നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സാബൂൻ (കഥ)


മെലിഞ്ഞുണങ്ങി കറുത്തോരുടലിൽ അവിടവിടെയായി ചൊറിഞ്ഞുമാന്തി തോലുപൊളിഞ്ഞ് നീണ്ടുനിവർന്നു കിടക്കുന്ന റോഡിനു കുറുകേ കാദംബരി പതിയെ നടന്നു. എതിർവശത്തുള്ള പൈതല് നായരുടെ കടയാണ് ലക്ഷ്യം .

"ഒരു കഷ്ണം സാബൂൻ ."

പൈതല് നായർ മുഖമുയർത്തിയൊന്നു നോക്കി .ശേഷമൊരു പുഞ്ചിരി പാസാക്കി.

"എന്തിനാ സാബൂനാക്കുന്നേ , വാസന സോപ്പ് തരട്ടെ ..?"

"അയിനുള്ള പൈസയില്ല .നിയ്ക്ക് സാബൂൻ മതി ."

"അയിന് എന്നോടാരാ കാദംബര്യേ പൈസ ചോയിച്ചത് ?"

"ദേ നായരേ ... ഇന്നക്കൊണ്ടൊന്നും പറയിപ്പിക്കണ്ടാട്ടോ . ങ്ങക്ക് സാബൂൻ തരാമ്പറ്റ്വോ..?"

"ഓഹോ ... ഓശാരത്തിന് വാങ്ങുന്നതും പോരാഞ്ഞ് കുളൂസ് വർത്താനോം ണ്ടല്ലോ .. ഇച്ചൂടൊന്നും കടം വീട്ടാൻ കാണാറില്ലല്ലോ ."

കാദംബരിയുടെ മുഖം വാടുന്നത് കണ്ട നായർ ചുറ്റുമൊന്ന് നോക്കി .

രണ്ട് ചുവട് അവളുടെ സമീപത്തേക്ക് നടന്ന് ആ അംഗലാവണ്യം വിസ്തരിച്ചൊന്നു ചുഴിഞ്ഞെടുത്തു.

"നീ വെഷമിക്കാൻ പറഞ്ഞതല്ല .നിന്നോട് ഞാൻ പൈസ ചോദിക്കാറുണ്ടോ ...? നിനക്കുണ്ടാവില്ലേ മോഹങ്ങള് ,
ന്താ വേണ്ടാച്ചാ വാങ്ങിക്കോ ."

നായർ തന്റെ തന്ത്രമൊന്ന് മാറ്റിക്കൊളുത്തി . സാബൂനും വാങ്ങിപ്പോവുന്ന കാദംബരിയുടെ താളാത്മകതയെ ആവോളമാസ്വദിച്ച്
ആയാളൊരു ബീഡിക്ക് തീക്കൊടുത്തു

"ഏടാപ്പോവാനാ ... വരും .. !".

പാടത്തെ കുഴഞ്ഞ ചേറിൽ ചോരകലർന്നാ ദിവസം മേലാറ്റുകര മറക്കില്ല .വരമ്പിൽ കുത്തി നിർത്തിയ വാളിൽ പിറ്റേന്ന് രാവിലെ പറ്റിപ്പിടിച്ച ചോരതീർത്ത വിപ്ലവപ്പൂക്കൾ വാടിക്കരിഞ്ഞപ്പോഴേക്കും കാദംബരി നിരാലംബയായിത്തീർന്നിരുന്നു.
ദിവാകരനെന്ന സൻമനസ്സിനെ വെട്ടിനുറുക്കി രാഷ്ട്രീയത്തിന്റെ പുതിയ ദിശാസൂചികകൾ നാട്ടിയവരറിഞ്ഞിരുന്നില്ല അവന്റെ സർവ്വസ്വമായിരുന്ന പെണ്ണിന്റെ ഭാവിയിലേക്കുള്ള വെളിച്ചം കൂടിയാണ് കെടുത്തിയതെന്ന് .

നിറദീപമണയുമ്പോൾ പരക്കുന്ന ഇരുട്ടിന്റെ ഭയാനകത ....!

കാദംബരി തന്റെ ഒറ്റമുറി വീടിന്റെ ഒട്ടും ബലമില്ലാത്ത സാക്ഷനീക്കി അകത്തേയ്ക്കു കടന്നു .ചുമരിൽ രക്ത ഹാരമണിഞ്ഞ ദിവാകരന്റെ ചുണ്ടിൽ അപ്പോഴുമൊരു മന്ദഹാസം തറഞ്ഞു നിൽപ്പുണ്ടായിരുന്നു.

"ദിവാരേട്ടാ ,നമുക്ക് രാഷ്ട്രീയമൊന്നും വേണ്ട .നമ്മെയറിയാത്ത ദൂരെ എവിടെങ്കിലും പോയി ജീവിക്കാം ."

''നിനക്കെന്താ പേടിയുണ്ടോ പെണ്ണേ ...? എടീ നാം കൂടി ഉൾപ്പെടുന്ന സമൂഹത്തിന്റെ സകലതിലും നമുക്ക് പലതും ചെയ്യാനുണ്ട് .ഒളിച്ചോടുന്ന ഭീരുവായിരുന്നെങ്കിൽ നിന്നെയെനിക്ക് കിട്ടുമായിരുന്നോ .."

"ന്നാലും .. ചിലതെല്ലാം കേൾക്കുമ്പോൾ ഒരുൾഭയം ."

വേണ്ട കാദംബരീ.., ദിവാകരൻ എന്ന എന്നെ മാത്രമേ നീ കാണുന്നുള്ളൂ ഒട്ടൊന്നു പുറകിലേക്ക് നോക്കിയാൽ നിനക്ക് കേൾക്കാം നിരാലംബരുടെ അടക്കിപ്പിടിച്ച നെടുവീർപ്പുകൾ .

ആ നെഞ്ചിലെ ചൂടേറ്റ് കാദംബരി മയങ്ങിയ അവസാനത്തെ രാത്രി അവളുടെ മനസ്സിൽ മായാതെ നിൽപ്പുണ്ടായിരുന്നു.

ദിവാകരന്റെ മരണം ആ നാടിന്റെ ദു:ഖമായിരുന്നു .
ആയിരങ്ങളൊഴുകിയെത്തി പകർന്നു നൽകിയ ആശ്വാസവചനങ്ങളുടെ കവചമുരുകിത്തീർന്നപ്പോഴേക്കും ആ ഒറ്റമുറി വീട്ടിൽ കാദംബരി തനിച്ചായിത്തീർന്നിരുന്നു.

രാത്രിയെ അവൾക്കു ഭയമായിരുന്നു. പകലു മാഞ്ഞ് ഇരുട്ടിനെ ഉൾക്കൊള്ളാനുള്ള സന്ധ്യയുടെ മൂകത അവളെ വല്ലാതെ ഗ്രസിച്ചിരുന്നു. ദിവാകരതേജസ്സിന്റെ പ്രതിഫലനം അൽപ്പകാലം മാത്രമേയവൾക്ക് ഊർജ്ജം നൽകിയിളളൂ. പതിയെ ഇരുട്ടവളെ കാർന്നുതിന്നാൻ തുടങ്ങി.

ആഴി പോലെ പരന്നൊഴുകുന്ന അന്ധകാരം ...!

ചിന്തിക്കുന്തോറും കുഴഞ്ഞുമറിഞ്ഞ് അവ്യക്തമായ നിഴൽരൂപങ്ങൾ തീർക്കുന്ന നശിച്ച കാലത്തിന്റെ ശേഷിപ്പുകളെ കാദംബരി മനസ്സുരുകി ശപിച്ചു. ഒറ്റക്കണ്ണൻ ഞെക്കുവിളക്കുകൾ പല രാത്രികളിലും അവളുടെ ഹൃദയമിടിപ്പുകളെ ഉച്ചസ്ഥായിലേക്കുയർത്തി.

"ഒരു രാഷ്ട്രീയക്കാരന് പ്രാഥമികമായി വേണ്ടത് തന്റേടമാണ് .എന്തും നേരിടാനുള്ള നെഞ്ചുറപ്പ്. നിനക്കറിയാമോ കാദംബരീ .., നമ്മുടെ ഉറപ്പിന് മുന്നിൽ ആദ്യം ആരുമൊന്ന് ചൂളും. നമ്മുടെ പിന്നിൽ നിന്നുയരുന്ന ശബ്ദങ്ങളെ കുറുക്കുവഴി തേടുന്നവർ വല്ലാതെ ഭയപ്പെടും."

ഒരു ജനതയെ നയിക്കുവാനുള്ള ഉൾക്കരുത്ത് തുളുമ്പുന്ന വാക്കുകൾ..., കാദംബരി എത്ര കേട്ടിരിക്കുന്നു.

കാലത്തിന്റെ ശീലുകളെ മെരുക്കിയെടുത്ത് കാദംബരി വേറിട്ടൊരു വഴിയിലേക്ക് കയറി.
ദിവാകരൻ പകർന്നു നൽകിയ തന്റേടം വാക്കിലും നോക്കിലും മന:പൂർവ്വമവൾ തുന്നിച്ചേർത്തു. അടുത്ത നിമിഷമെന്തും സംഭവിച്ചേക്കാമെന്നൊരുൾഭയം നാട്ടുകാരിൽ അടിച്ചേൽപ്പിക്കാൻ ഒരു പരിധി വരെ കാദംബരിക്കായി. കുളിക്കടവിലെ പെണ്ണുങ്ങൾ മുതൽ പലചരക്കു കടക്കാരൻ പൈതൽ നായര് വരെ കാദംബരിയോട് ഒരകലം സൂക്ഷിക്കാൻ തുടങ്ങി .

പക്ഷെ ദാരിദ്യം അതിന്റെ കിരാതമുദ്രകൾ കാട്ടാൻ തുടങ്ങിയതോടെ കാദംബരി കൂടുതൽ ഒറ്റപ്പെടാൻ തുടങ്ങി .സഹായഹസ്തങ്ങൾ കൈമടക്കാൻ തുടങ്ങിയതോടെ അവളുടെ ജീവിതത്തിന്റെ സുഗന്ധങ്ങൾ പതിയെ
മായാൻ തുടങ്ങി .

"വാസനാ സോപ്പൊക്കെ നിർത്തി
സാബൂനായല്ലേ ...? "

കുളക്കടവിൽ തെക്കേലെ ശാരദയുടെ മുന വെച്ചുള്ള സംസാരം കാദംബരി കേട്ടില്ലെന്ന് നടിച്ച് തേഞ്ഞ് തീരാറായ സാബൂൻ കഷ്ണം കല്ലിൽ പതിച്ച് മുഷിഞ്ഞ വസ്ത്രങ്ങൾ തെല്ലൊരൂക്കോടെ അടിച്ചുതിരുമ്പാൻ തുടങ്ങി.

ആയിടയ്ക്കായിരുന്നു മേലാറ്റുകരയിൽ മറ്റൊരു കൊലപാതകം കൂടി നടന്നത് .ദിവാകരന്റെ മരണത്തിനുള്ള പ്രതികാരമാണ് അതെന്നുള്ള ജല്പനങ്ങളൊന്നും പക്ഷെ കാദംബരിയെ സ്വാധീനിച്ചിരുന്നില്ല .അതിനു ശേഷം ദിവാകരന്റെ പഴയ നേതാക്കൾ വീണ്ടും കാദംബരിയുടെ ഒറ്റമുറി വീട് തേടിയെത്തി എന്നതായിരുന്നു അവളെ സംബന്ധിച്ച് വിചിത്രമായ വസ്തുത.

"നിങ്ങൾ നേതാക്കൾ തമ്മിൽത്തമ്മിൽ വെട്ടി മരിക്കുന്നൊരു കാലം വരട്ടെ , അന്നേ
കാദംബരി നിങ്ങളയൊക്കെ ഈ പടി കയറ്റു . പകരത്തിനു പകരം ചെയ്യാൻ നിങ്ങൾക്കിത് കുട്ടിക്കളിയാവും ...
എന്നെയാക്കൂട്ടത്തിൽ ചേർക്കണ്ട."

ഉശിരുള്ള പെണ്ണിലേക്കുള്ള കാദംബരിയുടെ വളർച്ച മേലാറ്റുകര വിസ്മയത്തോടെ നോക്കി നിന്നു. അദ്ധ്വാനത്തിന്റെ
വിയർപ്പുറ്റി വീണ അപ്പകഷ്ണങ്ങൾ ആത്മസംതൃപ്തിയോടവൾ സ്വീകരിച്ചു.

അന്നൊരു മഴയുള്ള ദിവസമായിരുന്നു. ചന്നം പിന്നം പെയ്യുന്ന മഴയെ ഉമ്മറക്കോലായിലിരുന്ന് ഇരുമനസ്സാലെ ആസ്വദിക്കുമ്പോഴാണ് അവൾക്കൊരു വെളിപാടുണ്ടായത്.പെട്ടന്ന് ഉടുത്തതൊക്കെ മാറ്റി പഴയൊരു കുടയുമായി അവളിറങ്ങി നടന്നു. മേലാറ്റുകരയുടെ വടക്കുഭാഗത്തെ കുന്നിൻ ചെരിവിലുള്ള ചന്ദ്രപ്പന്റെ വീടായിരുന്നു മനസ്സിൽ.

തന്നെപ്പോലെ ഇരുട്ടിൽ തപ്പുന്നൊരു ജൻമമുണ്ടവിടെയെന്ന് അവൾക്കറിയാമായിരുന്നു. അവിടെ ചെല്ലുമ്പോഴേക്കും മഴമാറി മാനം തെളിയാൻ തുടങ്ങുണ്ടായിരുന്നു .ഇടിഞ്ഞു വീഴാറായൊരു വീട് ,മുറ്റത്തെ ഇത്തിരി വട്ടത്തിലിരുന്നൊരു എട്ടു വയസ്സുകാരൻ ഒരു കഷ്ണം വടിയെടുത്ത് മണ്ണിൽ എന്തൊക്കയോ പറഞ്ഞ് അടിക്കുന്നു. അവളെ കണ്ടപാടെ അവൻ തന്റെ പ്രവൃത്തി നിർത്തി മുഖമുയർത്തി സംശയത്തോടെ നോക്കി . വിളറി വെളുത്ത മുഖത്തെ ഭാവങ്ങൾ കാദംബരിക്ക് അനായാസം വായിച്ചെടുക്കാൻ കഴിയുമായിരുന്നു.

"അമ്മയെവിടെ ...? "

"ആരാ ...എന്ത് വേണം "

അപ്പോഴേക്കും ഇറപറ്റി മുഷിഞ്ഞ വേഷത്തിൽ ഒരു സ്ത്രീരൂപം അവർക്കു മദ്ധ്യേ നിലയുറപ്പിച്ചു. .ആ മുഖത്തെ സംശയം കണ്ടിട്ടാവണം കാദംബരി സ്വയം പരിചയപ്പെടുത്തി .

അവൾക്ക് പക്ഷെ ദിവാകരനെയോ നാടിന്റെ രാഷ്ട്രീയ സമവാക്യങ്ങളെ ക്കുറിച്ചോ അത്രയൊന്നും അറിവില്ലായിരുന്നു. കാദംബരിയുടെ ശൂന്യമായ കൈകളിലേക്കവർ ഇതിനോടകം പല തവണ നോക്കിയിരുന്നു.

അകത്ത് കയറിയ കാദംബരി ഇരിക്കാനോരിടം വൃഥാ തേടുന്നതിനെടെ ചന്ദ്രപ്പന്റെ ഭാര്യ പതംപറഞ്ഞ് പല തവണ കരഞ്ഞിരുന്നു. നടന്നു പോയ വഴിയിലെ പല തവണ കണ്ടുമടുത്ത് വെറുത്തു തുടങ്ങിയ പൊള്ളത്തരങ്ങൾ കേട്ട് കാദംബരി മനസ്സാലെ ഊറിച്ചിരിച്ചു.

"പോരുന്നോ എന്റെ കൂടെ ...?

നിന്നേയും മോനേയും നോക്കാനുള്ള പാങ്ങുള്ളത് കൊണ്ടാ ചോദിക്കുന്നത്. അടുത്ത ഇര വീഴുന്നതു വരെയേ നിനക്ക് ആയുസ്സുള്ളൂ .പിന്നൊരുത്തനും തിരിഞ്ഞു നോക്കില്ല .ഈ മേൽക്കൂര ഒടിഞ്ഞു വീഴുന്നതിന് മുമ്പേ കിടക്കാനൊരിടം ഞാൻ തരാം . അങ്ങിനെയെങ്കിലും ഈ നശിച്ച കളിയൊന്നവസാനിക്കട്ടെ ."

മഴയിൽ കുതിർന്ന വാടിക്കരിഞ്ഞ പൂവുകളെ നിറമിഴികളൊടെ നോക്കി മോനെയും കൂട്ടിയവൾ കാദംബരിയുടെ പുറകേ നടന്നു. മേലാറ്റുകരയിലെ രാഷ്ട്രീയ സമവാക്യങ്ങൾ ഉത്തരം കിട്ടാതെ നിസ്സംഗതയോടെ പരസ്പരം നോക്കി .

"രണ്ട് കഷ്ണം സാബൂൻ."

പൈതൽനായര് ഒട്ടും മടി കൂടാതെ സാബൂൻ കൊടുത്ത് അവളുടെ
തന്റെടത്തെ മനസ്സാലെ നമിച്ചു.

✍️ശ്രീധർ.ആർ.എൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot