Slider

വീട്ടിലെ പരീക്ഷകൾ

0
വീട്ടിലെ പരീക്ഷകൾ
വാതിൽ ഉള്ളിൽ നിന്ന് പൂട്ടിയിരിക്കുകയാണ്. ഭാര്യയുടെ ശബ്ദം ഉയർന്നു കേൾക്കുന്നുണ്ട്, ഒപ്പം മോന്റെ ചിണുങ്ങലും. ഞാൻ അമർഷത്തോടെ വാതിലിൽ വീണ്ടും മുട്ടി. അവൾ വാതിൽ തുറന്നു. മോൻ ആശ്വാസത്തോടെ എന്നെയൊന്നു നോക്കി.
”നിങ്ങൾ പറയാൻ പോകുന്ന കാര്യം എനിക്കറിയാം..ഒരു കാര്യം ചെയ്യ്. കുറച്ചു അവനെയൊന്നു സഹായിക്ക് ...ഞാൻ കറിയെന്തെങ്കിലും ഉണ്ടാക്കാൻ നോക്കട്ടെ “
"നാളെ ഏതാ എക്സാം മോനൂ "
"മാത്‍സ് ആണ് ..ഇതാ ടെക്സ്റ്റ് ..എനിക്കെല്ലാം അറിയാം. ചോദിച്ചോ ?
എന്റെ ഉള്ളൊന്നു കാളി. കണക്ക്. അതിൽ എനിക്ക് ആകെ അറിയുന്നത് കുറെ കുറക്കലും കുറച്ചു കൂട്ടലുമാണ്. ഗുണനം ഭാര്യയും ഹരണം മക്കളും ചെയ്യും. പിന്നെ ഓര്മയുള്ളത് നമ്മുടെ ല.സ.ഗു ചേട്ടനെയാണ്. കൂടാതെ ഇത് ICSE സിലബസും ആണ്. ചിന്ത കാടു കയറുന്നതിനിടയിൽ അവൻ എന്റെ മൊബൈൽ എടുത്തു കളി തുടങ്ങിയിരുന്നു
”എന്തായി? " ഭാര്യ അടുക്കളയിൽ നിന്ന് ഓടി വന്നു. ഞാനും മോനും പരീക്ഷാ ഹാളിൽ എത്തിപ്പെട്ടപോലെ പെട്ടെന്ന് നിശബ്ദരായി.
”എന്തെങ്കിലും ചോദിച്ചാലല്ലേ പറയാൻ പറ്റൂ. " അവൻ വേഗം ജാമ്യാപേക്ഷ കൊടുത്തു.
"ഇപ്പൊ മനസ്സിലായില്ലേ ? അര മണിക്കൂർ ഒന്ന് പിള്ളേരെ നോക്കാൻ പറ്റുന്നില്ല .ഞാൻ ഇത് എത്ര കൊല്ലമായി തുടങ്ങിയിട്ട് ? അതിനിടയിൽ എല്ലാ പണിയും നടക്കുകയും ചെയ്യും . പിള്ളേരുടെ മുൻപിൽ എന്താ വാചകമടി...മാർക്ക് കുറഞ്ഞാൽ എന്താ നീ ഒന്നും ശ്രദ്ധിച്ചില്ലേ എന്ന ചോദ്യം വേറെ... പണം ഉണ്ടായാൽ എല്ലാം നടക്കുമെന്നാ വിചാരം ."
ഒരക്ഷരം ഞാൻ മിണ്ടിയില്ല. അവൾ തളർന്നു നിർത്തിയപ്പോൾ ഞാൻ ഏറ്റവും ഭവ്യതയോടെ ചോദിച്ചു: നീ എന്ത് കറിയാ വെക്കുന്നത് “
"ബീഫ്"
"ഞാൻ ഉണ്ടാക്കാം ...നീ... നീ .. തന്നെ ഇവനെ നോക്കിക്കോ "
അവളുടെ ചുണ്ടിൽ വിജയത്തിന്റെ ഒരു പുഞ്ചിരി വിടർന്നു. സ്വരം താണു
"വേണ്ട..ഞാൻ രണ്ടും ഒരേ സമയത്ത് ചെയ്യും"
മുറിയിലേക്ക് പുസ്തകം വായിക്കാൻ കയറിയ ഞാൻ കാൽ പെരുമാറ്റം കേട്ടു തിരിഞ്ഞു നോക്കി. ഭാര്യയാണ്. മുഖം താഴ്ത്തി നിൽക്കുകയാണ്.
“ഞാൻ...അപ്പോഴത്തെ ദേഷ്യം കൊണ്ട് പറഞ്ഞു പോയതാണ് നിങ്ങള്‍ക്ക് വിഷമം ആയോ ..?”
” ന്‍റെ മോളൂട്ടി....എനിക്കൊരു വിഷമവുമില്ല ...ഞാൻ അടുക്കളയിൽ വരാം"
അവളുടെ കൂടെ അടുക്കളയിലേക്ക് ഞാൻ പോയി. ഉള്ളി പകുതി മുറിച്ചു വെച്ചിരിക്കുന്നു. ഇറച്ചി കഴുകി റെഡിയാക്കിയിട്ടുണ്ട്. ഉള്ളി വെട്ടാൻ ഞാൻ കത്തിയെടുത്തപ്പോൾ അവൾ തടഞ്ഞു കൊണ്ട് പറഞ്ഞു: " നിങ്ങൾ ഒന്നും ചെയ്യേണ്ട..ഇവിടെ വെറുതെ കൂടെ നിന്നാൽ മതി" ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി. നിറഞ്ഞിരിക്കുകയാണ്.
“അത് ഉള്ളി വെട്ടിയിട്ടാ.." അവൾ കണ്ണിൽ പുഞ്ചിരി വിരിയിക്കാൻ ശ്രമിച്ചു. ഞാൻ ഒന്നും മിണ്ടിയില്ല - അത് ഉള്ളിയുടേതല്ല - ഉള്ളിൽ നിന്നുള്ളതാണെന്ന് എനിക്കറിയാം. ചുമലിൽ അലസമായി കിടന്ന അവളുടെ മുടിയിൽ ഞാൻ മെല്ലെ വിരലുകൾ കോർത്തു. അവൾ കുതറിയപ്പോൾ അമർത്തിപ്പിടിച്ചു എന്നോട് ചേർത്തു. ചുണ്ടുകൾ ചുണ്ടുകളോട് സവാളയുടെയും ചോണനുറുമ്പിന്റെയും കഥകൾ പറഞ്ഞു........ .
“ഇന്ന്‍ ചുരിദാര്‍ എടുക്കാന്‍ പോയാലോ ? – ഞാന്‍ അവളോട്‌ ചോദിച്ചു.
“നിങ്ങള്‍ എടുത്താല്‍ മതി എനിക്ക്. നിങ്ങള്‍ എടുക്കുന്നത് എനിക്ക് ഇഷ്ടമാവും “
ഞാന്‍ പറഞ്ഞു: “നീ എന്‍റെ വസ്ത്രവും ഞാന്‍ നിന്റെ വസ്ത്രവുമാണ് “
അതെ...ഒരു ഭാര്യ ആഗ്രഹിക്കുന്നത് അതാണ്. പ്രണയം നിറഞ്ഞ പതിഞ്ഞ വാക്കുകൾ, ഒരു സ്വാന്ത്വനം, ഒരു സ്നേഹ സ്പർശം.. അപ്പോൾ അവൾ എല്ലാ ആധികളും മറക്കും
പിറ്റേന്ന് രാവിലെ മൂത്ത മകനെ വിളിച്ചു ഞാൻ ഒരു അസൈൻമെന്റ് കൊടുത്തു:
ഇന്ന് രാത്രി ഭക്ഷണം നിങ്ങൾ ഉണ്ടാക്കണം.. ഉമ്മ സൂപർവിഷൻ ഒൺലി. ഞാൻ മാർക്കിടുന്ന ജഡ്ജ്....നീ ചീഫ് ഷെഫ് " അവന് ഭക്ഷണം കഴിക്കുന്നത് പോലെ കുക്കിങ്ങും വലിയ ഇഷ്ടമാണ്. ഇളയവനെ വിളിച്ചു പറഞ്ഞു:
" നീ ഹെൽപ്പർ "
"ഹെൽപ്പർ വേണ്ട...അവൻ ചിണുങ്ങി..." വൈറ്റ് കോളർ മലയാളി രക്തം അല്ലെ അവന്റെ സിരകളിലും. ഗൾഫിൽ ചെയ്യുന്ന ട്രിക്ക് ഞാൻ വേഗം പ്രയോഗിച്ചു.
" സോറി...ഹെൽപ്പർ അല്ല .വൈസ് ഷെഫ് - അതാ നിന്റെ പൊസിഷൻ" . സന്തോഷമായി അവന്. .
ഞങ്ങളുടെ ' സൂപ്പർ വിഷനിൽ' രണ്ടു പേരും ചേർന്ന് നല്ലൊരു ചിക്കൻ കറി ഉണ്ടാക്കി. ഭാര്യ പത്തിരി പരത്തി കൊടുത്തു. പ്ലേറ്റൊക്കെ കഴുകാൻ അവൾ തുനിഞ്ഞപ്പോൾ മൂത്തവൻ തടഞ്ഞുകൊണ്ട് പറഞ്ഞു: ഇന്ന് എല്ലാം നമ്മൾ ചെയ്യും"
സാധാരണ ചിക്കൻ കറി ആണെങ്കിൽ അവൻ കാൽ കഷ്ണം തന്നെ എടുക്കും..കൂടാതെ ഞങ്ങളുടെ പ്ളേറ്റിൽ ബാക്കിയുള്ളതും എടുക്കും. എന്നാൽ ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് അവൻ ഏറ്റവും വലിയ കഷ്ണങ്ങൾ ഞങ്ങൾക്ക് വിളമ്പി. പത്തിരിയൊക്കെ എടുത്തു പ്ലേറ്റിലേക്ക് ഇട്ടു തന്നു. എന്നിട്ടു രണ്ട് ചെറിയ കഷ്ണം ചിക്കൻ മാത്രം സ്വന്തം പ്ലേറ്റിലേക്ക് വെച്ചു. സത്യം പറഞ്ഞാൽ എന്റെ കണ്ണുകൾ നിറഞ്ഞുപോയി . ഞാൻ ഇടംകണ്ണിട്ടു ഭാര്യയെ നോക്കി. അവൾ കണ്ണീർചാലുകൾ വീണ അവളുടെ കവിൾ കൈകൊണ്ട് പൊത്തിയിട്ടു എഴുന്നേറ്റു "നിങ്ങൾ തുടങ്ങിക്കോ...ഞാനൊന്നു ബാത്‌റൂമിൽ പോയി വരാം"
അന്ന് രാത്രി ഇരു മെയ്യും ആത്മാവും ചേര്‍ന്നു ഒരൊറ്റ മെയ്യും ആത്മാവും ആയി മാറിയൊരു വേളയില്‍ അവളെന്റെ കാതിൽ മെല്ലെ മന്ത്രിച്ചു:
“ഇന്നത്തെ കോഴിക്കറിയുടെ അത്ര രുചിയുള്ള ഒരു കറിയും ഞാനിതു വരെ കഴിച്ചിട്ടില്ല"
(ഹാരിസ് ).
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo