമാനിച്ചു. ബ്രോക്കറിൽ നിന്നും കിട്ടിയ വിവരമനുസരിച്ച് അവളു പഠിക്കുന്ന കോളേജിനു മുമ്പിൽ ഞാനെത്തി.ഭാഗ്യം ഞാൻ ചെന്നു കഴിഞ്ഞിട്ടാണവൾ വന്നത്. അവളെ കണ്ടതേ ഞാൻ പറഞ്ഞു.
"എനിക്കു കുട്ടിയോടൊന്നു സംസാരിക്കണം"
അടുത്ത മരച്ചുവട്ടിലേക്കു ഞങ്ങൾ നീങ്ങി നിന്നു.അപ്പോഴേക്കും അവൾ കാര്യങ്ങളെല്ലാം എന്നോട് തുറന്നു പറഞ്ഞു.
"ഒരുപാട് പെണ്ണുകാണലിനു ഞാനൊരുങ്ങി മടുത്തു.ഞാനിങ്ങനെ മെല്ലിച്ചിരിക്കുന്നെ എന്റെ കുറ്റംകൊണ്ടാണോ"
"അല്ല"
"വരുന്നവർക്കെല്ലാം ഞാൻ അവരുടെ മുമ്പിൽ ചെന്നു നിൽക്കുമ്പോൾ അവർക്കു ചിരിയാണു വരുന്നത്.പലപ്പോഴും പരിഹസിക്കപ്പെട്ടിരുന്നു.വയ്യ മടുത്തു.അച്ഛന്റെയും അമ്മയുടെയും സങ്കടം കാണാൻ വയ്യാത്തതിനാൽ ഞാൻ വീണ്ടും പെണ്ണുകാണലിനു ഒരുങ്ങുന്നത്"
പറഞ്ഞിട്ടവൾ മുളചീന്തും പോലെ പൊട്ടിക്കരഞ്ഞു.ഒരുവിധമവളെ ആശ്വസിപ്പിച്ചു ഞാനവിടെ നിന്നും രക്ഷപ്പെട്ടു. ഇതിനിടയിൽ ഏട്ടൻ നീർക്കോലിപ്പെണ്ണിന്റെ വീട്ടിൽ വെച്ചുകണ്ട പെണ്ണിന്റെ അഡ്രസ്സ് തപ്പിപിടിച്ചു ബ്രോക്കറെ ഏൽപ്പിച്ചു. പുതിയൊരു ആലോചയുമായി വന്നഭാവത്തിൽ ബ്രോക്കർ വീട്ടിലെത്തി. പെണ്ണിന്റെ ഫോട്ടോ കണ്ടതും ഞാൻ ഞെട്ടി.പെണ്ണുകാണാൻ ചെന്നപ്പോൾ അവിടെവെച്ചു കണ്ടസുന്ദരിപ്പെണ്ണ്.സംശയം തോന്നിയ ബ്രോക്കറെ ഞാൻ പൊക്കി.അയാൾ ഏട്ടന്റെ കളളക്കളികൾ എന്നോടു തുറന്നു പറഞ്ഞു.
ഞാനേട്ടനെ വിളിച്ചു അമ്മയുടെ മുന്നിൽ വരുത്തി കാര്യങ്ങൾ തുറന്നു പറഞ്ഞു. അമ്മയവനെ കൈനീട്ടിയൊന്നു പൊട്ടിച്ചു.
"നിനക്കിഷ്ടം അതാണെങ്കിൽ തുറന്നു പറഞ്ഞാൽ മതിയായിരുന്നല്ലോ അസത്തേ.പകരം നീയെന്തിനാടാ നാടകം നടത്തുന്നത്.എന്റെ മക്കളുടെ ഇഷ്ടമാണെന്നും എനിക്കു വലുത്"
അടികൊണ്ട ഏട്ടൻ എന്നെ പകയോടെ നോക്കി.അപ്പോഴാണ് അമ്മ ഞെട്ടിക്കുന്ന മറ്റൊരു പ്രഖ്യാപനം നടത്തിയത്.
"ടാ കണ്ണാ നീ പെണ്ണുകാണായി ചെന്നപ്പോൾ കണ്ടപെണ്ണ് അവളുടെ കൂട്ടുകാരി യായിരുന്നു അല്ലേ.നീ കണ്ടപെണ്ണ് എന്നെ വിളിച്ചു എല്ലാം പറഞ്ഞിരുന്നു.ആ കുട്ടീടെ അമ്മ എന്റെ പഴയ കൂട്ടുകാരിയാ.അവളുടെ സങ്കടം എന്നോടു പറഞ്ഞപ്പോൾ ഞാൻ പറഞ്ഞിരുന്നു കണ്ണനെകൊണ്ട് അവളെ കെട്ടിക്കാമെന്ന്.പക്ഷേ നിനക്കവളെ ഇഷ്ടമായില്ല"
അമ്മയൊരു നിമിഷം നിർത്തീട്ടു തുടർന്നു.
"വാവേ മോനേ.അമ്മയും ഒരു സ്ത്രീയാണ്.ആ കുട്ടിക്കു ഒരുപാട് സങ്കടമായി കാണും.ഒരമ്മയുടെ മനസ് എനിക്കു കാണാതിരിക്കാനാവില്ല.അമ്മയൊരു തീരുമാനം എടുത്തു .എന്റെ വാവയോട് ചോദിക്കാതെ.എന്റെ മോൻ അമ്മയെ അനുസരിക്കണം"
"അമ്മ കാര്യം പറയ്"
"കണ്ണനു പകരം നീയവളെ കെട്ടുമെന്ന് കൂട്ടുകാരിക്കു ഞാൻ വാക്കുകൊടുത്തു.അമ്മയുടെ പൊന്നുമോൻ അനുസരിക്കണം"
"അമ്മേ അത് ഏട്ടൻ കണ്ടപെണ്ണിനെ ഞാനെങ്ങനാ കെട്ടുന്നെ"
അവളെ ഇഷ്ടമാണെങ്കിലും ഞാൻ എതിർത്തു. എന്തൊക്കെ ആയാലും ഏട്ടനുവേണ്ടി കണ്ടപെണ്ണല്ലേ
"അവൻ കണ്ടതല്ലേ..കെട്ടിയില്ലല്ലോ"
അമ്മയുടെ ശബ്ദം വീണ്ടുമുയർന്നു.അതോടെ ഉളളിലെ സന്തോഷമടക്കി അമ്മയെ അനുസരിക്കുന്ന ഓമന മകനായി ഞാൻ മാറി
ഏട്ടൻ ഇതു സമ്മതിക്കില്ലെന്നു.പെണ്ണുകണ്ടവളെ അനിയത്തിയായി കാണാനാവില്ലെന്ന് അവനു പറഞ്ഞു. എന്നെ അനുസരിക്കാൻ വയ്യാത്തവൻ പടിക്കു പുറത്തെന്നുമുളള അമ്മയുടെ ഭീക്ഷണിയിൽ അവനും പത്തിമടക്കി.
അമ്മയും കൂട്ടി നീർക്കോലിയെ ഞാൻ പെണ്ണുകണ്ടു. അവിടെവെച്ചു സംസാരിച്ചപ്പോഴാണാ സത്യം അവളു തുറന്നു പറഞ്ഞത്.
പെണ്ണുകാണാൻ വന്നത് ഞാനാണെന്നു തെറ്റിദ്ധരിച്ചതും എന്നെയാണവൾക്കു ഇഷ്ടമായതെന്നും.എന്തായാലും അത് നന്നായി.അല്ലെങ്കിൽ അവളോടുളള സഹതാപമായിരിക്കും ഈ കല്യാണമെന്ന് ഇരുവരെയും അലട്ടും.എന്തായാലും ആ ബാധയൊഴിഞ്ഞു കിട്ടി.
അങ്ങനെ എന്റെയും ഏട്ടന്റെയും വിവാഹം ഒരേ മുഹൂർത്തത്തിൽ നടന്നു.ഞങ്ങൾ ഇന്നു ഹാപ്പിയാണു.കൂടെ അമ്മയും.പാവത്തിനു ഒരു കുഞ്ഞിക്കാലിനു പകരം ഞങ്ങളുടെ ഇരട്ടക്കുഞ്ഞുങ്ങളെയും ഏട്ടന്റെ കുഞ്ഞിനെയും കൂട്ടി മൂന്നു കൊച്ചുമക്കളെ കിട്ടി."
"നമ്മൾ കൊതിച്ചാലും ഈശ്വരൻ അതിനെ കൂട്ടിച്ചേർക്കുമ്പോൾ കിട്ടുന്ന ഒരു സന്തോഷമില്ലേ അതൊന്ന് വേറെ തന്നെയാണ് ട്ടാ"
A story by. #സുധീമുട്ടം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക