Slider

നീല ശംഖുപുഷ്പങ്ങൾ(കഥ)

0


മനോഹരമായി ലാൻഡ്സ്കേപ്പ് ചെയ്ത കുന്നിൻ ചെരുവിൽ തലയുയർത്തി നിൽക്കുന്ന, ഭംഗിയുള്ള വീടിന്റെ വലിയ ഗേറ്റ് തുറന്നു കിടന്നിരുന്നെങ്കിലും അകത്തേക്ക് കയറാതെ, വാണി റോഡരികിൽ തന്നെ കാർ നിർത്തി.

മനസ്സ് നിറയ്ക്കും വിധം പൂത്തു മറിഞ്ഞു കിടക്കുന്ന പലതരം ചെടികൾ. തന്നെ കാണുമ്പോഴേ, ലിഡിയ ഓടി വരുമെന്നും ഞെരിച്ചുടക്കും വിധം കെട്ടിപ്പിടിക്കുമെന്നും വാണി കരുതിയെങ്കിലും അവൾ മുറ്റത്തുതന്നെ നിന്നതേയുള്ളൂ. വലിയ കയറ്റം കയറിയ മുഖഭാവത്തോടെ കിതച്ചു കൊണ്ട് മുറ്റത്തിന്റെ കോണിലിട്ട കസേരകളിലൊന്നിൽ വാണിയിരുന്നു. അവളെ കിതയ്ക്കാൻ വിട്ട് അകത്തെക്കു പോയ ലിഡിയ ചിത്രപ്പണികൾ നിറഞ്ഞ ചില്ലു ഗ്ലാസിൽ നിറച്ചു കൊണ്ടുവന്നു നൽകിയ പാനീയത്തിലേക്ക് വെയിൽത്തുള്ളികൾ വീണു തിളങ്ങി. എന്തൊക്കെയോ പൊടിച്ചുചേർത്ത, പാൽച്ചുവയുള്ള തണുത്ത പരലുകൾ നാവിനെ കുത്തിനോവിക്കുന്നു. വാണിയ്ക്ക്‌ അത്ഭുതം തോന്നി. അവൾ തണുത്തതൊന്നും കഴിക്കില്ലെന്ന് ഏറ്റവും അറിയാമായിരുന്നത് ലിഡിയയ്ക്കായിരുന്നല്ലോ....
നാവിൽ തണുപ്പ് തൊട്ട നിമിഷത്തിൽ തന്നെ ലിഡിയയുടെ ശബ്ദം തന്റെ അരികിലായി വാണി കേട്ടു...
"നിനക്കെന്തുകൊണ്ടാണ് തണുത്തത് തന്നതെന്നായിരിക്കും നീയിപ്പോൾ ഓർക്കുന്നത് അല്ലെ? നിനക്കിപ്പോൾ വേണ്ടത് തണുപ്പാണെന്ന് എനിക്ക് തോന്നി !"
കുറച്ചുനാളായി ലിഡിയയുടെ പാചക പരീക്ഷണങ്ങൾ എഫ്ബി കുറിപ്പുകളായി കാണുന്നത് വാണിയുടെ മനസ്സിലേക്ക് വന്നു...
"എന്തുമാത്രം ചെടികളും പൂക്കളുമാണ് "
വെറുതെ കൊതി പറഞ്ഞു കൊണ്ട് വാണി എഴുന്നേറ്റു. അകാരണമായൊരു അസ്വസ്ഥതയാൽ അവൾക്ക് ശ്വാസം മുട്ടുന്നുണ്ടായിരുന്നു.
"ഇവിടുത്തെ കാലാവസ്ഥയുടെയാണ്. എന്തെറിഞ്ഞിട്ടാലും നിറയെ പൂക്കും. "
ഇതുവരെ പൂക്കാത്ത പനിനീർ ചെടി പോലെ നിന്ന ലിഡിയയെ നോക്കിയപ്പോൾ അവളൊന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.മനസ്സിന്റെ തുമ്പിൽ നിന്ന് ഊർന്നെത്തിയ ചോദ്യത്തെ
നാവിൻ തുമ്പിൽ തടഞ്ഞു നിർത്തി, സ്റ്റാൻഡുകളിൽ തൂക്കിയിട്ട ഹാങ്ങിങ് പോട്ടുകളിൽ ഇടകലർന്നു നിന്ന നീലയും വെള്ളയും ശംഖുപുഷ്പങ്ങളിൽ വാണി പതിയെ തലോടി.
പുൽത്തകിടിയുടെ ഓരത്ത് സ്ഥാപിച്ചിരിക്കുന്ന ഊഞ്ഞാൽ കസേരയിലിരുന്നാൽ താഴ് വര മുഴുവൻ കാണാം. ഇടയ്ക്കിടെ കടന്നു പോകുന്ന വാഹനങ്ങളുടെ ശബ്ദമൊഴിവാക്കിയാൽ ഹൃദ്യമായ ശാന്തത. നക്ഷത്രങ്ങളെ നോക്കി താഴ് വരയിലെ ഇരുട്ടും വെളിച്ചവും കണ്ട്, ഒരു ഷാളിനുള്ളിൽ സെബാനും ലിഡിയയും തണുപ്പും ചൂടും നുകർന്ന് അവിടെയിരിക്കുന്ന ചിത്രം മനസ്സിൽ തെളിഞ്ഞപ്പോൾ വാണി ആ വിഷ്വലിനെ കീറി നിലത്തിടുകയും ചവിട്ടിയരയ്ക്കുകയും ചെയ്തു.
"സെബാന്റെ പ്രിയപ്പെട്ട ചെടിയാണിത്. ഏറെ പ്രിയപ്പെട്ട ആരോ കൊടുത്തത്"
അവൾ പതിയെ ചിരിച്ചു. പിന്നെ വാണിയോട് ചോദിച്ചു,
"നീലശംഖുപുഷ്പത്തിന്റെ പൂക്കൾ പ്രണയിനിയുടെ കണ്ണുകളാണെന്ന് കവിതയെഴുതിയത് നീയാണ് ഓർക്കുന്നോ? "
ഊഞ്ഞാൽക്കസേരയിലിരുന്ന വാണി ലിഡിയയുടെ മിഴികളിലേക്ക് ആഴത്തിൽ ഒരു നോട്ടമെറിഞ്ഞു.
അവളുടെ പൂച്ചക്കണ്ണുകളിൽ കണ്ട പിടച്ചിലിൽ പ്രണയമുണ്ടോ എന്ന് തിരിച്ചറിയാൻ മാത്രം ശക്തി ആ നോട്ടത്തിന് ഉണ്ടായിരുന്നില്ല.
പക്ഷേ, വർഷങ്ങൾക്ക് പുറകിലെ ഹോസ്റ്റൽ മുറിയിൽ ഒരു പുതപ്പിൻ കീഴിൽ ചാരം മൂടിക്കിടന്ന കനൽ ഒന്നു മിന്നി, പിന്നെയെരിഞ്ഞു ജ്വലിച്ചു തുടങ്ങിയത് ആ നിമിഷത്തിലാണ്. പരസ്പരം ഒളിപ്പിക്കാനാവാത്ത ലജ്ജയെ മനപ്പൂർവ്വം മറച്ചുപിടിച്ച് വാണി പുഞ്ചിരിച്ചപ്പോൾ ലിഡിയ കണ്ണുകളിറുക്കിയടയ്ക്കുകയാണ് ചെയ്തത്. അവളുടെ ചുവന്ന കവിളുകളും വിറയാർന്ന ചുണ്ടുകളും വാണി ശ്രദ്ധിച്ചില്ല.
ഹൈസ്കൂൾ മുതൽ പിജി വരെ ഒന്നിച്ച് പഠിക്കുമ്പോഴും ഒരുമിച്ച് ഹോസ്റ്റലിൽ താമസിക്കുമ്പോഴുമെല്ലാം വാണി മറ്റൊരാളോട് സംസാരിക്കുന്നതുപോലും ലിഡിയയ്ക്കിഷ്ടമായിരുന്നില്ല. ഹോസ്റ്റലിൽ ലൈംഗികത ചർച്ചാവിഷയമായ രാത്രിസമ്മേളനങ്ങളുടെ ആവർത്തനങ്ങൾക്കൊടുവിൽ വൃശ്ചിക കുളിർ ഭൂമിയെ പുണർന്നു നിന്നൊരു വെളുപ്പാൻ കാലത്ത് കട്ടികുറഞ്ഞ പുതപ്പിനടിയിൽ ശരീരം കൊണ്ട് പൊരുതി കീഴടങ്ങിയപ്പോൾ വാണിക്ക് പൗരുഷവും ലിഡിയയ്ക്ക് ലജ്ജയുമേറി നിന്നു.
വാണിയ്ക്കൊരിക്കലും ഒരു പുരുഷനോടുമാകർഷണം തോന്നിയിരുന്നില്ല. പെൺ ശരീരത്തിന്റെ വടിവുകളെക്കുറിച്ച് അവളെപ്പോഴും ദ്വയാർത്ഥങ്ങൾ നിറഞ്ഞ തമാശകൾ ലിഡിയയുടെ ചെവിയിൽ പറഞ്ഞു. ചിരിക്കുമ്പോൾ ചുവക്കുന്ന കവിളുകളിലും ചൂട് പിടിക്കുന്ന ചുണ്ടുകളിലും കാട്ടുതേൻ നുകരാനാണ് തന്റെ കൊതിയെന്ന് വികാരങ്ങളുടെ കൊടുമുടിയിൽ നിന്നുകൊണ്ട് ലിഡിയയോട് മന്ത്രിച്ചു... എന്നിട്ടും ഇനിയൊരിക്കലും തമ്മിൽ കാണില്ലയെന്ന് തീരുമാനിച്ച് കരഞ്ഞ് കരഞ്ഞ് ചുവന്ന് ലിഡിയ പോയപ്പോൾ, ഒന്ന് കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാൻ വാണിക്കും സാധിച്ചില്ല.
വേറിട്ട വഴിയൊന്ന് വെട്ടിത്തുറക്കാൻ മാത്രം ശേഷി അവൾക്കില്ലായിരുന്നു. ഭയമായിരുന്നു.
ഫോൺ കോളുകളും മെസേജുകളും ഫെയ്‌സ്ബുക്ക് ചാറ്റിലേക്കും വാട്സാപ്പിലേക്കും വഴി മാറിയിട്ടും തമ്മിൽ കാണില്ലെന്ന പ്രതിജ്ഞ അവർ തെറ്റിച്ചില്ല.
കട്ടപ്പനക്കാരന്റെ മണവാട്ടിയായി മന്ത്രകോടിയും കയ്യിലിട്ടു നിൽക്കുന്ന സ്വന്തം ഫോട്ടോ ലിഡിയ പ്രൊഫൈൽ പിക്ചർ ആയി അപ്ഡേറ്റ് ചെയ്തയന്നാണ് വാണി ആദ്യമായി മദ്യപിച്ചത്..
സെബാന്റെ ആഗ്രഹങ്ങൾക്കനുസരിച്ച് ലിഡിയ മോഡേൺ വസ്ത്രങ്ങൾ ധരിക്കുകയും ഏറെ നീണ്ട തലമുടി തോളൊപ്പം മുറിക്കുകയും ചുണ്ടിൽ ചായം പുരട്ടുകയും ചെയ്തു. വിവിധ തരത്തിൽ ഇറച്ചി കറി വയ്ക്കാനും കേക്കും വൈനുമുണ്ടാക്കാനും പഠിച്ചു. വീട് പരിപാലിക്കുകയും പൂന്തോട്ടമുണ്ടാക്കുകയും സെബാന്റെ അപ്പനോടും അമ്മച്ചിയോടും വഴക്കുണ്ടാക്കാതിരിക്കുകയും ചെയ്തു. ശരീരം കൊണ്ട് സെബാൻ സ്നേഹിക്കുമ്പോഴൊക്കെ താൻ സംതൃപ്തയാണെന്ന് അഭിനയിച്ചു. അതൃപ്തിയുടെ വേലിയേറ്റങ്ങളിൽ പിടഞ്ഞപ്പോൾ വാണിയുടെ ചൂടുമ്മകളെ ഓർമ്മയിൽ താലോലിക്കുകയും സെബാന്റെ ചുണ്ടിലും കവിളിലും വാണിയെ ചുംബിക്കുകയും ചെയ്തു.
പക്ഷേ ഒരിക്കലുമവൾ വാണിയോട് പറഞ്ഞില്ല, വാണിയെക്കുറിച്ച് ഓർക്കുന്ന നിമിഷങ്ങളിൽ മാത്രമേ അടിവയറിൽ ഒരു ചൂട് ജ്വലിച്ചുണരുകയും മഞ്ഞുരുകി തുടങ്ങുകയും ചെയ്യുന്നുള്ളുവെന്ന്, കാലുകൾക്ക് ബലം കുറയുകയും ദേഹമാകെ തരിക്കുകയും ചെയ്യുന്നുള്ളുവെന്ന്, ഇനിയുമൊരു മഴയിലേക്ക് നനയാൻ വെമ്പി സ്വയം നനയുന്നുള്ളുവെന്ന്.
വിരസമായ ദിനാവർത്തനങ്ങളിൽ ഹോസ്റ്റൽ റൂമിലെ ഓർമ്മകൾ ഭ്രാന്തമായി വേട്ടയാടിയപ്പോഴാണ് വാണി യാത്രകൾ ചെയ്തു തുടങ്ങിയത്.
മൈസൂർ മടിക്കേരി റോഡിലെ ബിഗ് കപ്പ്‌ കഫേയിൽ ഫിൽറ്റർ കോഫിയുടെയും സ്പെഷ്യൽ സാൻഡ്‌വിച്ചിന്റെയും രുചിക്കൊപ്പം വെറുതെയിരുന്നപ്പോഴാണ് അയാളെ കണ്ടു മുട്ടിയത്. ഒറ്റ നോട്ടത്തിൽ ആളെ മനസ്സിലാവുകയും ചെയ്തു.
"ഹലോ ഞാൻ സെബാസ്റ്റ്യൻ. കട്ടപ്പനയാണ് സ്ഥലം. ജിപ്സി എന്ന ബ്ലോഗ് എഴുതുന്ന വാണി ശ്രീകുമാർ അല്ലേ? "
എതിർവശത്തെ സീറ്റിലിരുന്ന് അയാൾ ചോദിച്ചപ്പോൾ അവൾ തലകുലുക്കി.
"ഞാൻ വായിക്കാറുണ്ട് കേട്ടോ.. സിംപ്ലി സൂപ്പർബ്. ഒരു പെൺകുട്ടി തനിച്ച് ഇത്രയധികം യാത്രകൾ ചെയ്ത് ബ്ലോഗെഴുതുക. താൻ ആൺകുട്ടി ആവേണ്ടതായിരുന്നു. "
വാണിയപ്പോൾ ലിഡിയയെ ഓർത്തു.
തനിക്ക് കീഴടങ്ങി കിടക്കുമ്പോൾ അവൾ പലവട്ടം പറഞ്ഞിട്ടുണ്ട് നീ ആണായി ജനിക്കേണ്ടതായിരുന്നുവെന്ന്. ആ ഓർമ്മയിൽ വാണിയൊന്ന് പുഞ്ചിരിച്ചു.
നിർത്താതെയുള്ള അയാളുടെ സംസാരത്തിനിടയിലൂടെ തന്റെ ഒറ്റവാക്കു മറുപടികൾക്കിടയിലൂടെ, സാധാരണ പെണ്ണുങ്ങൾ അത്രയൊന്നും ചെയ്യാത്തത് പോലെ, അവളയാളെ പരതുകയായിരുന്നു
ഇരു നിറം, മെലിഞ്ഞ പ്രകൃതി, നല്ല ഉയരം, മീശയിലും താടിയിലും മുടിയിലും അങ്ങിങ്ങ് വെളുത്ത വരകൾ.
മുപ്പത്തെട്ട് നാല്പതിനപ്പുറം പോവില്ല.
ലിഡിയയുടെ തോളിൽ കയ്യിട്ടിരിക്കുന്ന ഈ മനുഷ്യന്റെ രൂപം അവളുടെ fb പേജിൽ കണ്ടയന്ന് കൊല്ലാനുള്ള ദേഷ്യമാണ് തോന്നിയത്.
ഫോട്ടോയിൽ കണ്ടതിലും സുന്ദരൻ.
സെബാസ്റ്റ്യനപ്പോഴും അവളുടെ ബ്ലോഗുകളെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു.
"ഭൂമി ഉരുണ്ടതല്ലേ ബ്ലോഗ്ഗറേ ഇനീം എവിടേലും വെച്ച് കാണാം. ".
സ്വെറ്ററിന്റെ ഹുഡ് തലയിലേക്ക് വലിച്ചിട്ട് പോക്കറ്റിൽ കൈകൾ തിരുകി പ്രത്യേക താളത്തിൽ അയാൾ നടന്ന് പുറത്തേക്ക് പോയി.
സിൽവർ ഗ്രേ ഥാർ ജീപ്പ് മുരണ്ടുകൊണ്ട് റോഡിലേക്ക് തിരിഞ്ഞപ്പോൾ അവളുടെ കോഫീ തണുത്താറിയിരുന്നു.
ലിഡിയയോട് അവൾക്കസൂയ തോന്നി.
അയാളിലെ എന്താണ് തന്നെയാകർഷിച്ചത്?
കൂട്ടുകാരിയുടെ ഭർത്താവ്.
അവൾക്ക് അയാളോട് സ്നേഹമുണ്ടോയെന്ന് താനിത് വരെ ചോദിച്ചിട്ടില്ലല്ലോ.
ആദ്യകാഴ്ചയിൽ പെണ്ണിന്റെയുള്ളിൽ പ്രണയമോ കാമമോ വിരിയില്ലെന്ന് ഏത് വിഡ്ഢിയാണ് പറഞ്ഞത്.
പക്കാ ലെസ്ബിയനാണെന്ന ഉറച്ച വിശ്വാസത്തിന് മീതെ ഏത് വഴിയിലൂടെയാണ് ആണൊരുത്തൻ ചിന്തകളിൽ കേറി നിരങ്ങുന്നത്?
വാണി തലവേദനയുടെ ഗുളികകൾ പരതി.
"സെബാൻ പറഞ്ഞു നിന്നെ കണ്ടെന്ന്. നമ്മൾ കൂട്ടുകാരാണെന്ന് സെബാനറിയില്ല കേട്ടോ. ഞാനൊരിക്കലും പറഞ്ഞിട്ടില്ല നിന്നെക്കുറിച്ച്. "
ബെഡ്മേറ്റ്സ് ആയിരുന്നെന്ന് പറയാമായിരുന്നില്ലേ എന്ന ചോദ്യവും മനസ്സിൽ തന്നെ തിക്കുമുട്ടി നിന്നതേയുള്ളൂ.
മറുപടി കേൾക്കാതായത് കൊണ്ടാവും ലിഡിയ ഫോൺ വച്ചു.
എന്തിനാണ് താനിത്ര മൂർച്ചയിൽ വികലമായി അവളെക്കുറിച്ച് ചിന്തിക്കുന്നത്. പുസ്തകങ്ങളിലേക്കും പ്രിയപ്പെട്ട ബ്ലോഗുകളിലേക്കും മുഖം പൂഴ്ത്തിയിട്ടും ഇഷ്ടപ്പെട്ട തമിഴ് പാട്ടുകൾക്കൊപ്പം മനസ്സിനെ പറത്തി വിട്ടിട്ടും യോഗയും മെഡിറ്റേഷനും ചെയ്തിട്ടും കുറയാതെ വളർന്നുകൊണ്ടിരുന്ന കാരണമറിയാത്ത അസ്വസ്ഥതയിൽ വാണി വല്ലാതെയുഴറി.
കൊച്ചിൻ ബിനാലെയിൽ സോങ് ഡോങിന്റെ വാട്ടർ ടെംപിളിൽ വിരലുകളിൽ വെള്ളം മുക്കി ഗ്ലാസ്‌ ഭിത്തിയിൽ ചിത്രം വരച്ചു നിന്നപ്പോഴാണ് വാണിക്ക് ജീവശ്വാസത്തിന്റെ തേടിയലഞ്ഞ കണം വീണു കിട്ടിയത്.
"എഴുത്തുകാരി അടിപൊളിയായിട്ട് വരയ്ക്കുന്നുണ്ടല്ലോ? " ആശ്വാസത്തോടെ വാണി ചിരിച്ചു.
"നല്ല ഫുഡ്‌ വാങ്ങിത്തരാം ബ്ലോഗ്ഗർ വരുന്നോ? "
എങ്ങോട്ടെന്ന് ചോദിക്കാതെ അവൾ സെബാനൊപ്പം വണ്ടിയിൽ കയറി. ഇടക്കെപ്പോഴോ അയാളൊരു മൂളിപ്പാട്ട് പാടുന്നത് അവളുടെ കാതിൽ വീഴുകയും ചെയ്തു. തൃപ്പൂണിത്തറയ്ക്കടുത്ത് ഒരു ചെറിയ ചായക്കടയിൽ നിന്ന് ചൂടു പൊറോട്ടയും മീൻകറിയും കഴിച്ച് രുചി മതിയാകാതെ വിരലുകൾ നക്കിത്തോർത്തുന്ന വാണിയെ സെബാൻ കൗതുകത്തോടെ നോക്കിയിരുന്നു. പകരമായാണ് ചായക്കടയ്ക്ക് എതിർവശത്തെ നഴ്‌സറിയിൽ നിന്ന് നീല പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ശംഖുപുഷ്പം ചട്ടിയോടു കൂടി അവൾ വാങ്ങി കൊടുത്തത്.
ഒന്നും ചെയ്യാനില്ലാതിരുന്ന ഒരു വൈകുന്നേരം ശാസ്ത്രി റോഡിലെ പബ്ലിക് ലൈബ്രറിയിലിരുന്ന് ഹിന്ദു പത്രത്തിന് പിന്നിലെ സുഡോക്കു പൂരിപ്പിച്ചു കൊണ്ടിരുന്ന സമയത്താണ് പിന്നിൽ നിന്ന് 'വെറുതെയൊന്ന് നടക്കാൻ വരുന്നോ 'യെന്ന മന്ത്രണം കേട്ടത്.
ഒരു ചിരികൊണ്ട് കണ്ണുകളിലെ തിളങ്ങുന്ന പിടച്ചിലിനെയൊളിപ്പിക്കാൻ സെബാൻ ശ്രമിച്ചിട്ടും വാണിയത് കണ്ടു. ഒപ്പം ചേർന്ന് നടന്നപ്പോൾ ഇരുവരും മൗനത്തെ കൂട്ടുപിടിച്ചിരുന്നു.
തിരുനക്കരയമ്പലത്തിന് മുന്നിലെ ചെട്ടിയാരിൽ നിന്ന് സെബാൻ മുല്ലപ്പൂ വാങ്ങിയപ്പോൾ അവൾ തലേന്ന് കണ്ട തമിഴ് സിനിമയോർത്തു.
"കഷ്ടിച്ച് തോളൊപ്പമുള്ള മുടിയിൽ നീയിതെങ്ങനെ വയ്ക്കും? "
അവൾക്കാ കുസൃതി ഇഷ്ടമായി. എങ്കിലും മുടിത്തുമ്പിലൊന്ന് തൊട്ട് മുഖം കൂർപ്പിച്ചു.
"കോട്ടയംകാരായ ആണുങ്ങൾക്ക് പെണ്ണുങ്ങൾ മുല്ലപ്പൂ വയ്ക്കുന്നതിഷ്ടമല്ല. പോക്കു കേസുകളാണത്രെ പൂ വയ്ക്കുന്നത്. ഇവിടെ ദൈവങ്ങളുടെ ഫോട്ടോകളും ഓട്ടോറിക്ഷകളും ടാക്സികളുമൊക്കെയാണ് പൂ ചൂടുന്നത്. "
സെബാനതിന് മറുപടി പറഞ്ഞില്ല.
കയ്യിലിരുന്ന മുല്ലമാല രണ്ടായി മടക്കി വാണിയുടെ കഴുത്തിലേക്കിട്ട് കാറ്റു പോലെ ഗോപുരവാതിൽ കടന്ന് റോഡിലെ വെളിച്ചത്തിലേക്ക് അയാളലിയുന്നത് അവൾ നോക്കി നിന്നു.
നിത്യവും പൂജിക്കാനിഷ്ടപ്പെടുന്ന ദേവിയാണോ താനയാൾക്ക്? അതോ കയറിയിറങ്ങി പോകുവാനുള്ള ടാക്സിയോ?
കാണണമെന്ന് ഏറ്റവും ആഗ്രഹിക്കുന്ന നിമിഷങ്ങളിൽ അയാളൊരു ഗന്ധർവ്വനെപ്പോലെ പ്രത്യക്ഷനാകുന്നതെങ്ങനെയാണ്?
കരിക്കും പനനൊങ്കും വിൽക്കുന്ന തമിഴനിൽ നിന്ന് വാങ്ങിയ പനനൊങ്ക് കഴിച്ചുകൊണ്ട് ബൈപ്പാസിൽ നിന്നപ്പോഴാണ് പിന്നീടയാൾ പ്രത്യക്ഷപ്പെട്ടത്.
"അല്ലയോ ബുദ്ധിജീവി ബ്ലോഗറേ എനിക്ക് പനനൊങ്ക് ഇഷ്ടമല്ല. ഒരു കരിക്ക് വാങ്ങിത്തരാൻ ദയവുണ്ടാകണം."
തന്റെ കണ്ണിൽ പൂത്തുനിന്ന പ്രണയം അയാൾ കണ്ടു പിടിക്കാതിരിക്കാൻ വാണി അയാളുടെ കണ്ണുകളെ മനപ്പൂർവ്വം ഒഴിവാക്കി. അന്ന്, അവളൊരു വെളുത്ത ശംഖുപുഷ്പമാണ് സമ്മാനിച്ചത്.
ഇതിനിടെ പെണ്ണുടലും അഴകും ചിരികളും ആസ്വദിക്കാൻ വാണി മറന്നു തുടങ്ങിയിരുന്നു. തന്റെ ലെസ്ബിയൻ മനസ്സിനോടും ബുദ്ധിയോടും അവൾ തർക്കിക്കുകയും വഴക്കു കൂടുകയും ചെയ്തു. അവളിലെ വിശ്വാസങ്ങളെ വേരോടെ പിഴുതെറിഞ്ഞ സെബാൻ അവളിൽ ഭ്രാന്തമായ പ്രണയമായി. നെഞ്ച് പടപടാ മിടിക്കുന്നത്, ഉള്ളം കൈ വിയർക്കുന്നത്, കണ്ണും കാഴ്ച്ചയും പതറുന്നത് ഒക്കെ സെബാനെ കാണുന്ന സമയത്താണെന്ന് അവൾ ഓർക്കുകയും അതേ നിമിഷം ലിഡിയ കുറ്റബോധമായി അവളെ വേദനിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്തു.
"പത്മരാജൻ സിനിമയിലാണ് മുത്തിൽ ചുംബിക്കുമ്പോൾ പ്രത്യക്ഷനാകുന്ന ഗന്ധർവ്വനെ ഞാൻ കണ്ടത്! ഇത് പക്ഷേ സിനിമയല്ലല്ലോ."
ദുർബലമായാണ് അവൾ പിറുപിറുത്തത്.
"എനിക്കറിയില്ല "
അയാളും ദുർബലനായി. യാത്ര പറയാതെ പിരിഞ്ഞപ്പോൾ ഇനിയെന്ന് കാണുമെന്നാണ് അയാളുടെ കണ്ണുകൾ ചോദിക്കുന്നതെന്ന് വാണിക്ക് തോന്നി. അയാൾക്ക് തിരിച്ചും. രണ്ടും സത്യമായിരുന്നു.
"ഞാനൊരു പരാജയപ്പെട്ട ഭർത്താവാണ് വാണീ "
തണുത്ത ശബ്ദത്തിൽ അയാൾ പറഞ്ഞപ്പോൾ കനാലിലൂടെ രണ്ട് വള്ളങ്ങളിലായി നവദമ്പതികളുടെ ഫോട്ടോ ഷൂട്ട് നടക്കുന്നുണ്ടായിരുന്നു.
അവരുടെ പ്രണയത്തിൽ നിന്ന് വാണി കണ്ണെടുത്തില്ല.
"പെണ്ണു കാണാൻ ചെന്നപ്പഴോ കല്യാണം വരെയുള്ള നാളുകളിലോ അവളെന്നോട് കാര്യമായൊന്നും സംസാരിച്ചില്ല. തറവാട്ടിലായിരുന്ന കാലം മുഴുവൻ അവളേതാണ്ട് നിശബ്ദതയായിരുന്നു. പാവ പോലെ ഒരു ഭാര്യ. കീ കൊടുക്കാതെ അവളെല്ലാം ചെയ്തുകൊണ്ടിരുന്നു. എന്നോടിണങ്ങാൻ അവൾക്കു സമയം വേണമെന്നെനിക്ക് തോന്നി. മഴ പെയ്തു തണുത്ത ഒരു രാത്രിയിൽ ഇടിമിന്നലിന്റെ വെളിച്ചത്തിലാണ് അവളുടെ മുഖത്തെ വെറുപ്പ് ആദ്യമായിഞാൻ കണ്ടത്. അവളിലേക്ക് പെയ്തുതോർന്ന് കിതപ്പോടെ ചുംബിച്ചപ്പോൾ. "
വാണി അമ്പരന്നില്ല. അതിന്റെ കാരണം അറിയാവുന്നത് അവൾക്ക് മാത്രമായിരുന്നു.
"എനിക്ക് തോന്നിയത് അവളെന്തോ മറയ്ക്കുന്നെന്നാണ്. ആത്മാവിന്റെ ആഴങ്ങളിൽ തൊട്ട പ്രണയമുണ്ടായിരുന്നോ അവൾക്ക്. ഞാനൊരിക്കൽ അവളോടു ചോദിച്ചു. ഒരു പുരുഷനെയും പ്രണയിച്ചിട്ടില്ല എന്നവൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു. സത്യമാണെന്ന് എനിക്കും തോന്നി. അവൾക്കും എനിക്കുമിടയിൽ ഉള്ളതെന്തോ ഇല്ലാതാക്കാൻ, ഇല്ലാത്ത ഒന്നിനെ ഉണ്ടാക്കാൻ ഞാൻ എന്തൊക്കെയോ ചെയ്തു.യാത്രകൾക്ക് കൂട്ടിക്കൊണ്ട് പോയി. എന്തൊക്കെയോ വാങ്ങിക്കൊടുത്തു. പുതിയ വീടിന്റെ സ്വാതന്ത്ര്യത്തിലേക്ക് തുറന്നു വിട്ടു. അവൾ മാറിയതേയില്ല. അവൾക്കൊന്നും വേണ്ടായിരുന്നു. വെറുപ്പും തണുപ്പും തിങ്ങിയ മുഖമുള്ള ഒരുവൾക്കൊപ്പം സെക്സ് പങ്കിടാൻ എനിക്ക് പറ്റില്ലെന്ന് ഞാൻ കയർത്തയന്ന് അവളെന്നോട് പറഞ്ഞു, അവൾക്കെന്നെ സ്നേഹിക്കാനാവുന്നില്ലെന്ന്. "
സെബാന്റെ കണ്ണുകളിൽ നിന്ന് രണ്ട് തുള്ളി കണ്ണുനീർ ഇറ്റുവീണു.
"എനിക്ക് പക്ഷേ അവളെ ഇഷ്ടമാണ് "
കരയുന്ന പുരുഷനെ തഴുകിയാണ് ശമിപ്പിക്കേണ്ടതെന്ന് വാണിക്ക് തോന്നി. പക്ഷെ നിശബ്ദതയെയാണ് അവൾ തഴുകിയത്.
ഇതളെണ്ണം കൂടിയ കരിനീല ശംഖുപുഷ്പം അവളിൽ നിന്ന് വാങ്ങിയ അയാളുടെ വിരലുകളിൽ അവൾ ചുംബിച്ചു. പിന്നെ അതിവേഗം ഒരു ഓട്ടോറിക്ഷയിലേക്ക് മറഞ്ഞു.
അൺനോൺ നമ്പറിൽ നിന്ന് സെബാന്റെ ശബ്ദം ചെവിയിലേക്ക് വീണപ്പോൾ വാണി ഫ്ളാറ്റിലെ വലിയ കണ്ണാടിക്ക് മുന്നിലായിരുന്നു. വസ്ത്രങ്ങളിൽ നിന്ന് സ്വതന്ത്രയായിരുന്നു. നരച്ചു തുടങ്ങിയിട്ടില്ല. പക്ഷേ മുപ്പത്തഞ്ചാം വയസ്സിൽ വാർദ്ധക്യം ആരംഭിച്ചിരിക്കുന്നു.
"എനിക്ക് ജീവിക്കാൻ നീ വേണം വാണീ. ശ്വസിക്കാൻ വായു പോലെ, കഴിക്കാൻ ഭക്ഷണം പോലെ, കുടിക്കാൻ വെള്ളം പോലെ "ആകുലതകളാൽ ചുട്ടു പഴുത്ത ചിന്തകളിലേക്ക് ആ വാക്കുകൾ കുളിർമഴയായി. ഏകാന്തതയാൽ തണുത്ത് മരവിച്ച സ്വപ്നങ്ങളിൽ ഇളം ചൂടുള്ള കരതലത്താൽ ഒരു ആശ്ലേഷവും. എങ്കിലും വാണി പറഞ്ഞത് മറ്റൊന്നാണ്.
"ഞാൻ സ്വതന്ത്രയാണ് സെബാൻ. മനസ്സുകൊണ്ടെങ്കിലും. പക്ഷേ നിങ്ങളോ? "
കൂർത്ത കണ്ണുകളോടെ കണ്ണാടിക്കപ്പുറത്ത് നിന്നും ലിഡിയ തുറിച്ചു നോക്കുന്നതായി വാണിക്ക് തോന്നി. കുറ്റബോധത്തിന്റെ ഒരു ചെറു ചുരുൾ അവളിൽ ചുഴലി വീശി.
"എനിക്കറിയില്ല "
ആ ഉത്തരത്തിൽ മറുവശത്ത് അയാൾ അവസാനിച്ചു.
മൈസൂരിലെ കാപ്പിത്തോട്ടത്തിൽ തണുത്തു നേർത്ത ഇരുട്ടിലൂടെ സെബാന്റെ വിരലുകളിൽ വിരൽ കോർത്ത് നടന്നപ്പോൾ കോടമഞ്ഞിന്റെ കഷ്ണമായി ലിഡിയ വീണ്ടും വാണിയുടെ മുന്നിലെത്തി.
അവൾ ഭയന്നു. കിതച്ചുകൊണ്ട് അവനിലേക്ക് ചേർന്നു നിന്നു.
കാപ്പിപ്പൂക്കളുടെ മത്തു പിടിപ്പിക്കുന്ന സുഗന്ധത്തിന് ഏതൊരുവളുടെയും ഉള്ളിലെ പ്രണയത്തിന്റെ നീരുറവയെ കാമം കുലംകുത്തിയൊഴുകുന്ന മഴക്കാല നദിയാക്കാൻ കഴിയുമായിരുന്നു.
ബാൽക്കണിയിൽ നിന്ന്, ഇരുട്ടിലേക്ക് സന്ധ്യ അലിയുന്നത് നോക്കി നിന്ന അവളെ സെബാൻ ചാരനിറമുള്ളൊരു കമ്പിളി പുതപ്പിച്ചു. അതിനുള്ളിൽ തന്നെയായിരുന്ന അയാളുടെ മേൽവസ്ത്രം ധരിക്കാത്ത ശരീരച്ചൂടിലേക്ക് വാണി ചേർന്നു നിന്നു. ആ ചൂടിന് ആയിരം കൈകൾ ഉണ്ടായിരുന്നു.
"അവളൊരിക്കലും ഇങ്ങനെയെന്നിലേക്ക് ചേർന്നു നിന്നിട്ടില്ല. എന്റെ പിൻതലയിലെ മുടിയിഴകളെ അള്ളിപ്പിടിച്ചിട്ടില്ല. കണങ്കാൽ കൊണ്ടെന്നെ കെട്ടിപ്പിടിച്ചിട്ടില്ല. കിതപ്പേറി ശ്വാസം മുട്ടുമ്പോൾ എന്റെ ചുണ്ടുകളിൽ നിന്ന് ജീവശ്വാസം നുകർന്നിട്ടില്ല. വെറുപ്പോടെയല്ലാതെ എന്നെ സ്വീകരിച്ചിട്ടില്ല. "
ഒരു കിതപ്പോടെ അയാൾ തുടർന്നു.
"വല്ലാത്ത ഫ്രസ്‌ട്രേഷൻ കൊണ്ട് കൈവിട്ടു പോയൊരു നിമിഷത്തിൽ ഞാനവളുടെ കരണത്തടിച്ചിട്ടു പോലുമുണ്ട്. അതും ആദ്യമായിട്ട്, ഭ്രാന്ത്‌ പിടിച്ചപോലെ ഒരുപാട്"
വാണിയ്ക്ക്‌ കവിൾത്തടം വിങ്ങി വേദനിച്ചു. ലിഡിയ ഒരു തെറ്റാണെങ്കിൽ ശിക്ഷയേറ്റു വാങ്ങേണ്ടവൾ താനാണ്.
"സത്യമാണ്... ഉള്ളിലുണ്ടായിരുന്ന മദ്യം, വാശി, പിന്നെ എന്റെയുള്ളിലപ്പോൾ നീ മാത്രമായിരുന്നു. "
വേദനിക്കുന്ന ലിഡിയയെ ആർദ്രമായ പ്രണയത്തിന് മുന്നിൽ വാണി മറന്നു.
അന്നാദ്യമായി അവളൊരു പുരുഷനെയറിഞ്ഞു. അവൾക്കാ നദി നീന്തി മതിയാകുന്നില്ലായിരുന്നു. ഇനിയും എന്നവൾ കെഞ്ചിയപ്പോൾ അവളെ കളിയാക്കുകയും വയസ്സായിത്തുടങ്ങി കൊച്ചേയെന്നയാൾ കളി പറയുകയും ചെയ്തു.
താനെന്തൊരു സ്ത്രീയാണെന്ന ആത്മനിന്ദയെ, ഊറിക്കൂടുന്ന കുറ്റബോധത്തെ, ലിഡിയയുടെ മുഖത്തെ, ഒക്കെ മറയ്ക്കുന്ന എന്തോ ഒന്ന് സെബാനിലുണ്ടായിരുന്നു. കുളിരുന്ന പ്രണയവും കത്തുന്ന കാമവും ചേർത്ത് നിർമ്മിച്ചയൊന്ന്.
ശംഖുപുഷ്പം വാങ്ങി നൽകാൻ വാണി മറന്നില്ല.
പക്ഷേ ലിഡിയയെ വിളിച്ചില്ല. അവളുടെ വിളികൾക്കും മെസ്സേജുകൾക്കും പ്രതികരിച്ചില്ല.
വാണിയുടെ ഫ്ലാറ്റിൽ അവൾക്കൊപ്പം താമസിച്ച ദിവസങ്ങളിൽ താനൊരു ഭർത്താവായെന്ന് സെബാസ്റ്റ്യന് തോന്നി.
................................................................
'എനിക്ക് നിന്നെയൊന്ന് കാണണം. നേരിട്ട്. ചില തീരുമാനങ്ങളെടുക്കാൻ നേരമായെന്നൊരു തോന്നൽ. നീയിപ്പോഴും ഒറ്റക്ക്.
അതും ഞാൻ കാരണം. ചിലതൊക്കെ വേണ്ടന്ന് വയ്ക്കാനുള്ള നേരമായി. ചിലത് നേടാനും. ഒക്കേത്തിനും മുൻപ് നിന്നെയൊന്ന് കാണണം. '
ലിഡിയയുടെ മെസ്സേജ് പലവട്ടം വാണി വായിച്ചു.
നീയില്ലായ്മയിൽ ജീവിച്ചെനിക്ക് മതിയായെന്ന്, നിന്നെയൊപ്പം ചേർക്കാൻ ഇപ്പോഴെനിക്ക് ധൈര്യമുണ്ടെന്ന് അവൾ പറയാതെ പറയുകയാണെന്ന് വാണി തിരിച്ചറിഞ്ഞില്ല.
അവളിലെ പുരുഷൻ മരിക്കുകയും പെൺപ്രണയം മണ്മറഞ്ഞു പോവുകയും ചെയ്തത് ലിഡിയയും അറിഞ്ഞില്ല. പക്ഷെ ലിഡിയയ്ക്ക് വേണ്ടാത്ത സെബാനെ ഭിക്ഷ ചോദിക്കണമെന്ന് വാണിയ്ക്ക് തോന്നി....
രാത്രിമുഴുവൻ ചിന്തിച്ച ശേഷമാണ് പിറ്റേന്ന് വാണി ലിഡിയയ്ക്കരികിലെത്തിയത്.
ഊഞ്ഞാൽ കസേരയിൽ ആലോചനയിൽ മുങ്ങിപ്പോയ വാണി, കുടിച്ച്‌ കൊണ്ടിരുന്ന പാനീയത്തെക്കാൾ തണുപ്പ് കയ്യിൽ അനുഭവപ്പെട്ടപ്പോൾ ഞെട്ടി. ലിഡിയയുടെ വിരലുകൾ കയ്യിൽ തൊട്ടിരിക്കുന്നു..
കൈകൾ പിന്നിലേക്ക് വലിക്കണമെന്ന് വാണി കരുതിയെങ്കിലും ലിഡിയ സ്വന്തം വിരലുകൾ വാണിയുടേതുമായി കോർത്തു കഴിഞ്ഞിരുന്നു
ഇരുവരുടെയും സിരകളിലേക്ക് പാഞ്ഞു കയറിയ സ്പന്ദനങ്ങളാൽ വാണിയ്ക്ക്‌ ദേഹമാകെ പൊള്ളി. വെന്തെരിയുന്ന ആത്മാവിന് മുന്നിൽ അവൾ ലിഡിയയെ മറന്നു. സെബാനെ മറന്നു. കത്തുന്ന കാമത്തെ എരിയുന്ന കുറ്റബോധം കീഴ്പ്പെടുത്തിയ നിമിഷം വാണി പിടഞ്ഞെഴുന്നേറ്റു....
പടികളിറങ്ങി അതിവേഗം റോഡിലേക്ക് നടക്കുമ്പോൾ ഒരു കുഞ്ഞിന്റെ കരച്ചിൽ കാറ്റായി ചെവിയിൽ തുടിച്ചു. ശംഖുപുഷ്പങ്ങൾ ഒപ്പം കരഞ്ഞു. തണുപ്പാൽ മരവിച്ചു പോയ കൈവിരലുകൾ കൊണ്ട് അവൾ അടിവയർ അമർത്തിപ്പിടിച്ചു..
ഒരു നിമിഷനേരം മാത്രം വിരലുകളിൽ നിന്ന് കൈകളിലേക്കും പിന്നെ ഹൃദയത്തിലേക്കും ചുഴിഞ്ഞിറങ്ങിയ ചൂട് പെട്ടെന്ന് തണുത്ത് മരവിച്ച് കട്ടിയായ പോലെ തോന്നി ലിഡിയയ്ക്ക്...
എന്ത് കൊണ്ടായിരിക്കും തനിക്ക് പറയാനുള്ളതൊന്നും കേൾക്കാതെ വാണി ഇറങ്ങിപ്പോയിരിക്കുക....എന്തു കൊണ്ടായിരിക്കും എത്രയോ പ്രാവശ്യം കോർത്ത് പിടിച്ചിട്ടുള്ള വിരലുകൾ ഊരിയെടുത്ത് ഓടിപ്പോയിരിക്കുക....
സെബാനോടെല്ലാം തുറന്നുപറയാൻ, സമൂഹത്തെ എതിരിടാൻ, ധൈര്യം സംഭരിക്കുകയായിരുന്നു ഇത്രകാലം. ഇന്നല്ലെങ്കിൽ ഇനിയെന്നാണ് അവൾക്കത് കേൾക്കാനാവുക....
എല്ലാം പറയാൻ വെമ്പി അവൾ ഫോൺ കൈയിലെടുത്തു. ധൃതിയിൽ വാണിയുടെ നമ്പർ സെലക്ട് ചെയ്യുന്നതിനിടെ ചൂരൽ കസേരയുടെ താഴെ വെച്ചിട്ടുള്ള ഒരു കിറ്റിൽ ലിഡിയയുടെ ശ്രദ്ധ പതിച്ചു. പതിയെ എഴുന്നേറ്റ് അവൾ കിറ്റ് തുറന്നു നോക്കി. പിന്നെ, ഒന്നു മാത്രം റിങ് ചെയ്ത കോൾ അവസാനിപ്പിച്ചു..
എവിടെക്കോ രക്ഷപ്പെടാനുള്ള വ്യഗ്രതയിൽ കാറോടിച്ചു കൊണ്ടിരുന്ന വാണി ഫോണിൽ ലിഡിയയുടെ കോൾ കണ്ടപ്പോൾ വീണ്ടും പിടഞ്ഞു... ഒറ്റ റിങ്ങിൽ കോൾ അവസാനിച്ചപ്പോൾ ഭയന്നു. തൊണ്ട വരണ്ടു...അവൾ ഉറക്കെയുറക്കെ കരഞ്ഞു.
താനാരെയൊക്കെയാണ് ചതിച്ചത്?
ഒരേ പാതിയായ കൂട്ടുകാരിയെ, ജീവിതം നീട്ടിയ പ്രിയനെ... തന്നെത്തന്നെ....
ലിഡിയയുടെ കൈകളുടെ ചൂട് ഒരു കനൽക്കട്ട കൊണ്ട് തൊട്ടതു പോലെ ഹൃദയത്തെ പൊള്ളിച്ചു.പിന്നെ ഇരുകൈകളും ഉയർത്തി ചെവി പൊത്തി സ്റ്റിയറിങ് വീലിനു പുറകിൽ ഒളിക്കാൻ ശ്രമിച്ചു...കാർ ചക്രങ്ങൾ കൊക്കയുടെ ആഴങ്ങളിലേക്കു വഴിതിരിഞ്ഞപ്പോൾ കണ്ണിനു മുന്നിൽ തെളിഞ്ഞ അവ്യക്തമായ രൂപങ്ങളിൽ അവൾ സെബാനെ വ്യക്തമായി കണ്ടു... ഒരു കണ്ണിൽ നിറഞ്ഞ കാമവും മറുകണ്ണിൽ നിസ്സഹായതയിൽ നിന്നുരുവായ കനലും കൊണ്ടു നിൽക്കുന്ന ലിഡിയയെ കണ്ടു... നിറയെ ശംഖുപുഷ്പങ്ങൾ വിരിഞ്ഞു നിൽക്കുന്ന താഴ്‌വരയും കണ്ടു...പിന്നെ ഇരുട്ടും....
തുറന്നു കിടക്കുന്ന ഗേറ്റിലൂടെ വളഞ്ഞു കയറിവന്ന കാറിലിരുന്നു തന്നെ, വരാന്തയിൽ തന്നെയും പ്രതീക്ഷിച്ചെന്ന വണ്ണം ചൂരൽ കസേരയിൽ ഇരിക്കുന്ന ലിഡിയയെ സെബാൻ കണ്ടു..
വാണിയുടെ ഫ്‌ളാറ്റിലേക്ക് താമസം മാറും മുൻപ് ഒരു വാക്ക് പറയുവാൻ ശംഖുപുഷ്പങ്ങൾ പടർന്ന വരാന്ത തന്നെയാവും ഏറ്റവും നന്നാവുക എന്നയാൾ തീർച്ചപ്പെടുത്തിയിരുന്നു... പതിയെ നടന്ന് ലിഡിയയ്ക്കരികിലെത്തിയപ്പോൾ, അവളുടെ കണ്ണുകളിൽ മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത പ്രണയം ജ്വലിക്കുന്നതു പോലെ സെബാന് തോന്നി...
മുട്ടുകുത്തിയിരുന്ന് ഇരുകൈകളും കൊണ്ട് ലിഡിയയുടെ കൈകളിൽ പിടിക്കാനാഞ്ഞ സെബാൻ കാൽമുട്ടുകളിലേക്ക് പടർന്ന ചുവന്ന, വഴുവഴുത്ത തണുപ്പിൽ ഞെട്ടി.. അപ്പോഴും ഇടതു കൈത്തണ്ടയിൽ നിന്ന് തുള്ളികളായി വീണുകൊണ്ടിരുന്ന രക്തത്തിലേക്ക് അയാൾ തുറിച്ചു നോക്കി.
കറുത്ത ഒരു കവറിൽ കരുത്തോടെ വളർന്നു നിൽക്കുന്ന, ഒരു പൂവ് മാത്രം വിരിഞ്ഞ നീല ശംഖുപുഷ്പത്തിന്റെ തൈയ്ക്ക് ചുറ്റും രക്തം തളം കെട്ടിയിരുന്നു...പിന്നെ നേർത്ത അരുവിയായി ചാലിട്ടൊഴുകി. നീല ശംഖുപുഷ്പങ്ങൾ സ്വപ്നങ്ങളായി പ്രണയം നിറച്ച അയാളുടെ താഴ്‌വര ആദ്യം ചുവക്കുകയും പിന്നെ കറുക്കുകയും ചെയ്തു.

Dr. Salini CK

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo