Slider

ശ്മശാനത്തിലെ കാവൽക്കാരൻ(കഥ)

0


കറുത്തിരുണ്ട അയാൾക്ക് പേരുണ്ടായിരുന്നില്ല. അയാളെ ആർക്കും പേര് ചൊല്ലി വിളിക്കേണ്ടിയും വന്നിട്ടില്ല. അയാളുടെ ഗൗരവമോ നിസ്സംഗതയോ എന്നു വേർതിരിച്ചറിയാനാവാത്ത മുഖഭാവത്താൽ, അയാളോട് പേര് ചോദിക്കുക എന്നുള്ള താല്പര്യം ചിലരൊക്കെ ഉപേക്ഷിച്ചിരുന്നു

അന്നും ഇരുട്ടായിരുന്നു. ശ്മശാനത്തിലെ നിറയെ മുള്ളുകൾ നിറഞ്ഞ മുരിക്കു
മരത്തിലിരുന്നു കാലൻ കോഴി നീട്ടി കൂവിക്കൊണ്ടിരുന്നു. തീ കെട്ടമർന്നു കനലും ചാരവും മാത്രം ബാക്കിയായ ചിതയിൽ നിന്നും എരിയാതെ ബാക്കിയായ കുറച്ചു എല്ലിൻ കഷ്ണം കുടത്തിലേക്ക് എടുത്തിടുമ്പോൾ അയാൾ എന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു.
ചിലർ ആ കുടങ്ങൾ തേടി വരും, മോക്ഷകർമ്മത്തിനായി. ചിലത് ആർക്കും വേണ്ടാതെ പറമ്പിന്റെ മൂലയിൽ ചിതലെടുത്തു മണ്ണോട് ചേരും.

തലയുയർത്തി തെക്കേകോണിലെ മുരിക്കു മരത്തിലേക്ക് ഒരു പുച്ഛച്ചിരിയോടെ നോക്കിക്കൊണ്ട് അയാൾ കാലൻകോഴിയുടെ കരച്ചിൽ ആസ്വദിച്ചു നിന്നു.

"ഇവിടെ മരണമല്ല, മോക്ഷമാണ്, ഇത് നിന്റെയിടമല്ല, ഇതു ആത്മാക്കളുടെ ഇടമാണ്. പറന്നു പോവുക നീ." അയാൾ ഉച്ചത്തിൽ ചിരിക്കവേ കാലൻകോഴി ദൂരെയെവിടെയോ മരണദൂതറിയിക്കാൻ പറന്നു പോയി

ഇരുട്ട് പോലെ കറുത്തതും കനംപിടിച്ചതുമായ ഒരു കമ്പിളി ചുറ്റി അയാൾ ശവമഞ്ചത്തിന്റെ അടുത്ത് വന്നിരുന്നു. തൊട്ടപ്പുറത്ത് വലിയ ഇരുമ്പ് ചക്രത്തോട് കൂടിയ ഒരു ശവവണ്ടിയും ഉണ്ടായിരുന്നു. കുതിരയെ നഷ്ടപ്പെട്ട ഒരു കുതിരവണ്ടിയെ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു ആ ശവവണ്ടി. ചക്രങ്ങൾ തുരുമ്പെടുത്തിരിക്കുന്നു. ചിലപ്പോൾ ശവങ്ങൾ കൊണ്ട് വരുമ്പോൾ ആ വണ്ടി കരച്ചിലിന്റെ ശബ്ദം ഉണ്ടാക്കിയേക്കാം.

ശവമഞ്ചത്തിൽ ബാക്കിയായ അരിയും പൂവും വലതു കൈയാൽ തൂത്തു തുടയ്ക്കുമ്പോളായിരുന്നു അതിനിടയിലൊരു മുല്ലപ്പൂ അയാളുടെ കണ്ണിലുടക്കിയത്.

ആദ്യമായി ഒരു കുഞ്ഞിനെ കൈയിലെടുക്കുന്ന കരുതലോടെ, അയാൾ ആ പൂവിനെ പതുക്കെ കൈയിലെടുത്തു. അതിന്റെ ഗന്ധമോ, മറ്റെന്തോ ഓർമ്മയോ, ഏതോ ഒന്നു അയാളെ അയാളുടെ ജോലിയിൽ നിന്നും അല്പനേരത്തേക്ക് മാറ്റിയിരുത്തി.

ഓരോ തവണ ആ പൂവിനെ അയാൾ മണത്തു നോക്കുമ്പോഴും, അതിന്റെ ഗന്ധത്തെ ഒരു അണുപോലും പുറത്തു കളയില്ലെന്ന വാശിയോടെ വീണ്ടും വീണ്ടും ആ ഗന്ധം അയാൾ ആസ്വദിച്ചു കൊണ്ടേ ഇരുന്നു. ജടതിങ്ങിയ തലയ്ക്കും താടിക്കും ഇടയിലൂടെ അയാളുടെ മുഖത്തെ സന്തോഷവും ചിരിയും അയാളുടെ മുഖത്തെ ഒന്നൂടെ വികൃതമാക്കിയെന്നു തോന്നിപ്പോകും.

കരിപിടിച്ച കൈയിൽ വെളുത്തൊരു പാട് പോലെ തോന്നിപ്പിച്ച പൂവിനെ ചൂണ്ടുവിരൽകൊണ്ട് അയാൾ തലോടിക്കൊണ്ടിരുന്നു. പതിയെപ്പതിയെ ചെവിയിൽ പാദസരകിലുക്കം അലയടിച്ചുയരുമ്പോൾ തലയ്ക്ക് പിന്നിലായി അയാൾക്ക് ശക്തമായ വേദന തോന്നി തുടങ്ങിയിരുന്നു. തല അമർത്തിപ്പിടിച്ചു ശവവണ്ടിയിൽ കിതപ്പോടെ അയാൾ ചാരി കിടന്നു.

ഇരുപത് വർഷങ്ങൾക്ക് മുൻപ്, അലഞ്ഞു തിരിഞ്ഞു ഒടുക്കം ശ്മശാനത്തിൽ അയാൾ വന്നു കയറുമ്പോൾ കാളിയപ്പൻ എന്നൊരു തമിഴൻ വൃദ്ധനായിരുന്നു ശ്മശാനത്തിലെ ജോലി ചെയ്തിരുന്നത്. അനാഥശവങ്ങളും, മാറാരോഗം ബാധിച്ചു മരിച്ചവരെയും ഓകെ ദഹിപ്പിച്ചിരുന്നത് കാട് പിടിച്ചു കിടക്കുന്ന ഈ ശ്മശാനത്തിലായിരുന്നു. ഭ്രാന്തനായ അയാളെ കാളിയപ്പൻ ശ്മശാനത്തിൽ തങ്ങാൻ അനുവദിച്ചു. പതിയെ പതിയെ അയാൾ ഭ്രാന്തിൽ നിന്നും പകുതി കര കയറിയെങ്കിലും തന്റെ അസ്തിത്വം മറന്നിരുന്നു. കാലങ്ങൾക്കിപ്പുറം അയാൾ ഭ്രാന്തനായ ശ്മശാനം കാവൽക്കാരനായി മാറിയിരിക്കുന്നു. അന്നും ഇന്നും അയാളെ അസ്വസ്ഥമാക്കുകയും സന്തോഷം നൽകുകയും ചെയ്തത് ശവമഞ്ചത്തിൽ വാടി വീണുകിടക്കുന്ന മുല്ലപ്പൂവുകൾ ആയിരുന്നു.

കൈയിലെ മുല്ലപ്പൂ നോക്കിയിരിക്കെ, രണ്ടു മൂന്ന് കുറുക്കന്മാർ ഓരിയിട്ടു അയാളുടെ മുന്നിലൂടെ ഓടിപ്പോയി. ചിന്തകളിൽ നിന്നും ഞെട്ടിയതും അയാൾ എഴുന്നേറ്റ് ശവമഞ്ചം എടുത്ത് വണ്ടിയുടെ അരികിലേക്ക് മാറ്റി വെച്ചു. അയാൾക്കപ്പോൾ കർപ്പൂരവും, സമ്പ്രാണിതിരിയും ഒന്നിച്ചു കത്തിച്ചതിന്റെ മണമായിരുന്നു. തലയൊന്നു കുടഞ്ഞു മുടിയിലെ ചാരം കുടഞ്ഞു കളഞ്ഞു അയാൾ പറമ്പിലെ മൂലയിലെ കിണറ്റിൻകരയിലേക്ക് ചെന്നു.

"രാത്രികളെ, നിങ്ങൾ കേട്ടു കൊള്ളുവിൻ
നിങ്ങളെന്റെ ജീവന്റെ നിഴയലായവർ
ചണ്ഡാളന്റെ ഉള്ളത്തെ പൊതിഞ്ഞു പിടിച്ചവർ
രാത്രികളെ, നിങ്ങളെന്റെ പ്രാണന്റെ കാവലായവർ"

എന്തൊക്കെയോ ജല്പനങ്ങളാൽ അയാൾ വെള്ളം തലയിലൂടെ കോരി ഒഴിച്ചു കൊണ്ടിരുന്നു. അയാളുടെ വേഗം കിണറ്റിലേക്ക് വന്നു വീഴുന്ന പാളയും കയറും അറിയുന്നുണ്ടായിരുന്നു. ഈറനാലെ ആ പൊളിഞ്ഞു വീഴാറായ ഷെഡിൽ വന്നു കിടക്കുമ്പോൾ ഒരു നായയും അതിന്റെ രണ്ട് മക്കളും ഹാജരായിരുന്നു. ശവദാഹം കഴിഞ്ഞു പോകുന്നവർ അയാൾക്ക് ഭക്ഷണം നൽകുന്ന പതിവുണ്ടായിരുന്നു. എന്നോ ഒരിക്കൽ നിറവയറുമായി വന്ന തെരുവ്പട്ടിക്ക് ഇട്ടു കൊടുത്ത ഒരു ഉരുള ചോറിൽ നിന്നും അന്നുണ്ടായത് അയാളെ പ്രതീക്ഷിക്കുന്ന മൂന്ന് ജീവനുകൾ ആയിരുന്നു.

പഴകിയ ഭക്ഷണം നാലുപേർ പങ്കിടുമ്പോൾ ചിതയിലെ അവസാന കനലും കെട്ടടങ്ങിയിരുന്നു. ഇന്നലെവരെ മദിച്ചു നടന്നൊരു ദേഹം ഭൂമിയിൽ ഒരടയാളങ്ങളും ഇല്ലാതെ മറഞ്ഞിരിക്കുന്നു.

പിറ്റേന്ന് രാവിലെ ഒരു വലിയ നിലവിളി ഉറക്കം ഞെട്ടിച്ചതും, ദേഷ്യത്തോടെ അയാൾ ചാടി എഴുന്നേറ്റു. നോക്കുമ്പോൾ ആക്രി സാധനങ്ങൾ പെറുക്കുന്ന ആ പെണ്ണും മൂന്നാലു പേരും. ഒരു ശവപ്പെട്ടി ചുമന്നു രണ്ടു പേര് വേറെയും.

ഒക്കത്തൊരു കുഞ്ഞിനെയും വെച്ചു പലപ്പോഴും ശ്മശാനത്തിലേക്ക് കടന്നു വരുന്ന അവളെ അയാൾ തന്റെ കൈയിലെ നീളൻ ദണ്ഡ് കൊണ്ട് പേടിപ്പിച്ചു ഓടിക്കാറുണ്ടായിരുന്നു. തന്റെ സാമ്രാജ്യത്തിലേക്ക് അതിക്രമിച്ചു കയറുന്നവൾ ആയിട്ടായിരുന്നു അയാൾ അവളെ കണ്ടത്. ആ അവളാണ് കിടന്നു നിലവിളിക്കുന്നത്. കൂടെ വന്നവരിൽ നിന്നും, അത് അവളുടെ ഭർത്താവാണെന്നും, ഇന്നലെ ആക്രി പെറുക്കി നടക്കുമ്പോൾ ബസ്സിടിച്ചു അവൻ ചത്തെന്നും കൂടെ വന്നവർ പറഞ്ഞറിഞ്ഞു.

അവളോട് ദയ പോലും തോന്നിപ്പിക്കാത്ത മുഖത്തോടെ അയാൾ ചിതയൊരുക്കാൻ തുടങ്ങി. ചിതയൊരുക്കി വെച്ചതും അവർ കൊടുത്ത മുല്ലമാല അവൾ മൃതദേഹത്തെ അണിയിച്ചു. കഴുത്തിലെ താലിമാല അഴിച്ചു അവൾ ചിതയിലേക്ക് വെച്ചു. കരച്ചിൽ ഇടയ്ക്ക് ഏറിയും കുറഞ്ഞും ഇരിക്കുന്നുണ്ട്. അവളുടെ കുഞ്ഞ് ഇതൊന്നും മനസ്സിലാവാതെ അവിടെയൊക്കെ ചുറ്റി നടക്കുന്നുണ്ട്. ശവദാഹം കഴിഞ്ഞതും അവരിലൊരാൾ ഭക്ഷണവും, കുറച്ചു പൈസയും അയാൾക്ക് നൽകി. ക്രൂരമായൊരു അട്ടഹാസത്തോടെ അയാൾ ആ പൈസ അയാളുടെ കൈകളിലേക്ക് എറിഞ്ഞു കൊടുക്കും പോലെ വെച്ചു കൊടുത്തു. ഭക്ഷണം വാങ്ങി ശവവണ്ടിയിൽ കൊണ്ടു വെച്ചു തിരിഞ്ഞു നടക്കുമ്പോൾ ആയിരുന്നു ആ കുഞ്ഞ് ചിതയ്ക്കരികിൽ കിടന്ന മുല്ലമാല തൊട്ട് തടവുന്നത് കണ്ടത്

"എന്നാച്ച്... പാപ്പാവ്ക്ക് മല്ലികൈ പൂ വേണമാ.."

ഏതോ ഗുഹയിൽ നിന്നും വരുമ്പോലെയുള്ള അയാളുടെ ശബ്ദം കേട്ട് കുഞ്ഞ് പേടിച്ചെങ്കിലും അയാൾ പൂ തരുമെന്ന പ്രതീക്ഷ കുഞ്ഞിനെ അവിടെ തന്നെ നിർത്തിച്ചു.

പൂവും വാങ്ങി അമ്മയുടെ കൂടെ നടന്നു പോകുന്ന അവളെ നോക്കിനിന്നു ഒരു തലയാട്ടലിൽ അയാൾ വീണ്ടും തന്റെ ഇരിപ്പിടത്തിൽ വന്നിരുന്നു.

മുല്ലപ്പൂമണം ചുറ്റിലും നിറയുമ്പോൾ, അയാൾ വാ തുറന്നു ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തു.

ഉച്ചവെയിൽ വെട്ടിത്തിളയ്ക്കുമ്പോൾ, അയാൾ മഴുവുമായി പറമ്പിന്റെ മൂലയിലേക്ക് നീങ്ങി. പകലും ഇരുട്ട് പരന്നു കിടക്കുന്ന ആ ശവപറമ്പിലോ, അതിനടുത്ത് കൂടിയോ ആരും പോകാറില്ലായിരുന്നു. വിറക് ആഞ്ഞു വെട്ടിക്കീറുമ്പോഴും അയാൾ എന്തൊക്കെയോ പിറുപിറുത്തുകൊണ്ടിരുന്നു.

ഇരുട്ടായപ്പോഴായിരുന്നു ഒരു ആംബുലൻസ് അവിടേക്ക് വന്നത്. വെളുത്ത വസ്ത്രത്തിൽ രണ്ട് പേരും വൃദ്ധനായ ഒരാളും അതിൽ നിന്നുമിറങ്ങി.

തലയൊന്നു ചൊറിഞ്ഞു, തന്റെ കറുത്ത കമ്പിളി ഒന്നു കുടഞ്ഞു, അയാൾ അത് ദേഹത്തേക്ക് ചുറ്റിക്കൊണ്ട്, വരുന്നവരെ സൂക്ഷിച്ചു നോക്കിനിന്നു. ഒരു നോക്കിൽ ആരും ഒന്നു ഭയക്കും അയാളുടെ അടുത്തേക്ക് വരാൻ.

വന്നവരോട് ഒന്നും തിരക്കാൻ നിൽക്കാതെ
ഭയപ്പെടുത്തുന്ന ഗൗരവത്തോടെ അയാൾ കിണറിനരുകിലെ ചെമ്പകചോട്ടിൽ ചിതയൊരുക്കിതുടങ്ങി. കർമ്മം ചെയ്യാനുള്ളവർ പൂജാ വസ്തുക്കൾ കൊണ്ടു വരാറുണ്ടെങ്കിലും അനാഥരായി മടങ്ങുന്ന ദേഹങ്ങൾക്ക് കർമ്മങ്ങൾ മുടങ്ങാതിരിക്കാൻ അയാൾ എല്ലാ പൂജാ സാധനങ്ങളും കരുതാറുണ്ടായിരുന്നു.
വാഴയിലയും കറുകയും എള്ളും പൂവും അയാൾ ശവവണ്ടിയിൽ എന്നും കരുതിയിരുന്നു.

ചിതയൊരുക്കിയെന്നു പറഞ്ഞതും അറ്റൻഡർമാർ മൃതശരീരം എടുത്തു ചിതയിൽ വെച്ചു തിരിച്ചു നടന്നു. കൂടെ വന്ന പ്രായമുള്ള മനുഷ്യൻ അയാളുടെ കൈയിൽ ഭക്ഷണവും ഒരു പുടവയും കൊടുത്തു തിരിച്ചു പോകാനൊരുങ്ങി.

"ഈ ശവത്തിനു ആളും ഉടയോനും ഒന്നും ഇല്ലേ..?" ഒട്ടൊരു പരിഹാസത്തോടെ ആയിരുന്നു അയാളുടെ ചോദ്യം. "ഒരുകണക്കിന് അതാണ് നല്ലത്. മോളിലൊട്ടു പോകുമ്പോൾ അവശേഷിപ്പുകൾ ഇല്ലാത്തതാ നല്ലത്. ഉണ്ടായാൽ മരിക്കുമ്പോൾ മനസ്സ് ഭാരമുള്ളതാകും." അയാൾ അതും പറഞ്ഞു വിറകുകൊള്ളിയെടുത്തു മൃതദേഹത്തിന്റെ മുഖത്തേക്കും നെഞ്ചിലേക്കും കാൽക്കലും വിലങ്ങനെ വെച്ചു.

അയാളുടെ ചോദ്യത്തിന്, വൃദ്ധൻ തിരിഞ്ഞു നിന്ന്, ഇല്ലെന്നു പറഞ്ഞു. കൈയിൽ കറുകയും വലതു കൈയിൽ കിണ്ടിയിൽ വെള്ളവും എടുത്തു അയാൾ വൃദ്ധന്റെ അടുത്തെത്തി.

"അപ്പൊ അനാഥൻ ആണ്. എന്താ ആളുടെ പേര്..?"

"അനാഥയാണ്. പേര് സുഭദ്ര."

"ഏതോ ഇല്ലത്തെ സ്ത്രീയാണ്. താഴ്ന്ന ജാതിയിൽപെട്ടവനെ സ്നേഹിച്ചത് കൊണ്ട് പടിയടച്ചു പിണ്ഡം വെക്കപ്പെട്ടവൾ. സ്നേഹിച്ചവനെ വീട്ടുകാർ തലയ്ക്കടിച്ചു കൊന്നു. പാവം അതൊന്നും അറിഞ്ഞില്ല, എന്നെങ്കിലും ആ ആൾ വരുമെന്നും കരുതി വൃദ്ധസദനത്തിൽ ഇന്നലെ വരെ കഴിഞ്ഞു. ഞാനും അവിടെയുള്ള അന്തേവാസിയാണ്. എനിക്കിവിടെ അധികനേരം നിൽക്കാൻ ആവില്ല. നിങ്ങൾ യഥാവിധി എല്ലാം ചെയ്യുമെന്നറിയാം.
ഇതാ ഇതും കൂടെ ആ ദേഹത്ത് വെച്ചേക്കൂ, ആൾക്ക് വലിയ ഇഷ്ടമാണ്."

ബാഗിൽ നിന്നും നീളത്തിൽ ഒരു മുല്ലമാല എടുത്തു അയാളുടെ കൈയിലേക്ക് കൊടുത്തിട്ട് വൃദ്ധൻ യാത്ര പറഞ്ഞു ആംബുലൻസിൽ തന്നെ തിരിച്ചു പോയി.

നിലത്തേക്ക് ഞെരിഞ്ഞു വീണ കറുകയും, തുളുമ്പി മറിഞ്ഞു വീണ കിണ്ടിയും വെള്ളവും ആ വൃദ്ധൻ കണ്ടില്ല

മൃതദേഹത്തിന്റെ മുഖത്ത് വെച്ച വിറക്‌ തട്ടിയെറിഞ്ഞു, വെളുത്ത തുണി നീക്കുമ്പോൾ അയാളുടെ തലയ്ക്ക് പിന്നിലായി ഒരു മിന്നൽപിണർ പായുന്നുണ്ടായിരുന്നു. കണ്ണിൻമുന്നിൽ ചോര ഒഴുകുന്ന തലയുമായി പ്രാണരക്ഷാർത്ഥം ഒരു ഇരുപത്തഞ്ചുകാരൻ ആറ്റിലേക്ക് വീഴുകയായിരുന്നു. ആയിരം കൊള്ളിയാൻ തലയിലിറങ്ങും പോലെ അയാൾ ആ ഇരുളിൽ ഉച്ചത്തിലുച്ചത്തിൽ അലറിക്കരഞ്ഞു.

ഇരുട്ട് മൂടിയ ഹൃദയത്തിൽ ഓർമ്മകൾ വെളിച്ചമാകുമ്പോൾ, മുല്ലപ്പൂവിനെ അത്രമേൽ സ്നേഹിച്ച ഒരാൾ എന്നെന്നേക്കുമായി അയാളിൽ നിന്നും പടിയിറങ്ങിയിരുന്നു.

✍🏽 സിനി ശ്രീജിത്ത്

Best of Nallezhuth- 

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo