നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പടിയിറക്കം (കഥ)


നേരംപുലരുന്നു.രാവേറെചെന്നിട്ടുംഉറങ്ങാൻകഴിയാതെ കിടന്നതിനാലാകും കൺപോളകൾക്ക് വല്ലാത്ത കനം .കുളിമുറിയിലേയ്ക്കു നടക്കുന്നതിനിടെ കേട്ടു ,നന്ദേട്ടൻ്റെ മുതിർന്ന അനിയത്തിസിന്ധുവിന്റെ മുറിയിൽ നിന്നും അവളുടെ അടക്കിപ്പിടിച്ച ശബ്ദം " ഇന്ന് ജയേടത്തി വീട്ടിലേയ്ക്ക് പോകുന്നതിന് മുൻപ് ചോദിച്ചാലോ നന്ദേട്ടന്റെ മുറിയിലെവലിയഇരുമ്പലമാരഎനിക്ക്തരുമോന്ന്.കിട്ടിയാൽനന്നായിരുന്നു.രവിയേട്ടനെന്താഒന്നുംമിണ്ടാത്തത്?''

''സിന്ധു, നിനക്കൊക്കെ എങ്ങനെ മനസ്സു വരുന്നു ഇങ്ങനെ ചിന്തിക്കാനും ചോദിക്കാനും ? വെറും ഒരു വർഷക്കാലത്തെ ദാമ്പത്യത്തിനൊടുവിൽ നന്ദേട്ടന്റെ മരണത്തോടെ ജീവിതത്തിൽതന്നെഒറ്റപ്പെട്ടു പോയ ജയേച്ചിയെ കുറിച്ച്, പ്രസ്വമായദാമ്പത്യത്തിൻ്റെ ആഒരു വർഷക്കാലത്തിനുള്ളിൽ സ്വന്തം അധ്വാനത്തിലൂടെ ഇവിടെ നൂറുകൂട്ടം സൗകര്യങ്ങളേർപ്പെടുത്തി, ഒടുവിൽ നിനച്ചിരിക്കാതെ ഏകയായി സ്വന്തം വീട്ടിലേയ്ക്ക്മടങ്ങേണ്ടി വരുന്നനിസ്സഹായയായജയേച്ചിയെന്നഏടത്തിയമ്മയെക്കുറിച്ച്ഒരു നിമിഷം ചിന്തിച്ചോ നിങ്ങൾ?

അവർ അധ്വാനിച്ചു വാങ്ങിയതിൽ നിന്ന് അച്ഛനു ടിവി വേണം. കുഞ്ഞനിയത്തിയ്ക്ക് വാഷിംഗ് മെഷീൻ.... നിനക്ക് അലമാരയും'. ഇനി ബാക്കിയുള്ളതിന്റെ കൂടി ലിസ്റ്റ് എടുത്തോ. ഒന്നും വിട്ടു പോകേണ്ട ,ബാക്കിവയ്ക്കാതെ നിങ്ങൾ എല്ലാവരും കൂടി പങ്കിട്ടെടുക്കുമ്പോൾ ജയേച്ചിയ്ക്ക് എന്തെങ്കിലുംകിട്ടിയാലോ. വല്ലാത്ത ആളുകൾ തന്നെ നിങ്ങൾ എല്ലാവരും.രക്തബന്ധത്തിന്റെ വിലയറിയാത്തോർ." സിന്ധുവിൻ്റെ ഭർത്താവ് രവിയുടെശബ്ദംഉയർന്നുകേട്ടു,കേൾക്കേണ്ടെന്ന്ആഗ്രഹിച്ചിട്ടും.

തലയിൽ കൂടി ബക്കറ്റിലെ വെള്ളം എടുത്തൊഴിച്ച്, കവിളിലൂടെ ചാലിട്ടൊഴുകുന്ന കണ്ണീരുമായ്ക്കുമ്പോൾ ഓർത്തു, ശരിയാണ് ,ഒരു വർഷത്തെ വാസത്തിനു ശേഷം ഇന്ന് പടിയിറങ്ങുകയാണ്.

കേവലം എട്ടു മാസങ്ങൾ മാത്രം നീണ്ട ദാമ്പത്യത്തിനൊടുവിൽ ഒരു ആക്സിഡന്റ് കവർന്നെടുത്ത വിജയേട്ടന്റെ നഷ്ടത്തോട് പൊരുത്തപ്പെടുന്നതിനു മുൻപ് അച്ഛനമ്മമാരുടെ ,ഏട്ടന്റെ, ഏട്ടത്തിയമ്മയുടെ നിർബ്ബന്ധത്തിനു മുന്നിൽ പിടിച്ചു നിൽക്കാനാകാതെ, സർപ്പ ദംശനമേറ്റ് ഭാര്യ മരിച്ച രണ്ടാം ഭർത്താവിന്റെ വീട്ടിൽ വീണ്ടും വധുവിന്റെ വേഷം കെട്ടി കാൽകുത്തിയിട്ട്ഒരുവർഷം.

"നന്ദന്ഒരു മോളുണ്ട്. പിന്നെ അച്ഛനും അമ്മയും.രണ്ടനിയത്തിമാർ.മുതിർന്ന യാളെ കല്യാണം കഴിച്ചയച്ചു. പിന്നെ ജീവിച്ചു പോകാനൊരു കടയുണ്ട്. അല്പം പ്രായക്കൂടുതലുണ്ടെങ്കിലും നമുക്ക് വാശി പിടിക്കാനാകില്ലല്ലോ? രണ്ടാം വിവാഹമല്ലേ?" - താനെന്ന ബാദ്ധ്യത തീർത്തു വിടാൻ തത്രപ്പെടുന്ന ഏട്ടത്തിയമ്മയുടെ വാദമുഖങ്ങൾക്കു മുന്നിൽ നിശ്ശബ്ദരായിപ്പോയ അച്ഛനുമമ്മയും.

അന്ന് ഈ വീട്ടിൽ ആദ്യമായി വലതുകാൽ വച്ച് കയറിയപ്പോൾ മനസ്സിലാകെ മരവിപ്പായിരുന്നു. താൻ ജനിച്ചു വളർന്ന വീടുമായി താരതമ്യം ചെയ്യുമ്പോൾ അജഗജാന്തരം.ബന്ധുക്കളുടെ ഇടയിൽ നിന്ന് തന്നെ ഒളിഞ്ഞു നോക്കുന്ന മഞ്ഞ ഫ്രോക്കുകാരിയെ ചൂണ്ടി ആരോ പറഞ്ഞു '- നന്ദന്റെ മോൾ.സുമ.

മറ്റുളളവർ പറഞ്ഞ, രണ്ടാനമ്മയുടെ പേടിപ്പെടുത്തുന്ന ക്രൂര കഥകൾ കേട്ട് തന്നോടകലം കാട്ടിയിരുന്ന, പിന്നീട് തന്റെ സ്നേഹത്തിന്നു മുന്നിൽ കീഴടങ്ങിയ സുമ മാത്രമായി തനിക്കീ വീട്ടിലെ ആശ്രയം.

തരിമ്പു പോലുംസ്നേഹം മനസ്സിലില്ലാത്ത, പ്രകടമാക്കാത്ത നന്ദേട്ടൻ്റെ അച്ഛനുമമ്മയും. കടയിലെ തിരക്കുമായി വൈകി വീട്ടിലെത്തുന്ന നന്ദേട്ടൻ. പക്ഷേ അളന്നു മുറിച്ച വാക്കുകൾക്കിടയിലും സ്നേഹത്തിന്റെ ആർദ്രത സൂക്ഷിച്ചിരുന്നു അദ്ദേഹം.മാനസിക വൈഷമ്യങ്ങൾക്കിടയിലും നഷ്ടപ്പെടാതെ സൂക്ഷിച്ച ലാബ് ടെക്നീഷ്യന്റെ ജോലിയിൽ നിന്നും മിച്ചം വച്ച് താൻ സ്വരുക്കൂട്ടിയെടുത്തതാണ് ഈ വീട്ടിലെ സൗകര്യങ്ങളൊക്കെയും .

ജീവിതം വീണ്ടും തളിർത്തു തുടങ്ങി എന്നു കരുതിയിരുന്ന നിമിഷത്തിൽ അത് വീണ്ടും കൈവിട്ടു പോയി. ലാബിൽ തന്നെ പതിവില്ലാതെ കൂട്ടാനെത്തിയ ഏട്ടൻ പറഞ്ഞു 'നീ കാറിലേക്ക് കയറ്.നന്ദന് ഒരുവയ്യായ്ക."

നടുക്കം സമ്മാനിച്ചുകൊണ്ട് വീണ്ടും വിധിയുടെ വിളയാട്ടം. ഇത്തവണ ഹാർട്ട് അറ്റാക്കിൻ്റെ രൂപത്തിലാണ് നന്ദേട്ടനെ തട്ടിയെടുത്തതെന്ന് മാത്രം. കഴിഞ്ഞ പതിനാറു ദിവസങ്ങളായി വീണ്ടുംസങ്കടങ്ങളുടെ,സംഘർഷങ്ങളുടെതീച്ചൂളയിൽ.

ഇന്നലെ ഫോൺ ചെയ്തപ്പോൾ അമ്മയുടെ ഇടറിയ ശബ്ദം." മോളേ, ജയേ....നാളെ രാവിലെ ഞങ്ങളെത്തും. മോൾകൂടുതലൊന്നും ഇപ്പോൾ ഓർക്കേണ്ട. അമ്മയുടെ കൂടെ തിരിച്ച് വീട്ടിലേക്ക് പോന്നാൽമതി"

കുളി കഴിഞ്ഞ്ചിന്തയിൽ മുഴുകി നടന്ന് റൂമിലെത്തിയതറിഞ്ഞില്ല. കട്ടിലിൽ മ്ലാനമായ മുഖത്തോടെ അമ്മ. "മോളെല്ലാം എടുത്തു വച്ചോ? ഇവിടെ ഒന്നും ബാക്കി വയ്ക്കേണ്ട' എല്ലാം തിരിച്ചു കൊണ്ടു ചെല്ലണമെന്നാണ് സുജയുടെ- നിന്റെ ഏടത്തിയമ്മയുടെ ഓർഡർ.ഇന്നലെ മുഴുവൻ അതിനെപ്പറ്റിയായിരുന്നു അവളുടെ കണക്കു നിരത്തൽ. കേട്ടു കേട്ടു മടുത്തു."

ഒന്നും മറുപടി പറയാൻ കഴിഞ്ഞില്ല. അല്ലെങ്കിൽ തന്നെ എന്തു പറയാൻ. ഏട്ട ത്തിയമ്മ പണ്ടേ ഇങ്ങനെയാണ്. നന്ദേട്ടനുമായുള്ള തൻ്റെ രണ്ടാം വിവാഹത്തിന് നിർബ്ബന്ധം പിടിച്ച് തന്നെ വീട്ടിൽ നിന്നൊഴിവാക്കാൻ ഏറ്റവും തിടുക്കം ഏട്ടത്തിയമ്മയ്ക്കായിരുന്നുവല്ലോ. ഇപ്പോഴിതാ താൻ വീണ്ടും വീട്ടുകാർക്ക് ഭാരമാകുകയാണ്.....പൊടിയുന്ന കണ്ണുനീർ തുള്ളികളെഅമ്മകാണാതെഒപ്പിമാറ്റുന്നതിനിടെവെറുതെഓർത്തു.

തനിയ്ക്കൊപ്പം പ്രാതൽ കഴിയ്ക്കാനിരിയ്ക്കുമ്പോൾ,
കഴിക്കാനാകാതെ ,നിറഞ്ഞ കണ്ണുകളുമായി, തൻ്റെ മുഖത്തേയ്ക്കു , എന്നെ ഒറ്റയ്ക്കാക്കല്ലേ എന്ന് യാചനാപൂർവ്വം നോക്കുന്ന സുമ. എത്ര വേഗമാണിവൾ തന്റെ മകളായി മാറിയത്? നെഞ്ചോട് ചേർത്തു പിടിച്ച് മൂർദ്ധാവിൽ മുകരുമ്പോൾ തന്റെകണ്ണുനീർഅറിയാതെ അടർന്നുവീഴുന്നതറിഞ്ഞു.

പൂമുഖത്ത് ബന്ധുക്കളുടെ ശബ്ദം. ആവശ്യങ്ങളുടെ, പങ്ക് വയ്ക്കലിന്റെ പട്ടികനിരത്തുന്നവർ.
" ഒക്കെ ഏടത്തിയമ്മ വന്നതിനു ശേഷം വാങ്ങിയുണ്ടാക്കിയതാണ് ....ഈ വീട്ടിലെ സൗകര്യങ്ങളൊക്കെ .അതാരും മറക്കേണ്ട.അതിനു മുൻപത്തെ കാര്യമൊന്നും പറയാതെ തന്നെ എല്ലാർക്കുമറിയാമല്ലോ! ഏടത്തിയമ്മപറയട്ടെ. ....എന്തൊക്കെ, ആർക്കൊക്കെ, എങ്ങനെയെന്ന്.....,രവിവീണ്ടും.

അവർക്കിടയിലേയ്ക്ക് കടന്നു ചെന്നു. പിന്നെ പറഞ്ഞു...... ''" ഇവിടെ ആരും ഇതുവരെ പങ്കുവച്ചെടുക്കാത്ത, സ്വന്തമാക്കാനാഗ്രഹിക്കാത്ത ഒന്നുണ്ട് ഈ വീട്ടിൽ. അതു മാത്രം മതിയെനിക്ക് .എന്റെ മകൾ സുമ. പിന്നെ അമ്മേ ഏടത്തിയമ്മക്ക് ഞങ്ങൾ രണ്ടുപേരും ഒരു ഭാരമാകുമെന്നും കരുതേണ്ട. പാടത്തിൻ വക്കിലെ നമ്മുടെ പഴയ പൂട്ടിക്കിടക്കുന്ന വീടില്ലേ? അത് മതി ഞങ്ങൾക്ക് താമസിക്കാൻ......ജീവിക്കാൻ ."

മുറിയിലേക്ക് തിരിഞ്ഞു നടക്കുമ്പോൾ പിന്നിൽ നിന്ന് തന്നെ പുണരുന്ന സുമയുടെ മെലിഞ്ഞു നീണ്ട കൈവിരലുകളിലുടെ സ്നേഹം ഊർജ്ജമായി പ്രവഹിക്കുന്നതറിഞ്ഞു. പിന്നെ അവളുടെ സ്വരം കാതിൽ വീണു,

" ഞാനിനി മാറ്റി വിളിച്ചോട്ടെ ചെറിയമ്മയ്ക്കു പകരം അമ്മേ എന്ന് ?എന്റെ സ്വന്തം, എന്റെമാത്രംഅമ്മ!''
................................................................

സുമയും കിരണും ജോലിക്കു പോയിട്ട് തിരിച്ചുവരാറാകുന്നതേയുള്ളു. അച്ചു, എന്നഅവരുടെ നാലുവയസ്സുള്ളമകൻ, എൻ്റെ കൊച്ചുമകൻ എൻ്റെ കൂടെ കളിച്ച് തിമിർത്ത് കിടന്നുറങ്ങുകയാണ്.പ്രായം കൂടുമ്പോൾ ആളുകൾക്ക് തളർച്ച കൂടുമെന്നാരു പറഞ്ഞു? ലാബിലെ ജോലിയൊക്കെ നിറുത്തി ഞാനിപ്പോൾ മുഴുവൻ സമയ അമ്മ, അമ്മമ്മ റോളിലാണ്. പണ്ടത്തെക്കാൾ കുറച്ചു കൂടി മനസ്സ് ചെറുപ്പമായ പോലെ .സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന സുമയെ അക്കാര്യത്തിൽ പിന്നിലാക്കുന്ന ,അവളുടെ ഭർത്താവ് കിരണും അനന്തപത്മനാഭൻ എന്ന അഞ്ചു വയസ്സുകാരൻ അച്ചുവും എൻ്റെ ദിനരാത്രങ്ങളെ വർണ്ണാഭമാക്കുമ്പോൾ പ്രായം എങ്ങനെ കൂടാനാണ്.? സന്തോഷവും സന്താപവും ഒരേ നാണയത്തിൻ്റെ രണ്ടു വശങ്ങളാണെന്നാണല്ലോ പറയാറ്. പണ്ട് എന്നെ കണ്ണീർക്കടലിൽ മുക്കിയ കാലം തന്നെ അതിൻ്റെ മനസ്സു തിരുത്തിക്കാണും, ഇനിയെങ്കിലുംപാവം ഇത്തിരി സന്തോഷിച്ചോട്ടെയെന്ന്.

(അവസാനിച്ചു)

ഡോക്ടർ. വീനസ് .

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot