Slider

എനിക്കും കൂടി വേണ്ടി !!

0
എനിക്കും കൂടി വേണ്ടി !!
എല്ലാവർക്കും ഇഷ്ടപ്പെടാനും അംഗീകരിക്കാനും സാധിച്ചുവെന്ന് വരില്ല ഈ രചന ... ഇതെഴുതാൻ തുനിയുമ്പോൾ ചിലയിടത്തു നിന്നെങ്കിലും ഉയരാൻ സാധ്യതയുള്ള എതിർപ്പുകൾ മുന്നിൽ കണ്ടുകൊണ്ട് തന്നെ എഴുതുകയാണ് ... ഞങ്ങളെ പറ്റി ... ഞങ്ങൾ നഴ്സസിനെ പറ്റി ...!!
എഴുതാൻ വിഷയങ്ങൾ തിരഞ്ഞെടുക്കുമ്പോൾ എന്തുകൊണ്ട് സ്വന്തം ജനത്തെ നീ മറന്നുവെന്ന് മറയില്ലാതെ മുഖത്തുനോക്കി ചോദിച്ച എന്റെ പ്രിയ സൗഹൃദത്തിന് സമർപ്പണം !! ഇത് നിനക്കും കൂടി വേണ്ടി .. !!
സ്വന്തം ജോലിയെപറ്റി മുഴുവനായി എഴുതാൻ തുനിഞ്ഞാൽ ഒരു പത്തു നോവലെങ്കിലും ഞാൻ എഴുതേണ്ടിവരും .. അതുകൊണ്ട് ഒരു ദിവസത്തെ .. ഒരൊറ്റ ദിവസത്തെ കാര്യം മാത്രം ഓർത്തെടുത്ത് എഴുതാൻ ശ്രമിക്കുകയാണ് ... എത്ര കണ്ട് വിജയിക്കുമെന്നറിയില്ല ... വായിക്കുമ്പോൾ മനസിലാവാത്ത കാര്യങ്ങൾ കമന്റ് ബോക്സിൽ എഴുതി ചോദിച്ചാൽ എന്നെകൊണ്ട് ആവും പോലെ പരഞ്ഞുതരുമെന്ന് അറിയിക്കുന്നു ...
"നിങ്ങൾക്കെന്താണ് അവിടെയിത്ര തിരക്ക്??" എന്ന് ചോദിക്കുന്നവർക്കു വേണ്ടി കൂടി ....!!
കഴിഞ്ഞ പതിനഞ്ചു വർഷമായി എമെർജൻസി വിഭാഗത്തിൽ ജോലിചെയ്യുന്നത്കൊണ്ടാവും എനിക്ക് ഇൻ പേഷ്യന്റ് വാർഡുകളെ പറ്റിയോ ഐ സി യു വിനെ പറ്റിയോ വലിയ പരിഞ്ജാനമില്ല.. എന്റെ മേഖല ക്രിട്ടിക്കൽ എമർജൻസി കെയർ ആണ് ... അതുകൊണ്ട് അതിനെ പറ്റി മാത്രമേ ആധികാരികമായി പറയാൻ എനിക്കാവൂ
എമർജൻസി അഥവാ അത്യാഹിത വിഭാഗം പൊതുവെ മൂന്നു ഘട്ടങ്ങൾ ചേർന്നതാണ് ..
അതിൽ ആദ്യത്തേത് എമര്ജൻസിക്ക് വെളിയിലുള്ള 'ട്രയാജ് ' എന്നുവിളിക്കുന്ന, രോഗികളെ അവരുടെ രോഗാവസ്ഥ അനുസരിച്ച് വേഗത്തിൽ പരിഗണിക്കേണ്ടവയും അല്പം സമയമെടുത്ത് പരിഗണിക്കാവുന്നവയും അടുത്തുള്ള ഹെൽത് സെന്ററുകളിലേക്ക് പറഞ്ഞു വിടുക അഥവാ ഞങ്ങളുടെ ഭാഷയിൽ 'ഡിഫർ' ചെയ്യാവുന്നവയുമായി തരം തിരിക്കുന്ന വിഭാഗം .. ഒരു എമർജൻസി ഡിപ്പാർട്മെന്റിന്റെ തലച്ചോർ എന്നുവേണമെങ്കിൽ ട്രയാജിനെ വിളിക്കാം.. ട്രയജിൽ എത്രകണ്ട് നിയന്ത്രണമുണ്ടോ അതിനനുസരിച്ചായിരിക്കും എമർജൻസി വിഭാഗത്തിന്റെ അവസ്ഥ ... ഒരു രോഗിയെ കാറ്റഗരയിസ്‌ ചെയ്യുന്നതിൽ നഴ്സിന് വരുന്ന പാളിച്ച ആ രോഗിയുടെ ജീവനുതന്നെ അപകടമുണ്ടാക്കും.. ഉദാഹരണത്തിന് ഒരാൾ വയറുവേദന എന്നു പറഞ്ഞ് ട്രയാജിൽ എത്തി എന്നുകരുതുക ... ട്രയാജ് ചെയ്യുന്ന നഴ്സിനോട് അയാൾ വയറിന് മുകൽഭാഗത്ത്‌ വേദനിക്കുന്നു എന്ന് പറയുന്നു .. അതായത് 'എപ്പി ഗാസ്‌ട്രിക്‌ പെയിൻ'.. അയാളുടെ പൾസും ബിപിയും ഒക്കെ വളരെ നോർമൽ .. ഇതു സാധാരണ അസിഡിറ്റി മാത്രം എന്നു കരുതി അയാളെ ആ നേഴ്സ് ഡിഫർ ചെയ്യുന്നു ..
ഒരു മണിക്കൂറിനുള്ളിൽ അയാളെ ബോധരഹിതനായി വഴിയിൽ കിടക്കുന്നതു കണ്ട് ആരോ ഹോസ്പിറ്റലിൽ എത്തിക്കുന്നു ... !അയാൾക്ക് ഹൃദായാഘാതം ഉണ്ടായി എന്ന് കണ്ടുപിടിക്കപ്പെടുന്നു ...!!
ഇവിടെ സംഭവിച്ചത് ട്രയാജ് ചെയ്ത നഴ്സിന്റെ വലിയിരു പിഴവാണ് .. അതായത് എപ്പി ഗാസ്‌ട്രിക്‌ പെയിനും ഹൃദയാഘാതത്തിന്റെ ഒരു ലക്ഷണമാണെന്നുള്ള അറിവ് ആ നേഴ്സിന് ഉണ്ടാകണമായിരുന്നു ... ഇത് ഒരു ചെറിയ ഉദാഹരണം ... ഇതുപോലെ ആയിരം ഉദാഹരണങ്ങൾ ചൂണ്ടികാണിക്കാനാകും ... ഇതിൽ നിന്നും ഒരു ട്രയാജ് നഴ്സിന്റെ ജോലിയിൽ അടങ്ങിയിരിക്കുന്ന റിസ്ക് എത്രകണ്ടുണ്ടെന്ന് ഊഹിക്കാമല്ലോ .. ഒന്ന് കൂടി പറയട്ടെ .. ട്രയാജിൽ നഴ്സസ് മാത്രമേ ഉണ്ടാകൂ.. ഡോക്ടർ ഉണ്ടാകില്ല !
വരുന്ന എല്ലാ രോഗികളെയും അങ്ങ് ചികിത്സിച്ചാൽ പോരെ ?? എന്നൊരു ചൊദ്യമുണ്ടായെക്കാം... അങ്ങനെ എല്ലാത്തരം രോഗികളെയു എമർജൻസിയിൽ ചികിത്സിച്ചാൽ യാഥാർത്ഥത്തിൽ എമർജൻസികെയർ വേണ്ട രോഗിക്ക് ആവിശ്യത്തിന് പരിഗണന കൊടുക്കാൻ ഹോസ്പിറ്റലുകളിൽ കിടക്കയും ഉണ്ടാകില്ല മെഡിക്കൽ സ്റ്റാഫും ഉണ്ടാകില്ല എന്നതാണ് കാരണം ... അതായത് urgency is not always an emergency..!
ഇനി എമർജൻസിയിലെ രണ്ടാമത്തെ വിഭാഗം .. റെസസിറ്റേഷൻ ഏരിയ... എമർജൻസിയുടെ ഹൃദയം ...!! ഒരു രോഗി എമർജൻസിയുടെ വാതിലിൽ വരുന്ന സമയവും ആ രോഗിയെ ഡോക്ടർ കാണണ്ട സമയവും തമ്മിൽ ഒരുമിനിട്ടു പോലും വിടവുണ്ടാകാൻ പാടില്ലാത്ത തരം രോഗികളാണ് ഇവിടെ എത്തുക ... ട്രയാജ് നഴ്സ് രോഗിയെ റെസസിറ്റഷൻ ഏരിയായിൽ എത്തിച്ചാൽ പിന്നെ എല്ലാം ശരവേഗത്തിൽ ആയിരിക്കണം .. ജോലിയിൽ വളരെ വൈദഗ്ധ്യം ഉള്ളവർക്ക്‌ മാത്രം ചെയ്യാൻ പറ്റുന്ന ജോലി ... ചെയ്യെണ്ടകാര്യങ്ങൽ മിനിറ്റുകൾക്കുള്ളിൽ രണ്ടാമതൊന്ന് ആലോചിക്കാതെ ചെയ്യാൻ സാധിക്കണം ... കാരണം വെറും മൂന്നു മിനിറ്റ് ജീവവായു കിട്ടാതായാൽ മനുഷ്യന്റ തലച്ചോർ പിന്നീടൊരിക്കലും തിരിച്ചുകൊണ്ടുവരാൻ ആവാത്തവണ്ണം നിര്ജീവമാകും !!
ഇനി മൂന്നാമത്തെ വിഭാഗം.. അർജന്റ് ഏരിയ ... ഈ വിഭാഗത്തിൽ പെടുന്ന രോഗികൾ ഇരുപതു മുതൽ മുപ്പതു മിനുട്ടു വരെ ഡോക്ടറെ കാണാൻ കാത്തിരിക്കാം . കാരണം അവരുടെ അസുഖം പരിഗണിക്കേണ്ടതാണെങ്കിലും ആ അസുഖം കൊണ്ട് ഉടനെ അയാളുടെ ജീവന് അപകടമുണ്ടാവാൻ സാധ്യതയുണ്ടാവില്ല ... സാധാരണ എമർജൻസിയിൽ വരുന്ന ജൂനിയർ നഴ്സസിനെയും ഡോക്‌ടേഴ്‌സിനെയും ഇവിടെ പോസ്റ്റിങ്ങ് ഇട്ടാണ് ട്രെയിൻ ചെയ്യിക്കാറുള്ളത്..!
ഇപ്പോൾ അത്യാഹിത വിഭാഗത്തെ പറ്റി ഒരു ഏകദേശ ധാരണ കിട്ടികാണുമല്ലോ ??
ഇനി ഒരു ദിവസത്തെ ഡ്യൂട്ടിയിൽ സംഭവിച്ചതിനെ കുറിച്ച് ഒന്ന് പറയാൻ ശ്രമിക്കുകയാണ് ..
സാധാരണ ഒരു ദിനം ... രാവിലെ ഏഴുമണിക്ക് ഡ്യൂട്ടിക്ക് ചെന്നു .. പതിവുള്ള മീറ്റിങ് കഴിഞ്ഞ് സ്ഥിരം തട്ടകമായ ട്രയാജിലേക്ക് ... പോകുന്ന വഴിക്ക് നഴ്സസ് സ്റേഷനിലിരുന്ന് ആരോ പറഞ്ഞു
" ചെല്ല് ചെല്ല്... ചേച്ചീടെ കാര്യം പോക്കാ"..
അതിൽനിന്നും നമ്മുടെ പോർക്കളത്തിന്റ് ഏകദേശ ധാരണ കിട്ടി ... നഴ്സസ് സ്റ്റേഷനിലെ കമ്പ്യൂട്ടറിലോട്ട് ഒന്ന് പാളി നോക്കി ... ഫുൾ !! ഒരൊറ്റ റെഗുലർ ബെഡ് ഒഴിവില്ല ..!! റെസസിറ്റേഷനിൽ മാത്രം രണ്ടു ബെഡ് ഒഴിവുണ്ട് .. ഇന്ന് വരുന്നവന്റേം പോകുന്നവന്റേം ഒക്കെ വായിലിരിക്കുന്നത് കേൾക്കണം .. ഒരു ഹെൽമെറ്റ് കിട്ടിയിരുന്നെങ്കിൽ ... ആള്ക്കാര് കൈവെച്ചാലും തല രക്ഷപെടുമല്ലോ!!
ട്രയാജ് ഇൻചാർജിന്റെ കസേരയിൽ ആളെ കാണാനില്ല ... നോക്കുമ്പോൾ വെളിയിൽ ഒരു ബഹളം ...കാറിൽ നിന്നും ഒരാളെ പുറത്തിറക്കാനുള്ള തത്രപ്പാടാണ് .. രണ്ടു മെഡിക്കൽ ഓർഡർലിമാരും എമർജൻസി ആംബുലൻസ് സ്റ്റാഫും ട്രയാജ് ഇൻചാർജ്ജും ചേർന്ന് കഷ്ടപ്പെട്ട് അയാളെ സ്ട്രെക്ച്ചറിൽ എടുത്തു കിടത്തി ... കഴുത്തിന് വശത്തുള്ള ഭാഗത്ത് പൾസ് നോക്കി ... ഇല്ല !! പിന്നെ ഒരു പാച്ചിലായിരുന്നു റെസസിറ്റേഷനിലേക്ക് .. അവിടെ എത്തി രോഗിയെ അവരെ ഏൽപ്പിച്ചു തിരികെ വരുമ്പോഴേക്കും ഹാന്റ് ഓവർ തരാൻ നൈറ്റ് ഇൻചാർജ് റെഡി ..
ഏതാണ്ട് പത്തോളം രോഗികൾ ട്രയാജ് കഴിഞ്ഞ് എമർജൻസിക്ക് അകത്ത് പോകാൻ ബെഡിനു വേണ്ടി കാത്തിരിപ്പുണ്ട് .. അത്ര തന്നെ രോഗികൾ ട്രയാജ് ചെയ്യാൻ വേണ്ടി കാത്തിരിക്കുന്നു ... ഹാന്റ് ഓവർ പറയാൻ തുടങ്ങിയപ്പോഴേക്കും ഒരാൾ വെയിറ്റിങ് ഏരിയായിൽ നിന്നും ദേഷ്യപ്പെട്ട് പാഞ്ഞുവന്നു ..
"എന്റെ മോൻ കഴിഞ്ഞ അരമണിക്കൂറായി ഇവിടെ ഇരിക്കുന്നു .. സിസ്റ്റർ പറഞ്ഞു അപ്പെന്ഡിസയിറ്റിസ് ആയിരിക്കുമെന്ന് ... നിങ്ങൾ ഇപ്പോൾ വന്ന ആ രോഗിയെ എന്തിനാണ് ആദ്യം അകത്തു കയറ്റിയത് ?? ഞാൻ പലപ്പോഴും ശ്രദ്ധിച്ചീട്ടുണ്ട് ... കിടന്നു വരുന്നവരെ മാത്രമേ നിങ്ങൾ അകത്തു വിടൂ .. നിങ്ങൾക്കത്ര നിര്ബന്ധമാണെങ്കിൽ എന്റെ മോനോടും ഞാൻ സ്‌ട്രെക്ചറിൽ കിടക്കാൻ പറയാം "
അയാൾ വളരെ ക്രിട്ടിക്കൽ ആണെന്നും പെട്ടെന്ന് എന്തെങ്കിലും ചെയ്തില്ലെങ്കിൽ മരിച്ചു പോയേക്കാം എന്നുമൊക്ക പറഞ്ഞു മനസിലാക്കാൻ ഞങ്ങൾ ശ്രമിച്ചു ... എവിടെ ?? അയാൾ അതൊന്നും കേൾക്കാൻ ഭാവമില്ലായിരുന്നു .. ഞാൻ തിരിഞ്ഞ് കുന്തം വിഴുങ്ങിയ പോലെ നിന്നിരുന്ന സെക്യൂരിറ്റിയെ ഒന്ന് രൂക്ഷമായി നോക്കി .. ഏതായാലും ഭാഗ്യത്തിന് അവന് സംഭവം മനസ്സിലായി .. അവൻ അയാളോട് സംസാരിച്ച് തൽക്കാലം സംഭവം ഒന്ന് സൈഡാക്കി..
ഒരുതരത്തിൽ ഹാന്റ് ഓവർ പൂർത്തിയാക്കി നൈറ്റ് ഇൻചാർജ് പോയി .. ഞാൻ സകല ദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ച് എന്റെ ഐഡിയും പാസ്സ്‌വേർഡും ഇട്ട് കംമ്പ്യൂട്ടർ ഓപ്പൺ ചെയ്തു ..
ഒരാൾ വന്ന് എന്റ അടുത്തുള്ള കസേരയിൽ ഇരുന്നു .. കാര്യം തിരക്കിയപ്പോൾ ജലദോഷമാണത്രെ ... ഇവിടെയല്ലാ ജലദോഷം ചികിത്സിക്കേണ്ടതെന്നും ഹെൽത് സെന്ററുകൾ തുറന്നീട്ടുണ്ട് അവിടെ പോയാൽ മതിയെന്നും പറഞ്ഞപ്പോൾ അയാൾ ' നിന്നെ ഇപ്പം കാണിച്ചു തരാം' എന്നും പറഞ്ഞ് അഡ്‌മിനിഡ്ട്രേറ്ററിന്റെ അടുത്തോട്ടു പോയി .. അയാൾ പൊയ വഴിക്ക് പോയതല്ലാതെ ഒന്നും സംഭവിച്ചില്ല .. അഡ്മിനിസ്ട്രേറ്റർ ഓടിച്ചീട്ടുണ്ടാവും..!
പിന്നീട് വന്ന മൂന്നുനാലു രോഗികൾ എമർജൻസിയിൽ കാണേണ്ടവർ തന്നെയായിരുന്നു .. വരുന്നവരോടെല്ലാം കാത്തിരിക്കേണ്ടി വരും .. ബെഡ് ഒഴിവില്ല എന്ന് ഓർമിപ്പിച്ചു .. മിക്കവരും അവസ്ഥ മനസിലാക്കി കാത്തിരിക്കാൻ തയ്യാറായി .. പക്ഷെ ചിലർ വഴക്കിടാൻ ആരംഭിച്ചു ..
ബെഡ് ഇല്ലെങ്കിൽ പിന്നെ എന്തിനിങ്ങനെ ഒരു ഹോസ്പിറ്റൽ തുറന്നു വെക്കണം എന്നായിരുന്നു ഒരാളുടെ ചോദ്യം .. ഇനിയും മിണ്ടാതിരുന്നാൾ കാര്യങ്ങൾ എന്റെ കൈവിട്ടു പോകും .. ഒരാൾ ഒച്ച വെക്കാൻ തുടങ്ങിയാൽ കാത്തിരിക്കുന്ന രോഗികളും കൂടെ ചേർന്ന് ബഹളമുണ്ടാക്കാനുള്ള സാധ്യതയുണ്ട് .. പിന്നെ ആകപ്പാടെ അടിതല്ല് ബഹളമാകും .. ഞാൻ അല്പം ശബ്ദമുയർത്തി ..
" നിങ്ങൾ വരുമ്പോൾ കാത്തിരിക്കെണ്ട സമയം പറഞ്ഞു തരേണ്ടത് എന്റെ ജോലിയുടെ ഭാഗമാണ്.. കാത്തിരിക്കണോ വേണ്ടയോ എന്നുള്ളത് നിങ്ങളുടെ ഇഷ്ടം .. ഇവിടെ ഉള്ള ബെഡിൽ മാത്രമേ എനിക്ക് രോഗികളെ എടുക്കാനാകൂ .. ഹോസ്പിറ്റലിനെ പറ്റി എന്തെങ്കിലും പരാതിയുണ്ടെങ്കിൽ താങ്കൾക്കത് അഡ്മിനിസ്ട്രേഷനെ അറിയിക്കാവുന്നതാണ് .. ഇവിടെ ശബ്ദമുയർത്തി സംസാരിക്കാൻ പാടില്ല.. "
ഡ്യൂട്ടിയിലുള്ള നഴ്സിന്റെയോ ഡോക്ടറിന്റെയോ നേർക്കു ശാരീരികമായോ ശബ്ദമുയർത്തിയോ ആക്രമിച്ചാൽ പൊലീസ് കേസ് ചാർജ്ജ്‌ ചെയ്യും എന്ന ഹോസ്പിറ്റലിന്റെ മുന്നറിയിപ്പ് പോസ്റ്ററിലേക്ക് ഞാൻ വിരൽ ചൂണ്ടി.. അയാൾ കയ്യിലിരുന്ന എന്തോ പേപ്പർ എന്റെ നേർക്കെറിഞ്ഞീട്ട് ഇറങ്ങി പോയി.. അയാൾ അവസാനം സ്വന്തം ഭാഷയിൽ പറഞ്ഞ ചില കാര്യങ്ങൾ എനിക്കു നേരെയുള്ള പരിഹാസമായിരുന്നെന്ന് ചുറ്റും നിന്നിരുന്നവരുടെ മുഖങ്ങൾ എനിക്കു കാണിച്ചു തന്നു !!
അകത്തു നിന്നും ഫോൺ .. ചാർജ് ഡോക്ടർ ആണ് .. ഇനി വരുന്നവയിൽ റെസസിറ്റേഷൻ ഏരിയയിലേക്കുള്ള രോഗികളെ മാത്രമേ എടുക്കാവൂ.. അടുത്ത സമയത്തൊന്നും ബെഡുകൾ ഒഴിയില്ല.. try to control in triage!! തീർന്നു ..!! എനിക്ക് അടി ഉറപ്പായി ...!!
പിന്നെയവിടെ നടന്നത് സത്യത്തിൽ യുദ്ധം തന്നെ ആയിരുന്നു .. ഞാനും എന്റെ കൂടെയുള്ള ട്രയാജ് നഴ്സസും കേട്ടതൊക്കെ മുഴുവൻ എഴുതിയാൽ നമ്മുടെ ഗുട്ടൻ ബർഗിന്റെ ഡിക്ഷ്ണറിയോളം വരും .. അഡ്മിനിസ്ട്രേറ്ററിന്റെ അടുത്തോട്ട് പരാതിയുമായി ജനപ്രവാഹം .. അവസാനം അഡ്മിന് സഹികെട്ടു .. അയാൾ ഒരു കസേര കൊണ്ടുവന്ന് എന്റെയടുത്ത് തന്നെ ഇരുപ്പുറപ്പിച്ചു.!!
വടിയും കുത്തി വന്ന ഒരമ്മൂമ്മയുടെ വടിപ്രയോഗത്തിൽ നിന്നും ഞാൻ കഷ്‌ടിച്ചു രക്ഷപ്പെട്ടു !!
എനിക്ക് ഡിഗ്രി തന്ന യൂണിവേഴ്സിറ്റിയെ വരെ ചിലർ പ്രാകി !
ചിലർ ഹെൽത് സെന്ററുകളിൽ നിന്നും മറ്റും കൊണ്ടുവന്ന ചില റെഫറൽ പേപ്പറുകൾ പല കക്ഷണങ്ങളായി വലിച്ചു കീറി ഞങ്ങളോടുള്ള ദേഷ്യം പ്രകടിപ്പിച്ചു !
ഞങ്ങൾ എന്തും സഹിക്കാൻ തയ്യാറായിരുന്നത് കൊണ്ട് ഉടൻ അക്ഷോഭ്യരായി ഹൗസ്‌ കീപ്പിംഗ് സ്റ്റാഫിനെ വിളിച്ച് അതൊക്കെ ക്‌ളീൻ ചെയ്യിച്ച് അടുത്തവർക്ക് പ്രതികരിക്കാൻ അവസരമൊരുക്കി !!
ചുരുക്കം ചിലർ എന്റെ ദയനീയാവസ്ഥ കണ്ട് സഹതപിച്ചു പോയി !
അതിനിടയിൽ രണ്ടുമൂന്നു റെസസിറ്റെഷൻ രോഗികളെ ഞങ്ങൾ അകത്തു കയറ്റിയത് വെളിയിൽ നിന്നവരെ വീണ്ടും വീണ്ടും ചൊടിപ്പിച്ചു .. അവരുടെ ആക്ഷേപങ്ങളിൽ ഞങ്ങൾ ക്ഷോഭം നിയന്ത്രിക്കാൻ പാടുപെട്ടു ..!!
പലതും സഭ്യതയുടെ അതിർവരമ്പ് കടന്നവയായിരുന്നു ..
രണ്ടുമണിക് അടുത്ത ഷിഫ്റ്റ് സ്റ്റാഫ്‌ വന്നു നിൽക്കുമ്പോഴാണ് ഞങ്ങൾക്കു സമയത്തെ കുറിച്ചുള്ള ബോധം തന്നെ ഉണ്ടായത് .. അമ്മ വെളുപ്പിനെ എഴുന്നേറ്റ് കഷ്ടപ്പെട്ട്‌ ഉണ്ടാക്കി തന്ന ചപ്പാത്തി കോഫീ റൂമിലെ ഫ്രിഡ്ജിൽ ഭദ്രമായുണ്ടായിരുന്നു .. ഡ്യുട്ടിക്ക് വന്നപ്പോൾ കൊണ്ടുവന്നു മേശപുറത്ത് വെച്ച എന്റെ വെള്ളക്കുപ്പി മൂടി പോലും തുറക്കാതെ അവിടെ തന്നെ ഇരിപ്പുണ്ട് ... കേള്ക്കാനുള്ളതൊക്കെ കേട്ട് എന്റെ വയറും മനസും നിറഞ്ഞല്ലോ .. പിന്നെന്താ??!!!
ഈ എഴുതിയതിൽ അല്പം പോലും അസത്യമില്ല.. വരുന്ന രോഗികളെല്ലാം വഴക്കിടുന്നവരും അല്ല.. പക്ഷെ കാര്യം മനസിലാക്കാതെ നിങ്ങൾ നഴ്സിന് നേരെ തൊടുത്തു വിടുന്ന ഓരോ വാക്കും അവരുടെ മനസുകളിൽ വലിയ മുറിവാനുണ്ടാക്കുന്നത് .. ഒന്നു മാത്രം മനസിലാക്കുക .. ഭൂരിഭാഗം മെഡിക്കൽ സ്റ്റാഫും രോഗികളുടെ പക്ഷത്തു തന്നെയാണ് .. എല്ലാവരെയും സഹായിക്കണമെന്നും ഉണ്ട് .. പക്ഷെ പലപ്പോഴും സാഹചര്യം അതിനു സമ്മതിക്കില്ല .. ഞങ്ങൾ മിക്കവരും തന്നെ ഇഷ്ടപ്പെട്ട് തന്നെ തിരഞ്ഞെടുത്ത ജോലിയാണിത് .. അതിന് നിങ്ങളിൽ പലരും പറയും പോലെ പണവും ജോലിസാധ്യതയും മാത്രമല്ല കാരണം .. ഈ ജോലിയോടുള്ള വല്ലാത്തോരിഷ്ടം കൂടിയുണ്ട് ..!! അതുകൊണ്ട് ഞങ്ങളെയും നിങ്ങളിൽ ഒരാളായി കാണാൻ ശ്രമിക്കൂ !!
ഒരിക്കൽ കൂടി ഓർമ്മിപ്പിക്കട്ടെ... urgency is not always an emergency!!!!
വന്ദന 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo