Slider

പ്രിയപ്പെട്ട ഡാഡിക്ക് ,...

0
പ്രിയപ്പെട്ട ഡാഡിക്ക് ,...
ഡാഡിയുടെ സ്വന്തം അപ്പൂസ് എഴുതുന്നത് . ഡാഡിക്കു അവിടെ സുഖം തന്നെയെന്ന് കരുതുന്നു . മമ്മിയ്ക്കും അച്ഛമ്മയ്ക്കും അച്ഛച്ചനും എല്ലാവര്ക്കും ഇവിടെ സുഖം തന്നെ .ഇന്നലെ ഞായറാഴ്ചയായിരുന്നതുകൊണ്ടു കുറച്ചു നേരം അച്ഛമ്മയോടൊപ്പം ഇരിക്കാൻ പറ്റി. മോന് അപ്പൂപ്പൻതാടിയുടെ കഥകേൾക്കാണോ അതോ അപ്പൂസിന്റെ അച്ഛന്റെ ജീവിതം കേൾക്കണോ എന്ന് ചോദിച്ചു അച്ഛമ്മ. ( അച്ഛമ്മ ഡാഡി എന്ന് ഒരിക്കലും പറയാറില്ല .അച്ഛൻ എന്നാണു എപ്പോളും പറയുക. ഇഷ്ടമില്ലത്രേ )
ഞാൻ പറഞ്ഞു എനിക്കെന്റെ ഡാഡിയുടെ ജീവിതം കേട്ടാൽ മതിയെന്ന് .ഞാൻ രണ്ടാം ക്ലാസ്സുകാരനായത് കൊണ്ടാവണം അച്ഛമ്മ പറഞ്ഞത് മുഴുവൻ ഡാഡിയുടെ കുട്ടിക്കാലത്തെ കുറിച്ചായിരുന്നു .
എന്തുകൊണ്ടാണ് ഡാഡീ എനിക്കാ കുട്ടിക്കാലം തടഞ്ഞു വെക്കപ്പെട്ടത് ? അപ്പൂപ്പൻ താടിയുടെ കഥ പോലെ തോന്നി അച്ഛമ്മ പറഞ്ഞതൊക്കെ. ഒരുപാട് കളിച്ചും കുറച്ചു മാത്രം പഠിച്ചും ജീവിച്ചിരുന്ന ഒരു ബാല്യം !? രാവിലെ കൂട്ടുകാരുമൊത്ത് പുഴയിൽ പോയി കുളിച്ചു വരാറുള്ള ബാല്യം. !? വൈകുന്നേരങ്ങളിൽ മുറ്റത്തിരുന്നു മണ്ണപ്പം ചുട്ടുകളിച്ച ബാല്യം. !? കൂട്ടുകാരുമൊത്ത് ഒരുമിച്ചു പോയിരുന്ന ആ പള്ളിക്കൂടം എവിടെയാണ് ഡാഡി. എന്തെ എന്നെ അവിടെ ചേർത്തു പഠിപ്പിക്കാത്തതു. ?
മമ്മിയുടെ ആധിയും വ്യാധിയും കണ്ടാൽ ഞാൻ ഐ എ എസ്സിന് പഠിക്കുകയാണോ എന്ന് തോന്നിപ്പോകാറുണ്ട് . മമ്മി രാവിലെ എത്ര മണിക്കാണ് ഉണരുന്നത് എന്നെനിക്കറിയില്ല . ഏഴുമണിക്ക് സ്കൂൾ ബസ്‌ വരുന്നതുകൊണ്ട് ആറു മണിക്ക് തന്നെ എന്നെ വിളിച്ചെണീപ്പിക്കും .
പാതിയുറക്കത്തിൽ എന്റെ പല്ലുകൾ തേച്ചു ധൃതിയിൽ കുളിപ്പിക്കുകയും വാവിട്ടു കരയുന്ന എന്റെ വായിലേക്ക് നിർദ്ദാക്ഷിണ്യം വീണ്ടും വീണ്ടും ഭക്ഷണം തിരുകി നിറയ്ക്കുകയും ചെയ്യും എന്റെ മമ്മി .ബ്രേയ്ക്കിന്കഴിക്കാനുള്ള സ്‌നാക്‌സും ഉച്ചക്ക് കഴിക്കാനുള്ള ഫുഡും തിളപ്പിച്ചാറിയ വെള്ളവും കുത്തി നിറച്ച വലിയ പുസ്തകക്കെട്ടു തോളിലേക്ക് പൊക്കി വെച്ച് തരും എന്റെ മമ്മി .
സ്‌കൂളിന്റെ വരാന്തയിലും മുകളിലേക്ക് കയറുന്ന സ്റ്റെയറിലും എത്ര തവണ ഞാൻ വേച്ചു വീണിട്ടുണ്ടെന്നറിയുമോ എന്റെ ഡാഡിയ്ക്ക് ?. പ്രൈവറ്റ് ഹോസ്പിറ്റലിലെ നഴ്സുമാരുടെയും ഡോക്ടർമാരുടെയും മുഖത്തു കാണാറുള്ള അതേ ചിരി തന്നെയാണ് എന്റെ സ്കൂളിലെ പ്രിന്സിപ്പലിന്റെയും മിസ്സുമാരുടെയും മുഖത്തു കാണാറുള്ളത് . എല്ലാം ഒരു കച്ചവടം പോലെ . ഏറ്റവും റെയിഞ്ചു കൂടിയ ടെക്സ്റ്റുകൾ ഞങ്ങളുടേതാണ് എന്ന് പൊങ്ങച്ചം കാണിക്കാൻ മത്സരിക്കുകയാണ് ഓരോ സ്‌കൂളും . അവിടെ ഞങ്ങളുടെ തലച്ചോറിന്റെ പ്രായത്തിനൊന്നും ഒരു സ്ഥാനവും ഇല്ല ഡാഡീ. ഡാഡി അഞ്ചാം ക്ലാസ്സിൽ പഠിച്ചു തുടങ്ങിയ ഹിന്ദി അക്ഷരമാലകൾക്കു പകരം കടിച്ചാൽ പൊട്ടാത്ത വാക്കുകളുടെ അർത്ഥം ഡിക്ഷണറി നോക്കി പഠിപ്പിക്കുകയാണ് മിസ്സുമാരു പോലും.! റൂഥർഫോർഡും ന്യൂട്ടനും കണ്ടെത്തിയ നേട്ടങ്ങൾ തത്തമ്മയെക്കൊണ്ട് പറയിക്കും പോലെ പഠിപ്പിക്കുകയാണ്.
ഗ്യാലക്സിയും മിൽക്കി വെയും ഒക്കെ സിനിമാക്കഥ പോലെ കേട്ട് അന്ധാളിച്ചു പോയിട്ടുണ്ട് ഞാൻ.
എന്റെ സ്‌കൂൾ വെക്കേഷൻ കണക്കാക്കി ലീവിന് വരുന്ന എന്റെ ഡാഡി വീഗാലാന്റിലും ഊട്ടിയിലും കൊടൈക്കനാലിലും ഒക്കെ കൊണ്ടുപോയി സന്തോഷിപ്പിച്ചത് കൊണ്ട് എനിക്കെന്റെ കുട്ടിക്കാലം കിട്ടുമോ ഡാഡീ.? ഇപ്രാവശ്യം ഡാഡീ വെക്കേഷന് വരണ്ട . സ്‌കൂളുള്ളപ്പോൾ വന്നാൽ മതി. അപ്പോളാണ് എനിക്കേറ്റവും സങ്കടങ്ങളുള്ളത് . അപ്പോളാണ് എനിക്ക് ഡാഡിയും മമ്മിയും കൂടെ ഉണ്ടാകണം എന്ന് തോന്നാറുള്ളത് .
അച്ഛമ്മ ഡാഡിയെ വളർത്തിയ പോലെ എന്നെ വളർത്തിയാൽ മതി എന്ന് പറയണം മമ്മിയോട് . രാവിലെ ഏഴു മണിക്ക് പോയി നാലുമണിക്ക് തിരിച്ചു വന്നു വീണ്ടും ഏഴു മണിവരെ ടൂഷന് പോയി .പിന്നെ വന്നു ഹോം വർക്കുകൾ ചെയ്തു വളരുന്ന വെറും ബോൺവിറ്റ പോയി ആയി എനിക്ക് വളരേണ്ട ഡാഡീ . എനിയ്ക്കൊരു സുഖവും ഇല്ലാത്തതു കൊണ്ടാണ് കത്തിന്റെ തുടക്കത്തിൽ എന്റെ സുഖം ഞാൻ പറയാതിരുന്നതും .
എനിക്കെന്റെ കുട്ടിക്കാലം വേണം ഡാഡീ . പത്തുമണിക്ക് തുടങ്ങി മുഷുപ്പിക്കാതെ ആസ്വദിച്ചു പഠിച്ച ഡാഡിയുടെ അതേ കുട്ടിക്കാലം . ഊഞ്ഞാലാടിയും കുട്ടിയും കോലും കളിച്ചും ചോറും കറിയും വെച്ചു കളിച്ചും ഡാഡിയും കൂട്ടുകാരും ജീവിച്ച അതേ കുട്ടിക്കാലം . നഷ്ടപ്പെട്ടത് തിരിച്ചു തരാനല്ല ഞാൻ വാശി പിടിക്കുന്നത് .ആകാശത്തെ അമ്പിളിമാമനെ പിടിച്ചു തരണം എന്ന അതി മോഹവുമല്ല ഞാൻ പറയുന്നത് . എനിക്ക് കഴിഞ്ഞു പോയിട്ടില്ലാത്ത എന്റെ കുട്ടിക്കാലം . ഡാഡി അനുഭവിച്ചു തീർത്ത അതേ കുട്ടിക്കാലം . തരുമോ എനിയ്‌ക്ക്‌.?
എന്ന്,
ഡാഡിയുടെ സ്വന്തം അപ്പൂസ്
...............................................................
നിയാസ് വൈക്കം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo