ടീവിയിൽ നിറഞ്ഞു നിൽക്കുന്ന വിദ്യാഭ്യാസത്തിനുള്ള ആപ്പിന്റെ പരസ്യത്തിലെ നേർവഴിക്കല്ലാത്ത പ്രവണതയെ ഞാൻ ഇന്നലെ എന്റെ രചനയ്ക്ക് പ്രമേയമാക്കിയിരുന്നു. ആ പോസ്റ്റ് എന്റെ വാളിൽ ഇട്ടു കുറച്ചു കഴിഞ്ഞപ്പോൾ "എന്റെ രചന ഫേസ്ബുക്ക് സമുദായത്തിന്റെ അന്തസ്സിന് ചേർന്നതല്ലെന്നും. ആ പോസ്റ്റ് ആർക്കും കാണാൻ കഴിയില്ലെന്നും, മറച്ചു വച്ചുവെന്നും. അഭിപ്രായം പറയണമെന്നും" ഫേസ്ബുക്കിൽ നിന്ന് ഒരു കുറിപ്പു വന്നു. അതും പോസ്റ്റ് ചെയ്തു അൽപ്പനേരം കഴിഞ്ഞപ്പോൾ. എനിക്കു കിട്ടിയ ലിങ്കിൽ കയറി എന്റെ വിസമ്മതം ഞാൻ അറിയിച്ചു. കുറെ നേരം കഴിഞ്ഞ്, ഫേസ്ബുക്ക് എന്റെ പോസ്റ്റ് പുനസ്ഥാപിച്ചു തന്നു. എന്റെ നിസാരമായ ഒരു വിമർശനം, അതും മലയാളത്തിൽ എഴുതിയത്, ആരെയൊക്കെയോ ചൊടിപ്പിച്ചിരിക്കാം. അവർ അതു റിപ്പോർട്ട് ചെയ്തിരിക്കാം. അല്ലെങ്കിൽ ഇങ്ങനെ ഒരു നടപടി ഫേസ്ബുക്ക് എടുക്കില്ലല്ലോ? എന്റെ വിയോജനകുറിപ്പും എഴുതിയതിലെ ആശയവും പരിഗണിച്ച് പോസ്റ്റ് പുനസ്ഥാപിച്ച ഫേസ്ബുക്കിന് നന്ദി.
നിസാരനായ എന്നോടുപോലും ഇത്രയേറെ അസഹിഷ്ണുത കാണിക്കുന്ന മനസുകളോട് എന്താണ് പറയേണ്ടത്? അഭിപ്രായസ്വാതന്ത്ര്യം അവരുടെ മാത്രം കുത്തകയാണോ? കുത്തക കമ്പനികളുടെ ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങൾ ആരും സോഷ്യൽ മീഡിയയിൽ പറയരുതെന്നാണോ ഞാൻ മനസിലാക്കേണ്ടത്?
ഇന്നലെ ഞാൻ ഇട്ട പോസ്റ്റും താഴെ കൊടുക്കുന്നു.
---------------------------------------------------------------------
വിദ്യയും പരസ്യവും
------------------------------------
"ഇഷ്ടമല്ലപ്പയ്ക്കുമമ്മയ്ക്കുമെൻ മോദം."
ഓതുന്നു ചാനൽ പരസ്യത്തിലൊരു കുഞ്ഞ്.
ഒട്ടും തിരുത്താതെ, വിൽക്കുവാൻ വച്ചതിൻ
മേണ്മകളോതി മറയും പരസ്യവും.
കുട്ടിയ്ക്കു വിദ്യയെളുപ്പത്തിലോതുന്നൊരാ-
പ്പിൻ പരസ്യമാണെന്നതുമോർക്കുക.
ആരുടെ മോദം കൊതിച്ചു നാം പായുന്നു,
രാവും പകലുമെന്നോർക്കുകെൻ കൂട്ടരേ.
പണമെറിഞ്ഞിന്നു നാമേകുന്ന വിദ്യയും
പാമ്പിനേക്കാളും വിഷമുള്ളതാവുകിൽ,
എന്തിനായോടുന്നതാപ്പൊന്നു വാങ്ങുവാൻ
വേണ്ടും പണമതു നേടുവാനല്ലയോ?
ആപ്പിൻ പരസ്യത്തിനെത്തുന്ന താരത്തി-
നേകുന്ന കൂലിയും നാം തന്നെ നൽകണം.
ഒക്കെയും കഷ്ടതയില്ലാതറിയണം,
കഷ്ടത കുട്ടിയറിയേണ്ടതല്ലപോൽ.
ജീവിതം മോദമല്ലെന്നുമെന്നോതുന്ന
പാഠം പകർന്നിടാനാരുണ്ടു മണ്ണിതിൽ.
---------------------------------------------------------
--- സിരാജ് ശാരംഗപാണി
---------------------------------------------------------
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക