കുഞ്ഞാവേം പത്തി മാമനും
"അച്ഛാ... എന്താ ഈ പീഡനം എന്ന് വച്ചാൽ? ആ ചേച്ചിടെ മാമൻ ആണോ ചേച്ചിയെ പീഡിപ്പിച്ചു കൊന്നത്?? എന്റെ മാമനും എന്നെ കൊല്ലുവോ??"
ടി വി യിൽ ആറു വയസുകാരിയെ അമ്മാവൻ പീഡിപ്പിച്ചു കൊന്നു എന്ന വാർത്ത കേട്ടിട്ടുള്ള അഞ്ചു വയസുകാരിയുടെ ചോദ്യമാണ്... നെഞ്ചിലൂടെ ഒരു അമ്പ് കേറി പോകുംപോലെ ഞാൻ ഒന്ന് പുളഞ്ഞു... അത് ചോദിക്കുന്നതിനിടയിൽ അവൾ എന്നെ നോക്കിയ നോട്ടം.. ആ കണ്ണിലെ ഭയം... ഇതുവരെ ആ കണ്ണിൽ എന്നോടുള്ള സ്നേഹവും കുറുമ്പും കുസൃതിയും വാശിയും മാത്രമേ ഞാൻ കണ്ടിരുന്നുള്ളൂ...
അളിയൻ എന്ത് പറയണം എന്നറിയാത്ത അവസ്ഥയിൽ ആയി.. "വാവേ... വാ.. അമ്മ പറഞ്ഞു തരാം " എന്ന് പറഞ്ഞു അമ്മൂസിനെ ചേച്ചി വിളിച്ചോണ്ട് പോയത് ഒരു ആശ്വാസം ആയി കാണണം അളിയന്.. പുള്ളീടെ മുഖത്തേക്ക് നോക്കാൻ ആദ്യമായി എനിക്ക് മടി തോന്നി...
എന്താവും ചേച്ചി കുഞ്ഞാവക്ക് പറഞ്ഞു കൊടുക്കുക?? അവൾക്ക് മനസ്സിലാകുന്ന രീതിയിൽ ഗുഡ് ടച്ച്.. ബാഡ് ടച്ച് ഒക്കെ പറഞ്ഞു കൊടുക്കുമായിരിക്കും... ആരെങ്കിലും മിഠായിയോ കളിപ്പട്ടമോ കാണിച്ചു വിളിച്ചാൽ കൂടെ പോകരുത് എന്ന് പറയുമായിരിക്കും.. അച്ഛൻ അല്ലാതെ മറ്റ് ആണുങ്ങളുടെ ആരുടേം മടിയിൽ കയറി ഇരിക്കുകയോ കെട്ടിപിടിക്കുകയോ
ഉമ്മ വെപ്പിക്കുകയോ ചെയ്യരുത് എന്ന് പറഞ്ഞു കൊടുക്കുമായിരിക്കും... ആരെങ്കിലും വാവാക്ക് ഇഷ്ടമല്ലാത്ത രീതിയിൽ തൊട്ടാൽ അമ്മയോട് വന്ന് പറയണം എന്ന് പറഞ്ഞു കൊടുക്കുമായിരിക്കും...
ഉമ്മ വെപ്പിക്കുകയോ ചെയ്യരുത് എന്ന് പറഞ്ഞു കൊടുക്കുമായിരിക്കും... ആരെങ്കിലും വാവാക്ക് ഇഷ്ടമല്ലാത്ത രീതിയിൽ തൊട്ടാൽ അമ്മയോട് വന്ന് പറയണം എന്ന് പറഞ്ഞു കൊടുക്കുമായിരിക്കും...
ഇനി അമ്മൂസ് മാമന്റെ പഴയ കുഞ്ഞാവ ആയിരിക്കുമോ? ഞാൻ എടുക്കുമ്പോളും കെട്ടിപിടിക്കുമ്പോളും ഉമ്മ വെക്കുമ്പോളും ആ കുഞ്ഞു മനസ്സിൽ അമ്മ പറഞ്ഞു കൊടുക്കുന്ന കാര്യങ്ങൾ ഓടി എത്തുമോ??
കുഞ്ഞാവേ... നിന്റെ കുഞ്ഞു മനസ്സിനെ ഇത്രയേറെ വേദനിപ്പിച്ച ആ ക്രൂരന് വേണ്ടി മാമൻ നിന്നോട് മാപ്പ് ചോദിക്കുന്നു.. എല്ലാ മാമാന്മാരും അതുപോലെ അല്ല കുഞ്ഞാവേ.. നിനക്കറിയില്ല വാവേ നീ എന്റെ ചേച്ചിയുടെ ഉദരത്തിൽ ഉണ്ടായ അന്ന് മുതൽ നീ ഈ ലോകത്തേക്ക് എത്തുംവരെ നിനക്കുവേണ്ടി ആകാംഷയോടെ ഞാൻ കാത്തിരുന്നത്...
എടുത്തോണ്ട് നടക്കാൻ... കൊഞ്ചിക്കാൻ.. വഴക്കടിക്കാൻ ഒരു അനിയത്തികുട്ടിയെ കളിക്കൂട്ടുകാരി ആയി വേണം എന്നാണ് പതിനഞ്ചു വയസ്സുകാരനായ ഞാൻ അന്ന് പ്രാർതഥിച്ചത്... ഏഴാം മാസം ചേച്ചി വീട്ടിൽ എത്തിയപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ഞാനാണ്.. ചേച്ചിയുടെ വീർത്ത വയറിൽ നിന്റെ അനക്കം കാണുമ്പോൾ ഇടക്കൊക്കെ ഞാൻ എന്റെ കൈ ആ വയറിൽ വെച്ച് നോക്കിയിരുന്നത് നീ അറിഞ്ഞിരുന്നോ??
ആശുപത്രി വരാന്തയിൽ നിന്റെ വരവിനായി കാത്തിരുന്നപ്പോൾ ഞാൻ അനുഭവിച്ചത്ര ടെൻഷൻ പത്തിലെ റിസൾട്ട് വന്നപ്പോൾ പോലും അനുഭവിച്ചിട്ടില്ല കുഞ്ഞാവേ.. മൂന്ന് മാസം കഴിഞ്ഞു ചേച്ചി തിരികെ പോയപ്പോൾ നിന്നെ പിരിഞ്ഞിരിക്കാൻ പറ്റാത്തകൊണ്ടാണ് പ്ലസ് ടു വിന് മറ്റെങ്ങും ഓപ്ഷൻ കൊടുക്കാതെ ടൗണിലെ സ്കൂളിൽ മാത്രം ഓപ്ഷൻ കൊടുത്തു ഇവിടെ നിന്ന് പഠിക്കാൻ ഞാൻ ഇങ്ങോട്ട് വന്നത് എന്നത് മറ്റാരും അറിയാത്ത രഹസ്യം... നിന്റെ ഒപ്പം ആയിരിക്കാൻ വേണ്ടി ആണ് ഡിഗ്രീയും ഞാൻ ഇവിടെ നിന്ന് തന്നെ പഠിക്കുന്നത്...
കോളേജിൽ കൂട്ടുകാർ എല്ലാം എന്നും കളിയാക്കും വിക്രമാദിത്യനും വേതാളവും ആണ് നമ്മൾ എന്ന് പറഞ്ഞ്.... കാരണം എന്താന്നോ നീ ഒപ്പം ഇല്ലാത്ത ഒരു സെൽഫി പോലും എന്റെ മൊബൈൽലിൽ ഇല്ലത്രേ...
നിന്നെ എന്റെ കൈയ്യിൽ ഏൽപിച്ച് ഇനി എന്റെ ചേച്ചി പഴയ ധൈര്യത്തോടെ കുളിക്കാൻ പോകുകയോ അടുക്കളേൽ നിക്കുകയോ ചെയ്യുമോ? ഇല്ലാത്ത കാരണങ്ങൾ ഉണ്ടാക്കി ഇടക്കിടക്ക് ഓടി വന്ന് ചേച്ചി നമ്മുടെ കളികൾ ശ്രദ്ധിച്ചാലും ആ കണ്ണിൽ ചെറിയ സംശയം തോന്നിയാലും എനിക്ക് എന്റെ ചേച്ചിയോട് ദേഷ്യം തോന്നില്ല കുഞ്ഞാവേ... ഒരു പെൺകുഞ്ഞിന്റെ അമ്മയല്ലേ... ഈ ലോകത്തിൽ ആരെ വിശ്വസിക്കണം വിശ്വസിക്കരുത് എന്ന് ആ പാവത്തിന് അറിയാൻ ഒക്കില്ലല്ലോ ...
ഇന്ന് വരെ ഉണ്ടാരുന്ന സ്വാതന്ത്ര്യത്തോടെ ഇനി മുതൽ എനിക്കീവീട്ടിൽ നിക്കാൻ ഒക്കുമോ? അളിയന്റെ മനസ്സിലും എന്നോടുള്ള സമീപനം മാറില്ലേ??
കുഞ്ഞാവേ... ഇനി നീ പത്തിമാമാ എന്ന് വിളിച്ച് എന്നോട് വഴക്കുണ്ടാക്കാൻ വരുമോ?? എന്റെ തോളത്തിനി നീ കുട്ടാമ്പുറം കേറി കളിക്കാൻ വരുമോ?? ഇന്ന് വരെ എനിക്കുണ്ടാരുന്ന സ്വാതന്ത്ര്യത്തോടെ ഇനി മുതൽ എനിക്ക് നിന്നെ സ്നേഹിക്കാൻ ഒക്കുമോ??
ചേച്ചിക്കും അളിയനും ഒപ്പം എന്റെ പൊന്നുമോളെ കാക്കാൻ എന്നും ഈ മാമനും ഉണ്ടാകും.. ഒരു കാക്കക്കും കഴുകൻ കണ്ണിനും കൊത്തിവലിക്കാൻ നിന്റെ നിഴൽ പോലും കാണിക്കാതെ നിന്നെ ഒരു കുട പോലെ ഞാൻ കാക്കാം കുഞ്ഞാവേ.... ഒരിക്കലും നിന്റെ മനസ്സിൽ ഈ മാമൻ ഒരു പേടിസ്വപ്നം ആവരുതേ...
കവിളിൽ ഒരു കുഞ്ഞു കൈ തലോടിയപ്പോൾ ആണ് ചിന്തകളിൽ നിന്ന് ഞാൻ ഉണർന്നത്... കണ്ണ് നിറഞ്ഞൊഴുകിയതോ കുഞ്ഞാവ അടുത്ത് വന്നതോ പോലും ഞാൻ അറിഞ്ഞിരുന്നില്ല...
"അമ്മേ.. അച്ഛാ ദേ ഈ പത്തിമാമൻ കരയുന്നൂ" ....
"ഡീ.... നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് അവനെ പത്തിമാമാന്ന് വിളിക്കരുതെന്ന്..." എന്ന് പറഞ്ഞ് അളിയൻ കൈ ഓങ്ങിയപ്പോൾ ഞാനും എന്റെ കുഞ്ഞാവേം ഒറ്റ സെറ്റായി ആളിയനോട് ഫൈറ്റ് തുടങ്ങി.... അല്ലേലും അങ്ങനല്ലേ വേണ്ടത്?? കുഞ്ഞാവേം പത്തിമാമനും ഒറ്റകെട്ടല്ലേ എന്നും...
നിഷ സൈനു
14/10/2017
14/10/2017

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക