എന്തിനായിരിക്കും അവൾ വിളിച്ചത്?അയാളിലെ ആകാംക്ഷ ഉണർന്നു. വൈകിട്ട് അഞ്ചര മണിക്ക് ബീച്ചിൽ വച്ചു കാണാമെന്നാണ് അവൾ മെസ്സേജ് അയച്ചിരിക്കുന്നത്. അയാളുടെ മനസ്സ് സന്തോഷം കൊണ്ടു നിറഞ്ഞു രാവിലെ ഓഫീസിൽ വന്നു കുറച്ചു കഴിഞ്ഞപ്പോഴേക്കും മെസ്സേജ് വന്നതാണ്.
അയാൾക്കു പിന്നെ ജോലിയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല. ആണുങ്ങൾ ഇങ്ങനെ ബേജാറാവുമോ എന്നായിരിക്കാം
നിങ്ങളിപ്പോൾ ചിന്തിക്കുന്നുണ്ടാവുക.
അയാൾ അങ്ങിനെയാണ്. അത്രയ്ക്കിഷ്ടം
ആണ് അയാൾക്കവളെ .
താൻ ജീവനു തുല്യം സ്നേഹിക്കുന്ന തന്റെ പ്രണയിനി. അവൾക്കു വേണ്ടി തന്റെ വീട്ടുകാരെപ്പോലും ഉപേക്ഷിക്കാൻ അയാൾ തയ്യാറായിരുന്നു. കഴിഞ്ഞയാഴ്ച വീട്ടിൽ
ചെന്നപ്പോൾ അയാൾ തന്റെ മാതാപിതാക്കളോട് തന്റെ പ്രണയത്തെപ്പറ്റി
തുറന്നു പറഞ്ഞു.
"നീ എന്റെ മകനല്ല.'
പള്ളിക്കമ്മിറ്റിക്കാരനായ അപ്പൻ പറഞ്ഞു.
"ഞാനിനി അച്ചന്മാരുടെ മുഖത്തെങ്ങിനെ
നോക്കും?"
അഭിമാനമായിരുന്നു അപ്പനു വലുത്.
"നീ അവളെയെങ്ങാനും ഇങ്ങോട്ടു കൂട്ടിച്ചോണ്ടു വന്നാൽ ഞാനീ ഉത്തരത്തിൽ കെട്ടിത്തൂങ്ങി ചാവും.'
സെമിനാരിയിൽ പത്താം വർഷം
പഠിക്കുന്ന ഒരാങ്ങളയും ഇടവകപ്പള്ളിയിലെ ഒരച്ചനും വടക്കേ ഇസ്യയിൽ ജോലി ചെയ്യുന്ന ഒരു കന്യാസ്ത്രീയും അടങ്ങുന്ന കുടുംബത്തിലെ മൂത്ത ചേച്ചിയായ അമ്മച്ചി മുന്നറിയിപ്പു
നൽകി.
എല്ലാവർക്കും അവരുടെ അഭിമാനമാണു വലുത്. ഹൃദയങ്ങൾ കാണാൻ
കണ്ണില്ലാത്തവർ!
"ആരെല്ലാം എതിർത്താലും ഞാനവളെയിങ്ങു
കൂട്ടിച്ചോണ്ടു വരും. "
അയാളും വിട്ടു കൊടുത്തില്ല. വാശിയുള്ള അപ്പന്റെ അതിലും വാശിയുള്ള
മകൻ.
അപ്പൻ പുറകിൽ കയ്യും കെട്ടി തികട്ടി വരുന്ന ദേഷ്യത്തെ തെക്കോട്ടും വടക്കോട്ടും നടന്ന് തീർക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.
അയാൾ മുറിയിൽ പോയി
ബാഗിൽ തന്റെ തുണിയെല്ലാം കുത്തി നിറച്ചു.
" ഇച്ചായാ പോകല്ലേ . അപ്പന്റെ ദേഷ്യം മാറുമ്പോൾ ഞാനൊന്നു പറഞ്ഞു നോക്കാം. "
അയാളുടെ ഒരേയൊരു പെങ്ങൾ
ഗ്രേസിക്കുട്ടി അയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.
" നീ പോ പെണ്ണേ ....."
അയാൾ അവളുടെ കൈ തട്ടി മാറ്റി ഒരു കൊടുങ്കാറ്റിന്റെ വേഗതയിൽ ഇറങ്ങിപ്പോയി. ആ യാത്ര തലസ്ഥാന നഗരിയിലെ ലോഡ്ജ് മുറിയിലേയ്ക്കായിരുന്നു.
അയാൾ മുറിയിൽ കയറിയപ്പോൾ
സഹമുറിയൻ ബാത് റൂമിലായിരുന്നു.
നശിച്ച അപ്പൻ ..... മൂരാച്ചി. പ്രണയിക്കുന്നവരുടെ മനസ്സറിയാൻ കഴിയാത്തവർ. അമ്മച്ചി അതിന്റെയപ്പുറം.
ജാതിയും മതവും പള്ളിയും പട്ടക്കാരും !
അയാൾക്കു വല്ലാതെ ദേഷ്യം വന്നു.
മേശപ്പുറത്തിരുന്ന പേപ്പർ വെയ്റ്റെടുത്ത്
നിലത്തേക്കെറിഞ്ഞ് ദേഷ്യം തീർക്കാൻ ഒരു പാഴ്ശ്രമം നടത്തി.
കുളി കഴിഞ്ഞിറങ്ങി വന്ന സഹമുറിയൻ അങ്ങുതത്തോടെ അയാളെ നോക്കി. വീട്ടിൽ പോയിട്ടു വന്നയിവനെന്താ ഇത്ര ദേഷ്യം? അയാൾക്കു കാര്യം പിടികിട്ടിയില്ല.
പിറ്റെ ദിവസം അയാൾ തന്റെ പ്രണയിനി അശ്വതിയെ വിളിക്കാൻ ശ്രമിച്ചെങ്കിലും ആ ശ്രമം വിജയിച്ചില്ല.
" താങ്കൾ വിളിക്കുന്നയാൾ മറ്റൊരു കോളിലാണ്
ദയവായി അല്ല സമയം കഴിഞ്ഞു വിളിക്കൂ.''
അയാൾ രണ്ടുമൂന്നു പ്രാവശ്യം വിളിച്ചപ്പോഴും ഇതു തന്നെ പല്ലവി. അയാൾക്കു
വിഷമമായി. എന്തായിരിക്കും അവൾ ഫോണെടുക്കാത്തത്? ഇനി അവൾ
ആരോടെങ്കിലും സംസാരിച്ചോണ്ടിരിക്കുകയാണെങ്കിലും
ഇത്രയും സമയം എടുക്കുമോ? അയാൾക്ക് ദേഷ്യത്തിന്റെ സ്ഥാനത്തു സങ്കടമായി.
ഇനി എന്തായിരിക്കും കാരണം ?
അവളുടെ വീട്ടിലും ഇനി എന്തെങ്കിലും പ്രശ്നം ?
ഒരു ഹിന്ദുവും ക്രിസ്ത്യാനിയും കല്യാണം കഴിച്ചാലെന്താ? ആകാശം ഇടിഞ്ഞു വീഴുമോ?
വീട്ടിൽ ചെന്നപ്പോൾ അമ്മച്ചി
മൂന്നു പെൺകട്ടികളുടെ ഫോട്ടോകൾ കാണിച്ചു. അമ്മച്ചിയുടെ ഭാഷയിൽ പറഞ്ഞാൽ നല്ല ചൂടും ചൂരും ഉള്ള പെൺകുട്ടികൾ.
ഒരെണ്ണം അപ്പനിഷ്ടപ്പെട്ടത്. വേറൊരെണ്ണം അമ്മച്ചിക്കിഷ്ടപ്പെട്ടത്. മൂന്നാമത്തേതാണ്
അനിയത്തി ഗ്രേസിക്കുട്ടിക്കിഷ്ടപ്പെട്ടത്.
അമ്മച്ചി ഓരോന്നും വിശദീകരിച്ചു.
" എന്നാ ഞാൻ മൂന്നിനേം അങ്ങു കെട്ടിയേക്കാം. സമാധാനമാവുമോ ?."
അയാൾക്കു ദേഷ്യം വന്നു എല്ലാ ഫോട്ടോയിലും അയാൾ കണ്ടത്
ഒരേയൊരു രൂപം മാത്രം. തന്റെ അശ്വതി.
സുന്ദരിയായ നീണ്ട മുടിയുള്ള സ്വപ്നങ്ങളുറങ്ങുന്ന കണ്ണുകളുള്ള തന്റെ
അശ്വതി.
അടുത്ത രണ്ടു ദിവസവും അയാൾ
ശ്രമിച്ചു. അയാളിൽ ചില സംശയങ്ങൾ
പൊട്ടിമുളച്ചു. പാവം അശ്വതി . തന്നെ സ്നേഹിക്കുന്നതിന്റെ പേരിൽ ഒത്തിരി പഴി കേൾക്കുന്നുണ്ടാവും. ഒരാണായ തനിക്ക് ഇത്രയുമൊക്കെ ഭീഷണി നേരിടുന്നെങ്കിൽ ഒരു പെണ്ണായ അവളുടെ കാര്യം എന്തു പറയാനാണ്? അവൾക്കൊരാങ്ങളയുണ്ട്.
അവളുടെ ഇളയതാണെങ്കിലും ഭയങ്കരൻ!
ഒരിക്കൽ തന്നെയൊന്നു ഭീക്ഷണിപ്പെടുത്തിയതാണ്. എന്നാലും തന്റെ അശ്വതിക്കുവേണ്ടി താനെന്തും സഹിക്കാൻ തയ്യാറാണ് .
അങ്ങിനെയിരിക്കുമ്പോഴാണ് അവളുടെ മെസ്സേജ് വന്നത്. വൈകിട്ട് അഞ്ചരയാകുമ്പോൾ ബീച്ചിൽ വരിക. അല്‌പം
സംസാരിക്കാനുണ്ട്. അയാൾ വൈകിട്ടാകാൻ കാത്തിരുന്നു. അവൾ അവളുടെ ഓഫീസ്സിൽ നിന്നിറങ്ങി ബീച്ചിൽ വരുമ്പോഴേക്കും അഞ്ചര ആകും. ഒരാഴ്ച മെസ്സേജും വിളിയും വരാത്തതിന്റെ കേടു തീർന്നു. അയാൾ ഹാപ്പിയായി.
അയാൾ ബൈക്കു സ്റ്റാർട്ടു ചെയ്യാൻ തുടങ്ങുമ്പോഴേക്കും അയാളുടെ ഓഫീസ്സിൽത്തന്നെ ജോലി ചെയ്യുന്ന സഹമുറിയൻ ഓടി വന്നു. അയാൾക്കും ബീച്ചിലേക്കു വരണമത്രെ.
"പോടാ...ഞാനെന്റെ പ്രണയിനിയെ കാണാൻ പോകുന്നിടത്ത് നിനക്കെന്തു കാര്യം?"?
അയാൾ പുച്ഛരസത്തിലുള്ള ഒരു ചിരി സമ്മാനിച്ചിട്ട് വേഗം ബൈക്ക് സ്റ്റാർട്ടു ചെയ്തു.
ബീച്ചിലെത്തിയപ്പോൾ അവൾ അതാ പറഞ്ഞ സ്ഥലത്തു തന്നെ നില്പുണ്ട്. വളരെ punctual
ആണവൾ.. കൃത്യനിഷ്ഠയുടെ കാര്യത്തിൽ
തന്നെയും കടത്തിവെട്ടുന്നവൾ.. അയാൾക്ക് അഭിമാനം തോന്നി.
അയാൾ ബൈക്ക് ഒരിടത്തു മാറ്റി വച്ചിട്ട് അവളുടെയരികിലേക്ക് ഓടി വന്നു..
അയാൾ അവളുടെ കൈ അയാളുടെ കൈയ്ക്കുള്ളിലാക്കി പതിവു പോലെ .
"വരൂ നമുക്കല്‌പം നടക്കാം."
അസ്തമന സൂര്യന്റെ പൊൻകിരണങ്ങൾ അവളിലൊരു പുതിയ ചാരുത പകർന്നതായി അയാൾക്കു തോന്നി.
അവൾ പെട്ടെന്ന് അയാളുടെ കൈ വിടുവിച്ചു.
"ജോസൂട്ടീ... ഞാൻ പറയുന്നതു ശ്രദ്ധിച്ചു കേൾക്കണം.
ഇത്രയും നാൾ ജോച്ചായൻ എന്നു മാത്രം വിളിച്ചിരുന്ന അവൾക്കിതെന്തുപറ്റി?
അയാൾ മനസ്സിലാകാത്തതു പോലെ അവളെ നോക്കി.
'എനിക്ക് നല്ലൊരു പ്രൊപ്പോസ്സൽ വന്നിട്ടുണ്ട്. "
അയാൾ ഞെട്ടി. നടപ്പു നിർത്തി. സത്യമാണോ എന്ന മട്ടിൽ അവളെ നോക്കി,
" വീട്ടിലെല്ലാവർക്കും ആളിനെ ഇഷ്ടപ്പെട്ടു "
" നിനക്കോ?'
വിറയ്ക്കുന്ന ചുണ്ടുകളോടെ അയാൾ ചോദിച്ചു. അവൾ പാതി നാണത്തോടെ
മണലിൽ കാൽ നഖം കൊണ്ട് ചിത്രം വരച്ചു.
"അപ്പോൾ നമ്മുടെ പ്രണയം ?
അയാൾ തെല്ലു സംശയത്തോടെ
ചോദിച്ചു.
"ഓ... അതേതായാലും നമ്മുടെ വീട്ടുകാർ സമ്മതിക്കില്ലല്ലോ. ജോസൂട്ടിയുടെ അപ്പനും അമ്മച്ചിയും സമ്മതിക്കില്ലല്ലോ. എന്റെ
വീട്ടിൽ അതിനേക്കാൾ അപ്പുറം . പിന്നെങ്ങിനെ?
ഇതാവുമ്പോ വീട്ടുകാരെ പിണക്കുകേം
വേണ്ട.
അവളുടെ മുഖത്തെ കുറ്റബോധമില്ലായ്മ കണ്ട് അയാൾ അവളെ
അത്ഭുതത്തോടെ നോക്കി.
" നേരം സന്ധ്യയായി. ഞാൻ പോട്ടെ. ഇതാ
ജോസൂട്ടി അന്നു വാങ്ങിത്തന്ന വെളളക്കൽ
മൂക്കുത്തി. "
അവൾ പേഴ്സു തുറന്ന് ഒരു
കുഞ്ഞു പൊതിയെടുത്ത് അയാളുടെ നേരെ
നീട്ടി.
അയാൾ യാന്ത്രികമായി അതു
വാങ്ങിച്ചു. അയാളത് കടൽത്തിരയിലേക്ക് നീട്ടിയെറിഞ്ഞു. അയാളുടെയുള്ളിൽ
കടലിലുള്ളതിനേക്കാൾ തിരമാലകൾ
ആർത്തലച്ചു.
അയാളത് എറിയുമ്പോഴേക്കും അവൾ നടന്നു കഴിഞ്ഞിരുന്നു.
കള്ളി ..... പെരുങ്കളി . ജീവിക്കാൻ പഠിച്ചവൾ. തന്റെ അപ്പനെയും അമ്മച്ചിയേയും അനിയത്തിയേയും വിഷമിപ്പിച്ചത് ഈ
തേപ്പുകാരിക്കുവേണ്ടിയായിരുന്നോ?
മടക്കയാത്രയിൽ അയാളുടെ മനസ്സ് ശൂന്യമായിരുന്നു........ അശ്വതിയെന്ന തേപ്പുകാരിയില്ലാതെ.......
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക