Slider

#കണ്ണുകൾ

0
#കണ്ണുകൾ
***************
"അതിനെ വെട്ടല്ലേ അമ്മേ ,.. അതിന് ജീവനുണ്ട് "
രാവിലെ ടെറസ്സിലെ പതിവ് വ്യായാമത്തിനിടയ്ക്ക് അപ്പുറത്തെ വീട്ടിലെ ഉണ്ണിക്കുട്ടന്റെ ശബ്ദം. കൗതുകം തോന്നി എത്തി നോക്കി. അടുത്ത വീട്ടിലെ രതീഷിന്റെ ഭാര്യ ലതികയും മകൻ ഉണ്ണിക്കുട്ടനും.
അമ്മ വെട്ടാൻ ഓങ്ങിയ കത്തിക്ക് മുന്നിൽ നിന്നും ഒരു വാള മീനും എടുത്തുകൊണ്ട് ഉണ്ണിക്കുട്ടൻ ഓടുന്നു. ഉണ്ണിക്കുട്ടനെ ഓടിച്ചിട്ടു പിടിച്ചിട്ട് ലതിക മീൻ തിരികെ വാങ്ങി . അവൻ വീണ്ടും കരഞ്ഞു കൊണ്ട് പറഞ്ഞു ..
"അതിനെ വെട്ടല്ലേ അമ്മേ അതിന് ജീവനുണ്ട് , കണ്ടില്ലേ അതിന്റെ കണ്ണുകൾ തുറന്നിരിക്കുന്നത്, മരിച്ചവരുടെ കണ്ണ് അടഞ്ഞല്ലേ ഇരിക്കൂ".
ഉണ്ണിക്കുട്ടന്റെ പറച്ചിൽ കേട്ട് ചിരിയോടെ വീണ്ടും വ്യായാമത്തിൽ മുഴുകി .
*********************
"ഞായറാഴ്ച്ച രാവിലെ എല്ലാവരും കൂടി പള്ളീലേക്കാ ?"
രതീഷിൻറെ അച്ഛനാണ്, കൊച്ചുമകനുമായി നടക്കാൻ ഇറങ്ങിയതായിരിക്കണം.
"അതേ അമ്മാവാ, പിന്നെ കാണാം, അല്പം വൈകി എന്ന് തോന്നുന്നു" വർത്തമാനം പറഞ്ഞു നിൽക്കാൻ നേരമില്ല അല്ലെങ്കിൽ തന്നെ പള്ളിയിലെ പുതിയ വികാരിയച്ഛൻ ലേറ്റായി ചെല്ലുന്നതിന് പല പ്രാവശ്യം വാർണിങ് തന്നു കഴിഞ്ഞു.
കാറ് സ്റ്റാർട്ട് ചെയ്തു പോകുമ്പോൾ റിയർ വ്യൂ മിററിലൂടെ കണ്ടു മുത്തച്ഛനും കൊച്ചുമകനും നടന്നു പോകുന്നത്.
കൊച്ചുമകനെ നിലത്തു വെക്കാതെ ലാളിക്കുന്ന മുത്തച്ഛൻ.
ആള് പഴയ വിപ്ലവകാരിയാണ്.
പള്ളിയും അമ്പലവും ദൈവവും ഒന്നും അദ്ദേഹത്തിന്റെ നിഘണ്ടുവിൽ ഇല്ല.
ഒരു തികഞ്ഞ നിരീശ്വരവാദി.
******************************
"ഇയ്യാൾ എന്ത് മനുഷ്യനാ, എപ്പോഴും സീരിയസ് ആണല്ലോ, ചിരിക്കുന്നത് കണ്ടിട്ടേയില്ല".
രാവിലെ ഗ്രൗണ്ടിൽ നടക്കുമ്പോൾ എതിരെ നടന്നു വന്ന രതീഷിനെ നോക്കി കൂടെ നടന്നു കൊണ്ടിരുന്ന മറ്റൊരു അയൽക്കാരൻ പറഞ്ഞു .
ഞാനും ശ്രദ്ധിച്ചിട്ടുണ്ട്, രതീഷ് എപ്പോഴും വളരെ സീരിയസ് ആണ്, ആരോടും അധികം അടുത്ത് ഇടപഴകുന്നത് കണ്ടിട്ടില്ല. രണ്ടു വർഷത്തോളമായി അവർ ഞങ്ങളുടെ അടുത്ത് താമസം തുടങ്ങിയിട്ട്. ഒരു വല്ലാത്ത പ്രകൃതം.
എന്തെങ്കിലും ചോദിച്ചാൽ ചുരുങ്ങിയ വാക്കുകളിൽ ഉത്തരം, അത്ര മാത്രം...
പക്ഷെ ലതിക നേരെ തിരിച്ചായിരുന്നു അവൾ എന്റെ ഭാര്യയുടെ അടുത്ത സുഹൃത്താണ്, ലതികയ്ക്ക് എപ്പോഴും ചിരിയും തമാശകളുമാണെന്ന് ഭാര്യ പലപ്പോഴും പറയാറുണ്ട്.
**************************
"എന്തൊരു മനുഷ്യനാ ഇങ്ങേര് , എന്തേ ഇതുവരെ ഒന്ന് കരയാത്തത്, നോക്ക് എത്ര ലാഘവത്തോടെയാണ് പെരുമാറുന്നത് വരുന്നവരെ എല്ലാം ചിരിയോടെ സ്വീകരിക്കുന്നു, ഇതിന് മുമ്പ് ഇയാള് ചിരിക്കണത് ഞാൻ കണ്ടിട്ടേയില്ല "
ഇപ്പോൾ ഈ അടക്കം പറച്ചിൽ രതീഷിനെ കുറിച്ചാണ്. അയാളുടെ സ്ഥാനത്ത് വേറെ ആരായിരുന്നെങ്കിലും ഇപ്പോൾ പൊട്ടിക്കരയേണ്ടതാണ്.
രതീഷ് പന്തലിനു മുമ്പിൽ നിന്ന്, തൊഴുകൈയ്യോടെ വരുന്നവരെ ഓരോരുത്തരെയായി ഉള്ളിലേക്കു സ്വീകരിക്കുന്നു. ഇന്നലെ രാത്രി മുതൽ അയാൾ അവിടെ തന്നെ ഉണ്ട്, വീടിന്റെ ഗേറ്റിന് അരികിൽ.
ഒരു കസേര ഇട്ടിട്ടുണ്ടരികിൽ . ഇടയ്ക്ക് അതിലൊന്നിരിക്കും.
ആരെങ്കിലും മുന്നിലൂടെ പോകുമ്പോൾ എഴുന്നേറ്റ് നിൽക്കും.
മുഖത്ത് പണ്ടൊരിക്കലും കണ്ടിട്ടില്ലാത്ത തെളിഞ്ഞ പുഞ്ചിരി. അയാൾ ശരിക്കും നോർമൽ അല്ലെന്ന് തോന്നുന്നു.
**************************************
"അവിടെ നോക്ക്, വന്നപ്പോൾ മുതൽ കാണുന്നതാ, അദ്ദേഹം ആ പൂജാ മുറിയുടെ മുമ്പിൽ തൊഴുത് പ്രാർത്ഥിക്കുന്നത്, കണ്ണുകൾ ധാരധാരയായി നിറഞ്ഞൊഴുകുന്നത് കണ്ടോ"
ശരിയാണ് മുത്തച്ഛൻ പ്രാർത്ഥനയിൽ ആണ്, ജീവിതത്തിൽ ഇന്ന് വരെ ദൈവങ്ങളുടെ മുമ്പിൽ ശിരസ്സ് കുനിയ്ക്കാത്ത അദ്ദേഹം ഇന്നലെ വൈകിട്ട് മുതൽ ഇതേ ഇരിപ്പാണ്.
ഇത്ര തീവ്രമായി ആരും പ്രാർത്ഥിക്കുന്നത് ഇത് വരെ നേരിൽ താൻ കണ്ടിട്ടില്ല.
*****************************
"ഉറഞ്ഞു പോയ കല്ല് പോലെ ഇരിക്കുന്ന കണ്ടില്ലേ പാവം"
ലതികയെകുറിച്ചാണ്, പ്രസരിപ്പോടെ ഓടി നടന്ന് കൊണ്ടിരുന്ന അവൾ വീടിന്റെ ഒരു മൂലയിൽ വെറും നിലത്ത് എവിടേക്കോ നോക്കി ഇരിപ്പാണ്. ഇന്നലെ മുതൽ ഒരക്ഷരം ഉരിയാടിയിട്ടില്ല.
"ആംബുലൻസ് വന്നു"
കൂടി നിന്നവരിൽ ചിലർ ചെന്ന് ആംബുലൻസിന് ഉള്ളിൽ നിന്നും ഉണ്ണിക്കുട്ടനെ എടുത്തു കൊണ്ട് വന്ന് പന്തലിൽ വെച്ചിരുന്ന ടേബിളിൽ കിടത്തി.
"ഇതെന്താ പറ്റിയെ, കണ്ണ് പാതിയെ അടഞ്ഞിട്ടുള്ളൂലോ, അയ്യോടാ ചിരിച്ചോണ്ടാണല്ലോ കിടപ്പ്. ഹോ എനിക്ക് ഒന്നേ നോക്കാൻ പറ്റിയൊള്ളു, സഹിക്കണില്ല"
ഇപ്പോൾ അവർ അടക്കം പറയുന്നത് മുറ്റത്തെ പന്തലിൽ ഒരു മേശയുടെ പുറത്തു വെള്ള വിരിച്ചു കിടത്തിയിരിക്കുന്ന ഉണ്ണിക്കുട്ടനെ കുറിച്ചാണ്. അവന്റെ കണ്ണുകൾ പാതി തുറന്നാണിരിക്കുന്നത്, ചുണ്ടിൽ ഒരു ചെറു ചിരിയുമുണ്ട്.
പുഴയിൽ അച്ഛന്റെ കൂടെ കുളിക്കാൻ പോയപ്പോൾ അവൻ അത്യന്തം സന്തോഷവാനായിരുന്നു .
അച്ഛൻ ഓരോ തവണ വെള്ളത്തിൽ മുക്കിപൊക്കുമ്പോൾ അവൻ കുടുകുടെ ചിരിച്ചു.
ആ ചിരിയുടെ ശേഷിപ്പാണ് ഇപ്പോഴും ആ ചുണ്ടുകളിൽ.
അവന് വിശ്വാസമായിരുന്നു അവന്റെ അച്ചന്റെ ബലിഷ്ടമായ കരങ്ങളിൽ.
വഴുക്കലുള്ള പാറയിൽ രതീഷ് ഒന്ന് തെന്നി വെള്ളത്തിൽ വീണപ്പോൾ കൈയ്യിൽ നിന്നും അവൻ തെറിച്ചു പോയി, അടിയൊഴുക്കുണ്ടായിരുന്നു. ശരീരം കണ്ടു പിടിക്കാൻ ഒരു രാത്രിയും ഇന്നത്തെ പകലിന്റെ പാതിയും വേണ്ടി വന്നു.
അവന്റെ പാതി തുറന്ന കണ്ണുകളിൽ നോക്കിയപ്പോൾ, അന്നൊരിക്കൽ ഉണ്ണിക്കുട്ടൻ പറഞ്ഞത് ഓർമ്മ വന്നു,
"അതിന് ജീവനുണ്ട് , കണ്ടില്ലേ അതിന്റെ കണ്ണുകൾ തുറന്നിരിക്കുന്നത്, മരിച്ചവരുടെ കണ്ണ് അടഞ്ഞല്ലേ ഇരിക്കൂ".
വെറുതെയെന്നറിഞ്ഞും മനസ്സ് മോഹിച്ചു, ആ കുഞ്ഞുശരീരത്തിൽ ജീവനുണ്ടായിരുന്നെങ്കിലെന്ന്.

By ,
Saji M. Mathews
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo