Slider

കണികാ സിദ്ധാന്തവും ഘർവാപസിയും-

0
Image may contain: 1 person, beard, tree, outdoor, nature and closeup
------------
മട്ടുപ്പാവ് എസി ബാറിലിരുന്ന് രണ്ടെണ്ണമടിച്ച് പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപേ നഷ്ടപ്പെട്ട സൊര്യജീവിതത്തിന്റെ ശിഷ്ടഭാഗങ്ങളെടുത്ത് അയവിറക്കിയും തുടച്ചുമിനുക്കിയും സമാധാനിക്കുമ്പോഴാണ് ദിവ്യദൃഷ്ടിയാലേ അത് മനസ്സിലാക്കിയെന്ന വണ്ണം ആ ശക്തിസ്വരൂപിണിയുടെ സാന്നിധ്യം റിങ്ടോൺ വീചികളായി പ്രതികരിക്കാൻ തുടങ്ങിയത്.
അതങ്ങനയാണ്. ഏതെങ്കിലും തരത്തിൽ ഒരു മനസ്സുഖം കിട്ടിയാൽ അപ്പൊ തന്നെ മണത്തറിയുമവൾ. ഉടൻ തന്നെ അതിനുള്ള പണിയും പിറകെ വരും.
പോയി എല്ലാ മൂഡും പോയി. തലക്കടിച്ചു കൊണ്ട് ഫോണെടുത്തു.
"നിങ്ങളുടെ അമ്മച്ചി എന്ന് പറയുന്ന ആ സാധനത്തിനെ ഞാൻ തലക്കടിച്ചു കൊല്ലും. നോക്കിക്കോ. സഹിക്കുന്നതിനും പരിധിയുണ്ട് കേട്ടോ. വയ്യാന്നു പറഞ്ഞ് ഒരു പണിയുമെടുക്കാതെ കുത്തിയിരിക്കുന്ന ആ തള്ള എനിക്കിട്ടു പണിയാനായിഏന്തിവലിഞ്ഞ് ഇന്ന് കുടുംബശ്രീയിൽ പോയി.ഏലിച്ചേടത്തിയാ പറഞ്ഞെ ഇനിയെന്നെക്കുറിച്ചൊന്നും പറയാൻ ബാക്കിയില്ലെന്ന്. ഞാനെന്ത് ചെയ്തിട്ടാ നിങ്ങടെ തള്ളക്ക് എന്നോടിത്ര കലിപ്പ്. ഇനിയെന്ത്പറഞ്ഞാലും ഞാനീ വീട്ടിൽ നിന്ന് ഇറങ്ങാനൊന്നും പോകുന്നില്ല.
എന്നെ തുരത്തിയോടിക്കാമെന്ന് ആ തള്ള കരുതുന്നുണ്ടെങ്കിലേ കാത്തിരുന്ന് കുഴിയിൽ പോകത്തേ ഉള്ളൂ. ശവം ത്ഫൂ ..
ഉദ്ദിഷ്ടകാര്യം സാധിച്ച സമാധാനത്തിൽ, അതായത് എന്റെ മനസ്സമാധാനം പോയതോടു കൂടി അവൾ ഫോൺ വച്ചു.
ആ കലിപ്പ് മുഴുവൻ ഞാൻ മുന്നിലിരുന്ന ഓൾഡ് മങ്കനോട് തീർത്തു. ഗ്ലാസ് നീട്ടുമ്പോഴെല്ലാം ആ പാവം ഒന്നും മിണ്ടാതെ ഓരോ പെഗ്ഗുകളെ വീതം എനിക്ക് കാഴ്ച വച്ചുകൊണ്ടേയിരുന്നു.
ഒടുവിൽ മോഹൻലാൽ പറഞ്ഞത് പോലെ ആറാമത്തെ പെഗ്ഗിന്റെ നടുപ്പുറത്ത് ഒരു ഐസ് കട്ട വീഴുമ്പോഴേക്കും അവൻ വന്നു. ആര് ? ബോധോദയം. ആലിന്റെ കീഴിൽ ഇരുന്ന ആ മഹാനുഭാവന് കിട്ടിയ അതെ ഉദയം.
ഞാൻ ചിന്തിച്ചു ഞാനും ഭാര്യയും അമ്മയും പിള്ളേരും ഉൾക്കൊള്ളുന്ന ആയിരത്തഞ്ഞൂറ് സ്‌ക്വയർ ഫീറ്റ് വീട്. അത് നിൽക്കുന്ന എട്ടേമുക്കാൽ സെൻറ് സ്ഥലം. അതിലെ മുക്കാല് പണ്ടേ അയൽവാസിണിയായ രാജമ്മച്ചേച്ചി അതിരുമാന്തി വിഴുങ്ങിയതിനാൽ ബാക്കി എട്ട്. ഈ എട്ടു സെൻറ് എന്നത് കേരളത്തിന്റെ വലിപ്പം സംബന്ധിച്ച് നോക്കിയാൽ എവിടെ കെടക്കുന്നു ! ഞാൻ ചിന്താധീനനായി.
മനസ്സിലൊരു സാറ്റലൈറ്റ് ചിത്രം തെളിഞ്ഞു. വീട്ടിൽ കിടന്ന് അടികൂടുന്ന അമ്മായിയമ്മയും മരുമോളും. അതിൽ എണ്ണയൊഴിച്ചും തിരി നീട്ടിക്കൊടുത്തും തങ്ങളുടെ കടമ ഭംഗിയായി പൂർത്തീകരിക്കുന്ന രഞ്ജിനി കുടുംബശ്രീ അംഗങ്ങളും. പക്ഷെ കേരളത്തിന്റെ ഏരിയൽ വ്യു മൊത്തമെടുക്കുമ്പോൾ ഇതൊന്നും തെളിയുന്നില്ല. മണ്ഡരി പിടിച്ച തെങ്ങിന്റെ പച്ചക്കളറും മൊബൈൽ ടവറിന്റെ മിന്നുന്ന ചുവന്ന ലൈറ്റും മാത്രം. ഒന്നൂടെ സൂം ചെയ്ത് ജില്ലാതലത്തിൽ നോക്കി. നോ രക്ഷ. അവസാനശ്രമമെന്ന നിലയിൽ സൂമിങ്ങ്‌ പഞ്ചായത്തുതലത്തിൽ വച്ചപ്പോഴും ഫലം നാസ്തി.
ഒടുവിൽ ഭൂമിയുടെ ചിത്രം മുഴുവൻ കിട്ടുന്നവിധത്തിൽ വച്ചു ഞാനൊരു കൺ ക്ലൂഷനിൽ എത്തി. അതായത് ഭൂമിയെ സംബന്ധിച്ചിടത്തോളം കേരളമെന്നത് മൊട്ടപ്പറമ്പിൽ ആരോ പൊതിച്ചിട്ട തേങ്ങയുടെ തൊണ്ടിന്റെ കഷ്ണം മാത്രമാണ്. ആ കേരളത്തെ സംബന്ധിച്ചിടത്തോളം കീരിക്കാട് വീട് എന്ന് പറയുന്നത് അമ്പലപ്പറമ്പിൽ പടർന്നു നിൽക്കുന്ന ആയിരക്കണക്കിന് ആനക്കുറുന്തോട്ടികളിൽ ഒന്നും.
ഇത്രയും ചെറിയൊരു ഭാഗത്തു നടക്കുന്ന സില്ലി അമ്മായിയമ്മപ്പോര് ലോകം പോയിട്ട് ഒരു പഞ്ചായത്തിന് പോലും വിഷയമല്ല. പിന്നെ ഞാനെന്തിന് ഇതിന്റെ പേരിൽ ടെൻഷൻ അടിക്കണം? ഛെ എനിക്ക് ലജ്ജ തോന്നി.
പക്ഷെ അപ്പോഴേക്കും എനിക്ക് രസം കൂടി. ഞാൻ സാറ്റലൈറ്റ് ക്യാമറയും കൊണ്ട് പിന്നെയും പിറകോട്ട് പോയി. ഇപ്പോൾ സൗരയൂഥത്തെ മുഴുവനായിക്കാണാം അതിലൊരു ചെറിയ പൊട്ട് പോലെ ഭൂമി. അതിലെവിടെയോ ഇന്ത്യ. അതിനുള്ളിൽ കേരളം. അതിനും ഉള്ളിൽ ഇടുക്കി എന്ന ഒരു ഇടുക്കിനുള്ളിൽ വട്ടാവടഗ്രാമം ചെറിയൊരു വടപോലെ. ആ വടയ്ക്ക് വിളമ്പിയ ചമ്മന്തി പോലെ കീരിക്കാട്ട് വീട്. അവിടെ തല്ലു കൂടുന്ന അതിസൂക്ഷ്മ ബാക്ടീരിയകളായ ഒരമ്മായിയമ്മയും മരുമോളും. അപ്പോഴും ഭൂമി സൂര്യനെ കറങ്ങുകയും സൂര്യൻ വേറെ ഏതിനെയുമൊക്കെയൊ കറങ്ങിക്കൊണ്ടേയിരിക്കുന്നു. ഇത് രണ്ടും കണ്ട എന്റെ തലയും കറങ്ങിക്കൊണ്ടിരിക്കുന്നു. ആർക്കും ഒരു പ്രശ്നവുമില്ല പിന്നെയെനിക്കെന്തിന് പ്രശ്‍നം !
പക്ഷെ പ്രശ്നമുണ്ട് ! കറങ്ങുന്ന തല ബാറിലെ ബാത്റൂമിലെ കണ്ണാടിയിൽ നോക്കിയപ്പോഴാണ് യാദൃശ്ചികമായി ആ സംഭവം ദൃഷ്ടിയിൽ പെട്ടത്. എന്റെ തലയ്ക്കു ചുറ്റും ഒരു പ്രഭ കിടന്നു കറങ്ങുന്നു.
ഞാൻ കണ്ണാടിയിൽ തന്നെ നോക്കി എന്റെ തലപ്പ്രഭയെ ആസ്വദിക്കാൻ തുടങ്ങി.
അതോടുകൂടി പയ്യെപ്പയ്യെ ഞാനും ആ കറക്കത്തിലേക്കാവാഹിക്കപ്പെട്ടൂ.
കറങ്ങിക്കറങ്ങി ചുറ്റിലും നോക്കിയപ്പോഴാണ് മനസ്സിലായത് ഞാനിപ്പോൾ കറങ്ങുന്നത് ഒരു ന്യൂക്ലിയസിനു ചുറ്റുമാണ് ! ഞാനിപ്പോഴൊരു കിടുക്കാച്ചി ഇലക്ട്രോണായി മാറിയിരിക്കുന്നു. സംഭവം പണ്ട് ഹൈസ്കൂളിൽ സത്യൻമാഷ് പറഞ്ഞപോലെ തന്നെ.ന്യൂക്ലിയസിനുള്ളിൽ പ്രോട്ടോണും ന്യൂട്രോണും ഒരമ്മ പെറ്റ മക്കളെപ്പോലെ കെട്ടിപ്പിടിച്ചുറങ്ങുന്നു. ബൾബിനു ചുറ്റിലും മഴപ്പാറ്റകൾ കറങ്ങുംപോലെ ഞങ്ങൾ എലെക്ട്രോണുകൾ ഇങ്ങനെ കറങ്ങുകയാണ് ഞാൻ ഔട്ടർമോസ്റ് ഷെല്ലിൽ ആയത്കൊണ്ട് മറ്റു ഭാഗങ്ങളൊക്കെ കാണാം.
അങ്ങനെ കറങ്ങിക്കറങ്ങി തലയും കറങ്ങി ചുറ്റിലും നോക്കുമ്പോഴുണ്ട് ചുറ്റിലും ആയിരക്കണക്കിന് നക്ഷത്രങ്ങൾ. അവയ്ക്കു ചുറ്റും കറങ്ങുന്ന ഗ്രഹങ്ങൾ. അപ്പോൾ ഞാൻ അറ്റത്തിനുള്ളിലോ അതോ ആകാശത്തോ കൺഫ്യൂഷനായല്ലോ. ആഹാ അപ്പൊ അതാണ് സംഭവം. ഞാൻ ആറ്റത്തിനുള്ളിൽ തന്നെയാണ്. ഈ ചുറ്റിലും കറങ്ങുന്നവ മറ്റ് ആറ്റങ്ങളും കണികകളും തന്നെ. അടുത്ത് നിന്ന് കണ്ടപ്പോൾ സൗരയൂഥത്തെ പോലെ തോന്നി. എല്ലാം പ്രപഞ്ചത്തിന്റെ ചെറു പതിപ്പ് അത്രയേ ഉള്ളൂ.
ന്റമ്മച്ചിയേ .. അങ്ങുമിങ്ങും നോക്കി കണ്ണുകാണാതെ അപ്പുറത്തു കറങ്ങുന്നൊര് ഒറ്റയാന്റെ തലമണ്ടക്ക് പോയി ഇടിച്ചു. നേരത്തേ കണ്ടിട്ടും കാണാത്ത പോലെ മസിലു വീർപ്പിച്ചു പോയവനാണ് അവൻ. പേര് ചോദിച്ചപ്പോൾ പോസിട്രോൺ എന്നോ മറ്റോ പറഞ്ഞു. വലിയ പോസുകാണിച്ചു പോകുന്നത് കണ്ടപ്പോഴേ ഒന്ന് കൊടുക്കണമെന്ന് കരുതിയതാണ് .ഏതായാലും നന്നായി. അവനെവിടെയോ തെറിച്ചു പോയെന്ന് തോന്നുന്നു
യ്യോ ഇടിച്ചതോടെ എന്റെ രൂപം മാറിയല്ലോ ചെറുതായല്ലോ. ങ്ങേ ! ഞാനിപ്പോ ഇല്ലാതായല്ലോ ! അല്ല ഞാനുണ്ട് പക്ഷെ എനിക്കെന്നെ കാണാൻ പറ്റുന്നില്ല. ചുറ്റിലും നോക്കി നോക്കുന്നിടത്തൊക്കെ ഞാൻ തന്നെ. എല്ലാറ്റിലും ഞാൻ. അയ്യോ .. അതെ ഞാൻ സർവപാപി അല്ല സർവ്വവ്യാപിയായി മാറിയിരിക്കുന്നു.
യെസ് .. ആ കൂട്ടിയിടിയോടു കൂടി എനിക്കെല്ലാം മനസ്സിലായി.ഇതാണാ സത്യം ! എല്ലാറ്റിലുമൊന്ന് തന്നെ.
"എല്ലാമൊന്ന് തന്നെ പിന്നെന്തിന് നാം കലഹിക്കുന്നു വെറുതെ"
ഇതാരെഴുതിയ പാട്ടാണാവോ. ആരെങ്കിലുമായ്ക്കോട്ടെ സമാധാനായി.
അപ്പോഴാണ് തലയ്ക്കു മുകളിലുണ്ടായിരുന്ന വലയത്തെ കുറിച്ചോർത്തത്. യെസ് അതവിടെ തന്നെയുണ്ട്.
നേരെ വീട്ടിലേക്ക് വച്ചു പിടിച്ചു. രണ്ടിനോടും പോയി പറയണം "അറിയുവിൻ നാമെല്ലാമൊന്നിൽ നിന്നുണ്ടായിരിക്കപ്പെട്ടവയാണ്. അമ്മായിയമ്മയായാലും മരുമകളായാലും നമ്മിലെ ചൈതന്യമൊന്നു തന്നെ കലഹിക്കാതിരിക്കിൻ സത്യമറിയുവിൻ" പ്രഭാവലയം തലയ്ക്കു ചുറ്റുമുണ്ടെന്ന് ഒരിക്കൽക്കൂടി ഉറപ്പുവരുത്തി നടന്നു. "ചലോ ഘർ വാപസി" (തിരിച്ചു വീട്ടിലേക്ക്).
വഴിയിൽ കണ്ട പട്ടിയിലും പൂച്ചയിലുമെല്ലാം ഞാൻ എന്നെ കണ്ടു. അവർ സംസാരിക്കുന്നതെനിക്ക് കേൾക്കാം രണ്ട് പൂച്ചത്തള്ളമാർ റോഡ് സൈഡിലിരുന്ന് മകന്റെ ഭാര്യയെ കുറ്റം പറയുന്നു വേറൊരു പട്ടിപെണ്ണ് അവളുടെ അമ്മായിയമ്മയെ തെറിവിളിക്കുന്നു. ഓ അപ്പോഴിവർക്കും ഇത് തന്നെ പണി. പക്ഷെ ഒരു കാര്യം ശ്രദ്ധിച്ചു അവർക്ക് എന്നോട് എന്തോ പുച്ഛം. അതെന്താണെന്നറിയാൻ അവളുമാർ പറയുന്നത് പോയി ഒളിച്ചു കേട്ടു.
" വലിയ ബോധോദയം കിട്ടിയ ആളാണത്രെ എന്നിട്ടാ ഇപ്പോഴും തുണിയുടുത്തു നടക്കുന്നത് " ആ തള്ളപ്പൂച്ച മറ്റവളോട് പറഞ്ഞു. ശരിയാണല്ലോ എനിക്കും തോന്നി എല്ലാമൊന്ന് തന്നെ. മോഹൻലാൽ പറഞ്ഞപോലെ ഞാനും നീയും നിലാവും എല്ലാമൊന്ന് തന്നെ. പിന്നെന്ത് മറക്കാൻ എന്ത് നാണിക്കാൻ.
ഉടുമുണ്ട് പറിച്ച് ഒരേറ് കൊടുത്തു. അല്ല പിന്നെ. !
അപ്പൊത്തന്നെ മറ്റേ പൂച്ച തംസപ്പ് കാണിച്ചുപറഞ്ഞു വെൽ..!
അത്ഭുതം ! കവലയിൽ ചൊറിയും കുത്തിയിരിക്കുന്നവന്മാർ മുതൽ ഇരുന്നു വേരുറച്ചുപോയ കാരണവന്മാരും കണ്ടത്തിൽ ക്രിക്കറ്റ് കളിക്കുന്ന പിള്ളേരും വരെ എന്നെ അനുഗമിക്കുന്നു. തലയിൽ ദിവ്യപ്രകാശവുമായി ഞാൻ മുന്നിൽ. പത്തിരുപത് അനുയായികൾ പിറകിലും ഏതോ പുരാണകഥയിലെ ദിവ്യന്റെ പ്രയാണം ഓയിൽപെയിൻ്റിൽ വരച്ചപോലെ തോന്നി എനിക്കാ സായാഹ്‌ന രംഗം.
ആരവം കേട്ട് എതിരേൽക്കാനാണെന്നു തോന്നുന്നു ശോശാമ്മ ഓടി ഗെയിറ്റിനടുത്തേക്ക് വന്നു.
"പ്ഫാ ....."
അവളുടെ അണ്ണാക്കിൽ നടന്ന ഏഴര കിലോടൺ ശക്തിയുള്ള ആണവസ്ഫോടനത്തിന്റെ ആഘാതത്തിൽ പിറകിൽ വന്ന അനുയായി വൃന്ദം ഈയാംപാറ്റകളെപ്പോലെ വാനിഷ് ചെയ്യപ്പെട്ടു. "നായിന്റെ മക്കൾ. എന്നാൽ ഒരുത്തനെങ്കിലും ഒരു തുണിയെടുത്തുടുപ്പിച്ചോടായിരുന്നോ ഈ കാലമാടനെ. ആസ്വദിക്കാൻ നടക്കുന്നു നാറികൾ" സ്‌ഫോടനത്തിന്റെ പ്രതിധ്വനിയെന്നവണ്ണം ഈ ഡയലോഗ് കൂടെ അന്തരീക്ഷത്തിൽ അലയടിക്കപ്പെട്ടു.
ശോശാമ്മേ.. എന്നതിന്റെ ശോ എന്നത് മാത്രമേ എന്നിൽ നിന്ന് പുറത്തുവന്നുള്ളൂ. അതിനു മുൻപേ അവളുടെ കയ്യിലിരുന്ന ഇരുമ്പുബക്കറ്റ് ഉദ്ദേശം പത്ത് ഘാതം ഒൻപത് മീറ്റർ പെർ സെക്കൻഡ് പ്രവേഗത്തിൽ എന്റെ ശിരസ്സിൽ വന്നു പതിക്കുകയും തലയ്ക്കു ചുറ്റുമുള്ള ഊർജ്ജവലയം പൂർവാധികം ശക്തിപ്പെട്ട് ഞാൻ വീണ്ടും കണികാലോകത്തിലേക്ക് വിലയം പ്രാപിക്കുകയും ചെയ്തു.
-വിജു കണ്ണപുരം-
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo