കൂട്ടുകാരന്റെ അമ്മയെ ബൈക്കിനു പുറകിലിരുത്തി പോകുമ്പോള് ഞാനൊരിക്കലും ഓര്ത്തില്ല അതിനിത്രയും ഫീല് തരാന് കഴിയുമെന്ന്... കഴിഞ്ഞ വാഹന പണിമുടക്ക് ദിവസം വീട്ടില് നിന്നും ബൈക്ക് ഇറക്കി വരുമ്പോഴേ ഞാന് കണ്ടു അമ്മ റോഡിലേക്കിറങ്ങി നില്ക്കുന്നത്. തച്ചമ്പാറയിലേക്കാവും ഞാന് ഓര്ത്തു.. അമ്മയുടെ അടുത്തു ബൈക്ക് നിര്ത്തി അമ്മ വേഗം കയറിയിരുന്നു...
''ഉണ്ണീടെ ബൈക്കില് കേറാന് വളരെ എളുപ്പമാണുട്ടോ മകന്റേത് ബുള്ളറ്റ് ആയോണ്ട് കുറച്ചു പാടാണ്...''
ഞാന് ചിരിച്ചുകൊണ്ട് തലയാട്ടി.. അവര്ക്ക് ബുദ്ധിമുട്ടൊന്നും വരാത്ത രീതിയില് ബൈക്ക് വളരെ പതുക്കെയാണ് ഞാന് ഓടിച്ചത്. സത്യത്തില് ഞാന് മറ്റൊരു ലോകത്തായിരുന്നു എന്റെ അമ്മ ഉണ്ടായിരുന്നെങ്കില് ഇതേ പ്രായം തന്നെയാവും അമ്മക്കും.. മനസ്സും കണ്ണും വല്ലാതൊന്നു നിറഞ്ഞപോലെ അതുകൊണ്ടാവും എതിരേ വന്ന വാഹനങ്ങളൊന്നും ഞാന് കണ്ടതേ ഇല്ല..
അമ്മമാരെയും കൊണ്ട് ബൈക്കില് ഫ്രീക്കന് പിള്ളേരൊക്കെ ചീറിപാഞ്ഞുപോകുന്നത് കണ്ടിട്ടുണ്ട്. പുറകില് പേടിച്ചരണ്ടിരിക്കുന്ന അമ്മമാരെ കാണുമ്പോള് വല്ലാത്ത വിഷമം തോന്നാറുണ്ട്.. അമ്മമാരുള്ളപ്പോള് എത്ര പതുക്കെ വണ്ടി ഒാടിക്കണമെന്നോ....
എന്നും അടുക്കളയില് കഴിയാന് വിധിക്കപ്പെട്ടവരാണ് അമ്മമാര് എപ്പോഴെങ്കിലും അവരെകൂട്ടി അവര്ക്കിഷ്ടമുള്ളതെല്ലാം വാങ്ങികൊടുത്ത് ആ മുഖത്ത് വിരിയുന്ന സന്തോഷങ്ങളെ കണ്കുളിര്ക്കെ കാണാന് എത്രപേര് ശ്രമിക്കും...
ഓരോ കുടുംബകാര്യങ്ങള് പറഞ്ഞ് ഞങ്ങള് യാത്ര തുടര്ന്നു. തച്ചമ്പാറയിലെത്തി അമ്മ പറഞ്ഞ കടയുടെ മുമ്പില് ഇറക്കിവിട്ടു. ശരി മോനേന്നു പറഞ്ഞ് അമ്മ നടന്നുപോകുന്നതും നോക്കി ഒരു നിമിഷം ഞാനവിടെ നിന്നു...
ഇത് വലിയൊരു സംഭവമൊന്നുമല്ലെന്ന് എനിക്കറിയാം എന്നാലും ഒരിക്കലും നികത്താനാവാത്ത ചില നഷ്ടങ്ങളെ ഇതുപോലുള്ള ചില നിമിഷങ്ങള് കൊണ്ട് മറക്കാന് ശ്രമിക്കുകയാണ് പലപ്പോഴും....!!
I really miss my mom...
ഉണ്ണികൃഷ്ണന് തച്ചമ്പാറ ©
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക