Slider

കുടുംബം

0

അവന് പതിനഞ്ചു വയസ്സുള്ളപ്പോഴാണ് അവന്റെ അച്ഛൻ ജീവിതപ്പച്ചപ്പ് തേടി ആദ്യമായി ഗൾഫിലേക്ക് പോയത്‌...അമ്മയുടെ താലിമാലയും വീടും പണയത്തിലാക്കിയുള്ള അച്ഛന്റെ ആ യാത്ര വരാനിരിക്കുന്ന ദുരിതങ്ങളുടെ മുന്നോടിയാണെന്ന്‌ അവരാരും കരുതിയതേയില്ല...
വിസ തട്ടിപ്പിൽ പെട്ട് അവന്റെ പാവം അച്ഛൻ എത്തിപ്പെട്ടത് കുറേ കാട്ടറബികളുടെ കയ്യിൽപെട്ട് മരുഭൂമിയിൽ....
അവനും വീട്ടുകാരും ഇതൊന്നും അറിയാതെ കൈ നിറയെ സമ്മാനങ്ങളുമായി അച്ഛൻ തിരിച്ചു വരുന്ന ദിവസത്തിനായി കാത്തിരുന്നു...ഗൾഫിൽ എത്തി കുറച്ചു ദിവസങ്ങൾക്കു ശേഷം അച്ഛനയച്ച ഒരേയൊരു കത്ത് അവന്റെ അമ്മയ്ക്ക് ലഭിച്ചു... വിസതട്ടിപ്പിനിരയായി ചതിക്കപ്പെട്ട നിസ്സഹായനായ അച്ഛന്റെ കത്ത് ഞെട്ടലോടെയും തേങ്ങലോടെയും അമ്മ വായിക്കുമ്പോൾ നിറഞ്ഞൊഴുകുകയായിരുന്നു അവന്റെയും അനിയത്തിയുടെയും കുഞ്ഞു മിഴികൾ..
പിന്നീട് അച്ഛനെന്തു സംഭവിച്ചു എന്നത് അജ്ഞാതമായിരുന്നു...
ദുരിതങ്ങളാണ് പിന്നീട് അവരെ കാത്തിരുന്നത്..
പട്ടിണി കിടന്ന ദിനരാത്രങ്ങൾ... ചില ദിവസങ്ങളിൽ മുഴുപ്പട്ടിണി...കടക്കാരുടെ പരിഹാസവും കുത്തിനോവിക്കലും ഒരുവശത്ത്...അച്ഛനെ എങ്ങനെയും രക്ഷിച്ചു നാട്ടിലെത്തിക്കാൻ അവന്റെ അമ്മ മന്ത്രിമാർക്കും എമ്മെല്ലേമാർക്കും നിവേദനങ്ങൾ അയച്ചുകൊണ്ടേ ഇരുന്നു...ഒരു ഫലവും ഉണ്ടായില്ല...
നാട്ടുകാരിൽ ഒരാൾ ഒരിക്കൽ ആ പതിനഞ്ചു വയസ്സുകാരന്റെ മുഖത്ത് നോക്കി ചോദിച്ചു, " നിന്റെ അച്ഛൻ ജീവനോടെ ഇല്ലെടാ, പിന്നെ നീയൊക്കെ എന്തിനാ അച്ഛനേം കാത്തിരിക്കുന്നെ " എന്ന്...
അതുകേട്ട വേദനിച്ചു അവന്റെ കണ്ണിൽ നിന്നൊഴുകിയതു കണ്ണീരല്ല, ചോരത്തുള്ളികളായിരുന്നു...
പട്ടിണിയും ദുരിതങ്ങളും സഹിക്കാതായപ്പോൾ ആർത്തലച്ചു മഴ പെയ്യുന്ന ഒരു രാത്രിയിൽ അവനേയും അനിയത്തിയേയും കെട്ടിപ്പിടിച്ചു അമ്മ പറഞ്ഞു, നമുക്ക് മരിക്കാം ന്ന്‌...
അത് കേട്ട അനിയത്തി അമ്മയോട് ചോദിച്ചു, എന്നെങ്കിലും അച്ഛൻ തിരിച്ചു വന്നാൽ നമ്മളെ കണ്ടില്ലെങ്കിൽ അച്ഛന് സങ്കടാവില്ലേ ന്ന്‌... ഇതൊക്കെ കേട്ടുകൊണ്ടിരുന്ന അവന്റെ കുഞ്ഞുമനസ്സ് വേദനിച്ചു...
അവനപ്പോൾ അമ്മയ്ക്കൊരു വാക്ക് കൊടുത്തു... കുടുംബം അവൻ സംരക്ഷിച്ചു കൊള്ളാം ന്ന്‌..
കഠിനാദ്ധ്വാനത്തിന്റെ ദിനങ്ങളായിരുന്നു പിന്നീട്... പഠനം പാതി വഴിയിൽ നിർത്തി അവനാ കുടുംബഭാരം തോളിലേറ്റി..
അന്ന് രാത്രി അമ്മയ്ക്ക് കൊടുത്ത ആ വാക്ക് അവനിന്നോളം തെറ്റിച്ചിട്ടില്ല...മൂന്നര വർഷങ്ങൾക്കു ശേഷം അച്ഛൻ നാട്ടിൽ തിരിച്ചെത്തിയെങ്കിലും
മാറോട് ചേർത്തു പിടിച്ചു അവനിന്നും കുടുംബത്തിനെ സംരക്ഷിക്കുന്നു... ആരുടേയും മുന്നിൽ തോൽക്കാൻ അനുവദിക്കാതെ... അതിനു വേണ്ടി അവൻ അവന്റെ ദുഖങ്ങളെ മുഴുവൻ പുഞ്ചിരിയാക്കി മാറ്റി...ചുണ്ടിലെപ്പോഴും ഒരു പുഞ്ചിരി സൂക്ഷിച്ചു...വീട്ടുകാരുടെ കുഞ്ഞു സന്തോഷങ്ങളിൽ പോലും അവൻ ആഹ്ലാദിച്ചു... അവരുടെ മുഖം വാടുമ്പോൾ അവന്റെ മനസ്സും വേദനിച്ചു..
അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിക്കാൻ അവനിന്നും ശ്രദ്ധിക്കുന്നു...
അവനെ മനസ്സിലാക്കിയവരും സ്നേഹിക്കുന്നവരും അവനെ " പ്രിയാ " എന്ന് വിളിച്ചു.....
പ്രിയേഷ് മൂർക്കോത്ത്.....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo