നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#ഓര്‍മ്മകള്‍

#ഓര്‍മ്മകള്‍
രാത്രി ഒരുപാട് വെെകി കട പൂട്ടി വരുന്ന ഉപ്പാന്റെ കയ്യിലെ പൊതിക്ക് വേണ്ടി ഉമ്മറപ്പടിയില്‍ ചിമ്മിണി വിളക്കിന്റെ വെട്ടത്തില്‍ ഞാനും ഇക്കാക്കയും കാത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു....
ഇടവഴിയുടെ അനന്തതയിലേക്ക് ടോര്‍ച്ചിന്റെ വെളിച്ചം തെളിയുന്നതും നോക്കിയുള്ള ആ ഇരിപ്പിനിടയിലും ഞങ്ങള്‍ തമ്മില്‍ തര്‍ക്കിച്ചിരുന്നത് ഉപ്പാന്റെ കയ്യിലുള്ള ആ പൊതിയിലുള്ള മിഠായിടേയും ബിസ്ക്കറ്റിന്റേയും പേര് ചൊല്ലിയായിരിക്കും...
ഒടുവില്‍ ദൂരെ നിന്നും ടോര്‍ച്ചിന്റെ വെളിച്ചം ആദ്യം ആരുടെ കണ്ണില്‍ തെളിയുന്നുവോ അവരായിരിക്കും വീതം പങ്കുവെക്കുന്നത്...
അധിക ദിവസവും പൊതിയിലുള്ള പലഹാരം വീതം വെക്കുന്ന റോള്‍ എന്റേതു തന്നെയായിരിക്കും...
കാരണം ടോര്‍ച്ചിന്റെ വെളിച്ചം നോക്കിയുള്ള ഇരിപ്പില്‍ കണ്ണിമ പോലും വെട്ടിക്കാതെയുള്ള ആത്മാര്‍ത്ഥത ഞാന്‍ കാണിച്ചതുകൊണ്ടാവും എന്നാണ് അന്ന് ഞാന്‍ കരുതിയിരുന്നത്...
പക്ഷേ അങ്ങനെയായിരുന്നില്ല കുഞ്ഞനുജത്തിക്കു വേണ്ടി ഇക്കാക്ക സ്വയം തോറ്റു തരുവായിരുന്നെന്ന് കാലം പിന്നീട് എനിക്ക് തെളിയിച്ചു തന്നിരുന്നു...
രാവിലെ നേരത്തെ തന്നെ കട തുറക്കാന്‍ പോവുന്ന ഉപ്പാനെ ഞങ്ങള്‍ കണ്ടിരുന്നത് രാത്രി മക്കള്‍ക്കുള്ള ബിസ്ക്കറ്റു പൊതിയുമായി വരുന്ന സമയത്തായിരുന്നു...
ഞങ്ങള്‍ ഉണരുന്നതിനു മുമ്പേ ഉപ്പ കടയിലേക്കു പോവും...
പിന്നെ രാത്രിയിലുള്ള ആ കാഴ്ച മാത്രമേ ഞങ്ങള്‍ക്കുണ്ടായിരുന്നുള്ളൂ....
എങ്കിലും എല്ലാ ദിവസവും ഉറങ്ങാതെ ഉമ്മറപ്പടിയില്‍ കാത്തിരിക്കുന്ന ഞങ്ങള്‍ തന്നെയായിരിക്കും ഉപ്പാന്റെ ആകെയുള്ള സമ്പത്ത്....
അതുപോലെ തന്നെയായിരുന്നു രാവിലെ ഉമ്മയുണ്ടാക്കുന്ന ദോശയുടെ കാര്യത്തിലും...
ഫസ്റ്റെനിക്ക് ഫസ്റ്റെനിക്ക് എന്നും പറഞ്ഞ് പ്ലേറ്റും പിടിച്ച് ഉമ്മാന്റെ കൂടെ അടുക്കളയിലും ഞങ്ങള്‍ തകര്‍ച്ചിരുന്നു....
അധിക ദിവസവും അവിടേയും ഫസ്റ്റ് ഞാന്‍ തന്നെയായിരുന്നു...
ഇനി അധവാ ഇക്കാക്കയാണ് ഫസ്റ്റ് ആയതെങ്കില്‍ കൂടി എന്റെ ഒരു തേങ്ങല്‍ കൊണ്ട് ആ സ്ഥാനം എനിക്ക് തന്നെ വിട്ടുതന്നിരുന്നു അവന്‍...
ഞങ്ങള്‍ തമ്മില്‍ ഒന്നര വയസ്സിന്റെ വ്യതാസമേ ഉണ്ടാരുന്നുള്ളുവെങ്കിലും ഇക്കാക്കാന്ന് വിളിച്ചു പഠിപ്പിച്ചതും അവന്‍ തന്നെയായിരുന്നു...
കുറുമ്പിലും വാശിയിലും അവനേക്കാള്‍ മുമ്പില്‍ ഞാനായിരുന്നതു കൊണ്ടു തന്നെ ഉമ്മാന്റെ അടിയുടെ ചൂട് കൂടുതല്‍ അറിഞ്ഞതും ഞാനായിരുന്നു....
ഉമ്മാന്റെ മുഖം ഒന്നുമാറിക്കഴിഞ്ഞാല്‍ എന്നെ അടിയില്‍ നിന്നും രക്ഷിക്കാന്‍ വേണ്ടി എന്റെ കയ്യും പിടിച്ച് അവന്‍ ഒറ്റ ഓട്ടമായിരിക്കും...
പിന്നെ ഉമ്മ തിരിച്ചു വിളിക്കുന്നതു വരെ വീടിന്റെ പുറകുവശത്ത് ഞങ്ങള്‍ പണിതു വെച്ച ഞങ്ങളുടെ കളിവീട്ടില്‍ ഇരുന്ന് കളിക്കും....
ഞങ്ങളുടെ വളര്‍ച്ച നോക്കിക്കാണാന്‍ വല്ല ഹര്‍ത്താലോ വ്യാപാര വ്യവസായികളുടെ പണിമുടക്കോ ഉണ്ടാവണം ഉപ്പാക്ക്...
ഇന്നത്തെ പോലെയല്ല അന്ന് ഈ പറഞ്ഞ സംഭവങ്ങളൊക്കെ വിരളമായിരുന്നു...
എങ്കിലും പണിമുടക്കുള്ള ദിവസം ഞങ്ങളുടെ കളിയും ചിരിയും കുറുമ്പും വാശിയും തല്ലു കൂടലും ആസ്വദിക്കാന്‍ ഉപ്പ വീട്ടില്‍ തന്നെയുണ്ടാവും....
കാലങ്ങള്‍ കൊഴിഞ്ഞു പോകും തോറും ഉപ്പാന്റെ പ്രാരാബ്ദങ്ങള്‍ കൂടിക്കൂടി വന്നുവെങ്കിലും എന്റെയും ഇക്കാന്റെയും സ്വഭാവത്തിലും പെരുമാറ്റത്തിലും വലിയ മാറ്റങ്ങളൊന്നും വന്നില്ല...
ഒരുമിച്ച് കണ്ടാല്‍ വഴക്കിടും... ഇനി ഒരു നേരം കണ്ടില്ലെങ്കിലോ.... വല്ലാത്ത ഒറ്റപ്പെടലും....
ഇന്ന് പുതിയൊരു വീട്ടില്‍ പുതിയ ആള്‍ക്കാരും പുതിയ സാഹചര്യങ്ങളുമായി ജീവിക്കുമ്പോഴും മനസ്സില് മുഴുവന്‍ എന്റെ ഇക്കാക്കയാണ്...
അന്ന് കല്യാണപ്പന്തലില്‍ വെച്ച് അവനോട് മാത്രം ഞാന്‍ യാത്രപറഞ്ഞില്ല... അതിനുള്ള കാരണം എത്ര തിരഞ്ഞിട്ടും ആ പരിസരത്തൊന്നും അവനെ കണ്ടില്ല എന്നതാണ്...
ഇത്രയും കാലം ഊണിലും ഉറക്കിലും കൂടെ കഴിഞ്ഞിരുന്ന കുഞ്ഞുപെങ്ങള്‍ മറ്റൊരു വീട്ടിലേക്ക് പോവുന്നതു കാണാനുള്ള ചങ്കുറപ്പ് ആ പാവത്തിനുണ്ടായിക്കാണില്ല...
അതായിരിക്കാം ഞാന്‍ പടിയിറങ്ങിപ്പോവുന്നതു കാണാന്‍ എന്റെ മുമ്പില്‍ വരാതിരുന്നത്...
ഇന്ന് ഞാന്‍ കൂടെയില്ലാത്തതില്‍ ഏറ്റവും കൂടുതല്‍ സങ്കടപ്പെടുന്നതും ഇക്കാക്കയായിരിക്കും...
ജീവിതത്തിന്റെ അര്‍ത്ഥതലങ്ങളില്‍ കൂടി സഞ്ചരിക്കുമ്പോഴും ഓര്‍മ്മകള്‍ക്ക് തീ പിടിച്ച് കഴിഞ്ഞാല്‍ പങ്കിടലലിന്റെ പ്രതീകമായ ഒരു സഹോദരസ്നേഹം കാണും...
നമ്മളെ ആഴത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്നതും രക്തബന്ധത്തിന് തന്നെയാണ്...
എന്റെ ഓര്‍മ്മകളിലെ നിറമുള്ള ചിത്രമാണ് എന്റെ ഇക്കാക്ക...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot