Slider

നീലിമ(കഥ)

0


"മോനേ ഓടല്ലേ "ആരോ തൊടുത്തുവിട്ട ഒരമ്പ് ചെവിയിൽ തറച്ചത് പോലെയാണ് ആ ശബ്ദം ഞാൻ കേട്ടത്. കറങ്ങി കൊണ്ടിരിക്കുന്ന എസ്കലേറ്ററിൽ നിന്നും ഞാൻ താഴേക്കു നോക്കി. ജീൻസും ടോപ്പും അണിഞ്ഞ ഒരു സ്ത്രീ ഏകദേശം മൂന്നു വയസ്സ് പ്രായം ഉള്ള ഒരു ആൺകുഞ്ഞിന് പുറകെ ഓടുന്നു. കുഞ്ഞിനെ എടുത്ത് അവൾ തിരിഞ്ഞതും ആ മുഖം ഞാൻ വ്യക്തമായി കണ്ടു. "നീലു ". ഒന്നേ നോക്കിയുള്ളൂ. ഒരിയ്ക്കൽ തന്റെ ശ്വാസവും താളവും ആയിരുന്നവൾ. ഈ അബുദാബിയിൽ നീണ്ട ആറു വർഷത്തിന് ശേഷം അവളെ കണ്ടു മുട്ടുമെന്ന് ഒരിക്കലും കരുതിയില്ല. അല്ലെങ്കിലും ജീവിതം എന്നത് ആരോ കറക്കികൊണ്ടിരിക്കുന്ന ഒരു ചക്രം ആണല്ലോ. അപ്പോൾ പിന്നെ കാണാതിരിയ്ക്കുന്നതെങ്ങനെ?

റൂമിൽ എത്തിയിട്ടും നെഞ്ചിൽ കരിമ്പാറ കയറ്റിവെച്ചതുപോലൊരു ഭാരം. വെള്ളിയാഴ്ച കമ്പനിയ്ക്ക് അവധി ആയതിനാൽ റൂംമേറ്റ്സ് ആയ അനീഷിനും ശരത്തിനുമൊപ്പം ആത്മാവിന് രണ്ട് പെഗ്ഗ് കൊടുത്തിട്ടേ ഉച്ചഭക്ഷണം കഴിക്കാറുള്ളു. ഭക്ഷണം കഴിക്കാനായി തന്നെ കാത്തിരുന്ന അവരോട് വയറിനു സുഖം ഇല്ലന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. തീൻമേശയിൽ നിന്നും കഴിച്ചെന്നു വരുത്തി എഴുന്നേറ്റു. കറങ്ങുന്ന ഫാനിലേക്ക് നോക്കി വെറുതെ കിടന്നപ്പോൾ മനസ്സിൽ കെട്ടിനിർത്തിയിരുന്ന ഓർമ്മകൾ ചിറപൊട്ടിച്ച് കുത്തിയൊഴുകി.

എഞ്ചിനീയറിംഗ് കഴിഞ്ഞ് ജോലിയ്ക്ക് അപേക്ഷകൾ അയച്ച് അലഞ്ഞു നടക്കുന്ന കാലം.. ഏത് സ്ഥാപനത്തിൽ ഇന്റർവ്യൂ ഉണ്ടെങ്കിലും അന്ന് രാവിലെ വിഘ്‌നേശ്വരന് ഒരു നാളികേരം എന്റെ വക ഉണ്ടാവും. അന്നും അമ്പലത്തിലേക്ക് പുറപ്പെടുമ്പോൾ "മോനേ ഞാനും വന്നോട്ടെ " എന്നും പറഞ്ഞ് അമ്മമ്മ കൂടെ കൂടി. അമ്മമ്മയ്ക്ക് ബൈക്ക് യാത്ര അത്ര വശം ഇല്ലാത്തതിനാൽ വീട്ടിൽ നിന്നും രണ്ടു കിലോമീറ്റർ ദൂരമുള്ള അമ്പലത്തിലേക്ക് നടന്നു പോകാമെന്നു വെച്ചു. അമ്പലത്തിലേക്കുള്ള സ്റ്റെപ്പുകൾ കയറവേ അമ്മമ്മ ചെറുതായൊന്നു വീണു. വിഘ്‌നേശ്വരനെ കാണാൻ ഉള്ള ആഗ്രഹം കൊണ്ടാവാം ആദ്യമൊക്കെ കുഴപ്പം ഇല്ലെന്ന് പറഞ്ഞെങ്കിലും തൊഴുതു ഇറങ്ങിയപ്പോഴേക്കും ഒരടി വെയ്ക്കാൻ വയ്യാത്തവിധം കാൽമുട്ടിൽ കലശലായ വേദന. എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ ഞങ്ങളുടെ അടുത്തേയ്ക്ക് നീല ചുരിദാർ അണിഞ്ഞ ഒരു പെൺകുട്ടി വന്നു. വിവരം അന്വേഷിച്ച ശേഷം അവളുടെ സ്കൂട്ടിയുടെ ചാവി എന്റെ നേരെ നീട്ടി അമ്മമ്മയെ വീട്ടിലെത്തിയ്ക്കാൻ പറഞ്ഞു. അമ്മമ്മയെ വീട്ടിലാക്കി ചാവി തിരിച്ചേൽപ്പിക്കുമ്പോൾ അവൾ സ്വയം പരിചയപ്പെടുത്തി "ഞാൻ നീലിമ. ഒരാഴ്ച അമ്മയുടെ വീട്ടിൽ നിൽക്കാൻ വന്നതാണ്. "
നല്ല സ്മാർട്ട്‌ ആയ പെൺകുട്ടി എന്ന് മനസ്സിൽ കരുതിയെങ്കിലും പിന്നീട് ഞാൻ അവളെയോ അവൾ എന്നെയോ അന്വേഷിച്ചില്ല.

അങ്ങനെയിരിക്കെ അബുദാബിയിൽ മൾട്ടി നാഷണൽ കമ്പനിയിൽ മെക്കാനിക്കൽ എഞ്ചിനീയർ ആയി എനിക്ക് ജോലി കിട്ടി. അധികം താമസിയാതെ കല്യാണം കാര്യം എടുത്തിട്ട അമ്മയോട് ഒറ്റ നിബന്ധനയാണ് മുന്നോട്ടു വെച്ചത്. "കുട്ടി ഏതായാലും സ്വഭാവം നന്നാവണം "
കുറെ ആലോചനകൾ പല കാരണങ്ങളാൽ മുടങ്ങിപോയി. സമയം ആയിലെന്നു കരുതി സമാധാനിച്ചു.

അങ്ങനെയിരിക്കെ രണ്ട് മാസത്തെ അവധിയ്ക്ക് നാട്ടിൽ വന്നപ്പോൾ അമ്മ പറഞ്ഞു "കുമാരേട്ടൻ കൊണ്ടുവന്ന ആലോചനയാണ്. ഒരു സ്കൂൾമാഷിന്റെ മോൾ. മലയാളം പിജി കഴിഞ്ഞു നിൽക്കുന്നു. നീ ഒന്ന് നോക്കിയേ. "ഫോട്ടോ കണ്ടതും ഞാൻ ഞെട്ടിപോയി. "നീലിമ". മറുത്തൊന്നും ആലോചിക്കേണ്ടി വന്നില്ലെനിയ്ക്ക്. വിവാഹത്തിന്റെ മുന്നോട്ടുള്ള നടപടികൾക്ക് ഞാൻ പച്ചകൊടി കാണിച്ചു.

പിന്നീട് എല്ലാം വിചാരിച്ചതിലും വേഗത്തിൽ ആയിരുന്നു. ഒറ്റമാസം കൊണ്ട് വിവാഹം നടന്നു. അണയാൻ പോകുന്ന വിളക്കിന്റെ ആളിക്കത്തൽ പോലെ.

എന്റെ "നീലു" നന്നായി സംസാരിക്കും. നീതിയ്ക്കും ദയയ്ക്കും ഇവളുടെ രൂപമാണോ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. വിദ്യാസമ്പന്നരും സർക്കാർ ഉദ്യോഗസ്ഥരുമാണെങ്കിലും എന്റെ മൂന്ന് ഏട്ടന്മാരും അവരുടെ ഭാര്യമാരും മാനുഷികമൂല്യങ്ങളിൽ ശുഷ്‌കരായിരുന്നു. മുഖത്തടിച്ച പോലെ മറുപടി കൊടുക്കുന്ന നീലുവിന്റെ സ്വഭാവം അവർക്ക് അത്ര രസിച്ചില്ല. പക്ഷെ കർഷകർ ആയിരുന്ന എന്റെ അച്ഛനും അമ്മയും ശുദ്ധമായ മണ്ണിനെ എന്നപോലെ അവളെ സ്നേഹിച്ചു.
കല്യാണപിറ്റേന്ന് തന്നെ അവൾ എന്നെകൊണ്ട് ഞങ്ങളുടെ ഗ്രാമത്തിലെ ലൈബ്രറിയിൽ മെമ്പർഷിപ്പ് എടുപ്പിച്ചു. "ഓ അവളൊരു മാധവിക്കുട്ടി "എന്ന് എന്റെ രണ്ടാമത്തെ എടത്തിയമ്മ ഏട്ടനോട് പറയുന്നത് കേട്ടെങ്കിലും ഞാനത് കേട്ടതായി ഭാവിച്ചില്ല.

അച്ഛനെ കൃഷിപണിയിൽ സഹായിച്ചിരുന്നത് സുരേഷ് എന്ന ഒരു ചെറുപ്പക്കാരൻ ആയിരുന്നു. കോട്ടയത്തുള്ള അയാൾ ഞങ്ങളുടെ നാട്ടിൽ ജോലി അന്വേഷിച്ചു നടക്കുമ്പോൾ ആണ് അച്ഛനെ കണ്ടുമുട്ടിയത്. നല്ല അധ്വാനിയും ആത്മാർത്ഥത ഉള്ളവനും. അവിവാഹിതനായ അവന് അമ്മ മാത്രേ ഉള്ളുവെന്നും സാമ്പത്തിക പരാധീനത കാരണം പ്ലസ്ടുവിന് ശേഷം പിന്നീട് പഠനം തുടരാൻ പറ്റിയില്ലെന്നും അച്ഛൻ പറഞ്ഞറിഞ്ഞു.

ഒരുദിവസം ലൈബ്രറിയിൽ നിന്ന് പുസ്തകം എടുത്ത് ഞാനും നീലുവും പാടവരമ്പിലൂടെ വരുമ്പോൾ സുരേഷ് ചോദിച്ചു. " എതൊക്കെ പുസ്തകങ്ങൾ ആണ് വായിക്കാൻ എടുത്തത് ". അവന്റെ വായനപരിചയം ഞങ്ങളെ അത്ഭുതപെടുത്തി.

എന്റെ ലീവ് തീർന്നു. ഹൃദയം പറിച്ചെടുക്കുന്ന വേദനയോടെ എന്റെ നീലുവിനെ പിരിഞ്ഞു ഞാൻ ഗൾഫിലേക്ക് തിരിച്ചു. എനിക്ക് ഫാമിലി സ്റ്റാറ്റസ് ഉണ്ടായിരുന്നെങ്കിലും നെറ്റ് പരീക്ഷ കഴിഞ്ഞേ കൂടെ വരൂ എന്നവൾ പറഞ്ഞു. അപ്പോഴേക്കും എല്ലാം അറേഞ്ച് ചെയ്യാമല്ലോ എന്ന് ഞാനും കരുതി.
ഫോണിൽ സുരേഷിനെപ്പറ്റി ഒരു ദിവസമെങ്കിലും അവൾ പറയാതിരിക്കില്ല. ഗൾഫിൽ എത്തിയിട്ട് ഏകദേശം ആറുമാസങ്ങൾ കഴിഞ്ഞു കാണും. ഒരുദിവസം മൂത്തഏട്ടൻ എന്നെ വിളിച്ചു. "നീലുവും സുരേഷും തമ്മിൽ വല്ലാത്ത ഒരടുപ്പം ഉണ്ട്. പുസ്തകകൈമാറ്റം തകൃതിയായി നടക്കുന്നു. ഒന്ന് ഉപദേശിച്ചേക്ക്. സൂക്ഷിച്ചാൽ ദുഖിക്കേണ്ട ".
എന്റെ നീലുവിനെയും ഏട്ടനേയും എനിക്കറിയാവുന്നതു കൊണ്ട് ആ ഫോൺകാൾ എന്നിൽ വലിയ ആഘാതം ഒന്നുമുണ്ടാക്കിയില്ല. എങ്കിലും നീലുവിനോട്. "ഊരും പേരും അറിയാത്തവനാണ്. വല്ലാതെ അടുക്കണ്ട "എന്ന് ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു.
അങ്ങനെയിരിക്കെ കമ്പനിയുടെ നല്ല എഞ്ചിനീർക്കുള്ള പ്രോത്സാഹനമായി സ്വീറ്റ് സ്വർലന്റിലേക്ക് ഒരു ടൂർ പാക്കേജ് ഒത്തുകിട്ടി. നീലുവിനെയും കൂട്ടി പോകാനായി ഞാൻ നാട്ടിലെത്തി. പക്ഷെ അവളുടെ മുഖം വിഷാദഗ്രസ്തമായിരുന്നു. ആറു മാസം കഴിഞ്ഞ് തന്നെയും കൂട്ടി വിനോദയാത്ര പോകാനായി നാട്ടിൽ വന്ന ഭർത്താവിനെ കണ്ട സന്തോഷമൊന്നും അവളുടെ മുഖത്തില്ലായിരുന്നു. ആയിടയ്ക്ക് ബാങ്കിൽ പോയപ്പോൾ മാനേജർ പറഞ്ഞു "ലോക്കറിൽ നിന്ന് ആഭരണങ്ങൾ എടുക്കാൻ ഭാര്യ വന്നപ്പോൾ താങ്കൾ ഒരു വർഷം കഴിഞ്ഞേ വരൂ എന്ന് പറഞ്ഞു. പിന്നെ എന്താ ഇപ്പോൾ പെട്ടന്ന് നാട്ടിൽ വന്നത് "
ആ വാക്കുകൾ എന്റെ മനസ്സ് കലക്കി. എന്നോട് ഒന്നും നീലു അതേപ്പറ്റി പറഞ്ഞിട്ടില്ലായിരുന്നു. വീട്ടിലെത്തി വിവരം ചോദിച്ചപ്പോൾ ആ ആഭരങ്ങൾ സുരേഷിന് പണയം വെക്കാൻ കൊടുത്തതെന്ന് പറഞ്ഞു. അവന്റെ അമ്മയ്ക്ക് പെട്ടന്ന് ഒരു ഹാർട്ട് ഓപ്പറേഷൻ വേണ്ടി വന്നത്രെ. അതിന് വേണ്ടി എന്നോടോ എന്റെ മാതാപിതാക്കളോടോ ഒരു വാക്ക് പോലും പറയാതെ ആഭരണങ്ങൾ കൊടുത്തത് എന്നെ ചൊടിപ്പിച്ചു. അതിനേക്കാൾ എന്നെ പ്രകോപിപ്പിച്ചത് അവളുടെ കൂസൽ ഇല്ലാത്ത ഭാവം ആയിരുന്നു. " ആഭരണങ്ങൾ എന്റെ അച്ഛൻ എനിക്ക് തന്നതല്ലേ. അത് ഒരാളുടെ ജീവൻ രക്ഷിക്കാനായല്ലേ കൊടുത്തത് "എന്നവൾ പറഞ്ഞു. അതിനോടൊപ്പം ഏട്ടന്മാരുടെ എരിതീയിൽ എണ്ണ ഒഴിക്കലും. നീലുവും സുരേഷും പ്രണയത്തിൽ ആണെന്നവർ എന്നെ വിശ്വസിപ്പിച്ചു. അതിനെതിരെ തെളിവുകൾ നിരത്താൻ പറ്റാതെ എന്റെ അച്ഛനും അമ്മയും നിസ്സഹായർ ആയി.
അവളോടൊപ്പമുള്ള സുന്ദരനിമിഷങ്ങൾ സ്വപ്നം കണ്ട എനിക്കും അവൾക്കുമിടയിൽ മൗനം ഒരു വന്മതിൽ പണിതു. ഞങ്ങൾ വിപരീത ധ്രുവങ്ങളിലേക്ക് ഒഴുകാൻ തുടങ്ങി. ഒറ്റപ്പെടലും മറ്റുള്ളവരിൽ നിന്നുള്ള കുത്തുവാക്കുകളും അസഹ്യമായപ്പോൾ അവൾ തനിയെ അവളുടെ വീട്ടിലേക്ക് പോയി. പോകുമ്പോൾ "ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ഏട്ടന് എന്നെ മനസ്സിലാക്കാൻ കഴിഞ്ഞില്ല "എന്ന് മാത്രം അവൾ പറഞ്ഞു.
പിന്നീടങ്ങോട്ട് കുടുംബകോടതിയും വക്കീൽ നോട്ടീസും കൗൺസിലിങ്ങും ഒക്കെ തകൃതിയായി നടന്നു.
"എന്നെ മനസ്സിലാക്കാത്ത ഒരാളോടൊപ്പം ജീവിയ്ക്കാൻ എനിക്കാഗ്രഹമില്ല "എന്നവളും" എന്നെ മറന്ന് മറ്റൊരാൾക്കുവേണ്ടി എന്തും ചെയ്യാൻ തെയ്യാറുള്ള ഒരാളെ എനിക്കുൾക്കൊള്ളാൻ കഴിയില്ലെന്ന് ഞാനും തുറന്നു പറഞ്ഞു. അവസാനം ഞങ്ങളെ പരാജയപെടുത്തികൊണ്ട് വാശി വിജയിക്കുകയും ഞങ്ങൾ രണ്ട് ദിശയിലേക്കായ് നടന്നകലുകയും ചെയ്തു.

ആ പെരുമഴകാലത്തിന് ശേഷം ചത്തഹൃദയവുമായ് ഞാൻ മറുനാട്ടിലേക്ക് തിരിച്ചു. സത്യത്തിൽ അത് എല്ലാ വേദനകളിൽ നിന്നും ഒരു ഒളിച്ചോട്ടം ആയിരുന്നു. പിന്നീട് നാട്ടിലേക്ക് പോയിട്ടില്ല.

അങ്ങനെ ഒരുദിവസം ലൈബ്രെറിയൻ ഗോവിന്ദേട്ടൻ എന്നെ വിളിച്ചു. അദ്ദേഹം മൂന്ന് മാസത്തെ ലീവിന് ഡൽഹിയിലുള്ള മകളുടെ അടുത്തേയ്ക്ക് പോയതായിരുന്നുവത്രേ. വന്നപ്പോഴാണ് എന്റെ ജീവിതത്തിലെ ആ ദുരന്തം അദ്ദേഹം അറിയുന്നത്.

"മോനേ നീ ചെയ്തത് കൊടുംപാതകം ആയിപ്പോയി. നീലുവിന് സുരേഷ് സഹോദരനെപോലെയായിരുന്നു. പുസ്തകം അവനും കൂടി വായിച്ചിട്ടാണ് തിരിച്ചു തരിക. അമ്മയുടെ ഓപ്പറേഷന് പണം സംഘടിപ്പിക്കാൻ കഴിയാതെ വരികയും അവരുടെ ജീവൻ അപകടത്തിൽ ആവുന്ന അവസ്ഥ വരികയും ചെയ്തപ്പോഴാണ് നീലു സ്വർണ്ണം അവന് കൊടുത്തത്. നീ നാട്ടിൽ വരുമ്പോഴേക്കും തിരിച്ചെടുക്കാമെന്ന് അവർ രണ്ട് പേരും കരുതി. അപ്പോഴാണ് അപ്രതീക്ഷിതമായി നീ നാട്ടിൽ വന്നത്. നീലു എനിക്ക് സ്വന്തം മോളെ പോലെ ആയിരുന്നു. ലൈബ്രറിയിൽ വരുമ്പോൾ എല്ലാം എന്നോട് പറയുമായിരുന്നു.. അവളെപോലെ ഒരു പെൺകുട്ടിയെ കിട്ടാൻ ഒരാൾ തപസ്സിരിക്കണം."
കണ്ണുകളിൽ ഇരുട്ട് കയറുന്നതായും ഭൂമി കീഴ്മേൽ മറിയുന്നതായും എനിക്കനുഭവപ്പെട്ടു.

ചാലിട്ടൊഴുകിയ കണ്ണീർതുള്ളികൾ ചെവിത്തടത്തിൽ തളം കെട്ടിനിന്നു.
..............

ഒരു ദിവസം ഓഫീസ്ബോയ് വന്നു പറഞ്ഞു. " സാറിന് രണ്ട് വിസിറ്റേഴ്സ് ഉണ്ട് "നാട്ടിലുള്ള ആരെങ്കിലും ആവുമെന്ന് അയാൾ കരുതി. എന്നാൽ ഡോർ തുറന്ന് അകത്ത് വന്നവരെ കണ്ട് അയാൾ ഞെട്ടിയെഴുന്നേറ്റു. നീലുവും അവളുടെ ഭർത്താവും കുഞ്ഞും. ഉള്ളിലെ ആന്തൽ പുറത്തു കാണിക്കാതെ അയാൾ അവരെ ഇരിക്കാനായ് ക്ഷണിച്ചു.
അവൾ പറഞ്ഞു "ഏട്ടാ ഇത് എന്റെ ഭർത്താവ് രാജീവ്‌. ഇവിടെ അമേരിക്കൻ കമ്പനിയിൽ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ആണ്. ഏട്ടൻ ഇവിടെയാണ് ജോലി ചെയ്യുന്നത് എന്ന് എനിക്കറിയാമല്ലോ. എന്റെ ആഗ്രഹം രാജീവിനോട് പറഞ്ഞു. വിവാഹം കഴിഞ്ഞിട്ട് നാലു വർഷം ആയി ". ആദ്യമൊക്കെ വിറച്ചു വിളറിയെങ്കിലും അയാൾ അല്പസമയം കൊണ്ട് യാഥാർഥ്യത്തിലേക്ക് തിരിച്ചു വന്നു. അവർ മൂന്നു പേരും ഏറെനേരം സംസാരിച്ചു. അവസാനം പോകാനായ് എഴുന്നേറ്റപ്പോൾ നീലു പറഞ്ഞു. " ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. എല്ലാം ഏട്ടന്റെ തെറ്റിദ്ധാരണ ആയിരുന്നു"

"എനിക്കറിയാം നീലു. ഗോവിന്ദേട്ടൻ എന്നെ വിളിച്ചിരുന്നു. നീ കോടതിയിൽ പറഞ്ഞത് പോലെ നിന്നെ മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞില്ല. നിന്നെ പോലെ ഒരു ഭാര്യയെ ഞാൻ അർഹിക്കുന്നില്ല. നീ എന്നെ ശപിക്കരുത്."
ഇത്രയും പറഞ്ഞപ്പോഴേക്കും പുറത്തേക്കെടുക്കാനാവാതെ വാക്കുകൾ അയാളുടെ തൊണ്ടയിൽ കുടുങ്ങി .


Written by 

Sheejarajan Sudarsanam
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo