Slider

ചിത്രഗുപ്തന്റെ കണക്ക് പുസ്തകം

0
ചിത്രഗുപ്തന്റെ കണക്ക് പുസ്തകം
മഞ്ഞ് പെയ്യുന്ന ഒരു രാത്രിയിലായിരുന്നു, ചോരയിൽ കുളിച്ച് കിടക്കുന്ന അയാളെ കൈയ്യാമം വെച്ച് അവർ കൊണ്ടു പോയത്. കാടും, മലയും കടന്ന് നീലമേഘങ്ങൾ പടർന്നു കിടക്കുന്ന, ആകാശത്തിലെ അനാദിയായ ! വഴിയിലൂടെ ആയിരുന്നു പിന്നത്തെ യാത്ര.നിലാവിന്റെ വെട്ടത്തിൽ താഴേക്കു നോക്കിയ അയാൾ അത്ഭുതപ്പെട്ടുപ്പോയി ഇത്രയും മനോഹരമായിരുന്നോ ഈ ഭൂമി.കണ്ണുണ്ടായിട്ടും മിഴികൾ പൂട്ടി ഇരുട്ടാക്കി ജീവിച്ച തനിക്ക്, ഇനി ഒരിക്കൽ കൂടി മടങ്ങി വരാൻ സാധിക്കുമോ? അയാൾക്ക് അറിയില്ലായിരുന്നു......
നടത്തത്തിനിടയിൽ ആരും പരസ്പരം ഒന്നും മിണ്ടിയില്ല. പക്ഷേ,അയാൾക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.
" എന്നെ എങ്ങോട്ടാണ് കൊണ്ടു പോകുന്നത്?"
കൂട്ടത്തിൽ ഒരാൾ പറഞ്ഞു ..
"പാതകം ചെയ്തവരെ എങ്ങോട്ടാ കൊണ്ടുപോകുക, അവിടേക്കു തന്നെ. "
ദുഖം കൺപോളകളിൽ മിഴിനീരായി രൂപാന്തരപ്പെട്ടു, അവ അതിർവരമ്പുകൾ ഭേദിച്ച് പുറത്തേയ്ക്കൊഴുകി. അയാളുടെ കരച്ചിൽ കേട്ട് ആ കുറുകിയ മനുഷ്യൻ പറഞ്ഞു...
"പണമുള്ള ഭാഗത്തേയ്ക്ക് തുലാസ് ചരിഞ്ഞതുകൊണ്ടാവാം, അല്ലെങ്കിൽ നീതിയുടെ കണ്ണ് കെട്ടിയതുകൊണ്ടാവണം, ഭൂമിയിലെ നിയമത്തിൽ നിന്ന് നിങ്ങൾ രക്ഷപ്പെട്ടത്. പക്ഷേ ഞങ്ങളുടെ നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ നിങ്ങൾക്കൊരിക്കലുമാവില്ല."
അതു കൂടി കേട്ടപ്പോൾ രക്ഷപ്പെടാമെന്നുള്ള അവസാനത്തെ ആഗ്രഹവും,വിധിക്കു മുമ്പിൽ കെട്ടടങ്ങി . ആ കുറുകിയ മനുഷ്യനോടായി അയാൾ ചോദിച്ചു.
" നിങ്ങളുടെ പേര് എന്താണ് ?"
"ചിത്രഗുപ്തൻ "
പ്രാചീനകാലം മുതൽക്ക് തന്നെ മനുഷ്യരിൽ ഭീതിയുളവാക്കിയ നാമം. ഏതൊക്കെയോ മുത്തശ്ശികഥകളിൽ അയാളും കേട്ടുരുന്നു ചിത്രഗുപ്തനെ കുറിച്ച്. നരകത്തിന്റെ തടവറക്കുള്ളിൽ ന്യായാധിപൻ ശിക്ഷ വിധിക്കുന്നത് ചിത്രഗുപ്തന്റെ കണക്ക് പുസ്തകത്തിന്റെ അടിസ്ഥാനത്തിലാണ്. അയാൾ എന്തൊക്കെയോ ഓർത്തു. നടത്തത്തിന് വേഗത കൂട്ടി. അവരെയും കടന്നു മുന്നോട്ടു പോയി. പെട്ടെന്ന് പിൻതിരിഞ്ഞു, ചിത്രഗുപ്തന്റെ കൈകളിലേയ്ക്ക് നോക്കി...
"നിങ്ങൾ എന്താണ് നോക്കുന്നത്?"
ചിത്രഗുപ്തൻ ചോദിച്ചു.
അയാൾ അതിനു മറുപിടി പറയാൻ നിന്നില്ല,വേഗത കുറച്ച് അവർക്ക് പിന്നിലായി നടന്നു..
നിദ്രവിഹീനങ്ങളായ ഒരു രാത്രിയും പകലും കഴിഞ്ഞ് സൂര്യന്റെ അസ്തമയ നേരത്തായിരുന്നു അവരുടെ യാത്രക്ക് അന്ത്യമുണ്ടായത്. വലിയൊരു കൊട്ടാരത്തിലേയ്ക്ക് അവരോടെപ്പം അയാളും ആനയിക്കപ്പെട്ടു. കൂടെ നിൽക്കുന്നവരോട് ചിത്രഗുപ്തൻ കല്പിച്ചു.
" ഇയാളെ തുറങ്കിലടയ്ക്കു. "
രാത്രിയുടെ നിശബ്ദതയിൽ കുറുനരികളുടെ ഓരിയിടൽ കേട്ടു. കോരിച്ചൊരിയാൻ പോകുന്ന മഴയുടെ ആരവങ്ങൾ കേട്ടു. ഇരുട്ടു നിറഞ്ഞ ആ ഏകാന്തതയുടെ തടവറക്കുള്ളിൽ ഉറക്കം വരുവാനായി അയാൾ കാത്തു കിടന്നു......
രാവിലെ തന്നെ ന്യായാധിപതിയുടെ മുന്നിലേയ്ക്ക് അയാളെ ഹാജരാക്കി. ന്യായാധിപൻ സൂക്ഷിച്ചു നോക്കിയ ശേഷം ഉറക്കെ വിളിച്ചു ...
" ചിത്രഗുപ്താ "
കണക്കു പുസ്തകം കൈയിൽ
പിടിച്ചു ചിത്രഗുപ്തൻ കടന്നു വന്നു. സിരകളിൽ കൂടീ ഒരു വിറയൽ പാഞ്ഞുപ്പോയി. ഒരിക്കലും കരകയറാനാവാത്ത ഗർത്തത്തിലേയ്ക്ക് താൻ വിഴാൻ പോകുകയാണെന്ന് അയാൾക്ക്‌ തോന്നി.
"ചിത്രഗുപ്താ ഇയാൾ ചെയ്ത പാതകം എന്താണ്?"
ന്യായാധിപൻ ചോദിച്ചതു കേട്ട് ചിത്രഗുപ്തൻ കണക്ക് പുസ്തകം മറിച്ചു തുടങ്ങി.......
ഭൂമിയിലെ രതിദേവതകളായിരുന്നു. ഷക്കീലയും ,രേഷ്മയും; അവരെ കണ്ടു കൊണ്ടായിരുന്നു അയാളിൽ കാമത്തിന്റെ ലഹരിയുണർന്നത്. ആ കാമാഗ്നിക്കു ഇരയായത് ഒരു പാവാടക്കാരി പെൺകുട്ടി. ശരീരത്തിലെ വിയർപ്പു കണങ്ങൾ തുടച്ചു കൊണ്ട് അയാൾ എഴുന്നേൽക്കുമ്പോൾ അവൾ എന്തൊക്കയോ പുലമ്പുന്നുണ്ടായിരുന്നു.കാമം തെല്ല് അടങ്ങി കഴിഞ്ഞപ്പോഴായിരുന്നു ആത്മാഭിമാനത്തെ കുറിച്ചുള്ള ചിന്തകളുണർന്നത്.വരാൻ പോകുന്ന വിപത്തുക്കളെ കുറിച്ചു ഓർത്തപ്പോൾ ആ പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. നീതി കാക്കാൻ വിധിക്കപ്പെട്ടവർ പണത്തിന്റെ സ്വാധീനത്തിനു വഴങ്ങി അയാളെ വിട്ടയച്ചു.പക്ഷേ! ആ പെൺകുട്ടിയെ ഇഷട്ടപ്പെടുന്നവർ ചിലർ ആയുധമെടുത്തു.ചോരയിൽ കുളിച്ചു കിടക്കുന്ന ഇയാളെ ഇങ്ങോട്ടു കൂട്ടികൊണ്ടു വരുകയാണ് ചെയ്തത് കൊടും പാതകത്തിന്റെ കഥ കേട്ടിരുന്ന ന്യായാധിപൻ കൽപിച്ചു..
" ഇയാളെ നരകത്തിന്റെ തടവറക്കുള്ളിൽ തള്ളിയിടുക. "
ന്യായാധിപന്റെ ആജ്ഞ കേട്ട് അനുയായികൾ അയാളെ നരക കുഴിയിലേയ്ക്ക് വലിച്ചെറിഞ്ഞു...
വീഴ്ച്ചയുടെ ആഘാതത്തിൽ നിന്ന് മോചനം ലഭിക്കുന്നതിന് മുമ്പ് തന്നെ ആരുടെയൊക്കെയോ ചവിട്ടേറ്റ് ശരീരത്തിൽ നിന്നും ചോര പൊടിഞ്ഞു. ആരോ ആ കാലുക്കൾക്കിടയിൽ നിന്നും അയാളെ മോചിപ്പിച്ചു. തല ഉയർത്തി ആ മുഖത്തേയ്ക്കു നോക്കി.എവിടെയോ കണ്ടു മറന്ന മുഖം. ഓർമ്മകളിൽ പരതിനോക്കി ഇല്ല! ഓർക്കുന്നില്ല.....
" നിങ്ങൾ എന്നെ ഓർക്കുന്നുവോ? "
ആ പെൺകുട്ടിയുടെ ചോദ്യം കേട്ട് ഇരുട്ടിൽ നിന്ന് അരണ്ടവെളിച്ചത്തിലേയ്ക്ക് അവളെ മാറ്റി നിർത്തി. ആ മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി. ഈശ്വരാ! അയാൾ നിലവിളിച്ചു. ആ ശബ്ദം ചുമരുകളിൽ തട്ടി വീണ്ടും വീണ്ടും പ്രതിധ്വനിച്ചു ....
ആ പെൺകുട്ടി ഇരുട്ടിലേയ്ക്ക് നടന്നു മറഞ്ഞപ്പോഴായിരുന്നു, ശ്വാസം നേരെ വീണത്.ദൈവമേ! എന്തൊരു പരീക്ഷണമായിരുന്നു. എങ്ങനെ കഴിഞ്ഞു അവൾക്ക് തന്നോട് ക്ഷമിക്കാൻ താൻ കൊലപ്പെടുത്താൻ ശ്രമിക്കുമ്പോൾ അവളുടെ മനോനില എന്തായിരിക്കും? അവളെ കുറിച്ചോർത്തപ്പോൾ അയാൾ വല്ലാതെ അസ്വസ്ഥനായി....
ആ കറുത്ത രാത്രി സൂര്യന് കീഴടങ്ങി. നേരം പുലർന്നു.ചുറ്റുപാടുമൊന്നു കണ്ണോടിച്ചു.കൊടും പാതകം ചെയ്ത ഒരുപാട് ആളുകൾ ആ തടവറക്കുള്ളിൽ ഉണ്ടായിരുന്നു. അവരെല്ലാം ഏതോ ഒരു ജോലിയിൽ ഏർപ്പെട്ടിരിക്കുവാണെന്ന് ആദ്യം തോന്നി.പിന്നെ ശ്രദ്ധിച്ചപ്പോൾ വ്യക്തമായി.ഓരോരത്തരുടെ ചുമലിൽ ചവിട്ടി ആ വലിയ ഗർത്തത്തിന് മുകളിലേയ്ക്ക് വലിഞ്ഞ് കയറാൻ ശ്രമിക്കുവായിരുന്നു. ആ തിരക്കിനിടയിലേയ്ക്ക് അയാളും നുഴഞ്ഞു കയറി. മുന്നിൽ നിൽക്കുന്നവരുടെ ചുമലിൽ ചവിട്ടി മുന്നേറാൻ ശ്രമിക്കുമ്പോഴായിരുന്നു, ആരോ കാലിൽ പിടിച്ച് താഴേക്കു വലിച്ചിട്ടത്. തറയിൽ വീണു കിടക്കുന്ന അയാളുടെ മുഖത്ത് ചവിട്ടി കൊണ്ട് കഴിവുകെട്ട ആരുടെയോ ജല്പനം കേട്ടു ......
" യുഗങ്ങളായ് ഞങ്ങളി കുഴിയിൽ അകപ്പെട്ടിട്ട് ഞങ്ങൾക്ക് ഇവിടെന്നു മോചനമില്ല എന്നിട്ടാ ഇന്നലെ
വന്ന നീ "
താഴെ വീണ് പൊട്ടിക്കരഞ്ഞു. അയാളെ ആശ്വസിപ്പിക്കാൻ ആ പെൺകുട്ടി വീണ്ടും അവിടെക്ക് കടന്നു വന്നു....
" ഈ യുഗം അവസാനിക്കുമ്പോൾ നിങ്ങൾക്കു രക്ഷപ്പെടാം"
അവൾ പറഞ്ഞതു സത്യമാവാൻ പുതിയ യുഗപിറവിക്കു വേണ്ടി അയാൾ കാത്തിരുന്നു. വിരസമായ ആ കാത്തിരിപ്പിലൊരു നാൾ ആ പെൺകുട്ടിയോടെ ചോദിച്ചു...
" കുട്ടി തെറ്റൊന്നും ചെയ്തിട്ടില്ലാലോ പിന്നെയെങ്ങനെ ഈ നരകക്കുഴിയിൽ
വന്നുപ്പെട്ടു?"
അവൾ പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു
"എനിക്ക് മുമ്പിൽ സ്വർഗ്ഗകവാടം തുറന്നു കിടപ്പുണ്ട് ഞാൻ നിങ്ങളെ കാത്തിരിക്കുകയായിരുന്നു"
അയാൾ തിരക്കി.
"എന്തിന്?"
"ഈ തിരക്കിനിടയിൽ നിന്ന് നിങ്ങളെ രക്ഷിക്കാൻ ഞാനല്ലാതെ വേറെ ആരാണ് നിങ്ങൾക്കുള്ളത് "
അവളുടെ വെളിപ്പെടുത്തൽ കേട്ട് സ്ത്രീ ജന്മത്തോട് ബഹുമാനം തോന്നി. ഈ ലോകത്ത് ക്ഷമിക്കാനും, പൊറുക്കാനുമുള്ള കഴിവ് സ്ത്രികൾക്കല്ലാതെ വേറെ ആർക്കാണുള്ളത്? അയാൾ നോക്കി നിൽക്കേ അവളുടെ ശരീരത്തിൽ പല വ്യതിയാനങ്ങളും സംഭവിച്ചു.സ്വർണ്ണ ചിറകുള്ള മാലാഖയെപ്പോലെ ആ പെൺകുട്ടി തടവറക്കുള്ളിൽ നിന്ന് പുറത്തേക്ക് പറന്നു.....
ആ യുഗത്തിന്റെ അവസാന യാമത്തിലെപ്പോഴോ,അയാളുടെ പ്രയത്നത്തിന് ഫലം കണ്ടു. ആ കുഴിയിൽ നിന്നും മുകളിലേയ്ക്കു കയറി. മുന്നിൽ തെളിഞ്ഞ തീക്കുണ്ഡത്തിന് മുകളിൽ,തലനാരു കൊണ്ട് പണിത പാലവും കടന്ന് അതിവേഗം മുന്നോട്ട് നടന്നു.....
ആ വലിയ കൊട്ടാരത്തിന്റെ ഇടവഴിയിലൂടെ നടന്ന്.ചിത്രഗുപ്തൻ ഉറങ്ങുന്ന മുറിയുടെ വാതിൽക്കലെത്തിയപ്പോൾ അയാളുടെ കാലുകൾ നിശ്ചലമായീ. ആ മുറിയുടെ വാതിൽ വിടവിലൂടെ അകത്തേയ്ക്കു പ്രവേശിച്ചു. ചിത്രഗുപ്തൻ ഗാഢമായ നിദ്രയിലാഴ്ന്നു കിടക്കുകയായിരുന്നു. കണക്കു പുസ്തകമില്ലാതിരുന്നാൽ പിന്നെ എങ്ങനെ ന്യായാധിപൻ ശിക്ഷ നടപ്പിലാക്കും, ഇനി തന്റെ ഗതി മറ്റാർക്കും ഉണ്ടാകരുത് അയാൾ അങ്ങനെ എന്തൊക്കയോ ഓർത്തു. പിന്നെ ഒട്ടും അമാന്തിച്ചില്ല ആ കണക്ക് പുസ്തകം മാറിലൊതുക്കി കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ ഒരു കള്ളന്റെ പിറവിയിലേയ്ക്കായി ഏതോ ഒരു മാതൃഗർഭത്തിലേയ്ക്ക് അയാൾ ഓടി കയറി.
മകന്റെ നിയോഗമറിയാത്ത മാതാവ്,ഏതോ താരാട്ടുപാട്ടിന്റെ ഈരടികൾ പാടി ആ കുഞ്ഞിന് ഉറക്കി കൊണ്ടിരുന്നു...........
**********************
മനു എണ്ണപ്പാടം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo