Slider

ഡീ... റ്റിന്റുഡീ അഥവാ The Tx D

0


അന്ന് വൈകുന്നേരം കൃഷി ഓഫീസിൽ നിന്നു മാമൻ വന്നത് ചെറിയൊരു ചാക്കുകെട്ടും കൊണ്ടായിരുന്നു...!

മാമനെ ഒറ്റ ഫ്ലാഷിൽ കണ്ടതും, എന്നന്നേക്കുമായി അടഞ്ഞിരുന്ന എന്റെ കേരളപാഠാവലി ഓട്ടോമാറ്റിക്കായി തുറന്നു. വിലാസിനി ടീച്ചർ അന്നു പഠിപ്പിച്ച, ഹോർലിക്സ് കുപ്പിയിലിട്ട മീനിനെ നോക്കി 'ഝഷം' എന്നു വിളിച്ചു കളിയാക്കി ഞാനാ സാഹചര്യത്തെ നൈസായി കൈകാര്യം ചെയ്തു.

എല്ലാവരേയും ഒന്നുകൂടി ഞെട്ടിക്കാനായി ആ 'ഝഷ'ത്തിനെ ആവേശപൂർവ്വം ഞാൻ സ്ലേറ്റിലേക്ക് പകർത്തി. പക്ഷെ 'ഝ' യിലാണ് തുടക്കമിടേണ്ടത് എന്ന സത്യം മനസ്സിലാക്കിയപ്പോഴേക്കും വൈകിപ്പോയിരുന്നു. വണ്ടിയോടിക്കാനറിയാത്തവൻ വല്ലവന്റേം ലോറിയുമായി താമരശ്ശേരി ചുരത്തിൽ ചുറ്റാൻ കയറിയതു പോലെ 'ഝ'യുടെ ചുറ്റഴിക്കാനാവാതെ ഡ്രൈവിംഗ് സീറ്റിലിരുന്നു ഞാൻ വെട്ടിവിയർത്തു.

പ്രിലിമിനറി സ്റ്റേജിൽത്തന്നെ തലയിൽ കടും കെട്ടുവീണ മി. ഝഷം ഇതിനിടെ ഒന്നു പിടയുക പോലും ചെയ്യാതെ സ്ലേറ്റിൽ മരിച്ചുവീണു. ആ സമയത്തെ എന്റെ ദയനീയമായ എക്സ്പ്രഷൻ കണ്ട് ചാക്കുകെട്ടിൽ നിന്ന് തലയിട്ടു നോക്കിയ തൈത്തെങ്ങ് ഓലകളാട്ടി ഒരാക്കിയ ചിരി ചിരിച്ചു.

ഒരു ലൊടുക്ക മാനത്തുകണ്ണിയെ ഈ വിധം കുപ്പിയിലിട്ട് ഡെക്കറേറ്റ് ചെയ്ത് 'ഝഷ'മാക്കിയ വിലാസിനി ടീച്ചറുടെ വേണ്ടപ്പെട്ടവർക്കെല്ലാം നല്ലതുമാത്രം വരുത്തണേ എന്ന് മനസ്സാ സ്മരിച്ച്, ചമ്മലിനു കുറുകേ ഒരു ചിരി ക്വിക് ഫിക്സ് ചെയ്ത് ഞാനാ തെങ്ങിൻ കുഞ്ഞിനെ നോക്കി. എന്റെയാ ചിരി പ്രണയമായി കണ്ടിട്ടോ എന്തോ? ലവൾ നാണിച്ച് ഓലകൾ താഴ്ത്തി.

പടിഞ്ഞാറെ തൊടിയിൽ പൊട്ടിക്കിളിച്ചു വന്ന 'സുഗേഷ് കുമാർ' എന്ന പാണ്ടിപ്പേരയെ മൂടോടെ പിഴുതു മാറ്റി, ആ സ്ഥലത്ത്, അരയാൾ കുഴിയിൽ ചാണകപ്പൊടിയുടേയും പച്ചിലവളത്തിന്റേയും ഫൈവ് സ്റ്റാർ ഫുഡ് ആന്റ് അക്കോമഡേഷൻ സൗകര്യത്തോടെ, അവൾ പിറ്റേന്നു തന്നെ തന്റെ വരവറിയിച്ചു. രാജകീയമായ ആ വരവിലും, അവളുടെ നിറവിലും അസൂയ പൂണ്ട കാന്താരിമുളകും കറിവേപ്പും കുപ്പച്ചീരയും വാടിയ മുഖവുമായവളെ വെൽക്കം ചെയ്തു...!

അമ്മാമ്മയെ ഒന്നു ചുരണ്ടിയപ്പോൾ വിലപ്പെട്ട ചില ഇൻഫർമേഷൻസ് കിട്ടി. നാല് വർഷം കൊണ്ട് നിറയെ കായ്ഫലം തരുന്ന അവളുടെ പേര് 'റ്റിൻറുഡി' എന്നാണെന്നും, യൂറിയ, പൊട്ടാഷ് തുടങ്ങിയ കടിച്ചാൽ പൊട്ടാത്ത ഐറ്റങ്ങളാണ് അവളുടെ ഫുഡ് എന്നുമായിരുന്നു ആ ഇൻഫർമേഷൻസ്...!

ആ രഹസ്യസംഭാഷണത്തിനിടയിൽ എപ്പൊഴോ കരിക്കെന്ന് കേട്ടതും, രണ്ടു ടൈറ്റാനിക്കുകളെ ഉടൻ തന്നെ കമ്മീഷൻ ചെയ്തു ഞാൻ നീറ്റിലിറക്കി. അമ്മാമ്മയുടെ വർണ്ണനകളിൽ വീണ് ടൈറ്റാനിക്കിന്റെ എണ്ണം കൂടിക്കൂടി വന്നപ്പോൾ, രണ്ടു തൊട്ടി വെള്ളം റ്റിന്റുഡിക്ക് കൊടുക്കാനുള്ള ഡീലിൽ ഞാൻ ഒപ്പിട്ടു. വൈകിട്ടത്തെ കുളി അങ്ങോട്ട് മാറ്റി, യൂറിയായ്ക്ക് പകരം അളവിൽക്കൂടുതലുള്ള 'യൂറിൻ' ഹൃദയപൂർവ്വം ഞാൻ നൽകി, ഒരുതരം ഗിവ് ആഫ്റ്റർ ടേക്ക് സെറ്റപ്പ്...!

പെട്ടെന്നൊരു ദിവസം എല്ലാം നഷ്ടപ്പെട്ട്, മൂടോടെ പിഴുതെറിയപ്പെട്ട്, പുറമ്പോക്കിൽ ഉപേക്ഷിക്കപ്പെട്ട സുഗേഷ് കുമാർ, ''പാണ്ടിപ്പേരയ്ക്ക് ജീവിക്കാൻ പട്ടയമെന്തിന്?'' എന്ന് സ്വയം ചോദിച്ച് തെക്കെ പറമ്പിന്റെ ഒരു മൂലയിൽ കുപ്പിച്ചില്ലിനും ചപ്പുചവറിനുമൊപ്പം തെക്കേപറമ്പിൽ ജീവിച്ചു.

അതുവരെ സ്വന്തം വായിലും, ഡിപ്ലോമാറ്റിക്ക് പോക്കറ്റിലുമായി ഒളിപ്പിച്ചു കടത്തി പുറത്തുകളഞ്ഞിരുന്ന ഹോർലിക്സ് പാലും, ചോറും, ചക്കക്കുരു മെഴുക്കു പുരട്ടിയും, അവിയലും, ഗോതമ്പു ദോശയും, പാവയ്ക്ക തോരനും കൃത്യമായി മൂട്ടിൽ വീണപ്പോൾ, സ്വപ്ന സുന്ദരിയായി അവളങ്ങു വളർന്നു... സ്വപ്ന സുരേഷിനെപ്പോലെ...!

കിട്ടാൻ പോകുന്ന എണ്ണമറ്റ കരിക്കിൻ വഴുമ്പൽ മനസ്സിലിട്ടു രുചിച്ച്, ആ ഓർമകളും പേറി, കപ്പൽ മുതലാളിയായ ഞാൻ സകല അന്തസ്സും പണയം വച്ച് തൊട്ടിയും വെള്ളവും യൂറിനുമായി അവളുടെ തടത്തിന് വലം വച്ചു ദിവസങ്ങൾ തള്ളി നീക്കി.

ഓലകൾ പഴുത്ത് വീഴും പോലെ വർഷങ്ങൾ കടന്നു പോയി...!

വിലാസിനി ടീച്ചറിന്റെ എൽ.പി സ്കൂളിൽ നിന്നു ഞാൻ രാജൻ സാറിന്റെ യു.പി സ്കൂളിലേക്ക് പിഴുതു നടപ്പെട്ടു... അലൂമിനിയം പെട്ടിയിലെ കേരള പാഠാവലിക്ക് പകരം നോട്ടുബുക്കുകൾ ചോറു പൊതിക്കൊപ്പം ഇലാസ്റ്റിക് ബാൻറിട്ട് കെട്ടിമുറുക്കാൻ ഞങ്ങൾ പഠിച്ചു...

വടക്കേപറമ്പിൽ തൊട്ടാവാടികൾക്കും വാളരിപ്പയർ വള്ളികൾക്കും ചൊറിയൻ ചേമ്പുകൾക്കുമിടയിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സുഗേഷ് കുമാറും ഇതിനിടയിൽ എങ്ങനെയൊക്കെയോ വളർന്നു പൂവിട്ടു.

ഒരു ദിവസം വെളുപ്പിന് പതിവായുള്ള മുറ്റമടിക്കിടെ അമ്മാമ്മയാണത് കണ്ടു പിടിച്ചത്... റ്റിൻറുഡി ഋതുമതിയായിരിക്കുന്നു....!

അനുസരണകെട്ട അവളുടെ മുടിയോലകളെ ചീകിയൊതുക്കി ക്ലിപ്പിട്ട് വച്ച പോലെ പുറത്തേക്കു തലയിട്ടു നോക്കുന്ന ഒരു കുഞ്ഞിക്കൂമ്പ്. ആ 'ഫ്ലാഷ് ന്യൂസിനെ'ത്തുടർന്ന് അന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് കാന്താരിമുളകും, കറിവേപ്പും, കുപ്പച്ചീരയും ചതഞ്ഞരഞ്ഞു.

എന്റെയൊരു ടൈറ്റാനിക്കിനെ പൊടുന്നനെ വെള്ളത്തിലാഴ്ത്തി, "ആദ്യത്തെ കരിക്ക് ഭഗവാന്...!'' എന്ന് അമ്മാമ്മ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു. രാമനാമം ജപിക്കും മുമ്പെ, രണ്ടു തൊട്ടി വെള്ളത്തിൽ, അവൾക്ക് മുന്നിൽ 'മേലുകഴുകൽ' എന്ന പേരിൽ നടത്തിവന്ന അഴിഞ്ഞാട്ടവും, ബെല്ലി ഡാൻസും, കൂമ്പു കണ്ടതോടെ ഞാൻ അവസാനിപ്പിച്ചു...!

നാലു വെള്ളയ്ക്കകൾ വിരിഞ്ഞു. ഓമനത്വമുള്ള നാലു കുഞ്ഞുങ്ങൾ...!

അവരിൽ രണ്ടാളെ കൂമ്പിൽ വച്ചുതന്നെ കശക്കിയെറിഞ്ഞ കൊമ്പൻ ചെല്ലിയെ പിടികൂടി, തെളിവെടുപ്പിന് കൊണ്ടു പോകും വഴി, കല്ലുകൊണ്ടിടിച്ചു ഞാൻ തീർത്തു. പോസ്കോ കേസായതിനാൽ ആ എൻകൗണ്ടർ ഫയലിൽ പുനരന്വേഷണം ഉണ്ടായില്ല.

ഫുൾ സെക്യൂരിറ്റിയിലാണ് പിന്നീടവർ വളർന്നത്. കണ്ടവർ കണ്ടവർ കണ്ണു വയ്ക്കും രീതിയിൽ മത്തങ്ങാപ്പരുവത്തിലുള്ള വളർച്ച...!

ഏതു കാത്തിരിപ്പിനും ഒരവസാനമുണ്ടല്ലോ...?

അമ്മാമ്മയുടെ മൂത്താങ്ങള മാതുവപ്പൂപ്പൻ സ്പോട്ടിലെത്തിയതോടെ റ്റിൻറുഡിയുടെ മക്കളുടെ കാര്യത്തിൽ ഒരു തീരുമാനമായി. പിറ്റേന്ന് രാവിലെ അപ്പൂപ്പന്റെ കാർമികത്വത്തിൽ അവർ രണ്ടാളും ഭൂമിയിലേക്കിറങ്ങി വന്നു.

''നല്ല ദിവസമാണ്... ഇന്നു തന്നെ ഇത് ഭഗവാന് നേദിക്കണം...'' അതിലൊരു കരിക്ക് എടുത്തു പൊക്കി ഹാഫ് മന്ത്രവാദിയായ അപ്പൂപ്പൻ കൽപ്പിച്ചു...

ശ്രീകോവിലിനുള്ളിൽ ഭഗവാനും, വെളിയിൽ തിരുമേനിയും കരിക്ക് നിവേദ്യത്തിനു തയ്യാറായി വന്നു. ഭൂതഗണങ്ങളെയും ഭക്തരെയും ഭഗവാൻ നൈസായി ഒഴിവാക്കിയതുകൊണ്ട് അന്ന് തിരക്ക് തീരെ കുറവായിരുന്നു. കരിക്ക് കൈയ്യിലെടുത്ത് ഒന്ന് ജപിച്ച ശേഷം നീലകണ്ഠൻ തിരുമേനി അതിന്റെ മുകൾഭാഗം മെല്ലെ ചെത്തി. ഒരു റൗണ്ട് ഫുൾ ചെത്തിക്കൂർപ്പിച്ച് ഭക്തിയോടെ തിരുമേനി ആ കൂർത്ത ഭാഗം പൂളി... ആ കാഴ്ച കാണാൻ ശക്തിയില്ലാത്ത വിധം ഞാൻ കണ്ണടച്ചു നിന്നു... പക്ഷെ ഒന്നും സംഭവിച്ചില്ല...!

ഒരു പെൻസിൽ ചെത്തുന്ന ലാഘവത്തോടെ തിരുമേനി വീണ്ടുമാ കരിക്കിന്റെ മുഖം ചെത്തിക്കൂർപ്പിച്ചു... വീണ്ടും പൂളി... ഇല്ല..! ഒന്നും സംഭവിച്ചില്ല...!

നാലഞ്ച് പ്രാവശ്യം ഈ പ്രവർത്തി റിപ്പീറ്റ് ചെയ്തപ്പോൾ തിരുമേനി രൗദ്രത്തിലെ മമ്മൂക്കയായി മാറി. സ്വതവേ വാശിക്കാരനായ തിരുമേനി കൂടുതൽ വാശിയോടെ കരിക്കിൽ പണി തുടങ്ങി. പത്തു പതിനഞ്ച് മിനിട്ട് വർക്ക് കഴിഞ്ഞപ്പോൾ 'പമ്പയിലെ കരിക്ക് കടയുടെ നടുക്ക് താറാമുട്ടയുമായി നിൽക്കുന്ന' ഫ്ലക്സ് പോലെയായി തിരുമേനി.

''ഇനി കുഴിക്കാൻ കുഴൽക്കിണറുകാരെ അറേഞ്ച് ചെയ്യട്ടോ?'' എന്ന ഭാവത്തിലായിരുന്നു കീഴ്ശാന്തിയപ്പോൾ.

''ഇത്രേം വലുതൊന്ന് ഭഗവാൻ താങ്ങുമോ... ഇനീമുണ്ടോ ഇതുപോലെ...?'' താറാമുട്ട വലിപ്പത്തിലുള്ള കരിക്കു കാണിച്ച് വിയർത്തു കുളിച്ച് തിരുമേനി ചോദിച്ചു. അപ്പൊഴാ വായിൽ നിന്ന് നുരയും പതയും വരുന്നുണ്ടായിരുന്നു.

പൂജ കഴിഞ്ഞ് വീട്ടിലേക്കുള്ള നടപ്പിൽ ഞാനെന്റെ ടൈറ്റാനിക്കുകളെ ആക്രിവിലയ്ക്ക് അടങ്കലായി വിറ്റു തള്ളി. അപ്പൊഴാണ് മന്ത്രവാദിയപ്പൂപ്പനെ അവിടെങ്ങും കണ്ടതേയില്ല എന്നു ഞാൻ ഓർത്തത്...! പടിഞ്ഞാറെത്തൊടിയിൽ, പേട്ടു കരിക്കിൻ ചീളുകൾക്കിടയിൽ, പാതി തീർത്തു വച്ച ചാരായക്കുപ്പിക്കൊപ്പം അപ്പൂപ്പനെ കണ്ടെത്തുമ്പോൾ ആ ചുണ്ടുകൾ എന്തോ മന്ത്രിച്ചതായി തോന്നി.

''അവന്റെമ്മേടെ തേങ്ങാക്കൊല'' എന്നായിരുന്നു അത്! മാമനത് കേൾക്കാത്ത ഭാവത്തിൽ അകത്തേക്കു വലിഞ്ഞു.

വാളരിപ്പയർ വള്ളികളിലിരുന്ന് കിളികൾ ചിലച്ചു കൊണ്ടിരുന്നു. നിറയെ പേരയ്ക്കകളുമായി നിന്ന സുഗേഷ് കുമാർ കാറ്റിന്റെ താളത്തിൽ, ഞങ്ങളെ കൈയ്യാട്ടി വിളിച്ചു. ആ കാറ്റിന് പഴുത്ത പേരയ്ക്കയുടെ കൊതിപ്പിക്കുന്ന മണമായിരുന്നു...!

- ഗണേശ് -
26- 9 -2019


0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo