മനസ്സുംവയസ്സും തമ്മിലെന്താണ്.?
ഒരുമിച്ച് യാത്രതുടങ്ങിയ ഇവരിലാരാണ് ഇടയ്ക്ക് മടിച്ചുനിന്നത്.?
പ്രായംതോന്നാത്ത ശരീരങ്ങളിൽ
എത്ര വയസ്സുകളാണ്
ചിലരിൽ ഒളിഞ്ഞിരിക്കുന്നത്.
പ്രായമേറെയായ ശരീരങ്ങളിൽ
എത്രയോ മനസ്സുകളാണ്,
പ്രായമംഗീകരിക്കാതെ
കുസൃതിയോടെ ചിരിക്കുന്നത്.
ചിലപ്പോൾ ഓർമ്മകൾക്കു മധുരമേറുന്നിടത്തെ
ഏതെങ്കിലുമൊരു പടവിൽ
മനസ്സ് മടിച്ചുനിന്നിരിയ്ക്കാം.
യൗവനത്തെ ചേർത്തുനിർത്തി
എല്ലാറ്റിനേയും പ്രണയിച്ച് ചെറുപ്പമാക്കി
കൗതുകത്തോടെ കണ്ണടച്ചു നിന്നിരിയ്ക്കാം.
ചിന്തകൾക്കൊപ്പമെത്താൻ കഴിയാത്ത
ശരീരത്തിനാണ് ഏറെ വിഷമം.
എടുക്കാനായി പരതുമ്പോൾ
കൈതട്ടി വീണുടഞ്ഞുപോകുന്ന
ജീവിതങ്ങളാണ് പലപ്പോഴും
പ്രായമാവാത്ത മനസ്സിൻ്റെ കൂട്.
Babu Thuyyam.
11/09/20.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക